30 July Friday

ആർഎസ്എസിന്റെ കുമ്പസാരത്തിന് പിന്നിൽ - അഡ്വ. കെ അനിൽകുമാർ എഴുതുന്നു

അഡ്വ. കെ അനിൽകുമാർUpdated: Monday May 24, 2021

കോവിഡിന്റെ ആദ്യവ്യാപനത്തിനുശേഷം സർക്കാരും ഭരണസംവിധാനങ്ങളും ജനങ്ങളും അലംഭാവം കാട്ടിയെന്നും രണ്ടാം വ്യാപന മുന്നറിയിപ്പ്‌ ഉണ്ടായിട്ടും ജാഗ്രത കൈവിട്ടു എന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് വിമർശിച്ചത് തികഞ്ഞ കാപട്യവും ഒളിച്ചോടലുമാണ്. കേന്ദ്രസർക്കാരും ആർഎസ്എസും തമ്മിലുള്ള ജൈവബന്ധം തിരിച്ചറിയുന്ന ഏതൊരാൾക്കും ഈ പ്രസ്താവനയുടെ ഗൂഢലക്ഷ്യം മനസ്സിലാക്കാനാകും. ഇന്ത്യൻജനതയെ വഞ്ചിച്ച കേന്ദ്ര സർക്കാരിനെ വെള്ളപൂശുകയും അലംഭാവത്തിന്റെ പേരുപറഞ്ഞ്‌ ജനങ്ങളെ ആകെ കുറ്റക്കാരായി ചിത്രീകരിക്കുകയുമാണ് സർസംഘ ചാലക് ചെയ്യുന്നത്. അതുവഴി രാജ്യത്തിന്റെ രക്ഷാകർത്തൃസ്ഥാനത്തു നിന്നുകൊണ്ട് അവസാനവാക്ക് പറയേണ്ടത് തങ്ങളാണെന്ന നാട്യവും ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. 

യഥാർഥത്തിൽ ഇന്ത്യയിൽ അവകാശങ്ങൾ മാത്രമുള്ളവരും ആരോടും മറുപടി പറയാനുള്ള ചുമതലയും ഉത്തരവാദിത്തവും ഇല്ലാത്തവരുമായ സവിശേഷമായ രാഷ്ട്രീയപദവിയാണ്‌ ആർഎസ്എസ് സ്ഥാപിച്ചെടുത്തിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങി നിത്യസ്വയം സേവകരായവരുടെ എണ്ണം ചെറുതല്ല. ശാസ്ത്രജ്ഞന്മാർ, ഐഎഎസുകാർ, ഐപിഎസുകാർ, മാത്രമല്ല, ചില ന്യായാധിപന്മാർവരെ തങ്ങൾ മുമ്പ് ഗണവേഷധാരികൾ തന്നെയായിരുന്നുവെന്ന വസ്തുത പിന്നീട്‌ വെളിപ്പെടുത്തുകയുണ്ടായി. അത് സൈന്യത്തിലേക്കുകൂടി പടർത്താനുള്ള ഗൂഢപദ്ധതി ഇപ്പോൾ പ്രവർത്തിപഥത്തിലാണ്‌. പുതുതായി നൂറ് സൈനിക സ്കൂൾ ആരംഭിക്കുന്നു. അവിടെ പ്രവേശനം നേടുന്ന പ്രക്രിയ പൊതുസമൂഹത്തിൽ എത്രത്തോളം സുതാര്യമാണെന്നതും കൂട്ടി വായിക്കണം. അതിലേക്കുള്ള റിക്രൂട്ട്മെന്റ്‌ കേന്ദ്രങ്ങളാക്കി തങ്ങളുടെ ശാഖകളെ മാറ്റുകയെന്നതാണ്‌ കാവിപ്പട ലക്ഷ്യമിട്ടിട്ടുള്ളത്.

ഫലത്തിൽ രാഷ്ട്ര ശരീരത്തിന്റെ എല്ലാ മേഖലയിലും ആർഎസ്‌എസ്‌ നിഴൽപോലെ പിടിമുറുക്കുന്നു. ഒരു തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അധികാരം വിട്ടുപോകുന്ന ജനാധിപത്യത്തിലെ മാന്യത ആർഎസ്‌എസിൽനിന്ന്‌ പ്രതീക്ഷിക്കരുത്. എത്രയോ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും ജനാധിപത്യവിരുദ്ധമായ പരിപാടികളിലൂടെ ബിജെപി അട്ടിമറിയിലൂടെ അധികാരം പിടിച്ചു. അത് കേന്ദ്രസർക്കാരിനും ബാധകമല്ലാതെ വരുമോ. ഏകാധിപത്യ വാഴ്ചയ്‌ക്കെതിരായ ഒരു ജനവിധിയിൽ കേന്ദ്ര ഭരണകക്ഷി തലകുനിച്ച് അധികാരമൊഴിയുന്ന കാഴ്ച അടിയന്തരാവസ്ഥയ്‌ക്കുശേഷംപോലും ഇന്ത്യ കണ്ടു. എന്നാൽ, ആർഎസ്‌എസിനെ സംബന്ധിച്ചാണെങ്കിൽ ചരിത്രം തിരുത്തുന്നതാണവർക്കിഷ്ടം. ജനാധിപത്യത്തിലെ ജനവിധി അന്തിമമാണെന്ന്‌ അവർ ആർക്കും വാക്കുകൊടുത്തിട്ടില്ല. അംഗീകൃതമായ ഒരു ഭരണഘടനപോലും ഇല്ലാത്ത അവർ ഒരധികാരസ്ഥാനത്തും രജിസ്റ്റർ ചെയ്യുകപോലും ചെയ്തിട്ടില്ല. തികച്ചും അമൂർത്തമായ ഒരു കേന്ദ്രീകൃത സംഘടനയായി അതു തുടരുന്നു. രാജ്യത്ത് ആരോടും ഒരു കാര്യത്തിനുപോലും മറുപടി പറയാനവർക്ക് ബാധ്യതയുമില്ല. സവിശേഷാധികാരം സ്വയം കൽപ്പിതമായി ഏറ്റെടുക്കുന്നവരും ഭരണഘടനയ്‌ക്ക് പുറത്തുനിൽക്കുന്നതുമായ ഒരു സംവിധാനം. നാം കാണാതെതന്നെ നമ്മെയെല്ലാം കാണാനാകുന്ന കണ്ണാണ് അതിനുള്ളത്. ഉഗ്ര സർപ്പത്തെപ്പോലെ ഫണം വിടർത്തുമ്പോൾ മാത്രമേ നാം വഴികളിലെ പുല്ലുകൾക്കിടയിൽനിന്ന്‌ അതിനെ കാണാൻ കഴിയൂ.

ആർഎസ്‌എസിന്റെ
 ഒഴിഞ്ഞുമാറൽ തന്ത്രം
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാരിൽനിന്ന്‌ ഒഴിഞ്ഞുമാറി തങ്ങൾ ഭരണത്തിനു പുറത്താണെന്ന്‌ ആർഎസ്‌എസ്‌ നടിക്കുന്നതെന്തിന്‌. രണ്ടാം മോഡിസർക്കാർ ആർഎസ്എസ് മുന്നോട്ടുവച്ച ദീർഘകാല അജൻഡകൾ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ കോവിഡ് മഹാമാരി രാജ്യത്തെ ഗ്രസിച്ചത്. അയോധ്യയിലെ ക്ഷേത്രനിർമാണത്തിന്റെ ഭൂമിപൂജ ഈ പ്രസ്താവനയിറക്കിയ ആർഎസ്എസ് തലവനെത്തന്നെ സാക്ഷിയാക്കിയ ഒരു രാഷ്ട്രീയകൃത്യമാക്കി മാറ്റിയത് മറ്റാരുടെ തീരുമാനമായിരുന്നു. കോവിഡ് ദുരിതകാലത്തും മുടക്കമില്ലാതെ രാമക്ഷേത്രനിർമാണത്തിനുള്ള ഫണ്ട് പിരിവ് തുടർന്നു. അത്‌ ഒരുനിഴൽ സെൻസസ് കൂടിയാണ്‌. പിരിവ് നൽകുന്നവരും അല്ലാത്തവരുമായി കുടുംബങ്ങളെ വേർതിരിച്ച് ഗ്രാമ-നഗരങ്ങളിൽ കണക്കെടുപ്പ് നടത്തുന്നു. ഫണ്ട് നൽകാത്തവർ പൊതുമണ്ഡലത്തിൽ പരിത്യജിക്കപ്പെടേണ്ടവരും ദേശസ്നേഹം ഇല്ലാത്തവരുമാണ്‌. കോവിഡ് വ്യാപനകാലത്തും ദുരിതാശ്വാസത്തിനിറങ്ങാതെ അയോധ്യാ ഫണ്ടുശേഖരണത്തിലാണ്‌ പരിവാർ സംഘടനകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോവിഡിനെതിരായി ഇന്ത്യൻ ജനത ജീവന്മരണ സമരം നടത്തിക്കൊണ്ടിരിക്കെ സ്വാതന്ത്ര്യസമരകാലത്തെ നിസ്സംഗതയാണ് ആർഎസ്എസ്‌ പുലർത്തിയത്. ഇതിനിടയിൽ കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയില്ലാതാക്കുകയെന്ന ദൗത്യം ഉൾപ്പെടെ കാവിപ്പടയുടെ കാര്യപരിപാടികൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി. തൊട്ടുപിന്നാലെ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു. പൗരത്വ രജിസ്റ്റർ തയ്യാറാക്കൽ രാജ്യത്തിന്റെ പ്രധാന പരിപാടിയുമാക്കി.

കോവിഡ് രോഗാവസ്ഥ കഴിഞ്ഞാലുടൻ പൗരത്വ ഭേദഗതി നിയമത്തെ അടിസ്ഥാനമാക്കിയ രജിസ്റ്റർ തയ്യാറാക്കുന്ന സെൻസസ് ആരംഭിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാരായ മനുഷ്യർ അതിഥിത്തൊഴിലാളികളായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്നപ്പോൾ റെയിൽവേയുടെ സേവനംപോലും അവർക്ക് വിലക്കിയത് ആർഎസ്‌എസ്‌ അറിഞ്ഞ ഭാവം നടിച്ചില്ല. ഇതിനിടയിൽ രാജ്യത്തെ ബിജെപിയുടെ വിവിധ സംസ്ഥാന സർക്കാരുകൾ ലൗജിഹാദിനെ നേരിടാനുള്ള നിയമം പാസാക്കാനുഴറുകയായിരുന്നു. അപ്പോഴൊന്നും സർക്കാർ ശ്രദ്ധിക്കേണ്ടത് ജനതയെ രക്ഷിച്ചെടുക്കാനാണെന്ന്‌ പറയാൻ ഭാഗവത് മറന്നുപോയതാണോ.

കേന്ദ്രത്തിന്റെ പരാജയം
സർക്കാരിനെ നയിച്ചവരുടെ വികലബോധത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയും തെളിവുകൾ ഏറെ. കോവിഡിനെതിരായ യുദ്ധത്തിന്‌ പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കിയാലുണ്ടാകുന്ന പ്രയോജനത്തെപ്പറ്റി എത്രയോ പ്രചാരണങ്ങളാണ്‌ സംഘപരിവാർ നടത്തിയത്. അബദ്ധ പഞ്ചാംഗത്തിലെ അശാസ്ത്രീയതകൾ തുടർന്നു നടത്തിയ വെളിച്ചം തെളിക്കലിലും പടക്കം പൊട്ടിക്കലിലും ഒതുങ്ങിയില്ല. ചാണകക്കുളിയും ഗോമൂത്രസേവയും മാത്രമല്ല അരങ്ങുവാണത്.

ബാബാ രാംദേവിന്റെ തട്ടിപ്പ് ഉൽപ്പന്നമായ പതഞ്ജലിയുടെ കോവിഡിനെതിരായ പുതിയ മരുന്ന്‌ വൻ കണ്ടുപിടിത്തമായി വാഴ്ത്തി. അത് ഒരു കോവിഡ്മരുന്നായി കമ്പോളത്തിൽ ഇറക്കി ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ ആരോഗ്യമന്ത്രി ഹർഷ്‌വർധനനായിരുന്നു. ഓക്സിജൻ സൃഷ്ടിക്കുന്ന ഏകജീവിയാണ്‌ പശുവെന്ന്‌ സംഘപരിവാർ ആധികാരികമായി പറഞ്ഞപ്പോൾ രാജ്യംതന്നെ പകച്ചുപോയി. ശാസ്ത്രവിരുദ്ധമായ ഈ ആശയപരിസരമാണ്‌ കേന്ദ്ര സർക്കാരിന്‌ പ്രത്യയശാസ്ത്രപരമായ തെറ്റായ ദിശ നൽകിയത്. അതിന്‌ ബിജെപിക്കും കേന്ദ്രസർക്കാരിനും അടിത്തറയായത് ആർഎസ്‌എസും അതിന്റെ തെറ്റായ പ്രത്യയശാസ്ത്രവുമാണ്‌. എന്നിട്ട് ഇപ്പോൾ പുതിയ പുണ്യാളനായി മോഹൻ ഭാഗവത് സ്വയംഅവതരിക്കുന്നു. രണ്ടാം തരംഗത്തിൽ രാജ്യം തകരുകയും പ്രതിരോധം പാളുകയും ഗംഗയും മറ്റു നദികളും ശവശരീരങ്ങളാൽ നിറയുകയും ചെയ്യുമ്പോൾ കേന്ദ്ര സർക്കാരിനെയല്ലാതെ മറ്റാരെയാണ്‌ കുറ്റപ്പെടുത്തേണ്ടത്. കോവിഡിനു പുറമെ അടച്ചുപൂട്ടലിന്റെ ആഘാതം മാത്രമല്ല, ആരോഗ്യമേഖലയിലെ സേവനങ്ങൾകൂടി നിഷേധിക്കപ്പെടുന്ന പൊതുജനങ്ങളെയാകെ പ്രതിക്കൂട്ടിലാക്കാനാണ്‌ ഭാഗവതിന്റെ ശ്രമം.

കേന്ദ്രത്തിന്റെ പരാജയത്തിന്റെ സുപ്രധാന കാരണങ്ങളിലൊന്ന്‌ മറയില്ലാത്ത കോർപറേറ്റ് സേവയാണ്‌. രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖല നിരനിരയായി വിറ്റുതീർക്കുന്നത് നാഗ്പുരിൽ അറിയാതെയാണോ. "സ്വദേശി ജാഗരണ മഞ്ച്' കൊണ്ടുനടക്കുന്ന കാവിപ്പടയ്‌ക്ക് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള വാക്സിൻ നിർമിക്കാനുള്ള ചുമതലയെങ്കിലും അടച്ചുപൂട്ടിയിട്ടിരിക്കുന്ന ആറ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ഏൽപ്പിക്കണമെന്ന് പറയാമായിരുന്നില്ലേ. അവസാനം വിദേശ കമ്പോളത്തിൽ പോയി വാക്സിൻ വിലകൊടുത്തു വാങ്ങാനുള്ള കമ്പോള യുദ്ധത്തിലേക്ക് ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും പറഞ്ഞയച്ചത് മറ്റാരാണ്‌. രാജ്യത്തിന്റെ ഏകതയ്‌ക്കുതന്നെ ദോഷം വരുത്തുന്ന ഈ കേന്ദ്രനയം ഇന്ത്യയെന്ന മഹത്തായ ഒരാശയത്തെയാണ്‌ ഇല്ലാതാക്കുന്നത്.

ഹിന്ദുമത വിശ്വാസികളുടെ കുത്തക പിടിച്ചെടുക്കലിന്റെ അവകാശവാദങ്ങൾ ഇവിടെ തകർന്നുവീഴുന്നു. ഏതൊരു മതത്തെപ്പറ്റിയാണോ ആണയിട്ടത് അതേമതക്കാർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിലേക്കു കൂടിയാണ്‌ മരണം പെയ്തിറങ്ങുന്നത്. ഒരു പരിഹാരനിർദേശവും രാജവാഴ്ചക്കാലത്തെ രാജഗുരുവിന്റെ മാതൃകയിൽ ഉപദേശങ്ങൾ ചൊരിയുന്ന സംഘത്തലവന്‌ നൽകാനുമില്ല. യഥാർഥത്തിൽ ഒരു കുമ്പസാരത്തിൽ തീർക്കാവുന്ന രാജ്യദ്രോഹമല്ലല്ലോ ഇക്കൂട്ടർ ഇന്ത്യയോട് ചെയ്തുകൊണ്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top