16 February Saturday

മോഡിസർക്കാർ ഫെഡറലിസത്തിന്റെ എതിർപക്ഷത്ത്‌

എ വിജയരാഘവൻUpdated: Tuesday Jul 24, 2018


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ  സന്ദർശിച്ച സർവകക്ഷി പ്രതിനിധിസംഘം ഉന്നയിച്ച വിഷയങ്ങളോട് നരേന്ദ്ര മോഡി സ്വീകരിച്ച നിഷേധാത്മക സമീപനം വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്. ഡൽഹിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിതന്നെ വിശദീകരിച്ചിട്ടുണ്ട‌്. നമ്മുടെ ഫെഡറൽ സംവിധാനത്തിന്റെ ഭരണഘടനാപരമായ ഉള്ളടക്കം ആ നിലയിൽ ഉൾക്കൊള്ളാൻ കേന്ദ്രഭരണക്കാർ തയ്യാറാകുന്നില്ലെന്ന ഗുരുതരമായ വീഴ്ചയാണ‌് ഇവിടെ ദൃശ്യമാകുന്നത‌്. രാജ്യത്തിന്റെ ബഹുസ്വരതയെ ഉൾക്കൊള്ളാൻ മടിക്കുന്ന സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ പരിധിയിൽ ഒതുങ്ങാനാണ് പ്രധാനമന്ത്രിക്ക‌് താൽപ്പര്യം. സാമ്പത്തികനയങ്ങളിൽ സമ്പന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നെയ്‌തെടുത്ത സ്വന്തം കാഴ്ചപ്പാടിൽനിന്ന് ജനതാൽപ്പര്യങ്ങൾക്കുതകുന്ന മാറ്റംവരുത്താൻ തയ്യാറുമല്ല. ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സാധാരണക്കാരന് ഗുണപരമായി സംസ്ഥാന ഗവൺമെന്റിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണമാണ‌് ഒന്നാം ഇ എം എസ് ഗവൺമെന്റുമുതൽ ഇപ്പോഴത്തെ പിണറായി വിജയൻ ഗവൺമെന്റുവരെയുള്ള വിവിധ ഇടതുപക്ഷ സർക്കാരുകൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ. സാർവത്രികമായി എല്ലാവരെയും ഉൾക്കൊള്ളിച്ച ഒരു പൊതുവിതരണസമ്പ്രദായവും എല്ലാവർക്കും പ്രാപ്യമായതരത്തിൽ ഗ്രാമതലംവരെ ജനാധിപത്യവൽക്കരിച്ച പൊതുവിദ്യാഭ്യാസഘടനയും സാധാരണക്കാരനുകൂടി എത്തിപ്പിടിക്കാൻ കഴിയുന്നതരത്തിലുള്ള ഉന്നതവിദ്യാഭ്യാസഘടനയും സംസ്ഥാനത്തുണ്ട്. ആരോഗ്യമേഖലയിലും ദേശീയതലത്തിൽ പ്രഥമസ്ഥാനത്താണ് കേരളം. സമഗ്രമായ ഭൂപരിഷ്‌കരണനിയമങ്ങൾ അഞ്ചുപതിറ്റാണ്ടുമുമ്പ് പൂർത്തീകരിച്ചു.

നേരത്തെ നേടിയ നേട്ടങ്ങളുടെ മികവ് വർധിപ്പിക്കാനാണ് കേരള സർക്കാർ പരിശ്രമിക്കുന്നത്. പിന്നിൽ നിൽക്കുന്ന അടിസ്ഥാനസൗകര്യ മേഖലയെ‐  റെയിൽവേ, ദേശീയപാത വികസനം എന്നിവ‐ കൂടുതൽ വിപുലപ്പെടുത്താൻ ഈ സർക്കാർ മുൻകൈ എടുക്കുന്നുണ്ട്. പുതിയ കേന്ദ്രനയം  കേരളം  ഭക്ഷ്യവിതരണരംഗത്തുണ്ടാക്കിയ മുന്നേറ്റത്തെ തടസ്സപ്പെടുത്തുകയാണ‌്. നാലരവർഷം പിന്നിട്ട ബിജെപി ഗവൺമെന്റിന്റെ നയങ്ങൾ ഏറ്റവും പ്രയാസമുളവാക്കിയ നാടായി കേരളത്തെ മാറ്റുകയാണ‌്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കാണാനുള്ള അഭ്യർഥന നടത്തിയ സർവകക്ഷിസംഘത്തിന് മൂന്നുമാസത്തെ കാത്തിരിപ്പിനുശേഷമാണ‌് അനുമതി ലഭിച്ചത‌്. കേന്ദ്രം രാഷ്ട്രീയ വിവേചനം കാട്ടുന്നു എന്നതിന്റെ തെളിവാണിത‌്.

ഭക്ഷ്യസുരക്ഷാനിയമം വഴി ദരിദ്രജനവിഭാഗത്തിന് തുച്ഛവിലയ‌്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കാനാകും എന്നതായിരുന്നു പ്രതീക്ഷിച്ചിരുന്നത‌്. എന്നാൽ, സ്റ്റാറ്റ്യൂട്ടറി റേഷൻസമ്പ്രദായത്തിലൂടെ ന്യായവില ഷോപ്പുകൾവഴി ഭക്ഷ്യധാന്യം ലഭിച്ചുകൊണ്ടിരുന്ന കേരളത്തിലെ 1.8 കോടി ജനങ്ങൾക്ക് റേഷൻകാർഡുവഴി സൗജന്യ നിരക്കിൽ അരി കിട്ടുന്നില്ലെന്ന സ്ഥിതിയാണ‌് സംജാതമായത‌്. ഗുണഭോക്താക്കളെ നിശ്ചയിക്കുമ്പോൾ ഒരു ദരിദ്രൻ മരിച്ചാൽമാത്രം അടുത്ത ദരിദ്രന് ആ ഒഴിവിൽ കാർഡ് ലഭിക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. എൽഡിഎഫ് അധികാരത്തിലേറിയശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധിതവണ കേന്ദ്രത്തിൽ ഇടപെട്ടെങ്കിലും കേരളത്തിനുമാത്രമായി ഇളവുകൾ അനുവദിക്കാൻ തയ്യാറല്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ദോഷകരമായ നിരവധി വ്യവസ്ഥകൾ പുതിയ നിയമത്തിൽ അടിച്ചേൽപ്പിച്ചപ്പോൾ ഭക്ഷ്യകമ്മിയും സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം കേരളത്തിന് അനുവദിച്ച സാഹചര്യങ്ങളും അവഗണിക്കപ്പെട്ടു. ഭക്ഷ്യോൽപ്പാദനത്തിൽ സ്വയംപര്യാപ്തമല്ലാത്ത കേരളത്തിന് പുതിയ നിയമത്തിൽനിന്ന‌് മാറിനിന്നുകൊണ്ട് ഒന്നും ചെയ്യാനാകാത്ത സാഹചര്യം സംജാതമായി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുമാണ് ഈ തെറ്റായ നയം കേരളത്തിനുമേൽ അടിച്ചേൽപ്പിച്ചത്.
ജൂലൈ പത്തിന് പാലക്കാട് നിർദിഷ്ട കോച്ച് ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നതിന‌് പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഒരു വിപുലമായ ബഹുജന കൺവൻഷൻ നടന്നു.

ഫാക്ടറി പ്രവർത്തനം ആരംഭിക്കണമെന്നത് നാലു ദശാബ്ദത്തോളമായി ഉന്നയിക്കുന്ന ആവശ്യമാണ്.  കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്ഥലമെടുത്ത് നൽകി. പിന്നീട് ഉമ്മൻചാണ്ടി ഒരു തറക്കല്ലിടൽ പ്രഹസനവും നടത്തി. നാലഞ്ചുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഇന്ത്യയിൽ കോച്ച‌് ഫാക്ടറി വേണ്ടതില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രമന്ത്രി സ്ഥലം എംപിയെ രേഖാമൂലം അറിയിച്ചു. ഇത് ഈ ജനകീയ ആവശ്യത്തിന്റെ മുനയൊടിച്ചു. ഇന്ത്യയിൽ ഏറ്റവും ദൂരം റെയിൽവേയിലൂടെ യാത്ര ചെയ്യുന്നത് മലയാളികളാണ്. എന്നാൽ, ഏറ്റവും കുറഞ്ഞ റെയിൽവേ നിക്ഷേപമുള്ള സംസ്ഥാനം കേരളമാണ്. അനുവദിച്ച പദ്ധതികൾതന്നെ വേണ്ടത്ര തുക അനുവദിക്കാത്തതിനാൽ ഇഴഞ്ഞുനീങ്ങുകയാണ്. പുതിയ റെയിൽവേ സൗകര്യങ്ങൾ സ്ഥാപിക്കണമെങ്കിൽ പകുതി വിഭവം സംസ്ഥാനം കണ്ടെത്തണമെന്നാണ് പുതിയ സമീപനം. പുതിയ നിക്ഷേപം നടത്താൻ കേന്ദ്രം തയ്യാറാകാത്തതുകൊണ്ട് ബാക്കി തുക സ്വകാര്യനിക്ഷേപകർവഴി വരണം. സാമ്പത്തികമുരടിപ്പിന്റെ ഈ കാലത്ത് അത്തരം നിക്ഷേപസാധ്യത വളരെ കുറവാണ്. ചുരുക്കത്തിൽ ഭാവിയിൽ കേരളത്തിലെ റെയിൽവേ വിപുലീകരണത്തിനായുള്ള കേന്ദ്രസഹായം ഇല്ലാതാവുകയാണ്.

മോഡിയുടെ വികലമായ സാമ്പത്തികനയത്തിലെ ഏറ്റവും വലിയ ഇര കർഷകരാണ‌്. നോട്ട് നിരോധനവും ജിഎസ്ടിയും വിജയിക്കാതിരുന്നപ്പോൾ കാർഷികരംഗത്ത് വിപരീതപ്രതിഫലനമുണ്ടാക്കി. എല്ലാ കാർഷികോൽപ്പന്നങ്ങളുടെയും വിലയിടിഞ്ഞു. ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിലയിടിവ് കർഷകരെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, ഉപഭോക്താവിന‌്  ഏറ്റവും കൂടിയ വിലക്കയറ്റമാണ് അനുഭവപ്പെട്ടത‌്. ഭക്ഷ്യധാന്യത്തിനും പയർവർഗങ്ങൾക്കും പച്ചക്കറികൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെയാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മൊത്തവില സൂചികയിലെ വർധന നാലരവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 5.77ലെത്തി. പച്ചക്കറിയുടെ വിലവർധനത്തോത് മൂന്നിരട്ടിയും ഉരുളക്കിഴങ്ങിന്റേത് 99 ശതമാനവുമാണ്. കഴിഞ്ഞവർഷം ഈ മേഖലയിലെ വിലവർധന ഒരുശതമാനത്തിൽ താഴെയായിരുന്നു എന്നിരിക്കെ നിത്യോപയോഗസാധനങ്ങളുടെ വിലവർധന ഉപഭോഗസംസ്ഥാനമായ കേരളത്തെ ഏറ്റവും കൂടുതൽ ബാധിക്കാൻ പോവുകയാണ്. കർഷകർക്ക് നിലനിൽക്കാൻ കഴിയുന്ന ഒരു താങ്ങുവില അനിവാര്യമാണ്. ഡോ. സ്വാമിനാഥൻ കമീഷന്റെ ശുപാർശകൾ നടപ്പാക്കുമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ ഇതുവരെ പാലിച്ചിട്ടില്ല. ഇപ്പോൾ വിവിധയിനം ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെ സംഭരണവില കേന്ദ്രസർക്കാർ പുതുക്കിനിശ്ചയിച്ചിരിക്കുകയാണ്. അവസാനമായി സംഭരണവില നിശ്ചയിച്ചത് 2014ലാണ്. പണപ്പെരുപ്പനിരക്കുമായി ബന്ധിപ്പിച്ചുനോക്കുമ്പോൾ പുതുക്കിയ സംഭരണവില ചെറിയ വരുമാന വർധനപോലും കൃഷിക്കാരന് നൽകുന്നില്ല. പ്രധാനമായും നാണ്യവിളകളെ അവലംബിക്കുന്ന കേരളത്തിലെ കർഷകർക്കാകട്ടെ ഒരു സഹായവും ലഭിക്കുന്നുമില്ല. റബർ, കുരുമുളക്, ഏലം എന്നിവയെല്ലാം വൻ വിലത്തകർച്ച നേരിടുമ്പോൾ ഒരുതരത്തിലുള്ള ആശ്വാസപരിപാടികളും കേന്ദ്ര കാർഷിക നയസമീപനങ്ങളിൽ കാണുന്നില്ലെന്നുമാത്രമല്ല, വിപരീതഫലമുണ്ടാകുന്ന തീരുമാനങ്ങൾ നിരന്തരം സ്വീകരിക്കുകയും ചെയ്യുന്നു.

മികവാർന്നതരത്തിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയും ജനാധിപത്യവൽക്കരിച്ച ഉൾക്കാഴ്ചയുള്ള സർവകലാശാലാ സാങ്കേതിക പഠനക്രമവുമുള്ള കേരളത്തിൽ എൽഡിഎഫ‌് അധികാരത്തിൽ വന്നതോടെ ഗുണപരമായ മികവുകൂടി കണക്കിലെടുത്ത് മാറ്റങ്ങൾക്ക് മുൻകൈ എടുക്കുന്നതിനും ബഹുദൂരം മുന്നോട്ടുപോകുന്നതിനും കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച പുതിയ നയസമീപനങ്ങൾ, ശാസ്ത്രബോധവും വിജ്ഞാനവും ഉൾക്കൊള്ളിച്ച വിദ്യാഭ്യാസപദ്ധതിയെ അടഞ്ഞ അധ്യായമാക്കുന്നു. കോർപറേറ്റ് താൽപ്പര്യവും തീവ്രഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രപരിസരവും ഉൾക്കൊള്ളിച്ച പുതിയ വിദ്യാഭ്യാസസമീപനം കേരളത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കും. റിലയൻസിന്റെ നിലവിലില്ലാത്ത വിദ്യാഭ്യാസസ്ഥാപനത്തിന് മുൻഗണനയും ലോകത്തിലെതന്നെ മികച്ച അറിവുകൾ പകർന്നുതരുന്ന ജെഎൻയുവിന് ഒരു പരിഗണനയും നൽകാത്ത ഈ നയം നമ്മുടെ സംസ്ഥാനത്തെ സർവകലാശാലകളെ നോക്കുകുത്തികളാക്കാൻ പോകുന്നു.

പതിനഞ്ചാം ധനകമീഷൻ മുന്നിൽവച്ച പരികൽപ്പനകൾ സാമ്പത്തികവിതരണത്തിൽ സംസ്ഥാനത്തിന്റെ വിഹിതം കുറയ്ക്കും. കേരളത്തിന്റെ സാമൂഹ്യമേഖലകളിലെ മുന്നേറ്റം കേന്ദ്രത്തിൽനിന്ന് നമുക്കുള്ള ധനവിഹിതം കുറയ‌്ക്കുന്നതിനാണ‌് കേന്ദ്ര ഗവൺമെന്റ‌്  ഉപയോഗിക്കുന്നത‌്. ചുരുക്കത്തിൽ, ഭരണഘടനാശിൽപ്പികൾ വിഭാവനം ചെയ്ത ഫെഡറൽ സംവിധാനത്തിന്റെ എതിർപക്ഷത്താണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ‌് നിലയുറപ്പിച്ചിരിക്കുന്നത്. സാധാരണക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്ന ബദൽ സാമ്പത്തിക കാഴ്ചപ്പാടുയർത്തി അവരെ സഹായിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭംകുറിച്ച അടിസ്ഥാനസൗകര്യ വിപുലീകരണ പദ്ധതികളും നാലു മിഷനുകളും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വഴിതുറക്കും. എന്നാൽ, അഞ്ചാംവർഷത്തിലേക്ക് പ്രവേശിച്ച മോഡിഭരണത്തിന്റെ ഓരോ തീരുമാനവും സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വഴിമുടക്കുകയാണ്. മതനിരപേക്ഷമായ സാമൂഹ്യപരിസരത്തിന് ഒരു കുറവും വരുത്താതെ എല്ലാ വിഭാഗത്തിലുംപെട്ട സാധാരണക്കാരന്റെ താൽപ്പര്യവും സർവതോമുഖ വികസനവും ലക്ഷ്യംവയ്ക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾ ദേശീയ സാർവദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സംഘപരിവാറിന്റെ പ്രാകൃതനിലപാടുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടും ദേശീയതലത്തിൽ പ്രശംസിക്കപ്പെട്ടു.

വിവിധ സന്ദർഭങ്ങളിൽ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷപിന്തുണ വർധിക്കുകയും ബിജെപിയുടെ വോട്ട് കുറയുകയും ചെയ്തു. സ്വാഭാവികമായും മോഡിയെപ്പോലുള്ള ഒരു സംഘപരിവാർ പ്രചാരകനായ പ്രധാനമന്ത്രിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്. ഇതിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചാൽ എല്ലാ ഭിന്നതകളും മറന്ന് നാട് അതിനെ ചെറുക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top