30 September Saturday

പാർലമെന്റിനെ കാവി പുതപ്പിക്കുമ്പോൾ

കെ രാജേന്ദ്രൻUpdated: Monday May 29, 2023

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ആദ്യ പാർലമെന്ററി ദിനങ്ങൾ. എല്ലാ കണ്ണുകളും പാർലമെന്റിലേക്ക്‌. അംഗങ്ങൾക്കിടയിൽ യോജിപ്പുകളേക്കാൾ കൂടുതൽ വിയോജിപ്പുകളായിരുന്നു. നെഹ്റുവും പട്ടേലും അംബേദ്കറും എ കെ ജിയും മാവ് ലങ്കാറും അബുൾ കലാം ആസാദുമെല്ലാം  തർക്കിച്ചും തമാശകൾ പറഞ്ഞും പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്കു നടന്നുനീങ്ങുന്നത് മനോഹര കാ‍ഴ്ചയായിരുന്നുവത്രേ. അവരുടെ ശരീരഭാഷകളിൽ അതിവേഗം വളരുന്ന ഇന്ത്യയുടെ ഭാവിയാണ് പ്രതിഫലിച്ചതെന്ന് പ്രശസ്ത രാഷ്ട്രീയ ചരിത്രകാരൻ രാമചന്ദ്രഗുഹ നിരീക്ഷിച്ചിരുന്നു.

എ‍ഴുപത്തഞ്ച് വർഷത്തിനിപ്പുറം ഇന്ത്യൻ പാർലമെന്റ്‌ ഇന്നലെ കണ്ടത് വ്യത്യസ്തമായ ചില കാ‍ഴ്ചകൾ. ചെങ്കോൽ ഉയർത്തിപ്പിടിച്ച പ്രധാനമന്ത്രിയും അരയ്‌ക്കു താ‍ഴെമാത്രം വസ്ത്രം ധരിച്ച കുറെ സന്ന്യാസിമാരും മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പുതിയ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ കടന്നു വന്നു, അവരിൽ സമ്പൂർണ വിവസ്ത്രരായ നാഗസന്ന്യാസിമാർ ഇല്ലാത്തത് ഭാഗ്യം. അടുത്തിടെ ഒരു നഗ്ന സന്ന്യാസിയായ താരുൺ സാഗർ ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്തതാണ് പെട്ടെന്ന് ഓർമവന്നത്.

ഇന്ത്യൻ രാഷ്ട്രീയം ഇതേ ഗതിയിൽ മുന്നോട്ടുപോയാൽ പുതിയ പാർലമെന്റ്‌ മന്ദിരം താരുൺ സാഗർമാരുടെ വിഹാരകേന്ദ്രമായി മാറിയേക്കാം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തേക്കാൾ കൊട്ടിഘോഷിക്കപ്പെട്ടത് ചെങ്കോൽ സ്ഥാപനമാണ്. രാജാധികാരത്തിന്റെ പ്രതീകമാണ് ചെങ്കോൽ. ജനാധിപത്യത്തിൽ ഇത്തരം പ്രതീകങ്ങൾക്ക് സ്ഥാനമില്ല. തമിഴ്നാട്ടിൽ ബിജെപിക്ക് വേരുറപ്പിക്കാനായി ഒരു "ചെങ്കോൽ' കള്ളക്കഥ രചിച്ചത് ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മൗണ്ട് ബാറ്റൺ ആയിരുന്നു ബ്രിട്ടീഷ് വൈസ്രോയി. അധികാരക്കൈമാറ്റത്തിനായി എന്തെങ്കിലും പ്രതീകം ആവശ്യമാണെന്ന മൗണ്ട് ബാറ്റന്റെ ആഗ്രഹം സാക്ഷാൽക്കരിക്കാനായി രാജഗോപാലാചാരി കണ്ടെത്തിയതാണത്രേ അധീനമഠം സന്ന്യാസിമാരുടെ കൈവശമുള്ള ചെങ്കോൽ. സന്ന്യാസിമാർ ചെങ്കോലുമായി ഡൽഹിയിൽ എത്തിയെന്നും സ്വാതന്ത്ര്യപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മൗണ്ട് ബാറ്റൺ ചെങ്കോൽ നെഹ്റുവിന് കൈമാറിയെന്നുമാണ് തിരക്കഥ.

എന്നാൽ, അന്ന് ഇന്ത്യൻ പാർലമെന്റിനകത്ത്  ഒരു "ചെങ്കോൽ' കൈമാറ്റ ചടങ്ങ് നടന്നതിന് തെളിവില്ല. നെഹ്റു മതനിരപേക്ഷവാദിയും  പുരോഗമനവാദിയും ആയിരുന്നു. അതേസമയം ആത്മീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ നൽകുന്ന ഉപഹാരങ്ങൾ അദ്ദേഹം വാങ്ങാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഏതോ ഒരു സംഭവമാണ് സംഘപരിവാർ പൊടിതട്ടിയെടുത്തിരിക്കുന്നത്. ഇതിനൊന്നും തെളിവോ വസ്തുതകളുടെ പിൻബലമോ ഇല്ല. പാർലമെന്റിനെ കാവി പുതപ്പിക്കുക എന്നതു മാത്രമാണ് "ചെങ്കോൽ 'മാഹാത്മ്യത്തിന്റെ ലക്ഷ്യം. ഒപ്പം ചെങ്കോലിലൂടെ തമിഴ് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനു‍ള്ള രാഷ്ട്രീയതന്ത്രങ്ങളും സംഘപരിവാറിന്റെ അടുക്കളയിൽ വേവുന്നുണ്ട്.


 

രാജ്യചരിത്രത്തിൽ  ആദ്യമായി പട്ടിക വർഗക്കാരിയായ ഒരു വനിത രാഷ്ട്രപതിയായപ്പോൾ കക്ഷി, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സന്തോഷിച്ചു. പക്ഷേ, രാഷ്ട്രപതി ഹീനമായ രീതിയിലാണ് അവഗണിക്കപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 79–-ാം വകുപ്പ് പാർലമെന്റിനെ നിർവചിക്കുന്നുണ്ട്. രാഷ്ട്രപതിയും ലോക്സഭയും രാജ്യസഭയും ചേർന്നതാണ് പാർലമെന്റ്‌. ആദ്യ നാമം രാഷ്ട്രപതിയുടേതാണ്. പാർലമെന്റ്‌ പാസാക്കിയ ബില്ലുകൾ രാഷ്‌ട്രപതി ഒപ്പിട്ടാൽ മാത്രമേ നിയമമാകൂ. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യം വിളിച്ചുചേർക്കുന്ന പാർലമെന്റ്‌ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യണം. എല്ലാ വർഷത്തെയും ആദ്യ സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. അങ്ങനെയുള്ള രാഷ്ട്രപതിയുടെ സാന്നിധ്യംപോലും മോദി തന്റെ ‘വൺ മാൻ ഷോ' ക്കുവേണ്ടി ഒ‍ഴിവാക്കി.

1947 ആഗസ്ത്‌ 15ന് ജവാഹർലാൽ നെഹ്റു രൂപീകരിച്ച ഇടക്കാല  മന്ത്രിസഭയിലെ മന്ത്രിയായിരുന്നു ഹിന്ദുമഹാസഭ നേതാവ് ഡോ. ശ്യാമപ്രസാദ്  മുഖർജി. ആ മന്ത്രിസഭയിൽ , സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഒരു ദിവസംപോലും ജയിൽവാസം അനുഷ്ഠിക്കാത്ത ഏകമന്ത്രി ശ്യാമപ്രസാദ് മുഖർജിയായിരുന്നു. വി ഡി സവർക്കർ ആയിരുന്നു ശ്യാമപ്രസാദ് മുഖർജിയുടെ മാർഗദർശി. സവർക്കർ ഇന്ന് മോദിയുടെയും അമിത് ഷായുടെയും എല്ലാ സംഘപരിവാറുകാരുടെയും മാർഗദർശിയാണ്. 

1913 നവംബർ 14ന് ആന്തമാനിലെ സെല്ലുലാർ ജയിലിൽനിന്ന് വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാരിന് ഒരു കത്തയച്ചു. ഇതായിരുന്നു കത്തിലെ പ്രധാന വരികൾ: ‘ദയ തോന്നി എന്നെ ജയിലിൽനിന്ന് മോചിപ്പിക്കണം. എന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷുകാരോട് വിധേയത്വമുള്ളവനായി ഞാൻ പ്രവർത്തിക്കും. വഴിതെറ്റിപ്പോയ ചെറുപ്പക്കാരെ ഞാൻ ശരിയായ ദിശയിൽ നയിക്കും'.

സവർക്കറുടെ ജന്മദിനംതന്നെ പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത്‌ യാദൃച്ഛികമായല്ല. മോദി സവർക്കറെ വീരനായകനാക്കുമ്പോൾ സ്വാതന്ത്ര്യത്തിനായി ജീവത്യാഗംചെയ്ത രക്തസാക്ഷികളാണ്‌ അപമാനിക്കപ്പെടുന്നത്. പാർലമെന്റിന്റെ വലുപ്പമില്ലായ്മയാണോ അടിസ്ഥാനപ്രശ്നം? പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്ഘാടനം പുരോഗമിക്കുമ്പോൾ പുറത്ത് രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ സമരം ചെയ്യുകയായിരുന്നു. കൊടുംക്രിമിനൽ ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. ബ്രിജ്ഭൂഷണാകട്ടെ പുതിയ പാർലമെന്റ്‌ മന്ദിരത്തിനകത്ത് സസുഖം വാ‍ഴുകയായിരുന്നു. ബ്രിജ്ഭൂഷൺ മാത്രമല്ല, നിരവധി കൊടും ക്രിമിനലുകൾ ഇന്ന് പാർലമെന്റ്‌ അംഗങ്ങളാണ്. ബിജെപി എംപിമാരിലെ നല്ലൊരു വിഭാഗം കലാപക്കേസുകളിലോ വിദ്വേഷ പ്രസംഗ കേസുകളിലോ പ്രതികളാണ്. മലേഗാവ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ തീവ്രവാദി പ്രജ്ഞാസിങ്‌ ഠാക്കൂറും ഇന്ന് ലോക്‌സഭാംഗമാണ്.

പാർലമെന്റിന്റെ നിലവാരം ഉയർത്തുന്നതിനാവശ്യം പുതിയ മന്ദിരമല്ല. നിലവിലുള്ള വൃത്തികേടുകൾ നീക്കം ചെയ്യുകയാണ് വേണ്ടത‍്. ആ ദൗത്യം നിറവേറ്റേണ്ടത് ജനങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top