17 May Tuesday

കമ്യൂണിസത്തെ ‘ഹറാമാ’ക്കാൻ ശ്രമിച്ചത് ആര് - കാസിം ഇരിക്കൂർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കേരളത്തിൽ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ ആണിക്കല്ല് കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ബിജെപിയോടും ആർഎസ്എസിനോടും ഇല്ലാത്ത വിരോധമാണ് ഇടതുപക്ഷത്തോട് പൊതുവെയും സിപിഐ എമ്മിനോട് വിശേഷിച്ചും ലീഗ് കൊണ്ടുനടക്കുന്നത്. പ്രത്യയശാസ്ത്ര എതിർപ്പോ നയനിലപാടുകളോടുള്ള വിയോജിപ്പോ അല്ല കാരണം. പൈതൃകമായ അബദ്ധധാരണകൾ അനുഭവസാക്ഷ്യങ്ങളുടെ വെളിച്ചത്തിൽ തിരുത്തപ്പെട്ടിട്ടും നിക്ഷിപ്ത താൽപ്പര്യങ്ങൾക്കുവേണ്ടി തന്ത്രപൂർവം കൊണ്ടുനടക്കുന്ന സമീപനമാണത്.

1948ൽ രൂപീകൃതമായ മുസ്ലിംലീഗ് കോൺഗ്രസുമായി കൂട്ടുകൂടാനുള്ള വ്യഗ്രതയിൽ കമ്യൂണിസ്റ്റ് വിരുദ്ധത ഉയർത്തിപ്പിടിച്ചപ്പോൾ അതിന്‌ മതപരമായ മാനം നൽകാനാണ് കിണഞ്ഞുശ്രമിച്ചത്. അതിന്റെ ഭാഗമായാണ്, കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം അകറ്റി നിർത്തിയിട്ടും കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിൽ വലിയ ആവേശത്തോടെ മുസ്ലിംലീഗ് പങ്കാളികളായത്. ഇ എം എസ്‌ സർക്കാരിനെ താഴെ ഇറക്കുന്നതിലുള്ള ‘ജിഹാദിൽ’ പങ്കെടുത്താൽ ‘ശഹീദി’ന്റെ (രക്തസാക്ഷി) പ്രതിഫലം കിട്ടുമെന്നുവരെ സാമാന്യജനത്തെ പഠിപ്പിച്ചു. കമ്യൂണിസ്റ്റ് ഭരണം തുടർന്നാൽ കേരളം മറ്റൊരു സോവിയറ്റ് യൂണിയനായോ ചൈനയായോ മാറുമെന്നും അതോടെ ഇസ്ലാം അപ്രത്യക്ഷമാകുമെന്നുവരെ തെറ്റിദ്ധരിപ്പിച്ചു. കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ ‘ചുവന്ന പ്രഭാതങ്ങൾ’ ആണ് പുലരുന്നതെന്നും മസ്ജിദുകളും മദ്രസകളും തച്ചുതകർക്കുകയാണെന്നും ശേഷിക്കുന്നവ മദ്യഷാപ്പുകളായും നൃത്തശാലകളായും ചൂതാട്ട കേന്ദ്രങ്ങളായും മാറ്റിമറിച്ചിരിക്കുകയാണെന്നും വെള്ളിയാഴ്ച പ്രസംഗങ്ങളിലും മതപ്രസംഗത്തിലും വച്ചുകാച്ചി.

അനുഭവ സാക്ഷ്യങ്ങൾ
പക്ഷേ, ഇത്രമാത്രം കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് അമ്മാനമാടിയിട്ടും കമ്യൂണിസ്റ്റ് സർക്കാരിൽനിന്ന് കേരളീയ മുസ്ലിങ്ങൾക്ക് അനുഭാവപൂർവമായ പെരുമാറ്റമാണ് കിട്ടിയതെന്ന് പറയുന്നത് മുസ്ലിംലീഗ് മുതിർന്ന നേതാവും ബുദ്ധിജീവിയുമായ റാസാ ഖാൻ ആണ്. ‘വാട്ട് പ്രൈസ് ഫോർ ഫ്രീഡം’ എന്ന പുസ്തകത്തിൽ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെ: ""എന്നിട്ടും, മുസ്ലിങ്ങളോടുള്ള കമ്യൂണിസ്റ്റ് പാർടിയുടെ നിലപാട് സഹായകരവും പ്രോൽസാഹനജനകവുമായിരുന്നു. മലബാറിൽ മുസ്ലിങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നിട്ടും മുസ്ലിങ്ങളോട് സർക്കാർ ഒരുതരത്തിലുള്ള ശത്രുതയും കാണിച്ചില്ല. യഥാർഥത്തിൽ അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനുള്ള മനസ്സറിഞ്ഞുള്ള താൽപ്പര്യം കാണിക്കുകയാണ് ചെയ്തത്’’. എപ്പോഴെങ്കിലും ഇത്‌ സമ്മതിച്ചുകൊടുക്കാൻ മുസ്ലിംലീഗ് തയ്യാറായിട്ടുണ്ടോ? ഇല്ല, എന്നല്ല, കേരളീയ മുസ്ലിംസമൂഹം ആർജിച്ച സകല നേട്ടങ്ങളുടെയും ക്രെഡിറ്റ് ലിഗിന്റെ കണക്കുപുസ്തകത്തിൽ കുറിച്ചിട്ട് ‘സമുദായത്തിന്റെ പാർടി’യായി സ്വയം ഞെളിയുകയാണ് ലീഗ്.

ലീഗിന്‌ അഭയം നൽകിയത് ആര്?
ആദ്യരണ്ടുപതിറ്റാണ്ടിൽ കോൺഗ്രസിൽനിന്ന്‌ അനുഭവിക്കേണ്ടിവന്ന അവഗണനയും അവഹേളനവും നിന്ദയും പുച്ഛവും വിസ്മരിച്ചാണ് മുസ്ലിംലീഗ് നേതൃത്വം, പ്രതിസന്ധി ഘട്ടത്തിൽ തുണച്ച കമ്യൂണിസ്റ്റ് പാർടികളുടെമേൽ വർഗീയ ചാപ്പ കുത്തുന്നത്‌. ലീഗ് ശുദ്ധ വർഗീയ പാർടിയാണെന്ന് സാക്ഷ്യപ്പെടുത്തി അവരുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ശഠിച്ചത് ജവാഹർലാൽ നെഹ്റുവാണ്. അങ്ങനെയാണ് 1960ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌–-പിഎസ്‌പി–-ലീഗ് മുന്നണി സർക്കാരുണ്ടാക്കിയിട്ടും മുസ്ലിംലീഗിന് അധികാരപങ്കാളിത്തം നൽകാൻ കോൺഗ്രസ് തയ്യാറാകാതിരുന്നത്. ഒടുവിൽ സീതിസാഹിബിന് സ്പീക്കർ സ്ഥാനം നൽകി സമാധാനിപ്പിച്ചു. സീതി സാഹിബിന്റെ വിയോഗശേഷം സ്പീക്കറാകാൻ കുപ്പായം തുന്നിവന്ന സി എച്ച് മുഹമ്മദ് കോയ ലീഗിന്റെ തൊപ്പി ഊരിവയ്‌ക്കണമെന്ന് സി കെ ഗോവിന്ദൻ നായരും കൂട്ടരും ശഠിച്ചു.

അപമാനിതനായ സി എച്ചും ലീഗും അതിന് വഴങ്ങി. സർവസ്വതന്ത്രമായി പ്രവർത്തിക്കുന്ന പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യാൻ അന്നേ ലീഗ് നേതൃത്വം ശ്രമിച്ചിരുന്നു. കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യുന്നത് ഹറാമാണെന്നുള്ള ഫത്വക്ക് വേണ്ട് അതിന്റെ ചുമതലയുള്ള കെ കെ സദഖത്തുല്ല മൗലവിയെ ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചു. മതത്തെ രാഷ്ട്രീയലാഭത്തിനായി ഉപയോഗപ്പെടുത്തുന്നതിലെ അപകടം ദീർഘദൃഷ്ടിയോടെ കണ്ട സദഖത്തുല്ല മൗലവി ബാഫഖി തങ്ങളോട് ചില അടിസ്ഥാന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം തേടി. കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് ഫത്വ നൽകിയാൽ നാളെ ലീഗ് അതിന്റെ നിലപാട് മാറ്റില്ലെന്ന് ആർക്ക് ഉറപ്പുനൽകാനാകും? സുപ്രധാനമായ മറ്റൊരു വിഷയത്തിലും സദഖത്തുല്ല മൗലവി സംശയനിവാരണത്തിന് ശ്രമിച്ചു. മതനിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന മാർക്സിസ്റ്റ്‌ പ്രവർത്തകന്റെ കാര്യത്തിൽ ഇങ്ങനെയൊരു ഫത്വ ഇറക്കുന്നത് ശരിയാണോ? അഫ്ഗാൻ വഴി താഷ്കന്റിലേക്ക് ഹിജ്റ പോയ പണ്ഡിതരടങ്ങുന്ന സംഘം കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ പങ്കെടുത്ത് വിപ്ലവകാരികളായാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന ചരിത്രം കമ്യൂണിസത്തെ ഇസ്ലാമിന്റെ ശത്രുപക്ഷത്ത് നിർത്തുന്നവർക്ക് അറിയണമെന്നില്ല.

സദഖത്തുല്ല മൗലവിയുടെ രാഷ്ട്രീയക്കാഴ്ചപ്പാടാണ് ശരിയെന്ന് അധികം താമസിയാതെ സമർഥിക്കപ്പെട്ടു. 1965ലെ തെരഞ്ഞെടുപ്പിൽ സിപിഐ എം 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോൾ മുസ്ലിംലീഗിന് കിട്ടിയത് കേവലം ആറ്‌ സീറ്റ്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മറ്റൊരു തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നപ്പോൾ ലീഗ്‌ ഇ എം എസ് നയിക്കുന്ന സപ്തമുന്നണിയിലെത്തി. പ്രഥമ ഇ എം എസ് മന്ത്രിസഭയെ താഴെയിറക്കാൻ വിമോചനസമരം നടത്തിയ അഞ്ച് കക്ഷികൾ 67 ആയപ്പോഴേക്കും ഇ എം എസിനെ പിന്താങ്ങുന്ന മനോഹരമായ കാഴ്ച. സി എച്ച് മുഹമ്മദ് കോയയും അഹമ്മദ് കുരിക്കളും രണ്ടാം ഇ എം എസ് മന്ത്രിസഭയിൽ അംഗങ്ങളായി. ചരിത്രത്തിന്റെ മധുരമായ പ്രതികാരം! എന്നാൽ, ഈ മന്ത്രിസഭയെ നിലംപരിശാക്കുന്നതിലും ലീഗ് പങ്കുവഹിച്ചു.

കൂരിരുട്ടിൽ തപ്പിത്തടയുമ്പോൾ
1975ൽ മുസ്ലിം ലീഗ് ഒരു പിളർപ്പിന് വശംവദമായപ്പോൾ അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്നു. ആരും അന്ന് കമ്യൂണിസ്റ്റുകളെ മുസ്ലിങ്ങളുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചില്ല. 1980കളുടെ രണ്ടാം പാദത്തിൽ, ഇന്ദിരാവധത്തിനുശേഷം അധികാരത്തിലേറിയ രാജീവ് ഗാന്ധി, രാമജന്മഭൂമി പ്രക്ഷോഭവുമായി രംഗത്തുവന്ന തീവ്രവലതുപക്ഷത്തോട് മൃദുസമീപനം സ്വീകരിക്കാൻ തുടങ്ങിയപ്പോൾ ലീഗ് ദേശീയ പ്രസിഡന്റ്‌ ഇബ്രാഹീം സുലൈമാൻ സേട്ട് ആ നീക്കത്തിലെ അപകടങ്ങൾ പാർടിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇടതുജനാധിപത്യ മുന്നണി നേതൃത്വം കൊടുക്കുന്ന മതനിരപേക്ഷ ബദലിനേ ഇനി രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് സുലൈമാൻ സേട്ട് ഉറക്കെ വാദിച്ചപ്പോൾ ദേശീയ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് വലിച്ചിട്ടു.

രാജ്യം കടന്നുപോകുന്ന പ്രതിസന്ധി ഘട്ടത്തിൽ ശത്രുമിത്രങ്ങളെ തിരിച്ചറിയാതെ മുസ്ലിംലീഗ് നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ ജൽപ്പനങ്ങളുടെ അന്തസ്സാരമില്ലായ്മ കേരളീയ മുസ്ലിംസമൂഹം ഉൾക്കൊള്ളുന്നുണ്ട്. അധികാരഭ്രഷ്ടരാക്കപ്പെട്ടവരുടെ മുന്നിലെ കൂരിരുട്ട് ഭയാനകമായ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. അത് മറികടക്കാനുള്ള മാർഗമെന്ന നിലയാണ് തീവ്രസാമുദായികതയെയും തീപിടിച്ച വർഗീയതയെയും ആശ്രയിക്കാൻ ലീഗ്‌ ഒരുമ്പെടുന്നത്. എന്നാൽ, നല്ല രാഷ്ട്രീയാവബോധമുള്ളവർ അത്തരം മാർഗങ്ങൾ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് പള്ളികളിൽ കമ്യൂണിസ്റ്റ് വിരോധം വിളമ്പാനുള്ള നീക്കങ്ങളോട് യോജിക്കാൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെപ്പോലുള്ളവർ തയ്യാറാകാതിരുന്നത്. അവരുടെ ഈ ഉറച്ചനിലപാട് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ കൂടുതൽ തിളക്കമുള്ളതാക്കുമെന്നുറപ്പ്. ഇരുസമസ്തയും ഈ ദിശയിൽ നടത്തുന്ന തത്വാധിഷ്ഠിതവും മതനിരപേക്ഷവുമായ ഇടപെടലുകൾ കേരള രാഷ്ട്രീയത്തെ തന്നെ പുതുക്കിപ്പണിയും. അന്ധമായ കമ്യൂണിസ്റ്റ് വിരോധംകൊണ്ട് കണ്ണ് മഞ്ഞളിച്ചവരുടെ വർഗീയ പ്രചാരണം അതുയർത്തിയവരുടെ പതനത്തിലേ കലാശിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top