27 March Monday

മാധ്യമങ്ങളുടെ ‘സംഘ’ഗാനം - എം ഗോപകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

ബജറ്റ് അടുത്തതോടെ  കുറിപ്പടികളുടെ പ്രളയമാണ്. ധന അസന്തുലിതാവസ്ഥയുടെ കാരണം സംസ്ഥാന സർക്കാരിന്റെ കുഴപ്പമാണെന്നു സ്ഥാപിക്കലാണ് ഈ പ്രചാരണങ്ങളുടെ ലക്ഷ്യം. ഇതിനുതകുന്ന വിവിധ നരേറ്റീവുകൾ നിർമിക്കപ്പെടുകയാണ്. കടംകൊണ്ട്‌ മുടിഞ്ഞ കേരളം, കടം വാങ്ങി ശമ്പളവും പെൻഷനും കൊടുക്കുന്ന കേരളം, നികുതി പിരിക്കാത്ത കേരളം, ബജറ്റിനു പുറത്ത്‌  കള്ളക്കടം വാങ്ങുന്ന കേരളം, ഇങ്ങനെ പോകുന്നു ആരോപണങ്ങൾ. എന്താണിതിലെ വസ്തുതകൾ ?

 

കടംകേറി മുടിഞ്ഞോ ?
പെരുത്തുവരുന്ന കടഭാണ്ഡത്തിന്റെ  രേഖാചിത്രം പരിഭ്രാന്തിയുണ്ടാക്കുന്നതാണല്ലോ? 2001ൽ 25,000 കോടി രൂപയായിരുന്ന കടം 2022ൽ 3.35 ലക്ഷം കോടി രൂപയായി എന്നു പറഞ്ഞാണ് പരിഭ്രാന്തി പടർത്തുന്നത്. ഇക്കാലയളവിൽ കടം 13 ഇരട്ടിയായി കൂടിയെന്ന അതേ താപ്പുവച്ച് ജിഡിപിയും റവന്യു വരുമാനവും നോക്കിയാലോ? 2001ൽ സംസ്ഥാന ആഭ്യന്തര വരുമാനം  63,000 കോടിരൂപയായിരുന്നു. ഇപ്പോൾ 9.9 ലക്ഷം കോടിരൂപ.  റവന്യു വരുമാനമോ?  2001ൽ 9973 കോടിരൂപയായിരുന്നത് 2023ൽ 1,34,097 കോടി രൂപയായി. ആളോഹരി വരുമാനം 2001ൽ 19,463  രൂപയായിരുന്നത് 2021ൽ 2,28,353 രൂപയായും വർധിച്ചു. എത്ര ഇരട്ടിയായി? നമ്മുടെ പ്രതിശീർഷവരുമാനം ദേശീയ ശരാശരിയേക്കാൾ  77 ശതമാനം ഉയർന്നതാണ്.

സംസ്ഥാന വരുമാനത്തിന്റെ ശതമാനമായിട്ടല്ലാതെ കടഭാരം രൂപക്കണക്കിൽ  പറഞ്ഞിട്ടെന്തുകാര്യം. 2002–--2006 കാലത്തെ ആകെ ബാധ്യത ശരാശരി  ജിഎസ്‌ഡിപിയുടെ 39.2 ശതമാനമായിരുന്നു. 2007-–-2011ൽ 35 ശതമാനമായി. 2012–-- 2020ൽ 28.9 ശതമാനമായി കുറഞ്ഞു. എന്നാൽ, 2021ൽ ആകെ ബാധ്യത  37.1 ശതമാനമായി. 1988 മുതൽ 2018 വരെ  6.71 ശതമാനം വീതം വളർന്ന കേരളം 2020-–-21ൽ കോവിഡ്‌മൂലം 8.43 ശതമാനം കീഴോട്ടുപോയി. എല്ലാ സംസ്ഥാനങ്ങളുടെയും കടപരിധി കേന്ദ്ര സർക്കാർ  ഉയർത്തി. ഇങ്ങനെയാണ് 20-21ൽ ആകെ ബാധ്യത 37.1 ശതമാനമായത്. വരുമാനം ഇല്ലാതാകുകയും വളർച്ച താഴോട്ടു പോകുകയും ചെയ്ത കാലത്തനുവദിച്ച അധികവായ്പ ഉപേക്ഷിക്കണമായിരുന്നോ? അത്  ഇടതുപക്ഷ അജൻഡയല്ല.

കേരളത്തിനുനേരെ വാളെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ ആകെ ബാധ്യത ജിഡിപിയുടെ 60.2 ശതമാനമാണ്. പലിശച്ചെലവ് റവന്യു വരുമാനത്തിന്റെ 43 ശതമാനവും. ഇവരാണ് 37 ശതമാനം ആകെ ബാധ്യതയും 16 ശതമാനം പലിശച്ചെലവുമുള്ള സംസ്ഥാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്നത്. ഏത്‌ കണക്കെടുത്താലും ദീർഘകാലാടിസ്ഥാനത്തിൽ കേരളം തളരുകയല്ല വളരുകയാണ്‌ ചെയ്യുന്നത്.

കടമെടുത്താണോ ശമ്പളം 
കൊടുക്കുന്നത്
ശമ്പളത്തിനും പെൻഷനും കടമെടുക്കുന്ന കേരളമെന്ന നരേറ്റീവാണ് അടുത്തത്. സ്വന്തമായി വരുമാനമുണ്ടാക്കാത്ത സംസ്ഥാനമെന്ന പൊതുബോധ നിർമിതിയാണിതിന്റെ ഉന്നം. ശമ്പളവും പെൻഷനും ചേർന്നാൽ ആകെ ചെലവിന്റെ  39---–-40 ശതമാനം വരും. തനതു നികുതി വരുമാനത്തിന്റെ 80.14 ശതമാനവും റവന്യു വരുമാനത്തിന്റെ 51.32 ശതമാനവുമാണിത്. പലിശച്ചെലവുകൂടി ചേർത്താൽ എത്രവരും? റവന്യു വരുമാനത്തിന്റെ 70.68 ശതമാനം. ശമ്പളവും പെൻഷനും പലിശയും കടം വാങ്ങിയാണ് നൽകുന്നതെന്നതിൽ  വാസ്തവമില്ലല്ലോ? അതേസമയം നമ്മുടെ ആകെ റവന്യു വരുമാനം റവന്യു ചെലവുകൾക്ക്‌ തികയുന്നില്ല. അതുകൊണ്ടാണ് റവന്യു കമ്മിയുള്ളത്. ഈ സ്ഥിതി മാറണമെന്നതിൽ തർക്കമില്ല. റവന്യു വരുമാനം കൂടാത്തതെന്തുകൊണ്ടെന്ന സത്യസന്ധമായ പരിശോധനയാണ് വേണ്ടത്. അവാസ്തവ പ്രചാരണം പരിഹാരമാകില്ല.

നികുതി പിരിക്കുന്നില്ലേ
നികുതി പിരിക്കാത്ത കേരളമെന്ന കഥ ഇവിടെയാണ് വരിക. നമ്മുടെ റവന്യു വരുമാനത്തിൽ നാം പിരിക്കുന്നതും കേന്ദ്രം പിരിച്ച്‌ കൈമാറുന്ന പണവുമുണ്ട്. 1,34,097 കോടി രൂപ റവന്യു വരുമാനത്തിൽ  85,867 കോടിരൂപയും തനതുവരുമാനമാണ്. സംസ്ഥാനങ്ങളുടെ തനതുവരുമാന ശരാശരി 55 ശതമാനമാണ്. നമ്മുടേത്  64 ശതമാനം. ദേശീയ ശരാശരിയേക്കാൾ ഒമ്പത്‌ ശതമാനം ഉയർന്നതാണ് നമ്മുടെ തനതു വരുമാനം. കേരളത്തിന്റെ  തനതു വരുമാനം ജിഡിപിയുടെ ഏഴ്‌ ശതമാനം വരും. ദേശീയ ശരാശരി 6.7 ശതമാനമാണ്. എന്തടിസ്ഥാനത്തിലാണ് മഹാമോശമെന്നു പറയുന്നത് ? ഇതുയരണം. ജിഎസ്‌ടി ആണല്ലോ പ്രധാന വരുമാനം. ഒരു ചരക്കിന്റെ എല്ലാം ചേരുന്ന ആകെ നികുതി ( total tax incidence) ജിഎസ്‌ടി നിരക്കുകൾ വന്നപ്പോൾ ഗണ്യമായി കുറഞ്ഞു. ഈ നിരക്കുകൾ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ്. ഈ നികുതിക്കുറവ്  വിലയിൽ പ്രതിഫലിക്കുന്നുമില്ല. ഇതുകാണാതെ ചർച്ചചെയ്തിട്ടെന്തുകാര്യം.

കേന്ദ്ര വിഹിതത്തിലെ വിവേചനം
സംസ്ഥാനങ്ങളുടെ ശരാശരി എടുത്താൽ റവന്യു വരുമാനത്തിന്റെ  45 ശതമാനം കേന്ദ്ര വിഹിതമാണ്. നമ്മുടേത് 35.9 ശതമാനം. ഏതാണ്ട് ഒമ്പത്‌  ശതമാനം കുറവ്. ബിഹാറിന് 75 ശതമാനവും യുപിക്ക്‌ 53 ശതമാനവും Central transfers ആണ്. ദരിദ്ര സംസ്ഥാനങ്ങൾ എന്നതാണ് ന്യായം. എന്നാൽ, പഞ്ചാബിന്റേത്  45 ശതമാനമാണ്. നമ്മുടെ തനത്‌ വികസനപ്രശ്നങ്ങൾ  ഈ ഫെഡറൽ ധനവിന്യാസത്തിൽ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. ഇതാണ് ധനകമീഷൻ തീർപ്പിൽ പ്രതിഫലിക്കുന്നത്. പത്താം ധനകമീഷനിൽ കേരളത്തിന്റെ  കേന്ദ്ര നികുതി വിഹിതം 3.88 ശതമാനമായിരുന്നത്  2021–--26 കാലത്തെ പതിനഞ്ചാം ധനകമീഷൻ കാലത്ത്‌ 1.92 ശതമാനമായി കുറഞ്ഞു. 2021–--26 കാലത്ത് ഈ ഇനത്തിലുള്ള ധനവിന്യാസം 42,24,760 കോടി രൂപയാണ്. കേരളത്തിനു കിട്ടുന്നത് 81,326 കോടിരൂപ. പത്താം ധനകമീഷൻ മാനദണ്ഡപ്രകാരമാണെങ്കിൽ  1,63,700  കോടി രൂപ കിട്ടണം. 82,374  കോടി രൂപയാണ് കുറയുന്നത്. പ്രതിവർഷം 16,500 കോടി രൂപ. പൊതു മാനദണ്ഡങ്ങൾ സ്വീകരിക്കുമ്പോൾ വരുന്ന കുറവാണിതെന്നുവന്നാൽ കേരളത്തിന്റെ പ്രത്യേക വികസനപ്രശ്നങ്ങൾക്ക് ഇതിനൊത്ത സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റ് കിട്ടണം. അതുമില്ലെന്നതാണ് സ്ഥിതി. നമ്മുടെ റവന്യു കമ്മിയുടെ ഈ അടിസ്ഥാനപ്രശ്നം അഭിസംബോധന ചെയ്യാതെ പുകമറയുണ്ടാക്കുകയാണ് മിക്ക മാധ്യമങ്ങളും ചെയ്യുന്നത്. ഇപ്പോൾ റവന്യു കമ്മി ഗ്രാന്റും നിലയ്ക്കുകയാണ്.

കിഫ്ബിയും കടവും
കേരളം എന്തോ അധിക വായ്പ ചോദിച്ചു എന്നതല്ലേ ഇപ്പോഴത്തെ പ്രചാരണത്തിന്റെ  പ്രതീതി. വായ്പ വെട്ടിക്കുറയ്ക്കുന്നതാണ് വിഷയം. കിഫ്ബിയും പെൻഷൻ കമ്പനിയുമെല്ലാം അനധികൃത വായ്പ എടുത്തു എന്നതാണല്ലോ പറയുന്ന കാരണം ? രാജ്യത്തിന്റെ ചരിത്രത്തിൽ പൊതുമേഖലാ സ്ഥാപനം എടുക്കുന്ന കടം സർക്കാരിന്റെ കടമായി കണക്കാക്കിയിട്ടുണ്ടോ? കേരളത്തിന്റെ പൊതു പശ്ചാത്തല സൗകര്യനിർമിതിക്കുള്ള ഏജൻസിയാണ് കിഫ്ബി. അതിന് annuity മാതൃകയിൽ സർക്കാർ വാർഷിക വിഹിതം നൽകുന്നു. ഒരു പദ്ധതി സർക്കാർ annuity മാതൃകയിൽ കരാറുകാരനെ ഏൽപ്പിക്കുമ്പോൾ വായ്പയെടുത്ത്‌ നിർമാണം നടത്തും. വാർഷിക ഗഡുക്കളായി സർക്കാർ പണം നൽകും. ഈ വായ്പ സർക്കാർ ബാധ്യതയായി കണക്കാക്കുമോ? കേന്ദ്ര സർക്കാരിന്റെ annuity ബാധ്യത 8.5 ലക്ഷം കോടി രൂപയും  2020–--21 വരെയുള്ള  ബജറ്റിതര വായ്പ 1,38,536 കോടി രൂപയുമാണ്. ഇതേപോലെ പാവങ്ങൾക്കുള്ള പെൻഷൻ അതതു മാസം കൊടുക്കാൻ ചെയ്യുന്ന ക്രമീകരണം, അത്‌  തിരിച്ചടച്ചിട്ടും വായ്പാ പരിധിയിൽ കുറയ്ക്കുകയാണ് ചെയ്യുന്നത്. എന്താണിതിലെ യുക്തി?  

ഒന്നേയുള്ളൂ ഉന്നം. രാഷ്ട്രീയമായി വഴങ്ങാത്ത കേരളത്തെ നേരിടുകയെന്നതാണത്. കേരളത്തിന്റെ വികസനവും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും തകർക്കുന്ന  ഈ കേന്ദ്ര സമീപനം മറച്ചുപിടിക്കുന്ന ‘സംഘ’ ഗാനമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.

(സ്വതന്ത്ര ഗവേഷകനായ ലേഖകൻ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് 
ആൻഡ് എൻവയോൺമെന്റൽ സെന്ററിൽ പ്രവർത്തിക്കുന്നു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top