27 January Monday

ഈ വിജയം ആശയപ്പോരാട്ടത്തിലല്ല

അമർത്യ സെൻUpdated: Tuesday May 28, 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ഹിന്ദു ദേശീയതയുടെ പാർടിയായ ഭാരതീയ ജനതാ പാർടി 543ൽ മുന്നൂറിലേറെ സീറ്റുകൾ നേടി അഞ്ചു കൊല്ലംകൂടി ഭരണത്തുടർച്ച ഉറപ്പാക്കിയിരിക്കുന്നു. ഇത് ഒരു എടുത്തുപറയത്തക്ക നേട്ടമാണ്. പക്ഷേ, എങ്ങനെയാണ് മോഡിക്ക് ഇത് സാധിച്ചത്? എന്തുകൊണ്ടാണ് പഴയ ദേശീയ പാർടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ‌് വെറും 52 സീറ്റിൽ ഒതുങ്ങിയത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി, ചിലരെങ്കിലും ആശയങ്ങളുടെയും പ്രത്യയശാസ‌്ത്രത്തിന്റെയും മണ്ഡലത്തിൽ, പ്രത്യേകിച്ചും ഇന്ത്യയിലെ ഹിന്ദു സ്വത്വത്തിന്റെ ആധിപത്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ചെന്നെത്തുന്നുണ്ട്.

|നമ്മൾ ആവർത്തിച്ച് കേൾക്കുന്നത്, ഇന്ത്യ ഏറെ മാറിക്കഴിഞ്ഞിട്ടുണ്ടെന്നും കോൺഗ്രസിന്റെയും അതിന്റെ മഹാന്മാരായ മോഹൻദാസ് ഗാന്ധിയെയും രവീന്ദ്രനാഥ ടാഗോറിനെയും ജവാഹർലാൽ നെഹ്റുവിനെയും മൗലാനാ അബുൾ കലാം ആസാദിനെയുംപോലുള്ള നേതാക്കളുടെയും കാലത്തെ പഴയ, ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും പ്രത്യയശാസ്ത്രം  ഇനിയും  പ്രസക്തമല്ല എന്നുമാണ്. ഈ ചിന്താരീതിയിൽ സത്യത്തിന്റെ ഒരംശം ഉണ്ടായിരിക്കാം. പക്ഷേ, 20 കോടി ഇന്ത്യൻ പൗരന്മാർ, എന്നുവച്ചാൽ ജനസംഖ്യയുടെ 14 ശതമാനത്തിലേറെപ്പേർ, മുസ്ലിങ്ങളായ ഒരു രാജ്യത്ത്  ബിജെപിക്കുള്ള രാഷ്ട്രീയപിന്തുണ അനുപാതരഹിതമായി  വന്നുചേരുന്നത് ഹിന്ദുക്കളിൽനിന്നാണ്.

പക്ഷേ, ആശയങ്ങൾ ഒറ്റപ്പെട്ട് നിലനിൽക്കില്ല. നമ്മുടെ യഥാർഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നമ്മളുടെ ആശയങ്ങളെ സ്വാധീനിക്കാറില്ലേ?  ഇങ്ങനെയൊരു രീതിയിൽ രാഷ്ട്രീയത്തെ നോക്കിക്കാണാൻ  ആരംഭിച്ചാൽ, അത് തുടങ്ങുക, വളരെ വൈകിയ ഒരു ഘട്ടത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. അതാകട്ടെ, ഒരു പ്രധാന ചോദ്യം ഒഴിവാക്കുന്ന ഒന്നാണ്. ഏതാനും വർഷങ്ങൾക്കുമുമ്പുണ്ടായിരുന്നതിലും എത്രയോ അധികം പേർ, കൂറോടെ ബിജെപിയെ പിന്തുണയ‌്ക്കുന്നതിന‌ു പിന്നിലുള്ള കാര്യമെന്ത് എന്നതാണ് ഇവിടെ ഒഴിവായിപ്പോകുന്നത്.

മോഡി വ്യക്തിപ്രഭാവമുള്ള ഒരു നേതാവാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വിശദീകരണത്തിന്റെ ഒരു ഭാഗംമാത്രം അന്വേഷണവിഷയമാക്കുന്നത് ചിലർക്കെങ്കിലും ഒരലസചിന്തയായി തോന്നിയേക്കാം. പക്ഷേ, അദ്ദേഹത്തിന്റെ പാർടിയുടെ ഞെട്ടിപ്പിക്കുന്ന വളർച്ചയിൽ മോഡി വഹിച്ച പങ്ക് പരിശോധനാ വിധേയമാക്കാനുള്ള ശ്രമത്തിൽ തെറ്റൊന്നുമില്ല. തന്റെ തീപ്പൊരി പ്രസംഗത്തിൽ വ്യത്യസ‌്ത രീതിയിൽ ജീവിക്കുന്ന ഇടതുപക്ഷക്കാർ, യുക്തിവാദികൾ, ലിബറൽ ബുദ്ധിജീവികൾ തുടങ്ങിയവർക്കും വ്യത്യസ‌്ത മതവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന മുസ്ലിങ്ങളെപ്പോലുള്ളവർക്കും നേരെ വെറുപ്പും വിദ്വേഷവും ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരുടെ ചിന്താരീതിയെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എ ബി വാജ്പേയിയെപ്പോലെയുള്ള പഴയ ബിജെപി നേതാക്കൾക്കാർക്കും ഇക്കാര്യത്തിൽ മോഡിയോട് മത്സരിക്കാനാകില്ല.

ഭീതി പരത്തുന്ന വാചാടോപങ്ങൾ


മോഡി തന്റെ വ്യക്തിപ്രഭാവം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗപ്പെടുത്തിയതുപോലെതന്നെ തെരഞ്ഞെടുപ്പ് ചെലവിനായി വേണ്ടത്ര കാശും ചൊരിഞ്ഞുകൊടുത്തു. കോൺഗ്രസ് ചെലവാക്കിയതിന്റെ പല മടങ്ങായിരുന്നു അത്. മറ്റെല്ലാ രാഷ്ട്രീയ കക്ഷികളുംകൂടി  ചെലവാക്കിയതിന്റെ എത്രയോ ഇരട്ടി. മാധ്യമങ്ങൾ നൽകിയ ഏകപക്ഷീയമായ കവറേജിനു പുറമെയാണിത്. രാജ്യത്തിന്റെ സ്വന്തം ടെലിവിഷനായ ദൂരദർശൻ മെയ‌് മാസത്തിൽ ഭരണകക്ഷിയായ ബിജെപിക്ക് അനുവദിച്ചത്, കോൺഗ്രസിന് നൽകിയതിന്റെ ഇരട്ടി സംപ്രേഷണസമയമാണ‌്.

ഫെബ്രുവരിയിൽ കശ‌്മീരിലെ ഇന്ത്യൻ പട്ടാളസംഘത്തിന‌ു നേരെ പാകിസ്ഥാനിലെ ഭീകരവാദഗ്രൂപ്പ് നടത്തിയ ആക്രമണത്തെതുടർന്ന് പാകിസ്ഥാനകത്ത് ചെന്ന് വ്യോമാക്രമണം നടത്തിയതിനുശേഷം ദേശീയബോധത്തിലുണ്ടായ പൊങ്ങി മറിയലും ബിജെപിയെ നന്നായി സഹായിച്ചു. വാസ‌്തവത്തിൽ, ഇന്ത്യയുടെ പൊതു തെരഞ്ഞെടുപ്പിൽ ഭീതി പരത്തുന്ന വാചാടോപങ്ങളാണ് പ്രാമുഖ്യം നേടിയത്. അത് വളരെ ഫലപ്രദമായി മോഡി കൈകാര്യം ചെയ്യുകയും ചെയ‌്തു.

ഇവിടെ മോഡിയുടെ വളർച്ചയിലുള്ള ഒരു മാറ്റം നമുക്ക‌്  കാണാം. അഞ്ചുവർഷംമുമ്പ‌്,  2014-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പ്രചാരണം മുഴുവൻ അഴിമതിയും ചുവപ്പുനാടയുമില്ലാതെ ഭംഗിയായി നടക്കുന്ന ഒരു വാണിജ്യ സമ്പദ് വ്യവസ്ഥയെക്കുറിച്ചായിരുന്നു. എല്ലാവർക്കും തൊഴിലവസരങ്ങൾ, അതിവേഗത്തിൽ വികസിക്കുന്ന സമ്പദ് വ്യവസ്ഥ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും സ്‌കൂളുകളുടെയും ലഭ്യത തുടങ്ങിയ വാഗ്ദാനങ്ങൾ അതിൽ നിറഞ്ഞുനിന്നു.

എന്നാൽ, ഇപ്പോഴത്തെ പ്രചാരണത്തിൽ, മോഡിക്ക് തന്റെ നേട്ടങ്ങളെക്കുറിച്ച് പൊങ്ങച്ചം പറയാൻ ഒന്നുമുണ്ടായിരുന്നില്ല. വാഗ‌്ദാനം  ചെയ‌്തതൊന്നും നിറവേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ. തൊഴിലില്ലായ‌്മ വളരെക്കൂടുതലാണ്, 45 വർഷത്തെ റെക്കോഡ് തകർച്ചയാണത് കാട്ടുന്നത്. സാമ്പത്തികവളർച്ച വേച്ചുവേച്ചാണ് നീങ്ങുന്നത്. പ്രാഥമികാരോഗ്യത്തിനോടുള്ള അവഗണന തുടരുന്നു. ചുവപ്പുനാടയിലും അഴിമതിയിലും കാണത്തക്ക ഒരു കുറവുമില്ലതാനും. അത്തരം കാര്യങ്ങൾക്കു പകരം, മോഡി ഊന്നിയത്, ഇന്ത്യൻ പൗരന്മാരുടെ ആശങ്കകളിലും ഭീതികളിലുമാണ്. തീവ്രവാദ ഭീതി, പാകിസ്ഥാന്റെ അട്ടിമറിയെക്കുറിച്ചുള്ള ഭയം, ഇന്ത്യയിൽത്തന്നെയുള്ള ശത്രുതാപരമായ ശക്തികളുണ്ടാക്കിയേക്കാൻ ഇടയുള്ള ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അദ്ദേഹം കൈകാര്യംചെയ‌്ത വിഷയങ്ങൾ. 1982ലെ ഫാൽക‌് ലാൻഡ‌് യുദ്ധം ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പിന്തുണ നാടകീയമായി വർധിക്കാനിടയാക്കിയതുപോലെ, ഫെബ്രുവരിയിലെ അതിർത്തിയിലെ യുദ്ധം തെരഞ്ഞെടുപ്പിൽ മോഡിക്ക്  വമ്പിച്ച സഹായമാണ് നൽകിയത്.

മതപരമായി കൂടുതൽ വിഭജിച്ചു

ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിലെ  വിട്ട ഭാഗം പൂരിപ്പിക്കാൻ ഈ ഘടകങ്ങൾ സഹായിക്കും. ബിജെപിയുടെ വിജയത്തെ കോൺഗ്രസ് പാർടിക്കെതിരെയുള്ള പ്രത്യയശാസ്ത്രപരമായ വിജയമായി നോക്കിക്കാണുന്നവരുണ്ട്.
പക്ഷേ, ഹിന്ദുദേശീയതയുടെ തത്വശാസ്ത്രത്തിന് ഏതെങ്കിലും പ്രത്യേക വിജയം നേടാനായിട്ടില്ല. ഗാന്ധിയും നെഹ്റുവും ടാഗോറും ഉയർത്തിപ്പിടിച്ച ഉൾക്കൊള്ളലിന്റെയും ഐക്യത്തിന്റെയും ആശയങ്ങൾക്ക് പുറകോട്ടടി നേരിട്ടതിന്റെ ഒരു ലക്ഷണവും വെളിപ്പെടുന്നില്ല.
കഴിഞ്ഞ അഞ്ചുവർഷത്തെ ബിജെപി ഭരണത്തിൽ, ഇന്ത്യ മതപരമായി കൂടുതൽ വിഭജിച്ചു. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിങ്ങളുടെ ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെട്ടു.

ഹിന്ദു ദേശീയതാ പ്രസ്ഥാനത്തിന് അധികാരത്തിന്റെ നിലയിൽ ചില നേട്ടങ്ങൾ ഉണ്ടാക്കാനായിട്ടുണ്ട്. പക്ഷേ, ആശയങ്ങളുടെ പോരാട്ടത്തിൽ ഒരു നേട്ടവും ഉണ്ടാക്കാൻ അതിന് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ സജീവ പ്രവർത്തകയായ പ്രഗ്യാ  ഠാക്കൂർ ഈയിടെ പറഞ്ഞത്, ഗാന്ധി ഘാതകനായ ഗോഡ‌്സെ രാജ്യസ‌്നേഹിയാണ‌് എന്നാണ്. ഇത് ബിജെപിയെ അങ്കലാപ്പിലാക്കി. അവരെക്കൊണ്ട് ആ പാർടിക്ക് മാപ്പ‌്  പറയിക്കേണ്ടിവന്നു. പക്ഷേ, അവർ മധ്യപ്രദേശിലെ ഒരു സീറ്റിൽ മത്സരിക്കുകയും പ്രചാരണം നടത്തുകയും വിജയിക്കുകയും ചെയ‌്തു.  ഇനി ഇന്ത്യൻ പാർലമെന്റിൽ നിയമനിർമാതാക്കളിൽ ഒരാളായി അവരുമുണ്ടാകും. ഇത് അധികാരത്തിന്റെ കാര്യത്തിൽമാത്രമുള്ള വിജയമാണ്,
ആശയപ്പോരാട്ടത്തിലല്ല.

ഖേദകരമായ കാര്യം, കൂടുതൽ പ്രാധാന്യമുള്ള ഈ പോരാട്ടത്തിന്റെ കാര്യത്തിൽ പ്രതിപക്ഷംപോലും വേണ്ടത്ര ഊന്നൽ നൽകിയില്ല എന്നതാണ്. അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ട്. പക്ഷേ, ഈ രണ്ടുതരം പോരാട്ടങ്ങളും തമ്മിൽ കൂട്ടിക്കുഴയ‌്ക്കരുതെന്ന കാര്യമാണ് ആദ്യത്തേത്.
(കടപ്പാട‌്: ന്യൂയോർക്ക‌് ടൈംസ‌്)


പ്രധാന വാർത്തകൾ
 Top