01 July Friday

കർഷകരെ വീണ്ടും വഞ്ചിച്ച്‌ മോദി - പ്രൊഫ. എസ് മോഹനകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2022

കർഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില നിയമമാക്കണമെന്നത്. കർഷക സമരത്തിനു മുന്നിൽ മുട്ടുകുത്തിയ കേന്ദ്ര സർക്കാരിന് മറ്റു വഴികളില്ലാതെ വന്നപ്പോൾ സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഉപാധികളിൽ ഒന്നാമത്തേതായി കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയുടെ കാര്യം പരിഗണിക്കേണ്ടിവന്നു. കൃഷി ശാസ്ത്രജ്ഞർ, കർഷക സംഘടനാ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മിറ്റിയുടെ നിർദേശ പ്രകാരം കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയും കുത്തക സംഭരണവും ഉറപ്പുവരുത്തുകയും ചെയ്യുമെന്നാണ്‌   കേന്ദ്ര സർക്കാർ സംയുക്ത സമരസമിതിക്ക്‌ എഴുതിക്കൊടുത്തത്. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ തുടർനടപടിയൊന്നും ഉണ്ടായില്ല.

എന്താണ് താങ്ങുവില?
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള കാർഷിക വിലനിർണയ കമീഷൻ ഓരോ വർഷവും ഇന്ത്യയിലെ പ്രധാനപ്പെട്ട 23 വിളകളുടെ ഉല്പാദനച്ചെലവിന്റെ കണക്കെടുപ്പ് നടത്താറുണ്ട്. ഈ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിക്കുന്നത്.  ഉൽപ്പാദനച്ചെലവിൽ മൂന്നു തരത്തിലുള്ള ചെലവുകളാണ് പരിഗണിക്കുന്നത്. ഒന്ന്: വിത്ത്, വളം, കൂലി എന്നിവയ്ക്കുവേണ്ടി കർഷകർ ചെലവഴിക്കുന്ന തുക. രണ്ട്: കർഷകർ സ്വന്തം ഭൂമിയിൽ ചെലവിടുന്ന അധ്വാനത്തിന് കണക്കാക്കുന്ന കൂലിയും കൃഷിഭൂമിയുടെ പാട്ടവും. മൂന്ന്: ആകെ ഉൽപ്പാദനച്ചെലവിന്റെ കൂടെ അതിന്റെ പകുതികൂടി കൂട്ടുമ്പോൾ കിട്ടുന്ന തുക.  ഇതാണ്‌ സ്വാമിനാഥൻ കമീഷൻ നിർദേശിച്ച കാർഷിക ഉൽപ്പാദനച്ചെലവ്.  അതായത്, ആകെ ഉൽപ്പാദനച്ചെലവ് നൂറു രൂപയാണെങ്കിൽ താങ്ങുവിലയായി പ്രഖ്യാപിക്കേണ്ടത് 150 രൂപ. ഈ രണ്ട് ചെലവും കൂട്ടിക്കിട്ടുന്ന തുകയാണ് കാർഷിക ഉല്പാദനച്ചെലവായി വിലനിർണയ കമീഷൻ താങ്ങുവില തീരുമാനിക്കുന്നതിനായി അവലംബിക്കുന്നത്. കർഷകർ ആവശ്യപ്പെടുന്നതും കേന്ദ്ര സർക്കാർ അംഗീകരിച്ചതും 2006ലെ എം എസ് സ്വാമിനാഥൻ കമ്മിറ്റി പ്രകാരമുള്ള താങ്ങുവിലയാണ്.

ഇതാണ് കർഷകരുടെ ന്യായമായ ആവശ്യം. കോൺഗ്രസിന്റെയും ബിജെപിയുടെയും സർക്കാരുകൾ ഇത് അംഗീകരിച്ചതുമാണ്.  കാർഷിക പ്രതിസന്ധിമൂലം ആയിരങ്ങൾ ഇന്ത്യയൊട്ടുക്കും ദിവസവും ആത്മഹത്യ ചെയ്തിരുന്ന 2004ലാണ് അന്നത്തെ കോൺഗ്രസ് സർക്കാർ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാൻ സ്വാമിനാഥൻ കമ്മിറ്റിയെ നിയമിച്ചത്. 2006ൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും 2014 വരെ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിന്റെ സർക്കാർ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള താങ്ങുവില പ്രഖ്യാപിക്കുന്നതിനോ, പ്രഖ്യാപിച്ച താങ്ങുവില നൽകി കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനോ തയ്യാറായില്ല. മോദി സർക്കാരും കോൺഗ്രസിന്റെ അതേ നയംതന്നെ തുടരുന്നു. 

താങ്ങുവിലയ്‌ക്ക് നിയമപ്രാബല്യം 
ആവശ്യമോ?
നെല്ല്, ഗോതമ്പ്, പയർ, പരിപ്പ്, കരിമ്പ്, പരുത്തി, എണ്ണക്കുരു ഉൽപ്പന്നങ്ങൾ തുടങ്ങിയ 23 കാർഷികോൽപ്പന്നത്തിന്‌ കേന്ദ്ര സർക്കാർ എല്ലാവർഷവും താങ്ങുവില പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവയിൽ നെല്ല്, ഗോതമ്പ്, കരിമ്പ് എന്നിങ്ങനെയുള്ള വിരലിലെണ്ണാവുന്ന ഉൽപ്പന്നങ്ങളേ താങ്ങുവില നൽകി വിളവെടുപ്പു സമയത്ത് കേന്ദ്ര സർക്കാർ ഏജൻസികൾ സംഭരിക്കുന്നുള്ളൂ. കോടിക്കണക്കിനു വരുന്ന ചെറുകിട നാമമാത്ര കർഷകർക്ക് വിളവെടുപ്പ് കഴിഞ്ഞാൽ ഉടൻതന്നെ അവ വിൽക്കേണ്ടതായി വരുന്നു. വമ്പൻ കച്ചവടക്കാർ കർഷകരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഉൽപ്പന്നങ്ങളുടെ കമ്പോളവില ഇടിക്കാതിരിക്കുന്നതിനുവേണ്ടിയാണ് താങ്ങുവില പ്രഖ്യാപിക്കുന്നത്. എന്നാൽ, സർക്കാർ സംഭരണവും താങ്ങുവിലയും ഒരു കബളിപ്പിക്കൽ തന്ത്രമായിട്ടാണ് ഇതുവരെയുള്ള കർഷകരുടെ അനുഭവം. കഴിഞ്ഞ വർഷം കോവിഡ് കാരണം ജനങ്ങൾക്ക് തൊഴിൽ നഷ്ടമായപ്പോൾ ഉപജീവനത്തിനായി പലരും കൃഷിയിലേക്ക് തിരിഞ്ഞു. തരിശിട്ടിരുന്ന ഭൂമി കൃഷി ചെയ്തു. കാർഷികോൽപ്പാദനം ഗണ്യമായി വർധിച്ചെന്ന് കേന്ദ്ര സർക്കാർ വീമ്പിളക്കി. എന്നാൽ, 2020–-21ൽ കമ്പോളത്തിൽ എത്തിയതിന്റെ 39 ശതമാനം ഗോതമ്പുമാത്രമാണ് സർക്കാർ താങ്ങുവില നൽകി സംഭരിച്ചത്. കരിമ്പ്, പരുത്തി, പയർ ഉൾപ്പെടെയുള്ള ഒമ്പത് ഉൽപ്പന്നങ്ങളേ സർക്കാർ താങ്ങുവില നൽകി വാങ്ങിയുള്ളൂ. താങ്ങുവില പ്രഖ്യാപിച്ച 23 ഉൽപ്പന്നങ്ങളിൽ പതിനാലെണ്ണവും നാമമാത്രമായിപ്പോലും സർക്കാർ സംഭരിച്ചില്ല. പയർ, പരിപ്പ്, എണ്ണക്കുരു എന്നിവയുടെ സംഭരണം ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനത്തിലും കുറവായിരുന്നു. വൻകിട വ്യാപാരികൾ താങ്ങുവിലയേക്കാൾ വളരെ കുറഞ്ഞ വിലയ്‌ക്ക് അരിയും ഗോതമ്പും വാങ്ങി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു.

താങ്ങുവില പ്രഖ്യാപിക്കുന്നതും കാർഷികോൽപ്പന്നങ്ങൾ സർക്കാർ താങ്ങുവില നൽകി സംഭരിക്കുന്നതും ആഗോളവൽക്കരണ നയങ്ങൾക്ക് എതിരാണ്. സർക്കാർ താങ്ങുവില പ്രഖ്യാപിക്കാതിരിക്കുകയോ, പ്രഖ്യാപിച്ച വിലയ്‌ക്ക് ഉൽപ്പന്നങ്ങൾ സംഭരിക്കാതിരിക്കുമ്പോഴോ കർഷകർക്ക് കോടതിയെ സമീപിക്കാൻ കഴിയാത്തതിനു കാരണം താങ്ങുവിലയ്‌ക്ക് നിയമ പ്രാബല്യമില്ലാത്തതിനാലാണ്. താങ്ങുവിലയും കുത്തക സംഭരണവും കർഷകരുടെ അവകാശമായി മാറണമെന്നുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷ, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവപോലെ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കി മാറ്റണം. ഇത്തരത്തിലൊരു നിയമം ഇന്ത്യയിലെ വൻകിട കച്ചവടക്കാരുടെയും റിലയൻസ്, അദാനി പോലുള്ള വ്യവസായ കുത്തകകളുടെയും ലാഭത്തെ ദോഷകരമായി ബാധിക്കും. ഇതാണ് ബിജെപി സർക്കാരിനെ അലട്ടുന്ന പ്രധാന പ്രശ്നം.

കാർഷികമേഖലയ്ക്ക് നൽകിവരുന്ന സബ്‌സിഡികൾ പൂർണമായും നിർത്തലാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കർഷകർക്ക് നേരിട്ട് വർഷം 6000 രൂപ കൊടുക്കുന്ന പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതി. പാചക വാതകത്തിന്റെ സബ്‌സിഡി നിർത്തലാക്കിയിട്ട് ബാങ്കുവഴി സബ്‌സിഡി കൊടുക്കുന്ന പദ്ധതി അവസാനിച്ചത് പാചകവാതക സബ്‌സിഡി പൂർണമായും നിർത്തലാക്കുന്ന സ്ഥിതിയിലാണ്. കാർഷികമേഖലയുടെ ആഗോളവൽക്കരണ വക്താക്കൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് ‘ഡയറക്ട്‌ ക്യാഷ് ട്രാൻസ്‌ഫർ' എന്ന പരിപാടി. 2018 ഡിസംബറിൽ തുടങ്ങിയ ഈ പദ്ധതി കർഷക കുടുംബത്തിൽ ഒരാൾക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതിലുപരി ചെറുകിട കർഷകർക്കുമാത്രമായി ചുരുക്കുകയും ചെയ്തു. അങ്ങനെ 40 ശതമാനത്തോളം കൃഷിയിടത്തെ ഇപ്പോൾത്തന്നെ സബ്‌സിഡിയിൽനിന്ന്‌ ഒഴിവാക്കി. 

2021–-22ലെ  ഭക്ഷ്യധാന്യ സബ്‌സിഡിയിൽ 30 ശതമാനത്തിന്റെ കുറവാണ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്‌. റേഷൻകടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ വെട്ടിക്കുറച്ചാണ് ഇത് സാധ്യമാക്കിയത്. പൊതുവിതരണ സമ്പ്രദായം നിർത്തലാക്കിയാൽ താങ്ങുവിലയുടെയും സർക്കാർ സംഭരണത്തിന്റെയും ആവശ്യം ഉദിക്കുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ്‌ കർഷകർ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയും സംഭരണവും കർഷകരുടെ അവകാശമാക്കി മാറ്റുന്നതിനുള്ള നിയമം വേണമെന്ന്‌ ആവശ്യപ്പെടുന്നത്. കർഷകരുടെ ഈ ആവശ്യം നടപ്പാക്കേണ്ടത്‌  ഇന്ത്യയിലെ സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷയക്ക് അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

(ജയ്‌പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top