16 February Saturday

തീവ്രവാദത്തിന‌് പാലൂട്ടുന്ന മുസ്ലിംലീഗ്

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jul 13, 2018


അഭിമന്യുവിന്റെ കൊലപാതകം രാജ്യത്തിന്റെ ശിരസ്സുതന്നെ താണുപോകുന്ന മൃഗീയസംഭവമായി. മതനിരപേക്ഷ ഇന്ത്യക്കുവേണ്ടിയാണ് എൽഡിഎഫും കേരള സർക്കാരും പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നത്. ഈ വേളയിലാണ് മതതീവ്രവാദികൾ അരുംകൊല നടത്തിയത്. ഒരുവശത്ത് കാവിപ്പടക്കാരും മറുവശത്ത് മുസ്ലിം തീവ്രവാദികളും വർഗീയക്കുഴപ്പം സൃഷ്ടിക്കാൻ ചോരക്കളി നടത്തുകയാണ്. അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തി ഹിന്ദുത്വ വർഗീയശക്തികൾ നീട്ടിയ സഹായഹസ്തം ദുഃഖിതരായ മാതാപിതാക്കൾ നിരസിച്ചത് വെറുതെയല്ല. ഹിന്ദുവർഗീയതയും മുസ്ലിം മൗലികവാദവും അന്യോന്യം പോഷിപ്പിക്കുന്നതായതുകൊണ്ടാണ്.

കുടുംബത്തോടുള്ള സഹാനുഭൂതി, മുസ്ലിം തീവ്രവാദത്തെ എതിർക്കാനുള്ള പിന്തുണ, എല്ലാ വർഗീയതയെയും ചെറുത്തുതോൽപ്പിക്കാനുള്ള താൽപ്പര്യം‐ ഈ നിലകളിലെല്ലാം വ്യത്യസ്ത രാഷ്ട്രീയ പാർടികളും നേതാക്കളും പ്രവർത്തകരും ഒരു രാഷ്ട്രീയ പാർടിയിലും അംഗമല്ലാത്തവരും അഭിമന്യു സംഭവത്തെതുടർന്ന്  രംഗത്തുവന്നിട്ടുണ്ട്. മലയാള ചെറുകഥയുടെ ചക്രവർത്തിയായ ടി പത്മനാഭൻ ഹൃദയസ്പർക്കായ അഭ്യർഥന പുറപ്പെടുവിക്കുകയും ഒരുലക്ഷം രൂപ അഭിമന്യു കുടുംബസഹായഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തു. കേരളത്തിലെ പൊതു മനഃസാക്ഷിയെ പിടിച്ചുലച്ച അഭിമന്യു കൊലപാതകത്തെതുടർന്ന് മുസ്ലിംലീഗിനുവേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് സുദീർഘമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ നിർധനനും മിടുക്കനുമായ ഒരു ചെറുപ്പക്കാരനെ  കശാപ്പ് ചെയ്ത എസ്ഡിപിഐയോട് ലീഗിന് ഇതുവരെ ഒരുബന്ധവും ഉണ്ടായിട്ടില്ലെന്നും എന്നാൽ, സിപിഐ എമ്മിന് ചില ബന്ധങ്ങൾ  ഉണ്ടെന്നും സ്ഥാപിക്കാനുള്ള പാഴ്ശ്രമം നടത്തിയിരിക്കുകയാണ്.

1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് പൊളിച്ചതിനെത്തുടർന്ന് പുതിയൊരു രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെട്ടിരുന്നു. അന്ന് ബാബ‌്റി പള്ളിപൊളിക്കാൻ കാവിപ്പടയ്ക്ക് കൂട്ടുനിന്ന നരസിംഹറാവു സർക്കാരിന് പിന്തുണ നൽകിയും റാവുവിന്റെ കോൺഗ്രസുമായി കൂടി സംസ്ഥാനത്ത് ഭരണം നടത്തുകയുമായിരുന്നു മുസ്ലിംലീഗ്. അതിനെതിരെ ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നടക്കം എതിർപ്പിന്റെ കൊടുങ്കാറ്റ് വീശി. അന്നും ഇന്നും ന്യൂനപക്ഷങ്ങളിലെ പാവപ്പെട്ടവരെ രക്ഷിക്കുന്നതല്ല, പ്രമാണിമാരെ തുണയ്ക്കുന്നതാണ് ലീഗിന്റെ രാഷ്ട്രീയം. മതത്തിന്റെ പേരിലെ തീവ്രവാദ രാഷ്ട്രീയത്തിന്റെ വിഷയത്തിൽ സിപിഐ എമ്മും മുസ്ലിംലീഗും സംവാദത്തിൽ ഏർപ്പെടുന്നത് ഒരുതട്ടിൽനിന്നുകൊണ്ടല്ല. ഒരുവശത്ത് തൊഴിലാളിവർഗ ദേശീയതയും മതനിരപേക്ഷതയും മറുവശത്ത് മതാധിഷ‌്ഠിത രാഷ്ട്രീയവുമാണ‌്. ഹിന്ദുത്വ വർഗീയത ഇന്ത്യ നേരിടുന്ന വലിയ വിപത്താണ്. അതിനെ എന്ത‌് വിലകൊടുത്തും ഒറ്റപ്പെടുത്തണം. പക്ഷേ, അതിനെ നേരിടുന്നതിന് ആർഎസ്എസിനു ബദലായി ‘മുസ്ലിം ആർഎസ്എസ്’ ഉണ്ടായതുകൊണ്ടാകില്ല. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ട് നേരിടാനാകില്ല. ഒരു മതവിഭാഗത്തെ മറ്റൊരു മതവിഭാഗത്തിനും ഒരു ജാതിയെ മറ്റൊരു ജാതിക്കുമെതിരായി തിരിച്ചുവിടുന്നതിലേക്ക് ഇത് ചെന്നെത്തും. അത് സംസ്ഥാനത്തെയും രാജ്യത്തെയും വർഗീയക്കുഴപ്പത്തിലേക്ക് വലിച്ചെറിയും.

കേരളത്തിൽ ഭരണത്തിലിരുന്ന് മുസ്ലിംലീഗ് നേടിയ ആനുകൂല്യങ്ങളുടെ പ്രേരണകൂടി ഉൾക്കൊണ്ടാണ് എൻഡിഎഫ് അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐക്ക് രൂപം നൽകിയത്. കേരളത്തിൽ കഴിയുന്നത്ര സ്ഥലങ്ങളിൽ മുസ്ലിം ലീഗുമായും കേരളത്തിനുപുറത്ത് അനുയോജ്യമായ കക്ഷികളുമായും സഖ്യംകൂടി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും അത് തീവ്രവാദരാഷ്ട്രീയത്തിന് തണലാക്കാനും ഇക്കൂട്ടർ ഉപയോഗിക്കുന്നു. ലീഗ് അവലംബിക്കുന്നത് മതാധിഷ്ഠിത വർഗീയരാഷ്ട്രീയമാണ്. എന്നാൽ, സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള സിപിഐ എമ്മിന്റെ സമീപനം മതനിരപേക്ഷമാണ്. ഒരു സമുദായത്തിന്റെ മതപരമായ ആശയവും ആചാരനുഷ്ഠാനങ്ങളും വിദ്യാഭ്യാസം, ഭരണം, രാഷ്ട്രീയം എന്നിവയിലൂടെ കടത്തിവിട്ടുകൊണ്ട്, ആ സമുദായത്തിലെ പ്രമാണിമാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗ്.

മതനിരപേക്ഷതയെ സംബന്ധിച്ച് ആർഎസ്എസ് അഥവാ ബിജെപിയുടെയും മുസ്ലിംലീഗിന്റെയും നിലപാടുകൾക്ക് സമാനതകളുണ്ട്. കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ മതനിരപേക്ഷമാകണമെന്നതാണ് സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അഭിപ്രായം. എന്നാൽ, മതനിരപേക്ഷമാകരുത് എന്നാണ് ബിജെപിയുടെയും മുസ്ലിംലീഗിന്റെയും എസ്ഡിപിഐയുടെയും നിലപാട്. ഇതിന്റെ അപകടം രാജ്യം ഇന്ന് നേരിടുകയാണ്. മുസ്ലിംലീഗിന്റെ പങ്കാളിത്തത്തോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണം കേരളത്തിൽ നടന്ന ഘട്ടങ്ങളിലെല്ലാം ഇത് കണ്ടു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മുസ്ലിംതീവ്രവാദികളെ രക്ഷിച്ചത് ആ ഭരണകാലത്താണ‌്. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ കൊല്ലാൻ തടിയന്റെവിട നസീറിന്റെ നേതൃത്വത്തിൽ മുസ്ലിം തീവ്രവാദികൾ ഗൂഢാലോചന നടത്തി. അത് എൽഡിഎഫ് സർക്കാർ പിടികൂടി. എന്നാൽ, ആ കേസ് പിൻവലിച്ച് താലിബാൻ അനുയായികളെ രക്ഷിക്കാൻ യുഡിഎഫ് സർക്കാർ നടപടിയെടുത്തു.

ഇതിൽനിന്ന‌് വ്യത്യസ്തമായി എൽഡിഎഫ് ഭരണകാലയളവിൽ മുസ്ലിം‐ഹിന്ദു വ്യത്യാസമില്ലാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മതതീവ്രവാദികൾക്കെതിരെ പൊലീസ് പ്രവർത്തിച്ചു.  തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയായ കമ്യൂണിസ്റ്റ് പാർടി എല്ലാ രൂപത്തിലുള്ള വർഗീയതയ്ക്കും എതിരായി മതനിരപേക്ഷതയ്ക്കുവേണ്ടി പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും പ്രായോഗികവുമായ സമരം നിരന്തരം സംഘടിപ്പിക്കും. ഇപ്പോൾ അഭിമന്യു കൊലപാതകത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ നടത്തിയ ബഹുജന കൂട്ടായ്മകളും അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനും വീട് നിർമിച്ചുനൽകാനും വട്ടവടയിൽ ഗ്രന്ഥശാല സ്ഥാപിക്കാനുമുള്ള ബഹുജന ക്യാമ്പയിനും ഇതിന്റെ ഭാഗമാണ്. ഇതിന് നേതൃത്വം നൽകുന്നത് സിപിഐ എമ്മാണെങ്കിലും ഈ പ്രവർത്തനത്തിൽ കക്ഷിരാഷ്ട്രീയ ജാതി പരിഗണനകൾക്ക് അതീതമായി ആളുകൾ അണിനിരക്കുന്നുണ്ട‌്.

ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ അക്രമം നടത്തുന്നത് ആർഎസ്എസാണ്. ആ ആർഎസ്എസിനെ നേരിടാൻ തങ്ങൾക്കേ കഴിയൂ എന്നുവരുത്താനാണ് എസ്ഡിപിഐ, അക്രമസംഭവങ്ങളും താലിബാൻ മോഡൽ കൊലപാതക പരമ്പരകളും നടത്തുന്നത്. ഇതിനകം എസ്ഡിപിഐ കേരളത്തിൽ 31 കൊലപാതകം നടത്തി. അവർ നടത്തിയ മറ്റ് അക്രമങ്ങളുടെ പട്ടിക നീണ്ടതാണ്. സിപിഐ എമ്മിന്റെയും പാർടിയുടെ ബഹുജനപ്രസ്ഥാനങ്ങളുടെയും 11 പ്രവർത്തകരെ ഇതിനകം വകവരുത്തി. മറുവശത്ത് ആർഎസ്എസ് കേരളത്തിൽ സിപിഐ എമ്മിന്റെമാത്രം 217 പ്രവർത്തകരെ കൊലപ്പെടുത്തി. വീടുകളും സ്വത്തുവകകളും പാർടി ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും തകർക്കുകയും അനേകം പേരെ അംഗവൈകല്യമുള്ളവരാക്കുകയും ചെയ്തു. ഇങ്ങനെയെല്ലാം വിലയിരുത്തുമ്പോൾ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് ആർഎസ്എസും എസ്ഡിപിഐയും. ഈ രണ്ട് കൂട്ടരുമായി ഒരുതരത്തിലുള്ള ബന്ധവും സിപിഐ എമ്മിനില്ല. എന്നാൽ, എസ്ഡിപിഐയുമായി സിപിഐ എമ്മിന് രാഷ്ട്രീയബന്ധമുണ്ടെന്ന് വരുത്തുന്നതിനുള്ള പ്രചാരവേല നടത്തുന്നുണ്ട്. എല്ലാവിധ വർഗീയതയെയും എതിർക്കുന്ന സമീപനമാണ് സിപിഐ എമ്മിനുള്ളത്. ന്യൂനപക്ഷ വർഗീയതയുമായോ ഭൂരിപക്ഷ വർഗീയതയുമായോ ബന്ധം സ്ഥാപിച്ചാൽ അത് വർഗീയത വളരാൻ ഇടയാകും. അതുകൊണ്ട് 1985 മുതൽ ഒരുവർഗീയ ശക്തിയുമായും രാഷ്ട്രീയബന്ധമുണ്ടാക്കാത്ത നയമാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. മതമൗലികവാദ നിലപാടുള്ള മുസ്ലിംലീഗ് ഉൾപ്പെടെയുള്ള കക്ഷികളുമായും സംഘടനകളുമായും മുന്നണിയുണ്ടാക്കാൻ സിപിഐ എം തയ്യാറല്ല.

കേരളത്തിലെ മുസ്ലിം ബഹുജനങ്ങൾക്കിടയിൽ ഏറെക്കുറെ സ്വാധീനമുള്ള മുസ്ലിംലീഗുമായി മുന്നണിയുണ്ടാക്കാൻ തയ്യാറില്ലാത്ത സിപിഐ എം ജനപിന്തുണയില്ലാത്ത എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കി എന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഇത്തരം പ്രചാരണം രാഷ്ട്രീയപാപ്പരത്തമാണ്. മുസ്ലിം പേരിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഒരുകുടക്കീഴിൽ അണിനിരത്താനാണ് മുസ്ലിംലീഗ് നേതൃത്വം എല്ലായ്പ്പോഴും പ്രവർത്തിക്കുന്നത്. 2006‐2011ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആ സർക്കാരിനെതിരെ എല്ലാ മുസ്ലിം സംഘടനകളെയും ഏകോപിപ്പിക്കുന്നതിന് നായകത്വം വഹിച്ചത് മുസ്ലിംലീഗായിരുന്നല്ലോ. തീവ്രവർഗീയ നിലപാട് സ്വീകരിച്ച സംഘടനകളെപ്പോലും മാറ്റിനിർത്താൻ സന്നദ്ധമായിരുന്നില്ല. എൻഡിഎഫ് ഉൾപ്പെടെയുള്ള സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കാൻ ലീഗ് ഒരു മടിയും കാട്ടിയിട്ടില്ല. എൽഡിഎഫ് ഭരണകാലത്ത് എസ്ഡിപിഐക്കാർക്കുമേൽ ചുമത്തിയ ക്രിമിനൽ കേസുകൾ 2011‐16 കാലത്തെ യുഡിഎഫ് ഭരണകാലത്ത് പിൻവലിച്ചത് മുസ്ലിംലീഗ് എംഎൽഎമാരുടെ കത്തുകളുടെ അടിസ്ഥാനത്തിലായിരുന്നു. അക്കാര്യം അന്ന് നിയമസഭയിൽത്തന്നെ വ്യക്തമാക്കപ്പെട്ടതാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മുസ്ലിംലീഗ് ജയിച്ചതിൽ എസ്ഡിപിഐയുടെ പങ്ക് നിഷേധിക്കാനാകില്ലല്ലോ.

മൂവാറ്റുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയെടുത്ത സംഭവത്തെതുടർന്ന് അന്നത്തെ എൽഡിഎഫ് സർക്കാർ എടുത്ത ശക്തമായ നടപടികളെ മുസ്ലിംപീഡനമെന്നു പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു ലീഗ് ചെയ്തത്. മുസ്ലിം തീവ്രവാദികൾക്കെതിരെ പ്രചാരണം നടത്തുമെന്ന എം കെ മുനീറിന്റെ പ്രഖ്യാപനത്തെ തടഞ്ഞത് ലീഗ് നേതൃത്വമായിരുന്നല്ലോ. ആവശ്യമുള്ളിടങ്ങളിലെല്ലാം എസ്ഡിപിഐയുടെ പിന്തുണ നേടുകയും മറ്റുള്ളയിടങ്ങളിൽ തീവ്രവാദത്തിനെ എതിർക്കുന്നതായി മേനിനടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിലാണ് മുസ്ലിംലീഗ് നേതൃത്വം. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താതെ കുഞ്ഞാലിക്കുട്ടിയെ എസ്ഡിപിഐ പിന്തുണച്ചകാര്യം  മറക്കാവുന്നതല്ല. വേങ്ങര ഉപതെരഞ്ഞെടുപ്പിലാകട്ടെ പ്രത്യേക സ്ഥാനാർഥിയെ നിർത്തി ലീഗിനെ സഹായിക്കുകയുംചെയ്തു. ഇതാണ് യാഥാർഥ്യമെന്നിരിക്കെ അഭിമന്യു സംഭവത്തെതുടർന്ന്  എസ്ഡിപിഐയോട് എതിർപ്പ് കാട്ടുന്ന  ലീഗ് നേതൃത്വത്തിന്റെ നിലപാട് കപടതയും ഇരട്ടത്താപ്പുമാണ്. യുഡിഎഫിലെതന്നെ മതനിരപേക്ഷ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുളള അടവാണിത്. ഇതെല്ലാം മനസ്സിലാക്കുന്ന കേരളജനതയുടെ ഇടയിലാണ് സിപിഐ എമ്മിനെതിരെ ലീഗ് നേതൃത്വം ആരോപണം ഉന്നയിക്കുന്നത്. ഒരു തെരഞ്ഞെടുപ്പിലും എസ്ഡിപിഐയുമായി ഒരു ബന്ധവും സിപിഐ എം ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴും അത്തരത്തിലുള്ള ഒരു ബന്ധവും എവിടെയുമില്ല. കണ്ണൂർ ജില്ലയിലെ ഇരിട്ടി, പരിയാരം, തിരുവനന്തപുരം ജില്ലയിലെ വെമ്പായം, മലപ്പുറം ജില്ലയിലെ പറപ്പൂര്, കൊണ്ടോട്ടി, എടരിക്കോട്, കാസർകോട‌് ജില്ലയിലെ മഞ്ചേശ്വരം തുടങ്ങിയ ഇടങ്ങളിൽ എസ്ഡിപിഐയുമായി സിപിഐ എമ്മിന് ബന്ധമുണ്ടെന്ന ലീഗ് നേതാവിന്റെ പ്രചാരണം വസ്തുതയുമായി പൊരുത്തപ്പെടുന്നതല്ല. ഇക്കാര്യം ബന്ധപ്പെട്ട ജില്ലാകമ്മിറ്റികൾ ഇതിനകം വിശദീകരിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണം സിപിഐ എമ്മിനെതിരെ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ‌് ലീഗ് നേതൃത്വം ശ്രമിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഒരിടത്തും എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാൻ സിപിഐ എം തീരുമാനിച്ചിട്ടില്ല. എസ്ഡിപിഐക്കാരുടെ പിന്തുണയോടെ ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും ഭരണം ഏറ്റെടുത്ത് നടത്താൻ പാർടി നിശ്ചയിച്ചിട്ടുമില്ല. അതിനു വിരുദ്ധമായി എവിടെയെങ്കിലും അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ പാർടി ഉപരികമ്മിറ്റികൾ ഇടപെട്ടിട്ടുണ്ട്. എവിടെയെങ്കിലും അത്തരം ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടി പാർടി സ്വീകരിക്കും. ആർഎസ്എസിന്റെയോ  എസ്ഡിപിഐയുടെയോ പിന്തുണയോടെ  തദ്ദേശഭരണം നടത്തേണ്ട അവസ്ഥ സിപിഐ എമ്മിനില്ല. എസ്ഡിപിഐക്കാരുടെ കൊലക്കത്തിക്കിരയായത് അഭിമന്യു ഉൾപ്പെടെ 11 സഖാക്കളാണ്. അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തിനുനേരെയാണ് നട്ടാൽ കുരുക്കാത്ത നുണ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഉന്നയിച്ചത്. മുസ്ലിംവർഗീയതയ‌്ക്കെതിരെയും ഹിന്ദുത്വ വർഗീയതയ‌്ക്കെതിരെയും ഉയരുന്ന ജനരോഷത്തിൽനിന്ന‌്  ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഐ എമ്മിനെതിരെ അർഥശൂന്യമായ ആക്ഷേപം ഉന്നയിച്ചത്. ഇത് എസ്ഡിപിഐയെ വെള്ളപൂശാനുള്ള രാഷ്ട്രീയ അടവാണ്. ഇത് മനസ്സിലാക്കാനുള്ള രാഷ്ട്രീയവിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top