"ഇടവത്തിൽ ഇടിവെട്ടും, ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം, തിരുവാതിരയിൽ തിരിമുറിയാതെ, കർക്കടകം ദുർഘടം, ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും’ എന്നിങ്ങനെ മലയാളിയുടെ മഴച്ചൊല്ലുകൾ പലതും വെറും പതിരാക്കി കാലവർഷം ഇത്തവണ ഒളിച്ചുകളിക്കുകയാണ്. അഞ്ചുവർഷംമുമ്പ് ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ദുരിതം അനുഭവിച്ച നമ്മൾ ഇന്ന് വരൾച്ചയുടെ പടിവാതിലിലാണ്. താളംതെറ്റിയ കാലവർഷം ഇടിത്തീപോലെ നിപതിക്കുമ്പോൾ ഈ മൺസൂൺ മാസങ്ങളിൽപ്പോലും ജലാശയങ്ങൾ വറ്റിവരളുകയും പാടങ്ങൾ ഉണങ്ങുകയും കുടിവെള്ളത്തിനും ജലസേചനത്തിനും വൈദ്യുതോൽപ്പാദനത്തിനുമായി പല സ്ഥലത്തും വെള്ളം അന്വേഷിക്കേണ്ടിവരികയും ചെയ്യുന്ന സന്ദിഗ്ധാവസ്ഥ തുടരുകയാണ്. ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് കൂടിയ പകൽച്ചൂടിനെ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന കാലാവസ്ഥാ മുന്നറിയിപ്പും.
സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നുപോകുന്നത്. ജൂൺ ഒന്നുമുതൽ ആഗസ്ത് 27 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 48 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽത്തന്നെ ഇടുക്കിപോലെയുള്ള ചില ജില്ലകളിൽ 60 ശതമാനത്തിലും കൂടുതലാണ് മഴക്കുറവ്. താരതമ്യേന ഭേദപ്പെട്ട മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പത്തനംതിട്ട, കോട്ടയം ജില്ലകളിൽപ്പോലും യഥാക്രമം 33 ശതമാനം, 53 ശതമാനംവീതം മഴ ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ട്. ഈ മൺസൂൺ സീസണിൽത്തന്നെ ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ യഥാക്രമം 60 ശതമാനം, ഒമ്പതു ശതമാനം, 90 ശതമാനം എന്നിങ്ങനെയാണ് വർഷപാത നഷ്ടം. കേരളത്തിലെ ഏറ്റവും വലിയ ഇടുക്കി അണക്കെട്ടിൽ അതിന്റെ സംഭരണശേഷിയുടെ 30 ശതമാനത്തോളം മാത്രമേ വെള്ളമുള്ളൂ. അഭൂതപൂർവമായ വൈദ്യുതി പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്.
ഈവർഷം കാലവർഷം പതിവിലും താമസിച്ചാണ് കേരളത്തിൽ എത്തിയത്. അതോടൊപ്പം അറബിക്കടലിൽ ഉണ്ടായ വിപർജോയ് ചുഴലിക്കാറ്റ് മൺസൂണിന്റെ ശക്തിയെ കാര്യമായി ബാധിക്കുകയുണ്ടായി. ആയതിനാൽ ജൂണിൽ നല്ല രീതിയിലുള്ള മഴക്കുറവാണ് ഉണ്ടായത്. കൂടാതെ മൺസൂൺ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ന്യൂനമർദങ്ങൾ ഇതുവരെയായി കാര്യമായി രൂപപ്പെട്ടിട്ടില്ല. ഈ സീസണിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചത് ജൂലൈയിൽമാത്രമാണ്. മധ്യ പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽനിനോ പ്രതിഭാസമാണ് ഈവർഷം കാലവർഷത്തെ ഗണ്യമായി ബാധിച്ചത്. കാറ്റിന്റെ ദിശയെയും വേഗതയെയും കാര്യമായി ബാധിക്കുന്ന ഒരു സമുദ്രാന്തരീക്ഷ സംയോജിത പ്രതിഭാസമാണ് എൽനിനോ. പസഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖയോടു ചേർന്നുള്ള കിഴക്കൻ പ്രദേശത്ത് വെള്ളത്തിന്റെ ഉപരിതല താപനില അസാധാരണമായി വർധിക്കുന്നതാണ് എൽനിനോ പ്രതിഭാസം. ഈ ചൂട് അന്തരീക്ഷത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ആഗോള അടിസ്ഥാനത്തിൽ മർദവ്യതിയാനത്തിനും അതുവഴി കാറ്റിന്റെ വേഗതയും ദിശയും തകിടംമറിയാനും കാരണമാകുന്നു. ചില സ്ഥലത്ത് അതിവൃഷ്ടിക്കും ചിലയിടത്ത് കഠിനമായ വരൾച്ചയ്ക്കും എൽനിനോ കാരണമാകാറുണ്ട്. രണ്ടുമുതൽ ഏഴുവർഷംവരെയാണ് എൽനിനോ ഉണ്ടാകാനുള്ള ഇടവേള. ഇന്ത്യൻ മൺസൂണിനെ പൊതുവിൽ ദോഷമായാണ് എൽനിനോ ബാധിക്കാറുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ 1972–--73, 1982-–-83, 1986–--87, 1991-–-92, 1997–--98, 2002-–-03, 2004–--05, 2009–--10, 2014–--16 എന്നിവ പ്രബലമായ എൽനിനോ വർഷങ്ങൾ ആയിരുന്നു. ഇതേ കാലയളവിൽ 1981, 1983, 1984, 1986, 1996, 2000, 2002, 2014, 2016 വർഷങ്ങൾ വരൾച്ചയെ അഭിമുഖീകരിച്ചു.
2023 എൽനിനോ വർഷം
2023 എൽനിനോ വർഷം ആയതുകൊണ്ടുതന്നെ കേരളത്തിൽ മൺസൂൺ കാറ്റ് ഇപ്പോൾ ദുർബലമാണ്.- മണിക്കൂറിൽ ശരാശരി 20 കിലോമീറ്ററിലും താഴെയാണ് വേഗത. ചുരുങ്ങിയത് 50 കിലോമീറ്റർ എങ്കിലും വേഗതയുണ്ടായാലാണ് മൺസൂൺ ശക്തിപ്പെടുക. അതുപോലെതന്നെ പ്രധാനമാണ് കാറ്റിന്റെ ലംബദിശയിലുള്ള വേഗതയും. ലംബപ്രവേഗം മുകളിലേക്ക് ആയാലേ മേഘരൂപവൽക്കരണം സാധ്യമാകൂ. എന്നാൽ, അത് താഴോട്ടായാൽ മേഘരഹിതമായതും തെളിഞ്ഞതും ചൂട് കൂടിയതുമായ അന്തരീക്ഷമാകും സംജാതമാകുക. കേരളത്തിൽ നിലവിലെ സാഹചര്യം ഇതാണ്. കൂടാതെ, ഇപ്പോഴത്തെ തെളിഞ്ഞ അന്തരീക്ഷത്തിൽ സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണത്തോത് (യുവി ഇൻഡെക്സ് ) 12-നും മുകളിലാണ്.
എൽനിനോ കൂടാതെ മൺസൂണിനെ ബാധിക്കുന്ന മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ വിജാതീയ താപധ്രുവീകരണം (ഇന്ത്യൻ ഓഷ്യൻ ഡൈപോൾ), മാഡൻ-ജൂലിയൻ ആന്ദോളനം (എംജെഒ) എന്നറിയപ്പെടുന്ന ആഗോള മഴപ്പാത്തിയുടെ പ്രയാണം തുടങ്ങി ധ്രുവപ്രദേശങ്ങളിലെ മഞ്ഞിന്റെ അളവുവരെ മൺസൂണിനെ പലവിധത്തിൽ വിവിധ കാലയളവിൽ ബാധിക്കുന്നുണ്ട്. ഇവ പലരീതിയിലാണ് മൺസൂണിനെ നിയന്ത്രിക്കുന്നത് എന്നതിനാൽ ഇവയുടെയെല്ലാം ആകെത്തുകയാണ് നമുക്ക് ലഭിക്കുന്ന മൺസൂണിന്റെ ലഭ്യതയെ നിർണയിക്കുന്നത്. എംജെഒ ഇപ്പോൾ നമുക്ക് അനുകൂലമായ ഘട്ടത്തിലല്ല ഉള്ളത്. എൽനിനോയുടെ ഫലമായി ഈവർഷം ഉത്തരേന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഭീതിതമായ പ്രളയവും എന്നാൽ, അമേരിക്കയുടെ ചില ഭാഗങ്ങൾ, ഹവായി ദ്വീപ്, മധ്യ കിഴക്കൻ ഏഷ്യ, ക്യാനഡ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയും ഉഷ്ണതരംഗവും കാട്ടുതീയും എന്ന വൈരുധ്യം സംജാതമായിരിക്കുകയാണ്. കേരളത്തിൽ മഴക്കുറവിനെത്തുടർന്ന് പല സ്ഥലത്തും ഭൂഗർഭ ജലത്തിൽവരെ ഗണ്യമായ (1-2 മീറ്റർ എന്നതോതിൽ) കുറവ് ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. നദികളുടെ ഒഴുക്ക് നിലയ്ക്കുന്നതോടൊപ്പം കാട്ടരുവികളുടെ ശോഷണം വന്യമൃഗശല്യം രൂക്ഷമാകാൻ ഹേതുവായേക്കാം. ഇനിയുള്ള നമ്മുടെ പ്രതീക്ഷ, ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ദീർഘകാല പ്രവചനപ്രകാരം സെപ്തംബർ 1-, 3 വാരങ്ങളിൽ ലഭ്യമായേക്കാവുന്ന സാമാന്യം ശക്തിയേറിയ മഴയാണ്. അത് പൂർണമായി ലഭ്യമായാൽപ്പോലും ഇതുവരെയുള്ള നഷ്ടം നികത്തപ്പെടുമോ എന്ന് സംശയമുണ്ട്. മൺസൂൺ കാലം കഴിഞ്ഞുവരുന്ന തുലാമഴയുടെ ശക്തിയെ ആശ്രയിച്ചിരിക്കും വരുന്ന വേനലിൽ കേരളത്തിന്റെ ദാഹം മാറുമോ എന്നത് !
വരൾച്ചയും ജലസംരക്ഷണവും
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വരൾച്ചയെ മുൻകൂട്ടി കണ്ടുള്ള പ്രാരംഭനടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരർഥത്തിൽ ജലസംരക്ഷണമെന്നത് ഭാവിയിലേക്കുള്ള ഒരു ദീർഘകാല ചുവടുവയ്പ് തന്നെയാണ്. ജലമലിനീകരണം തടഞ്ഞ്, കരുതലോടെ ഉപയോഗിച്ച് നമുക്ക് പ്രവർത്തനനിരതമാകാം. ലഭ്യമാകുന്ന മഴവെള്ളം പരമാവധി മണ്ണിലേക്കിറങ്ങാൻ ആവശ്യമായ നടപടികളാണ് ഉചിതം. ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് വരൾച്ചയെങ്കിൽ മറ്റിടങ്ങളിൽനിന്ന് വെള്ളമെത്തിക്കാം. എന്നാൽ, വ്യാപകമായ വരൾച്ചയാണെങ്കിൽ ഇത് സാധ്യമാകില്ലല്ലോ. പ്രാദേശിക സർക്കാരുകൾക്ക് ഇതിൽ വലിയ പങ്കുവഹിക്കാനുണ്ട്. പൊതുകുളങ്ങളും കിണറുകളും മറ്റു ജലസ്രോതസ്സുകളും വൃത്തിയായി സംരക്ഷിക്കാനും അവയെ പരിപോഷിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോഴേ ആസൂത്രണം ചെയ്യണം. സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകൾ സൂചിപ്പിക്കുന്നത് മഴക്കുഴികൾ എല്ലാ സ്ഥലത്തും അനുയോജ്യമാകണമെന്നില്ല എന്നാണ്. ഓരോ ഭൂപ്രദേശത്തിന്റെയും ഘടനയനുസരിച്ചുള്ള ശാസ്ത്രീയ മാർഗങ്ങളാണ് കരണീയം. കൂടാതെ ഗ്രാമ-നഗര ഭേദമില്ലാതെ ഓരോ വീട്ടിലും പുരപ്പുറത്തുവീഴുന്ന വെള്ളം പാഴാക്കാതെ കിണറുകൾ റീചാർജ് ചെയ്യാൻ സാധിക്കണം. ശ്രദ്ധിക്കുക, കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണ് അത്. കൂടാതെ, അരുവികളുടെയും മറ്റും വൃഷ്ടിപ്രദേശങ്ങളും പാർശ്വഭിത്തികളും ഹരിതാഭമാക്കി സംരക്ഷിക്കണം. ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ, നിയമത്തിന്റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി, കർക്കശവും മാതൃകാപരവുമായ ശിക്ഷാനടപടികൾ സ്വീകരിക്കുക. ചുരുക്കത്തിൽ ജലസാക്ഷരത എന്നത് നമ്മുടെ ആത്യന്തിക ലക്ഷ്യമായിരിക്കണം. ഏകമനസ്സോടെ ശാസ്ത്രീയമായി ശ്രമിച്ചാൽ ഏതു പ്രതിസന്ധികളെയും അവയുടെ ആഘാതം കുറച്ചു നേരിടാനാകുമെന്നത് പ്രളയത്തിന്റെയും കോവിഡിന്റെയും ഉൾപ്പെടെ പശ്ചാത്തലത്തിൽ നമ്മുടെ അനുഭവമാണല്ലോ.
(കുസാറ്റിലെ റഡാർ ഗവേഷണകേന്ദ്രം ശാസ്‌ത്രജ്ഞനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..