24 May Friday

ആഡംബരത്തിന്റെ കാർണിവൽ

അനിൽകുമാർ എ വിUpdated: Friday Jul 6, 2018


നാലുവർഷംകൊണ്ട് 52 രാജ്യങ്ങൾ ചുറ്റിയടിച്ച് 355 കോടി രൂപ തുലച്ച നരേന്ദ്ര മോഡി ധൂർത്തിന്റെയും ആർഭാടത്തിന്റെയും പര്യായമാണ്. ശാരീരികമികവിന്റെയും നെഞ്ചളവിന്റെയും ആ ചാമ്പ്യൻ യോഗ പരസ്യചിത്രീകരണത്തിന് ചെലവിട്ടതാകട്ടെ, 35 ലക്ഷവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിമനിർമാണത്തിന് പൊടിക്കുന്നതും ശതകോടികൾ. 

പ്രായപൂർത്തിയായ  പൗരന്മാരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപം. എല്ലാ വർഷവും രണ്ടുകോടി തൊഴിൽ. സമാനതകളില്ലാത്ത ജിഡിപി  വളർച്ച. എല്ലാവർക്കും വീട്. വിലക്കയറ്റം പിടിച്ചുനിർത്തും. അഴിമതി പൂജ്യം നിലവാരത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരും. പൊതുമേഖലയെ ശക്തിപ്പെടുത്തും. കള്ളപ്പണം തിരിച്ചെത്തിച്ച് സാമ്പത്തിക കുറ്റവാളികളെ തുറുങ്കിലിടും തുടങ്ങി എന്തെല്ലാമായിരുന്നു മോഡിയുടെ വായ്ത്താരികൾ. ഇതെല്ലാം പാഴ്വാക്കുകളായെന്നുമാത്രമല്ല, സാധാരണക്കാരുടെ സമാധാനജീവിതം താറുമാറാക്കി. പശുവിന്റെ പേരിൽ ഇളക്കിവിട്ട  വിദ്വേഷപ്രചാരണങ്ങളും കൂട്ടക്കൊലകളും രാജ്യത്തെ കുത്തിമലർത്തി. പലേടത്തും കലാപങ്ങളുടെ ചോര കട്ടപിടിച്ചുകിടക്കുകയാണ്. കർഷകരും തൊഴിലാളികളും ചരിത്രത്തിലില്ലാത്തവിധം കുത്തുപാളയെടുത്തു. ഉത്തരേന്ത്യയിലെ  ഒരു കർഷകന്റെ കീറിപ്പൊളിഞ്ഞ ചെരിപ്പിന്റെ ചിത്രം ഈയിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അത്, വറ്റിവരണ്ട് ഹൃദയം നിലച്ച യഥാർഥ ഇന്ത്യയുടെ പ്രതീകമാണ്. ഇതുപോലുള്ള ഒട്ടേറെ ചെരിപ്പുകൾ നമ്മുടെ ശ്രദ്ധയിൽ തറച്ചത് കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന മുംബൈ മഹാറാലിയിലായിരുന്നു. ചതഞ്ഞരഞ്ഞ അസംഖ്യം കാലുകളാണ് ഒരു മുദ്രാവാക്യത്തിലേക്ക് നടന്നുകയറിയത്. അതേസമയം,  2017ൽ സ്വിസ് ബാങ്കിൽ നിക്ഷേപിച്ച ഇന്ത്യക്കാരുടെ കള്ളപ്പണം 50 ശതമാനമാണ് ഏറിയത്. 2018ലെ ഫുട്ബോൾ ലോകകപ്പിൽ സ്വിറ്റ്സർലൻഡ് കിരീടം ചൂടട്ടെയെന്നാണ് അക്കൂട്ടർ ആഗ്രഹിക്കുന്നതെന്ന ഫലിതം അതിനാൽ നിസ്സാരമല്ല.

മാട്ടിറച്ചി നിരോധനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയ കേന്ദ്രവും പശുവിന്റെ പേരിൽ കൂട്ടക്കൊല പ്രോത്സാഹിപ്പിക്കുന്ന കാവിപ്പടയും ലജ്ജിച്ച് തലതാഴ്ത്തേണ്ട ഒരു വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നു. രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതി സ്ഥാപനത്തെ പുരസ്കാരം നൽകി ആദരിച്ചിരിക്കുന്നുവെന്നാണ് അതിന്റെ ഉള്ളടക്കം. അല്ലനസൻസ് എന്ന സ്വകാര്യ കമ്പനിക്കാണ് വാണിജ്യമന്ത്രാലയത്തിന്റെ കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട‌് ഡെവലപ‌്മെന്റ് അതോറിറ്റിയുടെ ആദരം. കമ്പനി ഡയറക്ടർ ഫൗസൻ അലാവിയുടെ വെളിപ്പെടുത്തൽപ്രകാരം അവാർഡ് നിർണയിച്ച 2014‐16ൽ 10,000 കോടിയുടെ ബീഫ് കയറ്റിയയച്ചു. ഇതേകാലയളവിൽ രാജ്യത്തിന്റെ മൊത്തം ബീഫ് കയറ്റുമതി 25,700 കോടിയുടേതും. അത് ലോകത്ത് ഒന്നാംസ്ഥാനമാണ്. ബിജെപിക്ക് ബീഫ് കയറ്റുമതി സ്ഥാപനങ്ങളുമായുള്ള ബന്ധവും പരസ്യമാണ്. മുസഫർനഗർ കലാപങ്ങളുടെ സൂത്രധാരനായ സംഗീത് സോം അൽദ്വ ഫുഡ് പ്രൊസസിങ് ലിമിറ്റഡിന്റെ  ഡയറക്ടറാണ്. മൊയ്നുദീൻ ഖുറേഷിയും യോഗേഷ് റാവത്തുമാണ്  മറ്റ‌് ഉടമകൾ. ബീഫ് കൈവശം വച്ചുവെന്ന‌് ആരോപിച്ച് ദാദ്രിയിൽ സംഘപരിവാർ കൊന്നുതള്ളിയ അഖ്ലാക്കിന്റെ ഘാതകരെ ന്യായീകരിക്കാനും സോമിന് മടിയുണ്ടായില്ല. ആ കേസിൽപ്പെട്ടവർക്ക് എല്ലാവിധ നിയമസഹായവും ഒരുക്കുമെന്നും തുറന്നടിച്ചു.

ദേശീയവാദത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ശബ്ദഘോഷങ്ങൾക്കിടയിലും മോഡിയുടെ വ്യക്തിജീവിതം ആഡംബരത്തിന്റെ കാർണിവലാണ്. ബ്രിട്ടീഷ് കോട്ടും ഫ്രഞ്ച് ഷൂവും അമേരിക്കൻ മിസൈലും ചുമന്നുനടക്കുകയാണ് ആ 'സ്വദേശി'. വാണിജ്യചിന്തയുടെ 'ധർമ'വിചാരങ്ങൾ കൊണ്ടാണ് അണിഞ്ഞൊരുങ്ങുന്നത്. അപ്പോഴും ചില ബ്രാൻഡ് നാമങ്ങളുടെ ചുരുക്കവും പ്രചാരകനുമാണ്. നീലാഞ്ജൻ മുഖോപാധ്യായയുടെ 'നരേന്ദ്ര മോഡി: ദി മാൻ ആൻഡ് ടൈംസ്' പഠനത്തിലെ 17 പേജ് വരുന്ന ഒരു അധ്യായം മുഴുവൻ മോഡികുർത്തയെക്കുറിച്ചാണ്. റെഡിമേഡ് കടകളുടെ പുറത്തിരുന്ന് ഷർട്ടുകൾക്ക് കുടുക്ക് വച്ചുനൽകിയ ബിപിൻ ചൗഹാനും സഹോദരൻ ജിതേന്ദ്രയ‌്ക്കും ജീവിതം തുന്നിച്ചേർക്കാൻ പാടുപെട്ട കാലമുണ്ടായിരുന്നു. 1981ൽ 'സുപ്രെമോ' എന്ന കട തുറന്നിട്ടും മെച്ചമുണ്ടായില്ല. ഗാന്ധിയന്മാർക്കുള്ള പൈജാമയും കുർത്തയുമായിരുന്നു പ്രധാനം. അത്തരം വസ്ത്രങ്ങൾ പതുക്കെ നാണക്കേടിന്റെയും അപകർഷബോധത്തിന്റെയും ചിഹ്നങ്ങളായ സാമൂഹ്യ കാലാവസ്ഥയിലാണ് മോഡികുർത്ത ചൗഹാന്റെ ഭാവി മാറ്റിനെയ്തത്. മോഡി ആർഎസ്എസ് നേതൃത്വത്തിൽ എണ്ണപ്പെട്ടപ്പോൾമുതലുള്ള ബന്ധം ഒരുതരം വ്യാപാരവിജയമായി പുഷ്പിക്കുകയായിരുന്നു. തുണി തെരഞ്ഞെടുക്കാനും അളവ് കൊടുക്കാനും മോഡി, ചൗഹാന്റെ കടയിലെത്തും. അത് പണം ചെലവാക്കാതെ മികച്ച പരസ്യവുമായി.

മോഡി പ്രധാനമന്ത്രിയായശേഷം കാർ ബ്രാൻഡ് മാറിയപ്പോൾ ഇതേ ഗുണം പുതിയ കമ്പനിക്കും കിട്ടി. തെരുവോര കുടുക്കുവയ‌്ക്കലിൽ തുടങ്ങിയ ബിപിൻ ചൗഹാനും സഹോദരനും 150 കോടി വരുമാനത്തിലേക്ക് കുതിച്ചുവെന്നുമാത്രമല്ല, വർഷം 30,000 മോഡികുർത്തയെന്ന റെക്കോഡിലുമെത്തി. കണ്ണ്, ശബ്ദം, വസ്ത്രം‐ ഈ മൂന്നു കാര്യങ്ങളിൽ ഒരുതരം ഒത്തുതീർപ്പുമില്ലെന്നാണ് മോഡി, ചൗഹാനെ ധരിപ്പിച്ചത്. വെള്ള പോളി ഖാദിയിൽനിന്ന് അദ്ദേഹത്തിന്റെ കുർത്തകൾ കടും നിറങ്ങളിലേക്ക് മാറുകയായിരുന്നു ആദ്യം. വർണാഭമായ ജാക്കറ്റുകൾക്കായി ഭഗൽപുരിൽനിന്ന് പട്ട് എത്തിക്കുകയും ചെയ്തു. വൻകൊള്ള എന്ന അർഥം വരുന്ന 'ബിഗ് ലൂട്ട്' എന്ന ചൗഹാന്റെ പരസ്യവാചകവും ശ്രദ്ധിക്കേണ്ടതാണ്്. മോഡിയുടെ കണങ്കൈ അലങ്കരിക്കുന്നത് മൊവാഡോ ലക‌്ഷ്വറി വാച്ചുകളാണ്. അരലക്ഷം രൂപയ്ക്കുമുകളിലാണ് കുറഞ്ഞ നിരക്ക്. ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ച് എന്ന പരസ്യമിറക്കിയത് രണ്ടാംലോക യുദ്ധാനന്തരം കൊഴുത്ത പുതിയ അതിസമ്പന്നരെ ലക്ഷ്യമിട്ടായിരുന്നു. മോഡി കീശയിൽ തിരുകുന്ന പേന മോൺ ബ്ലാങ്കാണ്. ജർമൻ എഴുത്തുപകരണ നിർമാതാക്കളുടെ മികച്ച ലോക ഇനങ്ങളിലൊന്ന്. പഴയ ഇറ്റാലിയൻ ആഭരണനിർമാതാക്കളായ ബവ്ൾ ഗാരിയുടെ കണ്ണട ഫ്രെയിമുകളാണ് അദ്ദേഹത്തിന് ഏറെ പ്രിയം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top