18 June Tuesday

കർമനിരതനായ യോദ്ധാവ‌്

ഡോ. പി മോഹൻദാസ്Updated: Saturday May 12, 2018


തലശേരിക്കടുത്ത് നിടുമ്പ്രം എന്ന ഗ്രാമത്തിൽ പ്രശസ്തമായ ഒരു നമ്പ്യാർ തറവാട്ടിൽ 1889ൽ ജനിച്ച മൊയാരത്ത് ശങ്കരൻ മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ്. മലബാറിൽ കോൺഗ്രസ് പ്രസ്ഥാനം രൂപപ്പെടുമ്പോൾത്തന്നെ അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും നേതൃത്വവും വഹിച്ച മൊയാരത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയോടെ അതിന്റെ കർമനിരതനായ യോദ്ധാവായും മാറി. പക്ഷേ, സ്വാതന്ത്ര്യം ലഭിച്ച് ഒരുവർഷം തികയുന്നതിനുമുമ്പുതന്നെ ജന്മനാടിന്റെ വിമോചനത്തിനായി യത്നിച്ച ആ മഹാനുഭാവന് കോൺഗ്രസ് സർക്കാരിന്റെ മർദകവീരന്മാരായ പൊലീസിൽനിന്ന‌് രക്തസാക്ഷിത്വം ഏറ്റുവാങ്ങേണ്ടിവന്നു. സ്കൂൾവിദ്യാഭ്യാസ കാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട മൊയാരത്ത് ശങ്കരൻ, മലബാറിലെ കോൺഗ്രസ് പ്രവർത്തനങ്ങളുമായും സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടു. ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുമാരനാശാൻ തടങ്ങിയവരുമായി വ്യക്തിപരമായി അടുത്തിടപഴകാൻ മൊയാരത്തിന് അവസരം ലഭിച്ചു. നന്നേ ചെറുപ്പത്തിൽതന്നെ സാഹിത്യവാസന പ്രകടിപ്പിച്ച മൊയാരത്ത്, കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു. പരന്ന വായനമൂലം സാഹിത്യത്തിൽമാത്രമല്ല എല്ലാ രംഗങ്ങളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം ജ്വലിച്ചുനിന്നു.

ഒരു ഗുമസ്തന്റെ ജോലി തരപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമേ ശങ്കരന് വിദ്യാഭ്യാസം നൽകുന്നതിലൂടെ വീട്ടുകാർക്കുണ്ടായിരുന്നുള്ളൂവെങ്കിലും സ്വന്തം രാജ്യത്തിന്റെ വിമോചനമെന്ന സ്വപ്നമാണ് വിദ്യാഭ്യാസത്തിലൂടെ അദ്ദേഹത്തിന‌് ഉണ്ടായിരുന്നത്. വിപുലമായ വായനയിലൂടെ താൻ നേടിയ അറിവ് ജനങ്ങൾക്കുപകരിക്കുമാറ് പ്രയോജനപ്പെടുത്തണമെന്ന് ശങ്കരന് നിർബന്ധമുണ്ടായിരുന്നു.

സാധാരണക്കാരന്റെ സേവകനാകാനുതകുന്ന ഒരു ഡോക്ടറാകണമെന്ന ചിന്ത അങ്ങനെയാണ് ശങ്കരന്റെ മനസ്സിൽ കടന്നുകൂടിയത്. അതുവഴി ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്താമെന്ന‌് അദ്ദേഹം വിശ്വസിച്ചു. വിപ്ലവപ്രവർത്തനങ്ങളുടെ കളിത്തൊട്ടിലായ ബംഗാളിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ ചേർന്ന് പഠിക്കാൻ അങ്ങനെയാണ് ശങ്കരൻ തീരുമാനിച്ചത്.

അതിനുവേണ്ട ചെലവ് കണ്ടെത്താൻ പയ്യോളിക്കടുത്ത് ഒരു സ്കൂൾ അധ്യാപകന്റെ ജോലി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായി.1913ൽ കൽക്കട്ടയിലെ പ്രശസ്തമായ നാഷണൽ മെഡിക്കൽ കോളേജിൽ വിദ്യാർഥിയായി പ്രവേശിച്ച ശങ്കരൻ, കൽക്കട്ടയിലെ വിദ്യാർഥിപ്രസ്ഥാനവുമായും ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായും നേരിട്ട് കൈകോർത്തു. ചെലവിന് പണം പോരാഞ്ഞതിനാൽ ഒഴിവുസമയത്ത് ഇംഗ്ലീഷ്മാൻ എന്ന പത്രമാപ്പീസിൽ പ്രൂഫ് റീഡറുടെ ജോലി ചെയ്തു. പത്രപ്രവർത്തനത്തിൽ അങ്ങനെ പരിചയം സമ്പാദിക്കുകയും ചെയ്തു.

ശങ്കരന്റെ പ്രവർത്തനങ്ങൾ രഹസ്യപൊലീസ് നിരീക്ഷിച്ചു. നാട്ടിൽ വിവരമെത്തിച്ചു. എന്തെങ്കിലും കാരണം പറഞ്ഞ് ശങ്കരനെ വിളിപ്പിച്ചില്ലെങ്കിൽ പൊലീസിന്റെ വലയിലാകുമെന്ന് കുടുംബത്തിൽ ഭീഷണിവന്നു. തുടർന്നാണ് അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിച്ച് ശങ്കരനെ നാട്ടിലേക്ക് വിളിപ്പിച്ചത്. ഇവിടെ എത്തിയതിനുശേഷം മാത്രമാണ് കൽക്കട്ടയിലെ രഹസ്യപൊലീസിന്റെ ചതി ശങ്കരന് മനസ്സിലായത്.

തുടർന്ന് മലബാറിലെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഒരു കൊടുങ്കാറ്റുപോലെ ശങ്കരൻ മുഴുകി. 1917ൽ കോഴിക്കോട്ടുവച്ച് നടന്ന കോൺഗ്രസിന്റെ മലബാർ സമ്മേളനത്തിൽ യുവാക്കളുടെ ഹരമായി ശങ്കരൻ മാറി. സമ്മേളനത്തിൽ യുദ്ധഫണ്ടിലേക്ക് സംഭാവന നൽകി ബ്രിട്ടനെ സഹായിക്കണമെന്ന് അറിയപ്പെടുന്ന ജന്മിയായ കവളപ്പാറ മൂപ്പിൽ നായർ അവതരിപ്പിച്ച പ്രമേയത്തെ എം പി നാരായണമേനോൻ എതിർത്തപ്പോൾ അദ്ദേഹത്തോടൊപ്പം നിൽക്കാൻ മൊയാരത്തിന്റെ നേതൃത്വത്തിൽ യുവാക്കൾ അണിനിരന്നു.

വരേണ്യ മധ്യവർഗത്തിന്റെ പ്രസ്ഥാനമായിരുന്ന കോൺഗ്രസിനെ ഒരു ജനകീയപ്രസ്ഥാനമാക്കുന്നതിൽ മൊയാരത്ത് ശങ്കരൻ ശക്തമായ പങ്കുവഹിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിൽ കോൺഗ്രസ് കമ്മിറ്റിയുണ്ടാക്കുകയും ഗാന്ധിയൻ പരിപാടികൾ ശുഷ്കാന്തിയോടെ നടപ്പാക്കുകയും ചെയ്യാൻ അദ്ദേഹം മുന്നിൽനിന്ന് പ്രവർത്തിച്ചു.

ഇരുപതുകളുടെ ആദ്യം മലബാറിലെ പല ഗ്രാമങ്ങളിലും ഖാദിപ്രചാരണവും ഹരിജനനോദ്ധാരണ പ്രവർത്തനങ്ങളും മദ്യവർജന പ്രക്ഷോഭങ്ങളും അങ്ങനെയാണ് അരങ്ങേറിയത്. സ്വന്തം മച്ചുനനായ സി എച്ച് ഗോവിന്ദൻ നമ്പ്യാരെ പയ്യന്നൂരിലേക്ക‌് അയച്ചതും ഈ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു.

1930ൽ മലബാറിലെ രണ്ട് കേന്ദ്രങ്ങളിൽ‐ കോഴിക്കോട്ടും പയ്യന്നൂരിലും നടന്ന ഉപ്പുസത്യഗ്രഹസമരത്തിന്റെ മുഖ്യ സംഘാടകരിലൊരാൾ മൊയാരത്ത് ശങ്കരനായിരുന്നു. പയ്യന്നൂരിൽ ഉപ്പുസത്യഗ്രഹസമരം നടത്താൻ കോൺഗ്രസിലെ പലനേതാക്കളും അറച്ചുനിന്നപ്പോൾ സമരം സംഘടിപ്പിക്കണമെന്ന് ഉറച്ചുനിന്ന് വാദിച്ചത് മൊയാരത്തും സി എച്ച് ഗോവിന്ദൻ നമ്പ്യാരുമായിരുന്നു.

തുടർന്നങ്ങോട്ടുള്ള വർഷങ്ങൾ തീക്ഷ‌്ണസമരങ്ങളുടെ തീവ്രമായ അനുഭവങ്ങളുടെ കാലഘട്ടമായിരുന്നു. നിരന്തരമായ സമരങ്ങളും തുടർച്ചയായ ജയിൽവാസങ്ങളും. ജയിലിലും ധീരനായ ഒരു പോരാളിയായിരുന്നു മൊയാരത്ത് ശങ്കരൻ. ജയിലധികാരികളുടെ ധിക്കാരപരമായ പെരുമാറ്റങ്ങൾക്കെതിരെ ഉറക്കെ ശബ്ദിച്ചതിന് അദ്ദേഹത്തെ മറ്റു ജയിലുകളിലേക്ക് സ്ഥലംമാറ്റിക്കൊണ്ടേയിരുന്നു. കണ്ണൂർ, ബെല്ലാരി, അലിപ്പൂർ... തുടങ്ങി നിരവധി തടവറകൾ അദ്ദേഹത്തിന് പരിചിതമായി.

ഉപ്പുസത്യഗ്രഹത്തെതുടർന്നുള്ള വർഷങ്ങളിൽ ഗാന്ധിയൻ സമീപനത്തോട് വിടപറയാതിരിക്കാൻ മൊയാരത്തിലെ വിപ്ലകാരിക്ക് കഴിഞ്ഞില്ല. ജയിലിലെ മറ്റ് വിപ്ലവകാരികളായ തടവുകാരുടെ സ്വാധീനം മാത്രമായിരുന്നില്ല അതിന് കാരണം. സ്വന്തം അനുഭവങ്ങളും പരന്ന വായനയും ലോകപരിചയവും അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു.

മുപ്പതുകളുടെ പകുതിയോടെതന്നെ അദ്ദേഹം മലബാറിലെ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ മുഴുകി. കണ്ണൂരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന സഖാവ് കൃഷ്ണപിള്ളയുമായുള്ള ആത്മബന്ധം ഈ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചുകാണാം. ഉപ്പുസത്യഗ്രഹവേളയിൽ ഉടലെടുത്ത ആ രാഷ്ട്രീയബന്ധം മെല്ലെ മെല്ലെ വളർന്ന് ശക്തിപ്പെടുകയായിരുന്നു.

നാൽപ്പതുകളോടെ കമ്യൂണിസ്റ്റ് വിപ്ലവകാരിയായി മാറിയ മൊയാരത്ത്, യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ ശക്തമായി മുഴുകി. കോൺഗ്രസിലെ സ്ഥാനങ്ങൾ രാജിവച്ച അദ്ദേഹം ദീർഘകാലം ഒളിവിൽ പ്രവർത്തിച്ചു. ‘തൊഴിലാളിവർഗപാത’ അടക്കമുള്ള കമ്യൂണിസ്റ്റ് ലഘുലേഖകൾ ഒളിവിലിരുന്നുകൊണ്ട് അദ്ദേഹം പ്രചരിപ്പിച്ചു. പല രഹസ്യരേഖകളും പരിഭാഷപ്പെടുത്തി രഹസ്യമായി അച്ചടിപ്പിച്ചു. പക്ഷേ, വീണ്ടും മൊയാരത്ത് ശങ്കരൻ അറസ്റ്റ് ചെയ്യപ്പെട്ട‌് തടവറക്കുള്ളിലായി.

തടവറകളിൽനിന്ന് തടവറകളിലേക്കുള്ള ഈ യാത്ര അദ്ദേഹത്തിന്റെ ആരോഗ്യം നശിപ്പിച്ചു. നാൽപ്പതുകളുടെ മധ്യത്തോടെ ജയിലിൽനിന്ന‌് പുറത്തുവന്ന മൊയാരത്ത് ശങ്കരൻ വീണ്ടും നാട്ടിൽ തിരിച്ചെത്തി പ്രവർത്തനനിരതനായി. യുദ്ധത്തെതുടർന്നുള്ള ക്ഷാമം പട്ടിണി, പകർച്ചവ്യാധികൾ ഇവയെ അകറ്റാൻ ജനങ്ങൾ  നടത്തുന്ന മുൻകൈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1947ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജനങ്ങളുടെ ജീവിതദുരിതത്തിൽ പ്രകടമായ മാറ്റമുണ്ടായിരുന്നില്ലെന്ന കമ്യൂണിസ്റ്റ് പാർടിയുടെ വിലയിരുത്തൽ കോൺഗ്രസ് ഭരണാധികാരികൾക്ക് അംഗീകരിക്കാനായില്ല. ബ്രിട്ടീഷ് ഭരണാധികാരികളെ വെല്ലുന്നവിധത്തിൽ കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ കോൺഗ്രസ് സർക്കാരിന്റെ പൊലീസ് തയ്യാറായി. നാട്ടിൽ മൊത്തം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ്  ചെമ്പിലോട്ടുള്ള ഭാര്യാവീട്ടിലേക്ക് നടന്നുവരികയായിരുന്ന മൊയാരത്തിനെ എടക്കാട്ടുവച്ച‌് അറസ്റ്റ് ചെയ്ത് ഭീകരമായി മർദിച്ചു. തുടർന്ന് തടവറയിൽതന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ സ്ഥാപകനേതാക്കളിലൊരാൾ, അതിന് വേരോട്ടം നൽകിയ ജനനായകൻ, അതിന്റെ ചരിത്രമെഴുതിയ പണ്ഡിതൻ 1948 മെയ് 13ന് ഒരു ലോക്കപ്പുമുറിയിൽ കോൺഗ്രസ് സർക്കാരിന്റെ കാക്കിവേഷങ്ങളുടെ കിരാതത്വത്തിന് ഇരയായി. കൃത്യം 70 വർഷങ്ങൾക്കുമുമ്പ്.

(ചരിത്ര അധ്യാപകനും പിഎസ്‌സി അംഗവുമായിരുന്നു ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top