23 March Saturday

കളി, കളിമാത്രമാണ് മനസ്സിൽ...എൻ എസ് മാധവൻ എഴുതുന്നു

എൻ എസ് മാധവൻUpdated: Wednesday Jun 13, 2018

ഗോൾ. അവിടന്നു തുടങ്ങുന്നു ഫുട്ബോളിന്റെ ചരിത്രം. അതുതന്നെയാണല്ലോ അതിന്റെ  അവസാനവാക്കും. ഗോൾ എന്ന മിഡിൽ ഇംഗ്ലീഷ് (മധ്യകാലത്ത് സംസാരിച്ചിരുന്ന ഇംഗ്ലീഷ്) വാക്കിന്റെ അർഥം അതിർത്തി, സീമ, വേലിക്കെട്ട് എന്നിവയായിരുന്നു.

അപ്പോൾ കളിയുടെ ലക്ഷ്യം അതായിരുന്നു. വേലിക്കെട്ടുകൾ തകർക്കുക. ആത്യന്തികമായി മനുഷ്യന്റെ ഉള്ളിൽ കുടികൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവാഞ‌്ഛയുടെ കളിസ്ഥലികളിലെ ബഹിർസ്ഫുരണം. സ്വകാര്യസ്വത്ത് രൂപപ്പെടുത്തുവാൻ, ഭൂമിക്ക് ചുറ്റും വേലികെട്ടിയിട്ടിരുന്ന കാലമാണ് അതെന്നുകൂടി ഓർക്കുക. ജനങ്ങൾക്ക് കാലികളെ മേയ്ക്കാനും കളിക്കാനുമുള്ള പൊതുസ്ഥലങ്ങൾ ഇംഗ്ലണ്ടിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. അപ്പോഴാണ് വേലിക്കെട്ട് തകർക്കുന്നത് വിജയപരാജയങ്ങളുടെ കണക്കെടുപ്പായ ഗോൾ ലക്ഷ്യമായിട്ടുള്ള ഒരു കളി ജനപ്രിയമാകുന്നത്.

എന്നാൽ, ഈ കളിയുടെ ചരിത്രം മനുഷ്യരാശിയുടെ തുടക്കംമുതലേ ഉണ്ട്. നിലത്ത് ഒരു വസ്തു കിടക്കുന്നതു കണ്ടാൽ കാൽകൊണ്ട് തട്ടുവാനുള്ള അദമ്യമായ ആഗ്രഹം മനുഷ്യൻ ജനിച്ച അന്നുമുതലേ അവന്റെ ജീനുകളിൽ കുറിച്ചിട്ടിരിക്കുന്നു. ഈ നൈസർഗികവികാരവും മനുഷ്യരിൽ കുടികൊണ്ടിരുന്ന സ്വാതന്ത്ര്യാഭിലാഷവുംകൂടി കലർന്നപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കളിയുണ്ടായി. 1863ലാണ് ഇന്ന് നാം കാണുന്ന രീതിയിലുള്ള ഫുട്ബോളിന് നിയമങ്ങൾ ഉണ്ടാകുന്നത്. ഐക്യരാഷ്ട്രസഭയിൽ 193 രാഷ്ട്രങ്ങളാണ് അംഗങ്ങളെങ്കിൽ ഫുട്ബോളിനെ നിയന്ത്രിക്കുന്ന ഫിഫയിൽ 211 രാഷ്ട്രങ്ങൾ വോട്ടവകാശമുള്ള അംഗങ്ങളാണ്. ടിവിയിലും നേരിട്ടുമായി ലോകത്തിലെ ഏറ്റവും കൂടുതൽ കാണികളുള്ള കായികോത്സവമായി ലോകകപ്പ് മാറി.

വെറും പ്രത്യയങ്ങളുടെ തലത്തിൽ നിൽക്കുന്നതല്ല ഫുട്ബോളിൽ അന്തർലീനമായ വിമോചനത്വര. അൽജീരിയയുടെ കഥയെടുക്കുക. 1950കളിൽ ആ രാജ്യം ഫ്രാൻസിന്റെ കോളനിയായിരുന്നു. സാമ്രാജ്യത്വശക്തിയിൽനിന്ന് സ്വാതന്ത്ര്യം നേടാൻ രക്തരൂഷിതമായ പോരാട്ടം നടക്കുന്ന സമയം. അടുത്തുതന്നെ നടക്കാനിരുന്ന ലോകകപ്പിൽ ഒമ്പത് അൾജീരിയ കളിക്കാർ ഉൾപ്പെട്ടിരുന്നു.

അൽജീരിയയിൽ ഫ്രാൻസുമായുള്ള സാമ്രാജ്യത്വവിരുദ്ധയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് മുഹമ്മദ് മൗഷെ എന്ന അൽജീരിയൻ കളിക്കാരൻ നവവധുവായ ഖദീജയുമായി മധുവിധു ആഘോഷിക്കാൻ ഒരു കാറിൽ പാരിസ് വിട്ടു. മൗഷെക്ക് ഈ യാത്രയ‌്ക്കുള്ള സമ്മതപത്രം അയാൾ കളിച്ചിരുന്ന ക്ലബ്ബ് നൽകിയിരുന്നു. എന്നാൽ, ശരിക്കും ഈ മധുവിധു ആഘോഷം ഒരു ഗറില്ലാപ്രവർത്തനമായിരുന്നു. അവരുടെ രഹസ്യമിഷൻ ഫ്രാൻസിലെ വൻകിട ക്ലബ്ബുകളിൽ കളിച്ചിരുന്ന അൽജീരിയൻ കളിക്കാരെ വേർപ്പെടുത്തി ഒരു അൽജീരിയൻ ടീം ഉണ്ടാക്കുക എന്നതായിരുന്നു. നവവധുവായ ഖദീജ കളിക്കാരുമായി രഹസ്യമായി ആശയവിനിമയം നടത്തി. കളിക്കാർ ഓരോരുത്തരായി ഇറ്റലിയിലേക്ക് കടന്നു. അവിടന്ന് കടൽ കടന്ന് ട്യൂണിഷ്യയിൽ എത്തി. അൽജീരിയയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ഫ്രണ്ട് ഡി ലിബറേഷൻ നാഷണൽ (എഫ്എൽഎൻ) ഈ കളിക്കാരെ വച്ച് ഒരു ടീം ഉണ്ടാക്കി. എഫ്എൽഎന്നിന്റെ ടീം വിദേശരാജ്യങ്ങളുമായി സൗഹൃദമത്സരങ്ങളിൽ ഏർപ്പെട്ടു. അൽജീരിയയിൽ നടക്കുന്ന രക്തരൂഷിതമായ, ഫ്രഞ്ച് സാമ്രാജ്യശക്തിയുടെ കൊടുംമർദനങ്ങൾക്ക് ദൃക്സാക്ഷ്യം വഹിക്കുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞു. അങ്ങനെ 1962 ജൂലൈയിൽ ആ രാജ്യം ഫ്രാൻസിൽനിന്ന് മോചനം നേടുമ്പോൾ ഉരുളുന്ന പന്ത് അതിൽ വലിയ പങ്ക് വഹിച്ചിരുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ കളിയാണ് ഫുട്ബോൾ. അതുകൊണ്ടുതന്നെ അതിന് വലിയ വിലയും കൊടുക്കേണ്ടിവന്നു. പാവങ്ങളുടെയും ജനങ്ങളുടെയും കളിയുടെ നിയന്ത്രണം ഇപ്പോൾ വൻകിട കോർപറേറ്റുകളുടെ കൈയിലാണ്. നൂറ്റാണ്ടിൽപ്പരം വർഷങ്ങളുടെ പഴക്കമുള്ള ഇംഗ്ലണ്ടിലെ ക്ലബ്ബുകൾ ഇപ്പോൾ അറബ് സുൽത്താന്മാരുടെയും തായ്ലൻഡിലെ വണിക്കുകളുടെയും സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷം റഷ്യയിൽ വളർന്ന മാഫിയകളുടെയും കൈയിലാണ്. ഇതിനുപുറമെയാണ് ഫുട്ബോളിൽ പ്രകടമാകുന്ന ആണത്തം. കൂട്ടത്തോടെ പുരുഷഫാനുകൾ ലോകകപ്പ് തുടങ്ങിയ കളികൾ കാണാൻ എത്തുന്നു. അവർ ദിവസം മുഴുവൻ ബിയർ ഗ്ലാസുകളിൽനിന്നുള്ള നുരയുന്ന ദ്രാവകം നുണഞ്ഞിറക്കാൻ ചെലവഴിക്കുന്നു. ലോകകപ്പ് നടക്കുമ്പോൾ ആ കളികൾ നടക്കുന്ന നഗരങ്ങളിലേക്ക് ലൈംഗികത്തൊഴിലാളികൾ പ്രവഹിക്കുന്നു. അങ്ങനെ ആണത്തത്തിന്റെ അശ്ലീലമായ ആഘോഷമായി കളി മാറുന്നു. ഇതിനെതിരായി സ്ത്രീവിമോചന സംഘടനകളും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടുന്ന ഉൽപ്പതിഷ്ണുക്കളായ വ്യക്തികളും മുന്നോട്ടുവന്നിട്ടുണ്ട്. 

ഇതിനുപുറമെയാണ് ഫുട്ബോളിൽ കാണുന്ന വംശീയത. പല ടീമുകളും ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്നാണ്. അവിടത്തെ കളിക്കാർ കറുത്തവരും. ഇതിനുപുറമെ യൂറോപ്പിലെ പല ദേശീയ ടീമുകളിലും കറുത്തവർഗക്കാർ കളിക്കുന്നു. ഇവരെ തുടർച്ചയായി കൂകിവിളിക്കുക എന്നത് കാണികളിലെ ഒരു വിഭാഗത്തിന് ശീലമായിരിക്കുന്നു. വംശീയതയ‌്ക്കെതിരെ ഒത്തുതീർപ്പില്ലാത്ത പോരാട്ടമാണ് ഫിഫ പ്രഖ്യാപിച്ചിട്ടുള്ളത്.

അങ്ങനെ വംശീയതയും പുരുഷാധികാരവും കോച്ചുകളെ തന്നിഷ്ടംപോലെ മാറ്റുന്ന വൻകിട മുതലാളിമാരും കളിയെ ഗ്രസിച്ചിട്ടുണ്ടെങ്കിലും മനോഹരമായ കളി അടിസ്ഥാനപരമായി പുറത്തെടുക്കുന്നത് വിമോചനത്തിന്റെയും സമത്വത്തിന്റെയും വികാരങ്ങളാണ്. കേരളത്തിനെ നോക്കുക. എല്ലാ മുക്കിലും മൂലയിലും ബ്രസീലിന്റെയും അർജന്റീനയുടെയും ഫ്ളക്സുകൾ. അതിൽ ഒതുങ്ങുന്നില്ല മലയാളി. നൈജീരിയയിലെ കറുത്ത കുതിരകൾക്കും മെക്സിക്കോയിലെ മൂരിക്കുട്ടന്മാർക്കും സൗദിയിലെ അന്നദാതാക്കൾക്കും തുടങ്ങി ലോകകപ്പിൽ കളിക്കുന്ന എല്ലാ രാജ്യങ്ങളെയും മലയാളി പിന്തുണയ്ക്കുന്നു. ഇത് സംഭവിക്കുന്നത് ഇന്നത്തെ കാലത്താണ്. ഇന്ത്യയെ ഒറ്റമതത്തിന്റെ ഒറ്റ ഭാഷയുടെ ഒരു ഏകശിലാ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർ ഭരിക്കുന്ന കാലം. തീൻമേശയിൽപ്പോലും അവർ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നു. അതിനിടയിലാണ് മലയാളി ദേശങ്ങളുടെ അതിർത്തികളും അവ ഉണർത്തുന്ന സങ്കുചിത വികാരങ്ങളും മറികടന്ന് സാർവലൗകികത്വം ആഘോഷിക്കുന്നത്. ഇതാണ് ഫുട്ബോളിന്റെ അന്തഃസത്ത.

ലോകകപ്പ് തുടങ്ങാൻ ഇനി മണിക്കൂറുകൾമാത്രമേ ബാക്കിയുള്ളൂ. കളി, കളിമാത്രമാണ് മനസ്സിലുള്ളത്. മാസങ്ങളോളം രാത്രി  ഉറക്കം ഒഴിച്ചിരുന്ന് ക്ലബ്ബ് ഫുട്ബോൾ കാണുന്ന മലയാളികൾക്ക് ആരാണ് ജയിക്കുക എന്ന കാര്യത്തിൽ ആദ്യത്തെ വിസിൽ മുഴങ്ങുന്നതിന് മുമ്പുതന്നെ വ്യക്തമായി അഭിപ്രായമുണ്ട്. കഴിഞ്ഞ ലോകകപ്പ് ജർമനി ജയിക്കുമെന്ന‌് എഴുതി, യദൃശ്ചയാ ശരിയായ എന്നോട്, ഇപ്പോൾ കാണുന്നവർ എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമേ ഉള്ളൂ. ഇത്തവണ ആര്? മലയാളിയുടെ കായികഭാവനയെ അധികം സ്പർശിക്കാത്ത ഫ്രാൻസായിരിക്കും ആ ടീമെന്ന‌് തോന്നുന്നു. അതിനുള്ള കാരണങ്ങൾ വിശദമായി ഞാൻ മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
 Top