04 August Wednesday

മൊറട്ടോറിയം മാത്രം നൽകിയാൽ മതിയോ - സി ജെ നന്ദകുമാർ എഴുതുന്നു

സി ജെ നന്ദകുമാർUpdated: Wednesday Sep 16, 2020


തികച്ചും ദുർബലമായ അവസ്ഥയിലൂടെയാണ് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്–-19 മഹാമാരിയുടെ ആഘാതങ്ങൾ ഏറ്റുവാങ്ങുന്നതിനുമുമ്പുതന്നെ  സമ്പദ്‌ വ്യവസ്ഥ തളർച്ചയിലായിരുന്നു. നടപ്പു സാമ്പത്തികവർഷത്തിന്റെ ഒന്നാംപാദ കണക്കുകൾ പുറത്തുവരുമ്പോൾ മൊത്തം ആഭ്യന്തര ഉല്പാദന വളർച്ച 24 ശതമാനം കീഴ്പ്പോട്ടാണ്. അസംഘടിതമേഖലയുടെ കണക്കുകൾ ഒഴിവാക്കിക്കൊണ്ടാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. യഥാർഥ ചിത്രം ഇതിനേക്കാൾ മോശമായിരിക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  മഹാമാരി മഹാനാശം വിതച്ച അമേരിക്കയിൽ 9.5 ശതമാനവും ഇറ്റലിയിൽ 12.5 ശതമാനവുമാണ് കീഴ്പ്പോട്ടുള്ള വളർച്ച എന്ന്‌ താരതമ്യംചെയ്യുമ്പോഴാണ് ഇന്ത്യൻ പ്രതിസന്ധിയുടെ തീവ്രത വ്യക്തമാകുന്നത്. മഹാമാരിയും അടച്ചുപൂട്ടലും സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് വിവിധ രാജ്യങ്ങൾ വൻ ഉത്തേജക പാക്കേജുകളാണ് പ്രഖ്യാപിച്ച്‌ നടപ്പാക്കുന്നത്.

ഇന്ത്യയിൽ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതിൽ 90 ശതമാനവും ധനസ്ഥാപനങ്ങളിൽനിന്നുള്ള വായ്പകളുടെ രൂപത്തിലായിരുന്നു. സിംഹഭാഗവും ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നാണ് റിസർവ്‌ ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അടിവരയിടുന്നത്. ഉദാഹരണത്തിന് 2019 സെപ്തംബറിൽ കോർപറേറ്റ് നികുതിനിരക്ക് വെട്ടിക്കുറച്ചുകൊണ്ട് നൽകിയ 1.45 ലക്ഷം കോടി രൂപയുടെ ഇളവ് സമ്പദ്‌ വ്യവസ്ഥയിൽ ഒരു  പുതിയ നിക്ഷേപത്തിനും ഇടയാക്കിയില്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോർപറേറ്റുകൾ ഈ സൗജന്യങ്ങൾ അവരുടെ ഖജനാവ് നിറയ്‌ക്കുന്നതിന് ഉപയോഗപ്പെടുത്തി.


 

റിലയൻസ് എന്ന ഒരു കമ്പനിമാത്രം സമാഹരിച്ച ഓഹരിമൂലധനം പരിശോധിച്ചാൽ സമ്പദ്‌ വ്യവസ്ഥയിലെ പണലഭ്യത ആർക്ക് ഗുണംചെയ്തു എന്ന് വ്യക്തമാകും. റിപ്പോനിരക്കിൽ ഗണ്യമായ കുറവു വരുത്തിയിട്ടും ബാങ്കുവായ്പാ വളർച്ച ആശാവഹമായ ചിത്രമല്ല നൽകുന്നത്. ബാങ്കുകളുടെ ആസ്തി ഗുണനിലവാരവും ലാഭക്ഷമതയും ഇടിയുന്നതിലും മൂലധന പര്യാപ്തതയിലും ഉൽക്കണ്‌ഠ രേഖപ്പെടുത്തുന്ന വാർഷിക റിപ്പോർട്ടാണ് ആർബിഐ പുറത്തുവിട്ടത്.  ഈ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നും പലിശയും പലിശയ്‌ക്കുമേൽ പലിശയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതിയിലുള്ള ഹർജിയുടെ വിവിധ വശങ്ങൾ ചർച്ചചെയ്യുന്നത് ഉചിതമായിരിക്കും.

കോടതിക്കകത്തും പുറത്തും വാദങ്ങൾ
അടച്ചുപൂട്ടപ്പെട്ട സമ്പദ്‌ വ്യവസ്ഥയിൽ ബാങ്ക് വായ്പകളുടെ തിരിച്ചടവ് പ്രതിസന്ധിയിലായാൽ അത്‌ ബാങ്കുകളുടെ കിട്ടാക്കടം വീണ്ടും വർധിക്കാനിടയാക്കുമെന്നും ബാങ്കുകളെത്തന്നെ പ്രതിസന്ധിയിലാക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് റിസർവ്‌ ബാങ്ക് ആദ്യം മൂന്നു മാസവും പിന്നീട് ആറു മാസക്കാലത്തേക്കുമായി വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. സാധാരണ മൊറട്ടോറിയം എന്നാൽ തിരിച്ചടവ് നീട്ടിവയ്ക്കൽ മാത്രമാണെന്നും പലിശ ഒഴിവാക്കലില്ല എന്നുമാണ് മനസ്സിലാക്കേണ്ടത്. എന്നാൽ, മഹാമാരിയുടെ കാലഘട്ടം ഫോർസ്മെജോറെ” അഥവാ “ആക്ട് ഓഫ് ഗോഡ്” എന്ന അസാധാരണ കാലഘട്ടമാണെന്ന് പരിഗണിച്ച് പലിശ ഒഴിവാക്കിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ് ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വന്നത്. ധനമന്ത്രാലയമോ റിസർവ്‌ ബാങ്കോ ബാങ്കുകളോ ഈ ഹർജികളിൽ വ്യക്തമായ ഒരു മറുപടി പറയാത്തതിലുള്ള അസംതൃപ്തി സുപ്രീംകോടതി പരസ്യമാക്കി. ധനമന്ത്രാലയം റിസർവ്‌ ബാങ്കിന്റെ നിഴലിൽ ഒളിക്കാൻ ശ്രമിക്കാതെ നിലപാട് വ്യക്തമാക്കണമെന്നാണ് ഒടുവിൽ കോടതി നിർദേശിച്ചിരിക്കുന്നത്. പലിശയ്‌ക്കുമേലുള്ള പലിശയെങ്കിലും ഒഴിവാക്കിക്കൂടേയെന്നും മൊറട്ടോറിയം കാലാവധി നീട്ടാനുദ്ദേശ്യമുണ്ടോ എന്നും വ്യക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് കേസ് ഈ മാസം 28ലേക്ക് അന്തിമവാദത്തിനായി മാറ്റി.


 

സുപ്രീംകോടതിക്ക്‌ അകത്ത്‌ നടക്കുന്നതിനേക്കാൾ കൂടുതൽ വാദങ്ങൾ പുറത്ത്‌ നടന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക വിദഗ്ധരെന്നും മുൻ ബാങ്കർമാരെന്നുമുള്ള ലേബലിൽ ദേശീയ ബിസിനസ്‌ പത്രങ്ങളിൽ വരുന്ന ലേഖനങ്ങൾ ഒരു പൊതുഅഭിപ്രായ രൂപീകരണത്തിനുള്ള ശ്രമങ്ങളായി കാണേണ്ടതുണ്ട്. ബാങ്കുകളും വായ്പയെടുത്തവരും തമ്മിൽ ഒരു നിയമപരമായ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞാൽ കരാർവ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് ഒരു വാദം. മെഡിക്കൽ–-എൻജിനിയറിങ്‌ അവസാനവർഷ പരീക്ഷ കാത്തിരിക്കുന്നവർ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷ നടക്കാതെ വന്നാൽ ബിരുദ സർട്ടിഫിക്കറ്റ് നൽകണമെന്ന്‌ ആവശ്യപ്പെടുന്നതുപോലെയാണ് എന്ന അസംബന്ധ താരതമ്യവും ഇക്കൂട്ടർ ഉന്നയിക്കുന്നു. ബാങ്കുകൾ വായ്പകൊടുക്കുന്നത് നിക്ഷേപകരുടെ പണമെടുത്താണെന്നും മഹാമാരിയാണെങ്കിലും നിക്ഷേപകർക്ക് പലിശ കൊടുക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണെന്നും അതുകൊണ്ട് വായ്പാ പലിശ ഒഴിവാക്കാൻ സാധ്യമല്ല എന്ന സാമാന്യം യുക്തിസഹമായ വാദവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇവിടെ വായ്പാ പലിശ ഒഴിവാക്കുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം ബാങ്കുകൾതന്നെ വഹിക്കണമെന്നും ആരും നിർബന്ധംപിടിക്കുമെന്ന്‌ തോന്നുന്നില്ല.

ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം ഈ അസാധാരണ സാഹചര്യത്തിൽ നികത്തിക്കൊടുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവരണം. കഴിഞ്ഞ പത്തുവർഷക്കാലയളവിൽ 6.27 ലക്ഷം കോടി രൂപയുടെ വൻകിട കിട്ടാക്കടങ്ങളാണ് എഴുതിത്തള്ളിയത്. അതിൽ 5.17 ലക്ഷം കോടി എഴുതിത്തള്ളിയത് 2015ന്‌ ശേഷമാണ്. ബാങ്കുകൾക്കുണ്ടായ നഷ്ടം നികത്തുന്നതിന് ഏകദേശം മൂന്നു ലക്ഷം കോടി രൂപയാണ് മൂലധനമായി കേന്ദ്ര ഖജനാവിൽനിന്ന്‌ ബാങ്കുകൾക്ക് നല്കിയത്. അപ്പോഴൊന്നും ഉയർന്നുവരാത്ത ബാങ്ക്‌ നിക്ഷേപകരെ സംബന്ധിച്ച ഉൽക്കണ്ഠ ഈ അസാധാരണ സാഹചര്യത്തിൽ ഉയർന്നുവരേണ്ടതുണ്ടോ? വായ്പകൾ തിരിച്ചടയ്‌ക്കപ്പെടേണ്ടതുതന്നെയാണ്. രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി നടത്തപ്പെടുന്ന എഴുതിത്തള്ളലുകളും അസാധാരണ ഘട്ടങ്ങളിൽ സമ്പദ്‌ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി നൽകപ്പെടുന്ന ഇളവുകളും സൗജന്യങ്ങളും തമ്മിൽ വേർതിരിച്ചറിയേണ്ടതുണ്ട്. ബാങ്കുവായ്പകൾ തിരിച്ചടയ്ക്കാനുള്ളവയല്ല എന്ന തെറ്റായ സന്ദേശം നല്കുന്നത് ധനമേഖലയുടെ സുസ്ഥിരതയ്‌ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് വൻകിട വായ്പകൾ തിരിച്ചുപിടിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ബാങ്കിങ്‌ മേഖലയിലുള്ളവർ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.


 

കെ വി കമ്മത്ത് കമ്മിറ്റി ശുപാർശകൾ
ആഗസ്‌തിലെ കണക്കുപ്രകാരം ആകെ ബാങ്കുവായ്പ 102 ലക്ഷം കോടിയാണ്. ഇതിൽ ശരാശരി 20 ശതമാനമാണ് മൊറട്ടോറിയത്തിന്റെ പരിധിയിൽ വരുന്നത്. അത്തരം വായ്പകൾക്ക് ശരാശരി 10 ശതമാനം പലിശ കണക്കാക്കിയാൽ ആറുമാസത്തെ പലിശ ഒഴിവാക്കുന്നതുവഴി ഒരു ലക്ഷം കോടിയുടെ നഷ്ടമാണ് ബാങ്കുകൾക്കുണ്ടാവുക. പിഴ പലിശമാത്രമാണ് ഒഴിവാക്കാൻ തീരുമാനിക്കുന്നതെങ്കിൽ 5000 കോടിയിൽ താഴെമാത്രമേ നഷ്ടമുണ്ടാകൂ എന്നാണ് ഒരു കണക്ക്. കേന്ദ്രസർക്കാർ തീരുമാനം എന്തായാലും ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്രം തയ്യാറാകണം. ഈ തുക ഉത്തേജക പാക്കേജിന്റെ ഭാഗമായി കണക്കാക്കാവുന്നതാണ്. പലിശയിളവ്‌ നല്കുമ്പോൾ ഉപാധികൾ വയ്ക്കണം. ഇളവ്‌ ലഭിക്കുന്ന സ്ഥാപനങ്ങൾ അവരുടെ ജീവനക്കാരുടെ വരുമാനസുരക്ഷ ഉറപ്പാക്കണം. ഇപ്രകാരം കേന്ദ്രസർക്കാർ ചെലവാക്കുന്ന പണം സമ്പദ്ഘടനയിൽ ചോദന വർധിപ്പിക്കുമെന്നും ഉത്തേജക പാക്കേജായി മാറുമെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ സ്വാഭാവികമായി ഉയരുന്ന മറുചോദ്യമുണ്ട്. പ്രതികൂല സാമ്പത്തിക സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എവിടെനിന്ന്‌ പണം കണ്ടെത്തും? ഉത്തരം പകൽപോലെ വ്യക്തമാണ്. പ്രശസ്തരായ സാമ്പത്തിക വിദഗ്‌ധരെല്ലാം നല്കുന്ന ഉപദേശം കേന്ദ്ര സർക്കാർ റിപ്പോ നിരക്കിൽ റിസർവ്‌ ബാങ്കിൽനിന്ന്‌ വായ്പയെടുക്കണമെന്നാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം നല്കാനും അതുവഴി സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ട് സാമ്പത്തിക വളർച്ചനിരക്ക് കൂട്ടുന്നതിനും ഈ നടപടി സഹായിക്കുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ, നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ ആ ദിശയിലല്ല നീങ്ങുന്നത് എന്ന സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ വായ്പകൾ പുനഃസംഘടിപ്പിക്കുന്നതിന് ശുപാർശകൾ സമർപ്പിക്കാൻ ഐസിഐസിഐ ബാങ്ക് മുൻ ചെയർമാൻ കെ വി കമ്മത്തിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്.  ആറ് മാനദണ്ഡം അടിസ്ഥാനമാക്കി 26 പ്രത്യേക മേഖലയാക്കി തിരിച്ച് വായ്പകൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് ശുപാർശയിലുള്ളത്. വാണിജ്യം, വ്യവസായം, വ്യാപാരം, റിയൽ എസ്റ്റേറ്റ്, ഊർജം എന്നിങ്ങനെ വായ്പകളെ പ്രത്യേക മേഖലകളാക്കി പരിഗണിക്കുമ്പോൾ വ്യക്തിഗത വായ്പകൾ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞതുപ്രകാരം ഒരു ഉന്നതതല സമിതി മൊറട്ടോറിയവായ്പകളുടെ ഭാവി സംബന്ധിച്ച് നയം രൂപപ്പെടുത്തിവരുന്നു എന്നാണ്. ഇത് കെ വി കമ്മത്ത് കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അതി സാങ്കേതികത്വം നിറഞ്ഞതും സങ്കീർണവും സുതാര്യമല്ലാത്തതുമായ ശുപാർശകളിൽനിന്ന്‌ സുപ്രീംകോടതിമുമ്പാകെ എന്ത്‌ സുവ്യക്തമായ നയമാണ് കേന്ദ്ര സർക്കാർ സമർപ്പിക്കാൻ പോകുന്നത് എന്ന് അന്തിമമായി മനസ്സിലാക്കാൻ ഈമാസം 28 വരെ കാത്തിരിക്കേണ്ടി വരും. വായ്പാ പുനഃസംഘടനയ്‌ക്കപ്പുറം എന്തെങ്കിലും ഇളവുകൾ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമായിരിക്കും എന്നുമാത്രം.

(ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top