13 June Sunday

മൂര്‍ഷിദാബാദിൽ പ്രതീക്ഷയറ്റ് ബിജെപി - ഗോപി കൊൽക്കത്ത എഴുതുന്നു

ഗോപി കൊൽക്കത്തUpdated: Saturday Apr 24, 2021

രാജ്യത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് ബംഗാളിലെ മൂർഷിദാബാദ്. ഈ മാസം 26, 29 തീയതികളിൽ അവസാന ഘട്ടങ്ങളിലാണ് ഇവിടെ വോട്ടെടുപ്പ്. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ധീരോദാത്തമായ ചെറുത്തു നിൽപ്പാണ്‌ മൂർഷിദാബാദ്‌ നടത്തിയത്‌. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പ് ബംഗാളിന്റെ തലസ്ഥാനമായിരുന്നു മൂർഷിദാബാദ്. ഇന്നത്തെ അസമിന്റെയും ബിഹാറിന്റെയും ഒഡിഷയുടെയും ബംഗ്ലാദേശിന്റെയും ഭാഗങ്ങൾ ഉൾക്കൊണ്ടിരുന്ന വിശാലമായ പ്രദേശമായിരുന്നു ബംഗാൾ. നവാബുമാരുടെ സുദീർഘ ഭരണത്തിന്റെ ഓർമകൾ പേറുന്ന നിരവധി സ്മാരകങ്ങളുള്ള ഈ ചരിത്രഭൂമി മതസൗഹാർദത്തിനും പുകൾപെറ്റതാണ് .

1757ൽ പ്ലാസി യുദ്ധത്തിൽ ബംഗാളിന്റെ നവാബായിരുന്ന സിറാജ് ഉദ്‌ ദൗളയെ പരാജയപ്പെടുത്തിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചത്. സിറാജ് ഉദ്‌ ദൗളയുടെ സർവസൈന്യാധിപനായിരുന്ന മിർജാഫർ ഖാനെ പ്രലോഭിപ്പിച്ച് വശത്താക്കിയാണ് ബ്രിട്ടീഷുകാർക്ക് ജയിക്കാൻ കഴിഞ്ഞത്. ഭരണാധികാരിയാക്കാമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയ മിർജാഫർ ഖാൻ സിറാജ് ഉദ്‌ ദൗളയെ ചതിക്കുകയായിരുന്നു. അധികാരം കൈയടക്കിയ ബ്രിട്ടീഷുകാർ മിർജാഫറിനെയും വധിച്ചു. രാഷ്ട്രീയത്തിലും മിർജാഫറിന്റെ പിൻഗാമികൾ ഇവിടെ ധാരാളമുണ്ട്‌. ഈ തെരഞ്ഞെടുപ്പിൽ തൃണമൂലിൽനിന്നും ബിജെപിയിലേക്കും തിരിച്ചും കാലുമാറിയ നിരവധി മിർജാഫർമാരും രംഗ പ്രവേശനം ചെയ്തിട്ടുണ്ട്‌. ബിജെപിയിൽ ചേർന്ന മുൻ മന്ത്രി സുവേന്ദു അധികാരിയെ മിർജാഫറിന്റെ അവതാരം എന്നാണ് മമത വിശേഷിപ്പിച്ചത്.

ഇവിടെ ജനങ്ങളിൽ ഭൂരിപക്ഷവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ്. ആകെ ജനസംഖ്യയുടെ 67 ശതമാനം. ബംഗ്ലാദേശിനോട് വിശാലമായ അതിർത്തി പങ്കുവയ്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതത്തിന്റെ പേരിൽ പലപ്പോഴും കലഹങ്ങളരങ്ങേറിയപ്പോൾ മൂർഷിദാബാദ് അതിനൊരപവാദമായി നിലകൊണ്ടു. രാജ്യം വെട്ടി മുറിച്ചപ്പോൾ അവിഭക്ത ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം പാകിസ്ഥാനിൽ ചേർന്നെങ്കിലും അന്ന് മൂർഷിദാബാദ് നവാബായിരുന്ന വാർഷ അലി മിർഷാ ജനങ്ങളുടെ ആഗ്രഹപ്രകാരം ഇന്ത്യയിൽ തന്നെ നിലയുറപ്പിച്ചു. കോൺഗ്രസും ഇടതുപക്ഷവും തുല്യ ശക്തിയാണിവിടെ. തൃണമൂലും ബിജെപിയും നടത്തുന്ന രാഷ്ട്രീയ ലാഭത്തിനായുള്ള കരുനീക്കങ്ങൾ വർഗീയ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്‌.


 

കൃഷി, കരകൗശലം, ബീഡി തെറുപ്പ് എന്നിവയാണ് പ്രധാന തൊഴിൽ. എട്ട് ലക്ഷം പേരാണ് ബീഡി വ്യവസായ രംഗത്ത് തൊഴിലെടുക്കുന്നത്. ഇടതു മുന്നണി ഗവൺമെന്റ് നടപ്പാക്കിയ തൊഴിൽ നിയമങ്ങളും ക്ഷേമ പദ്ധതികളും വഴി ഇവരുടെ നിലയിൽ വൻ മാറ്റം വന്നു. മൂർഷിദാബാദ് സിൽക്ക് ലോക പ്രസിദ്ധമാണ്. ഭൂപരിഷ്‌കരണത്തിന്റെ ആനുകൂല്യം ഇവിടത്തെ ജനങ്ങൾക്ക് ലഭിച്ചു. വിദ്യാഭ്യാസത്തിൽ വളരെ പിന്നോക്കമായിരുന്നു. ഇപ്പോൾ സാക്ഷരതയിലും ശരാശരിയേക്കാൾ ഉയർന്നു. അലിഗഡ് സർവകലാശാലയുടെ പുതിയ ക്യാമ്പസും ആരംഭിച്ചു.

സംസ്ഥാനത്തൊട്ടാകെ കോൺഗ്രസിനെ വെട്ടിനിരത്തിയ മമതയ്ക്ക് മൂർഷിദാബാദിൽ കാര്യമായ മുന്നേറ്റം നടത്താനായില്ല. പിസിസി അധ്യക്ഷനും ലോക്‌സഭയിൽ പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൗധരിയുടെ തട്ടകമാണ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനും ഇടതുപക്ഷ രാഷ്‌ട്രീയത്തിനും നല്ല സ്വാധീനമുണ്ട്‌. 1977മുതൽ 2011 വരെ സിപിഐ എമ്മും ഇടതുമുന്നണിയുമാണ് കൂടുതൽ സീറ്റുകളും കരസ്ഥമാക്കിയത്. മമത നടത്തിയ അട്ടിമറിരാഷ്ട്രീയത്തിൽ മൂർഷിദാബാദും കടപുഴകി. അന്ന്‌ കോൺഗ്രസ് മമതയോടൊപ്പം ചേർന്ന്‌ 22 സീറ്റിൽ 14 എണ്ണം നേടി. കോൺഗ്രസിന് 13ഉം തൃണമൂലിന് ഒന്നും. അന്നും ഇടതുമുന്നണിക്ക്‌ 8 സീറ്റും ലഭിച്ചു. 2016ൽ ഇടതുമുന്നണിയുമായി യോജിച്ചാണ് കോൺഗ്രസ് മത്സരിച്ചത്. 18 സീറ്റും സംഖ്യം ജയിച്ചു. കോൺഗ്രസ്‌ 14ഉം സിപിഐ എം 4 ഉം . തൃണമൂലിന് നാല് സീറ്റ്‌ കിട്ടി. ഇത്തവണയും ഇടതുമുന്നണിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത മുന്നണിയാണ് തൃണമൂലിന്റെ മുഖ്യഎതിരാളി. കോൺഗ്രസ് 15 ഇടത്തും ഇടതു മുന്നണി 7 സീറ്റിലും മത്സരിക്കുന്നു. ഒരിടത്തും ബിജെപിക്ക്‌ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മുമ്പ് ഒരു മണ്ഡലത്തിലും കെട്ടിവച്ച പണം പോലും ഇവിടെ അവർക്ക് ലഭിച്ചിട്ടില്ല. തൃണമൂൽ നേടിയ ശക്തി വലിയ തോതിൽ ക്ഷയിച്ചു.

കേരളത്തിൽ തൊഴിലെടുക്കുന്നവരിൽ നല്ലൊരു ഭാഗം മൂർഷിദാബാദിലെ ജാലംഗി, ഡൊംങ്കൽ, ബൽഡംഗ, കാന്തി , ഭഗവാൻഗൊള തുടങ്ങിയ ഏരിയകളിൽ നിന്നുള്ളവരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top