01 June Monday

സ്വേച്ഛാവാഴ്ചയിലെ "രാജ്യദ്രോഹം'

കോടിയേരി ബാലകൃഷ്ണൻ/നേർവഴിUpdated: Friday Oct 11, 2019

ലോകപ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഞാൻ കണ്ടിരുന്നു. അദ്ദേഹം ഉൾപ്പെടെ രാജ്യത്തെ 49 സാംസ്കാരിക വ്യക്തിത്വങ്ങൾ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. നിയമ‐ഭരണ നടപടികളോട് ശക്തിയായി വിയോജിച്ച് അടൂരിന് സിപിഐ എമ്മിന്റെ ഐക്യദാർഢ്യം അറിയിക്കാനാണ് അദ്ദേഹത്തെ കണ്ടത്.
ശ്യാം ബെനഗൽ, മണിരത്നം, രാമചന്ദ്രഗുഹ, അപർണാസെൻ, രേവതി തുടങ്ങിയവരെയെല്ലാം രാജ്യദ്രോഹക്കേസിൽ പ്രതികളാക്കി. ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യരാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. ഇവിടെയെല്ലാവരും കണ്ണുതുറന്ന് കാണേണ്ട ആപത്തുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി കേവലമൊരു വലതുപക്ഷ പാർടിയല്ല. അതൊരു പിന്തിരിപ്പൻ  വർഗീയ പാർടിയാണ്. സാധാരണയുള്ള വലതുപക്ഷ യാഥാസ്ഥിതിക പാർടികളിൽനിന്നും വ്യത്യസ്തവുമാണ്. ഇന്ത്യയെ അക്രമാസക്തമായി ഹിന്ദു രാഷ്ട്രമാക്കാൻ നിലകൊള്ളുന്ന ആർഎസ്എസിനാൽ നയിക്കപ്പെടുന്ന കക്ഷിയുമാണ്. ഈ കക്ഷിയുടെ നേതാവായ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം സർക്കാരിന്റെ ഭരണത്തിൽ സംഭവിച്ചത് മറക്കാനാകില്ല. ഹിന്ദുത്വശക്തികൾക്കെതിരെ യുക്തിഭദ്രമോ, യുക്തിവാദപരമോ ആയ നിലപാടുള്ള എഴുത്തുകാരെ‐നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ്‌ പൻസാരെ, എം എം കലബുർഗി എന്നിവരെ വെടിവച്ചുകൊന്നു. പിന്നീട് മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെയും കാവിക്കാരുടെ തോക്കിനിരയാക്കിയത് ഹിന്ദുത്വ ആശയത്തെ എതിർത്തതിനാലാണ്. "എഴുത്തോ, നിന്റെ കഴുത്തോ' എന്ന ചോദ്യവുമായി കലാകാരന്മാർക്കും സാംസ്കാരിക നായകന്മാർക്കും ചിന്തകന്മാർക്കുംനേരെ സംഘപരിവാർ പാഞ്ഞുവരുന്നു. സിനിമ, നോവൽ, കഥ, പാട്ട് എന്നിവയിലെല്ലാം സംഘപരിവാറിന്റെ കൈകടത്തലുണ്ടായി.

ൺബീർ കപൂർ, ഐശ്വര്യാറായ്, അനുഷ്ക ശർമ എന്നിവർ മുഖ്യവേഷത്തിലെത്തിയ "എ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രം റിലീസ് ചെയ്യാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഇടപെട്ട് കരാറുണ്ടാക്കുന്ന തരത്തിൽ വരെ കാര്യങ്ങൾ വളർന്നു. പാക് കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഭാവിയിൽ ഇന്ത്യയിൽ സിനിമകളിൽ സഹകരിപ്പിക്കില്ലെന്നതായിരുന്നു കരാർ. റിലീസ് ആദ്യം തടഞ്ഞ ഈ ചിത്രത്തിൽ പാക് നടൻ ഫവാദ് ഖാൻ വേഷമിട്ടതാണ് ഭീഷണിക്ക് കാരണമായത്. ചിത്രം സംവിധാനംചെയ്ത കരൺ ജോഹറിനെ രാജ്യദ്രോഹിയെന്ന് മുദ്രയടിച്ചു. ലോകപ്രശസ്ത ഗസൽ ഗായകൻ ഗുലാംഅലി കേരളത്തിൽ പാടിയാൽ തടയുമെന്ന് ഹിന്ദുത്വശക്തികൾ പ്രഖ്യാപിച്ചെങ്കിലും പുരോഗമന കേരളം അത് അവഗണിച്ചു. എന്നാൽ, പാകിസ്ഥാനിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലേക്കു വരുന്ന സംഗീതവും കലയും കളിയും ഇവിടെ വേണ്ടെന്നു കൽപ്പിച്ച വർഗീയ ഭ്രാന്തൻശക്തികൾക്ക് മേധാവിത്വം കിട്ടുകയും ഭരണകൂട സംരക്ഷണം ലഭിക്കുകയും ചെയ്തു മോഡി ഭരണത്തിൽ.

ആൾക്കൂട്ടക്കൊലപാതകങ്ങൾ


മോഡി ഭരണം വരുംമുമ്പുതന്നെ ശ്രീരാമന്റെയും ഹിന്ദുദൈവങ്ങളുടെയും പേരിൽ കൊലപാതകവും നാടുകടത്തലും വംശഹത്യയും സംഘപരിവാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയിരുന്നു. പിറന്ന മണ്ണിൽ കാലുകുത്താൻ അനുവദിക്കാതെ മഹാനായ ചിത്രകാരൻ എം എഫ് ഹുസൈനെ നാടുകടത്തിയതടക്കം എത്രയെത്ര പാതകങ്ങൾ. രണ്ടാം മോഡി സർക്കാരിന്റെ ഭരണത്തോടെ ജുഡീഷ്യറി പോലും ഹിന്ദുത്വ അജൻഡയ്ക്ക് കീഴടങ്ങുകയാണെന്ന ആശങ്ക ശക്തമായിരിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വെട്ടിമുറിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിലും ജനനേതാക്കളെ തടവിലാക്കിയതിലും മാധ്യമസ്വാതന്ത്ര്യം ഹനിച്ചതിനുമെതിരെയുള്ള ഹർജികൾ യഥാസമയം കേൾക്കാൻ സുപ്രീംകോടതി പോലും പൊതുവിൽ വിസമ്മതിച്ചിരിക്കുകയാണ്. കേസ് തുടർച്ചയായി അവധിക്കു വയ്ക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ കേന്ദ്രഭരണം പിച്ചിച്ചീന്തുമ്പോൾ, വ്യാജ ദേശഭക്തിയുടെ മറവിൽ അതിന് ഒത്താശ ചെയ്യേണ്ട ഒന്നല്ല നീതിപീഠം. തെരഞ്ഞെടുപ്പു കമീഷൻ, സിബിഐ, അന്വേഷണ ഏജൻസികൾ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സംവിധാനങ്ങളെയെല്ലാം കേന്ദ്രഭരണത്തിന്റെ ഹിന്ദുത്വ അജൻഡയ്ക്ക് കീഴ്പ്പെടുത്തിയിരിക്കുകയാണ്.

രാജ്യം നേരിടുന്ന ഈ ദുഃസ്ഥിതിയുടെ ആപൽക്കരമായ ചൂണ്ടുപലകയാണ് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പ്രഗത്ഭർക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയ സംഭവം. രാജ്യദ്രോഹം, മതനിന്ദ, സമാധാന ഭഞ്ജനം തുടങ്ങിയവയായിരുന്നു ചുമത്തിയ കുറ്റങ്ങൾ. "ശ്രീറാം...' വിളിയുടെ അകമ്പടിയിൽ നടത്തുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളിൽ സുപ്രീംകോടതി തന്നെ ഒന്നാം മോഡി സർക്കാരിന്റെ ഭരണകാലത്ത് നടുക്കം പ്രകടിപ്പിക്കുകയും അത് തടയാൻ കേന്ദ്ര‐സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാം മോഡി സർക്കാരിന്റെ തുടക്കത്തിൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുവിന്റെ പേരിലുള്ള ആൾക്കൂട്ടക്കൊലപാതകങ്ങൾ വ്യാപകമായി. അത് തടയാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കാൻ ഇന്ത്യയിലെ ഏതൊരു പൗരനും സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നു. രാജ്യം സ്നേഹിക്കുന്ന 49 കല‐സാംസ്കാരിക വ്യക്തിത്വങ്ങളെ എന്തിന് "രാജ്യദ്രോഹി'കളാക്കണം.എല്ലാ മത, ജാതി, വംശ, ലിംഗവിഭാഗങ്ങളും തുല്യരായ മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കായ നമ്മുടെ രാജ്യത്ത്

ആൾക്കൂട്ടക്കൊലപാതകങ്ങളും അസഹിഷ്ണുതയും വർധിച്ചുവരുന്നത് തടയണമെന്നാണ് പ്രധാനമന്ത്രിയോട് അവർ അഭ്യർഥിച്ചത്. അതിൽ പ്രതികരിക്കാനോ കുറ്റകൃത്യം തടയാൻ നടപടിയെടുക്കാനോ പ്രധാനമന്ത്രി തയ്യാറായില്ല. പകരം അനുയായികളെയും സംസ്ഥാന നേതാക്കളെയും കയറൂരിവിട്ട് അടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ വിദ്വേഷകരവും അക്രമാസക്തവുമായ ക്യാമ്പയിൻ നടത്തിച്ചു. അടൂരിനെ ചന്ദ്രനിലേക്ക് കയറ്റിവിടാനുള്ള ഭീഷണിയും ബിജെപി നേതാക്കളിൽ നിന്നുണ്ടായി. ബിഹാറിലെ മുസഫർപുരിലെ അഭിഭാഷകൻ ഒരു ഹർജി മജിസ്ട്രേട്ട് കോടതിയിൽ കൊടുക്കുകയും കോടതി ഉത്തരവുപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതിന് പൊലീസും ഭരണസംവിധാനവും കൂട്ടുനിന്നു. ഇപ്രകാരം ഒരു സ്വകാര്യ അന്യായം വന്നാൽ അതിലെ കാര്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ക്രിമിനൽ നടപടിക്രമത്തിലെ 200, 202, 203 വകുപ്പുകൾ പ്രകാരം മജിസ്ട്രേട്ടിനുണ്ട്. അത് ലംഘിച്ചാൽ ഇടപെടാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും ജുഡീഷ്യറിക്കുമുണ്ട്. തനിക്ക് കത്തെഴുതിയതിന് 49 പ്രമുഖ പൗരന്മാർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിൽ ആദ്യം ലജ്ജ തോന്നേണ്ടത് മോഡിക്കാണ്. അത് ഉണ്ടാകുന്നില്ലായെന്നത് രാജ്യവും  ഭരണാധികാരിയും ഫാസിസത്തിന്റെ വഴിയിലേക്ക് പോകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ്.

മോഡിയോടു ചാഞ്ഞ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ആദർശ പാപ്പരത്തം വെളിപ്പെട്ടിരിക്കുകയാണ്. ബിഹാർ കേസ് ആർഎസ്എസ് ഗൂഢാലോചനയുടെ ഫലമാണ്. ഭയപ്പെടുത്തി ശക്തിനേടുകയെന്ന ഗീബൽസിന്റെയും ഹിറ്റ്‌ലറുടെയും തന്ത്രം ഈ രാജ്യത്ത് നടപ്പാക്കുകയാണ്. ഹിറ്റ്‌ലർ സാംസ്കാരിക മൂല്യങ്ങളെ വംശീയതയുമായി മെടഞ്ഞുചേർത്തു. ജർമൻ വംശീയതയുടെ മൂല്യബോധത്തെ ഉദ്ദീപിപ്പിക്കുന്നതാകണം കലയും സാഹിത്യവും സിനിമയും വിദ്യാഭ്യാസവുമെന്ന് ഹിറ്റ്‌ലർ ശഠിച്ചു. അതുതന്നെയാണ് മോഡിയും ചെയ്യുന്നത്. അതുകൊണ്ടാണ് കല‐സാംസ്കാരിക പ്രതിഭകളെ ഭയപ്പെടുത്തി വരുതിയിലാക്കാൻ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയത്‌. ഇതിൽ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധം പടരുന്ന സാഹചര്യത്തിൽ ബിഹാർ പൊലീസ് കേസ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കോടതിയുടെ തീർപ്പുവരേണ്ടതുണ്ട്.
"മനുഷ്യരെ ചുട്ടുകൊടുക്കപ്പെടും', "മുസ്ലിങ്ങളുടെ പൗരത്വം ഇല്ലാതാക്കിക്കൊടുക്കപ്പെടും' പശുവിന്റെ പേരിൽ ദളിതരെയും മുസ്ലിങ്ങളെയും പച്ചയായി കത്തിച്ചുകൊടുക്കപ്പെടും ‐ ഇതെല്ലാമാണ് സംഘപരിവാറിന്റെ പരസ്യപ്പലകയിൽ തെളിയുന്നത്. ഇവരുടെ സർവകലാശാലയിൽനിന്നു ബിരുദം നേടിയ കാവി നേതാവായതുകൊണ്ടാകണം കേരളീയനായ കേന്ദ്ര മന്ത്രി വി മുരളീധരൻ  അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതിഭകൾക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തതിൽ വിയോജിക്കാഞ്ഞത്. ഇക്കാര്യത്തിൽ അദ്ദേഹം വാചാലനാണ്. ശബരിമലയിലെ വിശ്വാസപ്രശ്നത്തെ സാംസ്കാരിക നായകരുടെ പ്രസ്താവനയുമായി കൂട്ടിക്കെട്ടാനുള്ള സാമർഥ്യം കേന്ദ്ര മന്ത്രി കാണിച്ചു. മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പൂന്തോപ്പുകൾ സൃഷ്ടിക്കുന്നതിനുള്ള നാടിന്റെ അഭിമാനങ്ങളായ സാംസ്കാരിക വ്യക്തിത്വങ്ങളുടെ ഹൃദയം തുടിച്ചതിന് എന്തിനാണ് ഈ കേന്ദ്ര മന്ത്രിക്ക് കലിയുണ്ടാകുന്നത്.

ജനകീയ പ്രതിരോധനിര  ശക്തമാക്കണം


ബ്രിട്ടീഷ് ഭരണകാലത്ത് "രാജ്യദ്രോഹി' എന്നപേരിൽ യശ്പാൽ എഴുതിയ നോവൽ പ്രസിദ്ധമാണ്. അത് സ്വാതന്ത്ര്യസമരത്തെ പ്രചോദിപ്പിക്കുന്നതാണ്. ഹിന്ദു‐മുസ്ലിം സാഹോദര്യത്തിനായി പോരാടിയ ഗാന്ധി താൻ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിക്കും പാഴ്സിയുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാജ്യദ്രോഹിയായേനെ. ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ രാജ്യസ്നേഹിയുമാക്കിയേനെ. സാംസ്കാരിക നായകർക്കും  കലാകാരന്മാർക്കുമെതിരെയുള്ള കള്ളക്കേസ് റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സിപിഐ എം കേന്ദ്ര കമ്മിറ്റി, രാജ്യദ്രോഹ വകുപ്പുതന്നെ കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ തടങ്കലിലാക്കാനാണ് ഈ വകുപ്പ് കൊണ്ടുവന്നത്. അപ്രകാരം  ബാലഗംഗാധര തിലകനെയും ഗാന്ധിജിയെയുമെല്ലാം രാജ്യദ്രോഹികളാക്കി ജയിലിലടച്ചിട്ടുണ്ട്. രാജ്യദ്രോഹനിയമം 17–ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പിറവിയെടുത്തതാണ്. ബ്രിട്ടനിൽപ്പോലും ഈ നിയമം ഇന്ന് ഇല്ലാതാക്കി. പുതിയ മനുഷ്യാവകാശനിയമം വന്നപ്പോൾ 1998ൽ രാജ്യദ്രോഹക്കുറ്റം അവിടെ നിർത്തലാക്കി. അമേരിക്ക, ക്യാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്‌ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒരുകാലത്തുണ്ടായിരുന്ന രാജ്യദ്രോഹനിയമം നിർത്തലാക്കുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
എന്നിട്ടും ജനാധിപത്യ‐മതനിരപേക്ഷ രാജ്യമെന്ന് ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുള്ള ഇന്ത്യയിൽ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുംവേണ്ടി ശബ്ദിച്ചവരെ രാജ്യദ്രോഹക്കുറ്റത്തിന് പ്രതികളാക്കിയപ്പോൾ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതൽ തകരുകയാണ്. അപമാനകരവും നിയമവിരുദ്ധവുമായ രാജ്യദ്രോഹക്കേസ് പിൻവലിക്കാൻ സുപ്രീംകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടൽ വേണം. ഹിന്ദുത്വ അജൻഡയ്ക്കെതിരെ ശബ്ദിക്കുന്നവർ ഏതു മേഖലയിലുള്ളവരായാലും അവരെയെല്ലാം നിശ്ശബ്ദരാക്കാൻ ഭരണകൂട ഭീകരത പത്തിവിടർത്തുകയാണ്. ബിൽക്കീസ്  ബാനു കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവച്ച ബോംബെ ഹൈക്കോടതി ആക്ടിങ്‌ ചീഫ് ജസ്റ്റിസായിരുന്ന വി കെ താഹിൽ രമണിയെ മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് മേഘാലയയിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചതിന് പുതിയ ആക്ഷേപമുയർത്തി സിബിഐ അന്വേഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടംവാങ്ങി ഫ്ലാറ്റ് വാങ്ങിയതിനാണ് കേസ്. കേന്ദ്രഭരണത്തോട് കമ്മിറ്റഡായ ജുഡീഷ്യറിയെ ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. ഈ വിനാശകരമായ കാലം എത്രയുംവേഗം ഇല്ലാതാക്കാനുള്ള ജനകീയ പ്രതിരോധനിര ശക്തമാക്കണം.


പ്രധാന വാർത്തകൾ
 Top