05 December Thursday

കേന്ദ്ര അവഗണന ; പൊരുതാം, ഒറ്റക്കെട്ടായി - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

 

കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബർ 15 മുതൽ ഒരു മാസം  പ്രചാരണം നടത്താനും പ്രതിഷേധം ഉയർത്താനും പാർടി ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. കേന്ദ്ര അവഗണന പല ഘട്ടങ്ങളിലും കേരളത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മോദി സർക്കാർ അധികാരത്തിൽ വന്നതോടെ അതിന്റെ ആഴവും പരപ്പും വർധിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കണ്ണിൽ മൂന്ന് ആഭ്യന്തര ശത്രുക്കളിൽ ഒന്നായ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതായിരിക്കാം ഈ അവഗണനയ്‌ക്കുള്ള പ്രധാന കാരണം. അതോടൊപ്പം കേന്ദ്രഭരണകക്ഷിയുടെ മുഖമുദ്രയായ വർഗീയതയെ മതനിരപേക്ഷതയുടെ കൊടിയുയർത്തി പ്രതിരോധിക്കുന്ന സർക്കാരുകളിൽ ഒന്നാണ് കേരളത്തിലേത്. കോർപറേറ്റ് അനുകൂല നിയോലിബറൽ സാമ്പത്തിക നയത്തിനെതിരെ ജനക്ഷേമത്തിലും വികസനത്തിലും ഊന്നിയ ബദൽസാമ്പത്തികനയം മുന്നോട്ടുവയ്‌ക്കുന്നു എന്നതും കേരളത്തിലെ സർക്കാരിനും ജനങ്ങൾക്കുമെതിരെ  തിരിയാൻ മോദി സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ടാകാം. കേന്ദ്രഭരണ കക്ഷിയുടെ രാഷ്‌ട്രീയ- സാമ്പത്തിക നയത്തെ എതിർക്കുന്നതിന്റെ പേരിൽ സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും നിഷേധിക്കുന്നത് ഭരണഘടനയിലെ  ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പൊരുതേണ്ടതുണ്ട്. ഇത് കേവലം സിപിഐ എമ്മിന്റെയോ എൽഡിഎഫ് സർക്കാരിന്റെയോമാത്രം വിഷയമല്ല. കേരളത്തിലെ ഓരോ പൗരന്റെയും അവകാശ സംരക്ഷണത്തിന്റെ വിഷയംകൂടിയാണിത്.

സംസ്ഥാനത്തിന് പ്രത്യേക റെയിൽവേസോൺ, എയിംസ് ആശുപത്രി തുടങ്ങി നിരവധി പദ്ധതികൾ അതിനാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഉണ്ടായിട്ടും കേന്ദ്രം അനുവദിച്ചിട്ടില്ല.  കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ്‌ ഓഫ് കോൾ പദവി നൽകാനും കേന്ദ്രം ഇതുവരെ  തയ്യാറായിട്ടില്ല. ഈ പദവി ലഭിച്ചാലേ വിദേശവിമാന കമ്പനികൾക്ക് കണ്ണൂരിൽനിന്ന്‌ സർവീസ് തുടങ്ങാനാകൂ. മലബാറിലെ യാത്രാസൗകര്യവും ചരക്ക് വിനിമയവും വർധിപ്പിക്കാനും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഇത് അത്യാവശ്യമാണ്. കേന്ദ്ര അവഗണനയുടെ  കൂടുതൽ ഉദാഹരണങ്ങളിലേക്ക് പോകുന്നില്ല.

കഴിഞ്ഞ ദിവസം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്‌ ടാക്സേഷൻ വിഭാഗം പുറത്തുവിട്ട പഠനറിപ്പോർട്ട് കേന്ദ്ര അവഗണനയുടെ കരാളമായ മുഖം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ധന കമീഷൻ ഗ്രാന്റിലും കേന്ദ്രം വൻ കുറവ് വരുത്തിയെന്നാണ് പഠനറിപ്പോർട്ട്. പന്ത്രണ്ടാമത് ധന കമീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് പതിനഞ്ചാം ധന കമീഷൻ ആകുമ്പോഴേക്കും 2.68 ശതമാനമായാണ് കുറഞ്ഞത്. 1.88 ശതമാനത്തിന്റെ കുറവ്‌. ഏകദേശം പകുതി വിഹിതം വെട്ടിക്കുറച്ചു.  ബിജെപി ഭരണം നടത്തുന്ന യുപിക്ക് രണ്ടര ശതമാനത്തിലധികം വർധിപ്പിച്ച് 16.05 ശതമാനം വിഹിതം നൽകുമ്പോഴാണ് കേരളത്തിന് കടുംവെട്ട്. വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ജനസംഖ്യയും ഭൂവിസ്തൃതിയും മാത്രമായി ചുരുക്കിയാണ് കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ചത്.  നേരത്തേ കേന്ദ്ര നികുതി വരുമാനം പങ്കുവയ്‌ക്കുന്നതിലും ഇതേ രീതിയിൽ വലിയ വെട്ടിക്കുറവ് വരുത്തി. കേരളത്തിന് പത്താം ധന കമീഷൻവരെ നികുതി വിഹിതത്തിന്റെ 3.9 ശതമാനം ലഭിച്ചിരുന്നു. അതിപ്പോൾ പകുതിയിലധികം കുറച്ച് 1.9 ശതമാനമാണ് ലഭിക്കുന്നത്. ഇതുവഴിമാത്രം കേരളത്തിന് 18,000 കോടി രൂപ വർഷത്തിൽ വരുമാന നഷ്ടമുണ്ടാകുന്നു. കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം കാരണം, ഒരു വർഷം സംസ്ഥാനത്തിന്‌ 54,700 കോടി രൂപയുടെ വരുമാനനഷ്‌ടം ഉണ്ടാകുന്നു. 

കേന്ദ്ര അവഗണനയുടെ ഏറ്റവും ക്രൂരമായ മുഖമാണ് വയനാട്ദുരന്തത്തിന്റെ കാര്യത്തിൽ നാം കണ്ടത്. ജൂലൈ 30-ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. മുന്നൂറിലേറെ പേർ ഈ ദുരന്തത്തിൽ മരണപ്പെട്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയിൽ ഒന്നാണിത്. ദുരന്തമുണ്ടായി പത്താം ദിവസംതന്നെ കേന്ദ്രസംഘം ദുരന്തബാധിതമേഖല സന്ദർശിച്ചതാണ്. പതിനൊന്നാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവസ്ഥലത്തെത്തി. കേരളത്തിനോടൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. കൽപ്പറ്റയിൽ ചേർന്ന അവലോകനയോഗത്തിൽ സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകിയിരുന്നു. എന്നാൽ, വിശദമായ നിവേദനം നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചു. മുണ്ടക്കൈയിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധി (എൻഡിആർഎഫ്)യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സർക്കാർ ആഗസ്ത് 17ന് കേന്ദ്രത്തിന് നിവേദനം നൽകി.  പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. കേന്ദ്രസഹായം വൈകരുതെന്നും വയനാടിനായി എന്തെങ്കിലും ഉടൻ ചെയ്യണമെന്നും കേരള ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങിയില്ല. സാഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പുപോലും മോദി സർക്കാർ ചെവിക്കൊണ്ടില്ല. ദേശീയ ദുരന്ത നിവാരണ നിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും കേരളത്തിന് പണം നൽകാമായിരുന്നിട്ടും മോദി സർക്കാർ അതിന് തയ്യാറായിട്ടില്ല. ഹൈക്കോടതിയുടെ നിർദേശം പാലിക്കാത്ത കേന്ദ്രം കേരള നിയമസഭയുടെ,- അതായത് കേരളത്തിലെ ജനങ്ങളുടെ ആവശ്യത്തെയും കേട്ടതായി നടിച്ചിട്ടില്ല. ഒക്ടോബർ 14ന്‌ ആണ് നിയമസഭ ഒറ്റക്കെട്ടായി മുണ്ടക്കൈ ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ദുരന്തബാധിതരുടെ വായ്പ പൂർണമായും എഴുതിത്തള്ളണമെന്നും നിയമസഭ ആവശ്യപ്പെടുകയുണ്ടായി.

ഹൈക്കോടതിയും നിയമസഭയും ആവശ്യപ്പെട്ടിട്ടും മോദി സർക്കാർ സഹായം നൽകാൻ തയ്യാറാകാത്തത് ദുരന്തബാധിതരെ അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല.  ദുരന്തമുണ്ടായിട്ട്‌ 80 ദിവസം പൂർത്തിയായിട്ടും ഒരു പൈസപോലും കേന്ദ്രത്തിന്റെ സഹായമായി അനുവദിച്ചിട്ടില്ല എന്നത് ക്രൂരമായ അവഗണനയാണ്. കേന്ദ്രഭരണം നടത്തിയ ഒരു സർക്കാരും കാണിക്കാത്ത സമീപനമാണിത്. മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രം ധനസഹായം നൽകുമായിരുന്നു. രാഷ്ട്രപിതാവിനെ വധിച്ചവരുടെ  പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്നവരിൽനിന്ന്‌ മനുഷ്യത്വപരമായ സമീപനം പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ മറ്റ് സംസ്ഥാനങ്ങളെ സഹായിക്കാൻ തയ്യാറായ കേന്ദ്രസർക്കാർ കേരളത്തിനു മാത്രമാണ് സഹായം നിഷേധിക്കുന്നത് എന്നതിൽനിന്ന്‌ ഈ അവഗണന ബോധപൂർവവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാണ്. മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കുമായി 3448 കോടി രൂപയും  നൽകി. ഈ സംസ്ഥാനങ്ങൾ ഔദ്യോഗികമായി സഹായം അഭ്യർഥിക്കാൻപോലും കാത്തുനിൽക്കാതെയാണ്  സഹായം അനുവദിച്ചത്. കേരളം സഹായ ആഭ്യർഥന രേഖാമൂലം നൽകിയിട്ടും ഒരു പൈസപോലും അനുവദിച്ചില്ല. ദുരന്തം സംഭവിക്കുന്നതിന് മുമ്പുതന്നെ മുൻകരുതലായി ബിഹാറിന് 11,500 കോടി രൂപ സഹായമായി പ്രഖ്യാപിച്ചു. നിതീഷ് കുമാർ എന്ന ഊന്നുവടിയുടെ പിന്തുണയാലാണ് മോദി സർക്കാർ ഭരണം നടത്തുന്നതെന്ന് എല്ലാവർക്കുമറിയാം.

ദുരന്തമുണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകേണ്ട, ദുരന്തമുണ്ടാകുമ്പോൾ വേഗത്തിൽ നൽകിയിരുന്ന തുകയാണ് എൻഡിആർഎഫ് ഫണ്ട്. ഇത് പൂർണമായും കേന്ദ്രമാണ് നൽകുന്നത്. സാധാരണ നിലയിൽ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട വിഹിതമാണ് എസ്ഡിആർഎഫ്. എസ്ഡിആർഎഫിൽ 75 ശതമാനം  കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. 2021–- 26 വർഷത്തേക്കുള്ള കേരളത്തിന്റെ എസ്ഡിആർഎഫ് വിഹിതം 1852 കോടി രൂപയാണ്. എല്ലാ ജൂൺ മാസവും ആ വർഷത്തേക്കുള്ള ആദ്യ വിഹിതം നൽകും. ഡിസംബറിൽ രണ്ടാം ഗഡുവും നൽകും. ഈ കാലയളവിൽ ആന്ധ്രപ്രദേശിന് 6591 കോടി രൂപയും ഗുജറാത്തിന് 7802 കോടി രൂപയും യുപിക്ക് 11,369 കോടി രൂപയുമാണ് കേന്ദ്രം നൽകുന്ന എസ്ഡിആർഎഫ് വിഹിതം. കേരളത്തിന് 2024– --25 സാമ്പത്തിക വർഷത്തിൽ ലഭിക്കേണ്ട 291 കോടി രൂപയിൽ ആദ്യ ഗഡുവായ 145.6 കോടി രൂപ മാത്രമാണ് ഇതുവരെ നൽകിയത്. വയനാട് ദുരന്തമുണ്ടായിട്ടും രണ്ടാം ഗഡു പിടിച്ചുവച്ചു. ഇതൊക്കെ അവഗണനയല്ലാതെ മറ്റെന്താണ്. അതിനാൽ ഇതിനെതിരെ കേരള ജനതയുടെ ശക്തമായ പ്രതിഷേധം ഉയരണം.  ഇത് സിപിഐ എമ്മിന്റെയോ എൽഡിഎഫിന്റെയോമാത്രം വിഷയമല്ല. ഓരോ കേരളീയന്റെയും വിഷയമാണ്. അവരുടെ ക്ഷേമത്തിനും പുരോഗതിക്കും ഉപകരിക്കേണ്ട പണമാണ് നിഷേധിക്കപ്പെടുന്നത്.  അത് പിടിച്ചുവാങ്ങാൻ നമുക്ക് ഒറ്റക്കെട്ടായി പൊരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top