18 April Thursday

ചരിത്രം വിധിയെഴുതും നോട്ടുനിരോധനം വമ്പൻ മണ്ടത്തരം

യശ്വന്ത‌് സിൻഹUpdated: Thursday Nov 8, 2018

2016 നവംബർ 13ന്, പനാജിക്കടുത്ത് ഗോവാ ഗവൺമെന്റിന്റെ ഒരു പരിപാടിയിൽ സംസാരിച്ചുകൊണ്ട്, വികാരവിക്ഷുബ്ധമായ ശബ്ദത്തിൽ, പ്രധാനമന്ത്രി മോഡി ജനങ്ങളോട് ഒരഭ്യർഥന നടത്തി. നവംബർ 8ന് പ്രഖ്യാപിച്ച നോട്ടു റദ്ദാക്കൽവഴി അവർക്കുണ്ടായ പ്രയാസങ്ങൾ അവസാനിപ്പിക്കാനായി, തനിക്ക് 50 ദിവസത്തെ സമയം അനുവദിക്കണമെന്നായിരുന്നു അത്. “രാഷ്ട്രത്തോട് ഞാൻ ആവശ്യപ്പെടുന്നത് വെറും 50 ദിവസമാണ്. ഡിസംബർ 30നുശേഷം എന്റെ പ്രവർത്തനത്തിൽ ന്യൂനതകൾ ഉണ്ടെങ്കിൽ, അതല്ല അതിൽ തെറ്റുകളോ ദുരുദ്ദേശങ്ങളോ കാണുകയാണെങ്കിൽ, രാഷ്ട്രം തീരുമാനിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്’’ അദ്ദേഹം പറഞ്ഞു: “എനിക്കറിയാം ഞാൻ ഏറ്റെടുത്തത് ഏതുതരം അധികാരമാണെന്ന്. എനിക്കറിയാം, എനിക്കെതിരായി നിലയുറപ്പിക്കുന്നത് ആരാണെന്ന്. കഴിഞ്ഞ 70 വർഷമായി അവർ സമ്പാദിച്ചുകൊണ്ടിരുന്നതാണ് ഇപ്പോൾ ഞാൻ കൊള്ളയടിക്കുന്നത്.’’ മറ്റു കാര്യങ്ങൾക്കൊപ്പം  അദ്ദേഹം തുടർന്നുകൊണ്ടേയിരുന്നു.

മുമ്പ്, 2016 നവംബർ 8ന് രാത്രി 8ന‌് ടിവിയും റേഡിയോയും വഴി അദ്ദേഹം, വ്യക്തിപരമായി രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിൽ ഉയർന്ന മൂല്യമുള്ള കറൻസികൾ നിരോധിക്കുന്ന കാര്യം  പ്രഖ്യാപിച്ചിരുന്നു. നോട്ടു റദ്ദാക്കൽ നടപടിവഴി രാഷ്ട്രം നേരിടുന്നതും ഉന്മൂലനം ചെയ്യാനായി താൻ ഉദ്ദേശിച്ചതുമായ തിന്മകളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി, കള്ളപ്പണം ഭീകരത എന്നിവയാണവ. പ്രസംഗം തുടരുന്നതിനിടയിൽ, ഈ പട്ടികയിലേക്ക് കള്ളനോട്ടിനെയും ഉൾപ്പെടുത്തുകയുണ്ടായി. ഹവാല റൂട്ട് വഴി നിയമവിരുദ്ധമായ ആയുധക്കച്ചവടത്തിന് ഇതിനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരിടത്ത് തിന്മകളുടെ പട്ടികയിലേക്ക് ഭീകരവാദവും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരപഗ്രഥനം നടത്തുകയാണെങ്കിൽ, “അഴിമതി’ യെക്കുറിച്ച് 16 തവണയും കള്ളപ്പണത്തെക്കുറിച്ച് 17 തവണയും ഭീകരവാദത്തെക്കുറിച്ച് അഞ്ചു തവണയും കള്ളനോട്ടിനെക്കുറിച്ച് രണ്ടു തവണയുമാണ് പരാമർശിച്ചത്.
പ്രസംഗത്തിൽ ഒരിടത്തും മെച്ചപ്പെട്ട നികുതി പിരിച്ചെടുക്കലിനെക്കുറിച്ചോ സമ്പദ് വ്യവസ്ഥയുടെ ഔപചാരിക വൽക്കരണത്തെക്കുറിച്ചോ (formalisation), ഡിജിറ്റലൈസേഷനെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ല. പക്ഷേ, നോട്ടു റദ്ദാക്കൽ നടപടി അതിന്റെ പ്രഖ്യാപിതലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടു എന്ന് വ്യക്തമായതോടെ, ഇതൊക്കെയും പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയുണ്ടായി.

2018 നവംബർ എട്ടിന‌് നോട്ടു റദ്ദാക്കലിന്റെ രണ്ടാംവാർഷികത്തിൽ, കഴിഞ്ഞ 730 ദിവസത്തിനുള്ളിൽ നടന്ന കാര്യങ്ങൾ വിലയിരുത്തുമ്പോൾ, ആ നടപടി സമ്പദ് വ്യവസ്ഥയ‌്ക്കുണ്ടാക്കിയ മാരകമായ പരുക്കുകളും ജനങ്ങൾക്ക് അതു വഴിയുണ്ടായ അപാരമായ ദുരിതങ്ങളുമല്ലാതെ മറ്റൊന്നും നമുക്ക് കാണാനാവില്ല. നോട്ടു റദ്ദാക്കൽ ആദ്യം പ്രഖ്യാപിച്ച ഉടനെ, യഥാർഥത്തിൽ എന്നാണ് സംഭവിച്ചതെന്ന് നമുക്കൊന്ന് പരിശോധിക്കാം. 2018 സെപ്തംബറിൽ പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞത്, മാറ്റിക്കൊടുത്ത കറൻസി നോട്ടുകൾ എല്ലാം എണ്ണിത്തീർന്നിട്ടില്ലെങ്കിലും റദ്ദാക്കപ്പെട്ട നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചുവന്നു എന്നാണ്. നേപ്പാളിൽ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസിയും സഹകരണ ബാങ്കുകളുടെ ജില്ലാതല ശാഖകൾ വഴി മാറിക്കൊടുത്ത കറൻസിയും റിസർവ് ബാങ്ക് ഇനിയും എണ്ണിത്തിട്ടപ്പെടുത്താൻ ബാക്കിയാണ്.
നവംബർ എട്ടിനുശേഷമുള്ള ആദ്യത്തെ അഞ്ചു ദിവസംകൊണ്ട് 745 കോടി രൂപയ‌്ക്കുള്ള റദ്ദാക്കപ്പെട്ട നോട്ടുകൾ ബിജെപി പ്രസിന്റ‌് അധ്യക്ഷനായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് വഴി മാറ്റിയെടുത്തതിനെക്കുറിച്ചു വന്ന മാധ്യമവാർത്തകൾ ഞാനിവിടെ ഓർക്കുകയാണ്. ആയിരത്തിന്റെ നോട്ടുകൾക്ക് പകരമായി രണ്ടായിരത്തിന്റെ നോട്ടുകളാണ് അടിച്ചിറക്കിയത് എന്നത് രസകരമായ ഒരു തമാശയാണ്. കള്ളപ്പണം സംഭരിച്ചുവയ‌്ക്കുന്ന പണി ഏറെ എളുപ്പമാക്കുന്നു; പാതി സ്ഥലം മതി എന്നത് ഏറെ ആശ്വാസകരമാവുകയും ചെയ്യുന്നു.

ഇങ്ങനെയൊരു ഏർപ്പാടിന് തുനിഞ്ഞിറങ്ങാൻ പ്രധാനമന്ത്രി മോഡിയെ പ്രേരിപ്പിച്ചതെന്താണ്? ആദ്യത്തെ കാര്യം സർക്കാരിന് സമാഹരിക്കാനാവുന്ന വൻതോതിലുള്ള അധികവിഭവമാണ്. സുപ്രീംകോടതിയിൽ രാജ്യത്തെ അറ്റോർണി ജനറൽ നൽകിയ സത്യവാങ‌്മൂലത്തിൽ പറഞ്ഞത്, നിരോധിത നോട്ടുകളിൽ കള്ളപ്പണമായുള്ള മൂന്നു നാലു ലക്ഷംകോടി രൂപയെങ്കിലും ബാങ്കുകളിലേക്ക് തിരിച്ചെത്തുകയില്ല എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്നാണ്. അങ്ങനെ വന്നാൽ ഇങ്ങനെയുള്ള കറൻസികൾക്ക് കണക്കായ തുക സർക്കാരിലേക്ക് കൈമാറാൻ റിസർവ് ബാങ്കിനോട് നിർദേശിക്കാമെന്നും ആ കാശ് തങ്ങൾ ആഗ്രഹിക്കുംവിധം ചെലവാക്കാമെന്നുമാണ് ഗവൺമെന്റ് കരുതിയത്. രണ്ടാമത്തെ കാര്യം,  പ്രതിപക്ഷ കക്ഷികളുടെ കൈവശമുണ്ടാകാനിടയുണ്ടെന്ന് കരുതുന്ന കള്ളപ്പണം ഇങ്ങനെ  മരവിപ്പിച്ചാൽ, തങ്ങളുടെ എതിർകക്ഷികളെ അത്രയ‌്ക്ക് ശക്തിഹീനമാക്കാനും  അതേ സമയം മുൻകൂർ നടപടികൾ കൈക്കൊണ്ട ബിജെപിക്ക്  വിഭവസമൃദ്ധമായ ഏറ്റവും  സമ്പന്ന കക്ഷിയായി തുടരാനുമാകും എന്ന കണക്കുകൂട്ടലാണ്. നോട്ടു റദ്ദാക്കൽവഴി നേരിട്ട് ഒരു പ്രയോജനവും ലഭിക്കില്ലെങ്കിലും സമ്പന്നർക്കാവും നഷ്ടമെന്ന് കരുതി പാവപ്പെട്ടവർ ഒരു ബദൽ സന്തോഷം അനുഭവിച്ചുകൊള്ളും, അതുവഴി അവരുടെ മതിപ്പ് നേടാനാകും എന്ന പ്രതീക്ഷയാവാം മൂന്നാമത്തെ കാരണം. ചിലപ്പോഴെങ്കിലും ചിലർക്ക് തങ്ങളുടെ നേട്ടങ്ങളേക്കാൾ മറ്റുള്ളവരുടെ പ്രയാസമാണ് സന്തോഷകരമായി തോന്നുക. അവസാനത്തെ ഒരുകാരണം അലസമാധ്യമങ്ങളുടെ സഹായത്തോടെ ഭോഷ്കും വീമ്പുംവഴി കാര്യം നേടിക്കളയാമെന്ന് പ്രധാനമന്ത്രിക്കുള്ള അമിതമായ ആത്മവിശ്വാസം തന്നെയാവാം.

മുമ്പേതന്നെ മറ്റൊരു പേരിൽ നിലവിലുണ്ടായിരുന്ന ജൻ ധൻ പദ്ധതി പുതിയ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട്, അധികാരകേന്ദ്രങ്ങളിലെ  ചങ്ങാതികളും ശിങ്കിടികളുമായ ഒരു ചെറു സംഘത്തിന്, തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യം ഉറപ്പാക്കിക്കൊടുക്കുകയായിരുന്നു. നോട്ടു റദ്ദാക്കലിനുശേഷം ജൻ ധൻ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളിൽ പെട്ടെന്നുണ്ടായ  വൻ കുതിച്ചുചാട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇതാണ്. ജൻ ധൻ അക്കൗണ്ടുകളിൽ മറ്റുള്ളവർ കൊണ്ടുവന്നു നിക്ഷേപിച്ച കാശ് അവർക്ക് തിരിച്ചുകൊടുക്കരുത് എന്ന് പ്രധാനമന്ത്രി വലിയ വായിൽ ഉൽബോധനം നടത്തിയിട്ടും അതിവേഗം നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുകയായിരുന്നല്ലോ.

നോട്ടു റദ്ദാക്കൽ നടപടിയുടെ നിയമ സംബന്ധിയായ ഏതൊരു പരിശോധനയും (forensic audit) വ്യക്തമാക്കുന്ന കാര്യമെന്തെന്നോ?
അതൊരു പാഴായിപ്പോയ നടപടി മാത്രമായിരുന്നില്ല, സമ്പദ്‌വ്യവസ്ഥയ‌്ക്ക് കനത്ത പരുക്കുകളേൽപ്പിച്ച ഒരു നീക്കം മാത്രമായിരുന്നില്ല, പകരം, അത് വളരെ ആസൂത്രിതമായി ജനങ്ങളെ കബളിപ്പിക്കാനും ബിജെപിക്കും അവരുടെ ശിങ്കിടികളായ മുതലാളിമാർക്കും തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സഹായം എത്തിച്ചുകൊടുക്കാനുള്ള നടപടിയായിരുന്നു എന്നാണ്!

ഇപ്പോൾ പ്രധാനമന്ത്രി ശാന്തനാണ്. പരാജയപ്പെട്ട നോട്ട് റദ്ദാക്കൽ നടപടിയെപ്പറ്റി അദ്ദേഹം ഒരക്ഷരം ഉരിയാടുന്നില്ല. അതിങ്ങനെയല്ലായിരുന്നെങ്കിൽ, അതിന്റെ വാർഷികം മറ്റൊരു വൻ മാധ്യമ സംഭവമാക്കി മാറ്റുമായിരുന്നു സർക്കാർ. സ്വയംശിക്ഷ ഏറ്റുവാങ്ങുന്ന ചൗരാഹയിലേക്ക് ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഇപ്പോൾ നിശ്ശബ്ദത പാലിക്കുന്നു. പക്ഷേ, 2019ൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഇന്ത്യൻജനതയ‌്ക്ക് അതിനുള്ള അവസരം കിട്ടും. ജനാധിപത്യത്തിൽ അതാണ് ഭരണാധികാരികളാേട് കണക്ക് തീർക്കാനുള്ള അവസരം. 2016ലെ നോട്ടുനിരോധനം ഇന്നത്തെ ഭരണാധികാരികൾ ചെയ്ത വമ്പൻ മണ്ടത്തരമായാണ് ചരിത്രം രേഖപ്പെടുത്തുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top