08 November Friday

ഭാവിയിലേയ്‌ക്ക്‌ ചൂണ്ടുന്ന വിരല്‍

സച്ചിദാനന്ദന്‍Updated: Thursday Sep 26, 2024

സീതാറാം യെച്ചൂരി

 

മതേതരത്വം സീതാറാമിന് ഇന്ത്യന്‍ ഭരണഘടനയുടെ താളുകളിലെ ഒരു മൃതസങ്കല്‍പം അല്ലായിരുന്നു. എന്നും അദ്ദേഹം അതിനു പിറകിലുള്ള സാഹോദര്യത്തെയും സമഭാവനയേയും പിന്തുടര്‍ന്നു; സ്വകാര്യജീവിതത്തില്‍ പോലും ഒരേ സമയം മോയ്‌നുദ്ദീന്‍ ചിഷ്ത്തിയുടെയും രജപുത്രരുടെയും വംശജയായ ഒരാളെ ജീവിതപങ്കാളിയാക്കി മാതൃക കാണിച്ചു. തന്റെ ഭൗതിക ശരീരം പോലും ഭാവിക്ക്‌ ഉപകാരപ്രദമാകണം എന്ന് ശഠിച്ചുകൊണ്ട്, ആചാരങ്ങളെ നിരാകരിച്ച് ‘ഉപേക്ഷ’യെ പിന്തുടര്‍ന്ന്‌ തന്റെ ജന്മംകൊണ്ട് യാദൃച്ഛികമായി കൈവന്ന ബ്രാഹ്മണ്യം നിരാകരിച്ചു. പ്രശസ്ത സാഹിത്യകാരൻ സച്ചിദാനന്ദൻ എഴുതുന്നു.
 

സച്ചിദാനന്ദന്‍

സച്ചിദാനന്ദന്‍

അകാലത്ത് നമ്മെ വിട്ടുപോയ സീതാറാം യെച്ചൂരിയെക്കുറിച്ച് ഇതിനകം ധാരാളം എഴുതപ്പെട്ടു കഴിഞ്ഞു; അത് പല ദിശകളില്‍ ഇനിയും തുടരുകയും ചെയ്യും. ഞാന്‍ നേരിട്ട് ആ വലിയ കമ്യൂണിസ്റ്റിനെ അല്‍പം ചില തവണകളേ അഭിമുഖീകരിച്ചിട്ടുള്ളൂ, അധികവും ഡല്‍ഹിയിലും ഒടുവില്‍ കേരളത്തിലും. എപ്പോഴും അന്യോന്യമുള്ള ആദരവോടെയും സ്നേഹത്തോടെയും മാത്രമേ ഞങ്ങള്‍ പെരുമാറിയിട്ടുള്ളൂ. അങ്ങനെയല്ലാതെ മനുഷ്യത്വം മുറ്റിനിന്ന അദ്ദേഹത്തോട് പെരുമാറാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നും എനിക്ക് തോന്നുന്നില്ല.

എന്നാല്‍ വ്യക്തിപരിചയത്തിനപ്പുറം സീതാറാമിനെ ഞാന്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ബഹുമാനിക്കുന്നതിന്‌ ചില സ്‌പഷ്ടമായ കാരണങ്ങള്‍ ഉണ്ട്. താന്‍ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ ആണെന്ന തികഞ്ഞ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യ, കമ്യൂണിസ്റ്റ്‌ ആയ, അഥവാ  ആയിരുന്ന, മറ്റു നാടുകളില്‍നിന്നും വ്യത്യസ്തമായി, ദീര്‍ഘമായ സാംസ്‌കാരിക പാരമ്പര്യമുള്ള, അനേകം മതങ്ങളും വംശങ്ങളും ഭാഷകളും സംസ്‌കാരങ്ങളും കൊണ്ട് ബഹുസ്വരമായ, അതുകൊണ്ടുതന്നെ ജനാധിപത്യമല്ലാത്ത മറ്റൊരു വ്യവസ്ഥിതിയും നടപ്പിലാക്കാന്‍ ആകാത്ത, ഒരു രാജ്യമാണെന്ന്‌ സീതാറാം നന്നായി മനസ്സിലാക്കി.

യെച്ചൂരിയുടെ മൃതദേഹം ഡൽഹി വസന്ത്‌കുഞ്ചിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ - ഫോട്ടോ: പി വി സുജിത്‌

യെച്ചൂരിയുടെ മൃതദേഹം ഡൽഹി വസന്ത്‌കുഞ്ചിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ - ഫോട്ടോ: പി വി സുജിത്‌

മറ്റേതെങ്കിലും രാജ്യത്തെ വിപ്ലവത്തിന്റെ ‘മാതൃക’ ഇവിടെ പറിച്ചുനടാന്‍ ആവില്ലെന്ന്, ഇന്ത്യയിലെ മൗലികതയുള്ള മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികരെയും പ്രയോക്താക്കളെയും പോലെ, തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാർടികള്‍ക്കുള്ള ഒരേയൊരു സാധ്യത, ഈ ജനാധിപത്യത്തെ അതിന്റെ അനേകം പരിമിതികളില്‍ നിന്ന് – വിശേഷിച്ചും പലതരം അധികാരരൂപങ്ങളും ശ്രേണീക്രമങ്ങളും സൃഷ്ടിക്കുന്ന, ഒരു വലിയ വിഭാഗം ജനങ്ങളെ അദൃശ്യരാക്കുന്ന, ജാതി, വർണം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളില്‍നിന്ന് മുക്തമാക്കി പടിപടിയായി സോഷ്യലിസത്തിലേയ്‌ക്ക്‌ നയിക്കുക മാത്രമാണെന്ന് തിരിച്ചറിയാന്‍ സീതാറാമിന് ബുദ്ധിമുട്ടുണ്ടായില്ല.

മഹാത്മാഗാന്ധി

മഹാത്മാഗാന്ധി

അംബേദ്‌കർ

അംബേദ്‌കർ

ഗാന്ധി, നെഹ്‌റു, അംബേദ്‌കര്‍ ഇവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും വിശേഷിച്ചും പല ഘട്ടങ്ങളില്‍, പല രീതികളില്‍, ജനസംഘാടനത്തിനായി അവര്‍ സ്വീകരിച്ച സമീപനങ്ങള്‍ ഒരു തികഞ്ഞ മാര്‍ക്സിസ്റ്റ് ആയിരുന്നുകൊണ്ട് തന്നെ, അദ്ദേഹം ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയോടെ മനസ്സിലാക്കിയിരുന്നു. സൈദ്ധാന്തികമായ ഒരു പ്രഭാഷണമോ ഇടപെടലോ എപ്പോഴും സാധ്യമായിരിക്കെത്തന്നെ, ഏറ്റവും താഴത്തെ മനുഷ്യരോട് അവരുടെ ഭാഷയില്‍ സംസാരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത് ഉള്‍പ്പെടെയുള്ള തന്റെ മാർഗദര്‍ശികളില്‍ നിന്നു കൂടി നേടിയതാകാം ഈ സിദ്ധി, ഒപ്പം ജെഎൻയു വിദ്യാർഥികള്‍ക്കിടയിലെ അടിയന്തരാവസ്ഥക്കാലത്തുള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം പാഠങ്ങള്‍ പഠിച്ചിരിക്കാം.

മതേതരത്വം സീതാറാമിന് ഇന്ത്യന്‍ ഭരണഘടനയുടെ താളുകളിലെ ഒരു മൃതസങ്കല്‍പ്പം അല്ലായിരുന്നു. എന്നും അദ്ദേഹം അതിനു പിറകിലുള്ള സാഹോദര്യത്തെയും സമഭാവനയേയും പിന്തുടര്‍ന്നു; സ്വകാര്യജീവിതത്തില്‍ പോലും ഒരേ സമയം മോയ്‌നുദ്ദീന്‍ ചിഷ്ത്തിയുടെയും രജപുത്രരുടെയും വംശജയായ ഒരാളെ ജീവിതപങ്കാളിയാക്കി മാതൃക കാണിച്ചു.

യെച്ചൂരി, എം ടിയെ സന്ദർശിച്ചപ്പോൾ. എളമരം കരീം, പി മോഹനൻ എന്നിവർ സമീപം     ഫോട്ടോ: ജഗത്‌ലാൽ

യെച്ചൂരി, എം ടിയെ സന്ദർശിച്ചപ്പോൾ. എളമരം കരീം, പി മോഹനൻ എന്നിവർ സമീപം ഫോട്ടോ: ജഗത്‌ലാൽ

തന്റെ ഭൗതിക ശരീരം പോലും ഭാവിക്ക്‌ ഉപകാരപ്രദമാകണം എന്ന് ശഠിച്ചുകൊണ്ട്, ആചാരങ്ങളെ നിരാകരിച്ച് ‘ഉപേക്ഷ’യെ പിന്തുടര്‍ന്ന്‌ തന്റെ ജന്മംകൊണ്ട് യാദൃച്ഛികമായി കൈവന്ന ബ്രാഹ്മണ്യം നിരാകരിച്ചു. സൈദ്ധാന്തികജ്ഞാനത്തിന്റെയും സൂക്ഷ്മമായ പ്രായോഗികബുദ്ധിയുടെയും വിസ്മയകരമായ സമന്വയം അദ്ദേഹം സാക്ഷാത്കരിച്ചു.

കേന്ദ്രത്തില്‍ യുപിഎ ഭരണത്തിന്‌ പിന്തുണ നൽകാൻ സിപിഐ എം തീരുമാനിച്ചത് അധികാരം കയ്യാളാന്‍ മാത്രമായിരുന്നില്ല, പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അകന്നു പോയ്‌ക്കൊണ്ടിരുന്ന കോണ്‍ഗ്രസിനെ, അതിന്റെ സോഷ്യലിസ്റ്റ്‌ ദൗത്യം ഓർമിപ്പിക്കാന്‍ കൂടി ആയിരുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അത് കോണ്‍ഗ്രസിനെയും കൂട്ടുകാരെയും പ്രേരിപ്പിച്ചു.

ഗുജറാത്തിലെ വംശഹത്യക്കെതിരെ ന്യൂഡൽഹിയിൽ നടന്ന ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധപ്രകടനത്തിനിടെ സീതാറാം യെച്ചൂരി, ഹർകിഷൻ സിങ്‌ സുർജിത്‌, ശബാന ആസ്‌മി, വി പി സിങ്‌, സോണിയ ഗാന്ധി  തുടങ്ങിയവർ

ഗുജറാത്തിലെ വംശഹത്യക്കെതിരെ ന്യൂഡൽഹിയിൽ നടന്ന ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധപ്രകടനത്തിനിടെ സീതാറാം യെച്ചൂരി, ഹർകിഷൻ സിങ്‌ സുർജിത്‌, ശബാന ആസ്‌മി, വി പി സിങ്‌, സോണിയ ഗാന്ധി തുടങ്ങിയവർ

അധികാരത്തെ നിരാകരിച്ചുകൊണ്ടല്ല, അതിനെ ജനനന്മയ്ക്കായി വഴിതിരിച്ചു വിട്ടു കൊണ്ടാണ് ജനാധിപത്യത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്ന് സീതാറാം മറ്റാരെയുംകാള്‍ തിരിച്ചറിഞ്ഞു.

അതേ തിരിച്ചറിവാണ് ഹിന്ദുത്വ ഫാസിസത്തിനെതിരായി വിശാല പ്രതിപക്ഷ ഐക്യം എന്ന ആശയം മുന്നോട്ടുവയ്ക്കാനും, സഖാക്കളോടും സുഹൃത്തുക്കളോടുമൊത്ത് പ്രാവര്‍ത്തികമാക്കാനും ഹിന്ദുത്വരാഷ്ട്ര വാദികളുടെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് ശക്തമായ ഒരു പ്രതിപക്ഷം ലോക്‌സഭയില്‍ സൃഷ്ടിക്കാനും നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസിനെപ്പോലും ഒരു പുനർവിചിന്തനത്തിന്‌ പ്രേരിപ്പിക്കാന്‍ ആ ചുവടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് രാഹുല്‍ ഗാന്ധിയുടെ സമീപകാല പ്രസംഗങ്ങളിലും പ്രവൃത്തികളിലും നിന്ന് മനസ്സിലാക്കാം.
ഒരു കമ്യൂണിസ്റ്റിനെ സംബന്ധിച്ച് സ്ഥലകാലബോധം എത്ര പ്രധാനമാണെന്ന് യെച്ചൂരിയുടെ ജീവിതവും ആശയങ്ങളും പഠിപ്പിക്കുന്നു.

യാന്ത്രികമായ വർഗവിശകലനം, ജാതികളുടെ ശ്രേണീക്രമം നിലനില്‍ക്കുന്ന  ഇവിടെ സാധ്യമല്ല. വർഗത്തിന് ചലനസാധ്യത – മൊബിലിറ്റി ഉണ്ട്.എന്നാല്‍ ജാതിക്ക്‌ അതില്ല.

വിദ്യാഭ്യാസമോ ജോലിയോ കൊണ്ട് ഉയര്‍ച്ച നേടിയാലും ഒരു ജാതിയില്‍പെട്ടയാള്‍ എന്നും ആ ജാതിയില്‍ത്തന്നെ ആയിരിക്കുന്നു, എന്നു മാത്രമല്ല, അത്തരം ഉയര്‍ച്ചയ്ക്കു പോലും ജാതി തടസ്സമാകുന്നു. സംവരണത്തിന്റെ ഏഴര പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇന്ത്യയിലെ പിന്നാക്ക ദളിത ആദിവാസി വിഭാഗങ്ങളുടെ നില ഒന്ന് പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ജാതി നിലനില്‍ക്കുവോളം ഇന്ത്യയില്‍ ജനാധിപത്യം സാധ്യമല്ല എന്ന് അംബേദ്‌കര്‍ പറഞ്ഞത് ഈ നിശ്ചലത കൂടി  പരിഗണിച്ചാണ്.

അന്റോണിയോ  ഗ്രാംഷി

അന്റോണിയോ ഗ്രാംഷി

അൽത്തൂസ്സർ

അൽത്തൂസ്സർ

മാർക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങളോടൊപ്പം അതിന്റെ പിൽക്കാല വായനകളും – ഗ്രാംഷി, അല്‍ത്തൂസ്സര്‍, പോളന്റ്സാസ്, സിസെക്, ഒരുപക്ഷെ റാന്‍സിയെ ‐ പിന്തുടര്‍ന്ന സീതാറാമിന്, മാർക്‌സില്‍ത്തന്നെ ആദ്യകാലത്ത് നിന്ന് അവസാനകാലം എത്തുമ്പോള്‍ ഉണ്ടായ, വിപ്ലവവർഗം തൊഴിലാളികള്‍ മാത്രമല്ല, പലതരം അടിമത്തങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്ന എല്ലാവരും ആണെന്ന തിരിച്ചറിവും, ഒപ്പം ‘കീഴാളത്ത’ത്തെപ്പറ്റിയുള്ള ഗ്രാംഷിയുടെയും ‘സാമൂഹ്യ വർഗ’ത്തെപ്പറ്റിയുള്ള പോളന്റ്സാസിന്റെയും, അടിത്തറ‐ഉപരിഘടന ബന്ധത്തിന്റെ സങ്കീർണതകളെയും സംസ്‌കാരത്തിന്റെ ആപേക്ഷികമായ സ്വായത്തതയെയും കുറിച്ചുള്ള അല്‍ത്തൂസ്സറിന്റെയും, ലെനിനിസത്തിന്റെ അദൃശ്യവശങ്ങളെക്കുറിച്ചുള്ള സിസെക്കിന്റെയും, ജനാധിപത്യത്തിന്റെ ശരിയായ വിവക്ഷകളെക്കുറിച്ചുള്ള റാന്‍സിയെയുടെയും കാഴ്ചപ്പാടുകളും അപരിചിതമായിരുന്നില്ല എന്ന് കരുതണം.

ജനാധിപത്യത്തിന്റെ അഭാവത്തില്‍ സോഷ്യലിസം പോലും സമഗ്രാധിപത്യം ആകാമെന്നും, സോഷ്യലിസത്തിന്റെ അഭാവത്തില്‍ ജനാധിപത്യം ശരിയായ ജനാധിപത്യത്തിന്റെ വെറും നിഴല്‍ മാത്രം ആയിരിക്കും എന്നുമുള്ള വിവേകം അദ്ദേഹത്തിന്റെ ചിന്തയിലും പ്രവൃത്തിയിലും എന്നും പ്രതിഫലിച്ചിരുന്നു.

ഫാസിസത്തെ തോല്‍പ്പിക്കാന്‍ വലിയ ജനമുന്നേറ്റങ്ങള്‍ക്കേ കഴിയൂ എന്നും അവിടെ വിഭാഗീയത മാറ്റിവെച്ച് ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, പൗരാവകാശം, ചൂഷണ വിരോധം, അധികാരത്തിന്റെ എല്ലാ സമഗ്രസ്വരൂപങ്ങളോടുമുള്ള വിരോധം മുതലായ മൂല്യങ്ങളോട് കൂറു പുലര്‍ത്തുന്ന എല്ലാ കക്ഷികളും പ്രസ്ഥാനങ്ങളും യോജിക്കണം എന്നും ഉള്ള സന്ദേശമാണ് ആ ജീവിതം അവസാനമായി ഇന്ത്യയ്‌ക്ക്‌ നല്‍കിയത്.

യെച്ചൂരി ഒരു സമരമുഖത്ത്‌

യെച്ചൂരി ഒരു സമരമുഖത്ത്‌

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അത്യന്തം നിർണായകമായ ഒരു സന്ദര്‍ഭത്തില്‍ ഇടപെട്ട്, ഫാസിസത്തിന്റെ അജയ്യതയെ വെല്ലുവിളിക്കാന്‍  ജനാധിപത്യശക്തികളുടെ ഐക്യത്തിന് കഴിയും എന്ന് തെളിയിച്ച ശേഷമാണ് യെച്ചൂരി കടന്നു പോയത്. ആ സന്ദേശം എത്ര മാത്രം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഉള്‍ക്കൊള്ളുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എന്നപോലെ ഇന്ത്യന്‍ കമ്യൂണിസത്തിന്റെയും ഭാവി.

പഴയ സൈദ്ധാന്തികവും പ്രായോഗികവുമായ തെറ്റുകളില്‍ നിന്ന്, സാമാന്യജനങ്ങള്‍ക്ക് ദുര്‍ഗ്രഹവും അസ്വീകാര്യവുമായിരുന്ന ബന്ധവിഛേദങ്ങളിലും, വർഗത്തെക്കുറിച്ചുള്ള സങ്കുചിതവീക്ഷണത്തിലും നിന്ന് പാഠങ്ങള്‍  ഉള്‍ക്കൊള്ളുകയും, ഇന്ത്യയുടെ മാറുന്നതും മാറാന്‍ കൂട്ടാക്കാത്തതുമായ സാമൂഹ്യ സാംസ്‌കാരിക തലങ്ങളെ ശരിക്കും മനസ്സിലാക്കുകയും, അടിത്തട്ടിലെ വർഗ വർണ ലിംഗ ജാതി ചൂഷണങ്ങള്‍ അനുഭവിക്കുന്ന ജനതയ്ക്കൊപ്പം സമത്വാധിഷ്ഠിത ജനാധിപത്യം എന്ന ലക്ഷ്യത്തോടെ  അണിനിരക്കുകയുമാണ് നമ്മുടെ ഇന്നത്തെ ചുമതല എന്ന് ഓർമിപ്പിക്കുകയായിരുന്നു സീതാറാം യെച്ചൂരി കർമനിര്‍ഭരമായ സ്വജീവിതംകൊണ്ടു ചെയ്തത്.      

ദേശാഭിമാനി വാരികയിൽ നിന്ന്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top