22 April Monday

വരാനിരിക്കുന്നത്‌ പ്രക്ഷോഭത്തിന്റെ നാളുകൾ

എ ആർ സിന്ധു, പി കൃഷ്ണപ്രസാദ്Updated: Wednesday Sep 5, 2018


അഞ്ചിന‌് നടക്കുന്ന ഡൽഹി റാലിയിൽ മൂന്നു ലക്ഷം പേരെയാണ‌് പ്രതീക്ഷിക്കുന്നത‌്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 71 വർഷ ചരിത്രത്തിൽ തൊഴിലാളി‐കർഷക സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ആദ്യ റാലിയാണിത്.

നവ ഉദാരവൽക്കരണ വർഗീയശക്തികൾക്കെതിരെ ദേശീയതലത്തിൽ ഉയർന്നുവരുന്ന ബദൽശക്തി തൊഴിലാളി‐കർഷക സഖ്യമാണ്.
വിളകളുടെ ഉൽപ്പാദനച്ചെലവുപോലും നൽകാതെ കർഷകർക്ക് വരുമാനം നിഷേധിക്കുന്ന മാറിമാറി വരുന്ന കേന്ദ്ര സർക്കാരുകളുടെ നയത്തിന്റെ ഫലമാണ് നിയന്ത്രണാതീതമാകുന്ന കടബാധ്യതയും കർഷക ആത്മഹത്യയും. കൃഷിഭൂമിയും കന്നുകാലികളും നഷ്ടപ്പെട്ട‌് തൊഴിലാളിവൽക്കരിക്കപ്പെടുന്ന ലക്ഷക്കണക്കിനു കർഷകർ ഗ്രാമങ്ങളിൽനിന്ന‌് നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നു. ഇവർ നഗരങ്ങളിലെ തൊഴിലാളി കരുതൽ സേനയിൽ അണിനിരക്കാൻ നിർബന്ധിതരാകുന്നതിനാൽ കുറഞ്ഞകൂലിക്ക് തൊഴിലാളികളെ ചൂഷണംചെയ്യാൻ വ്യവസായ വാണിജ്യ മുതലാളിമാർക്ക് സാധിക്കുന്നു. കേവലം 100ഉം 200ഉം രൂപയാണ് ദിവസക്കൂലി. ഇതുപോലും ലഭിക്കാത്ത മേഖലകളുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി കൃഷിയിലും ചില്ലറവ്യാപാരമേഖലയിലും അടക്കം 100 ശതമാനം വിദേശനിക്ഷേപം മോഡിസർക്കാർ അംഗീകരിച്ചു. കാർഷികമേഖലയിൽ കരാർക്കൃഷി പ്രഖ്യാപിച്ചു. ഫ്ലിപ‌്കാർട്ടിനെ ബഹുരാഷ്ട്ര കുത്തക കമ്പനി വാൾമാർട്ട് ഏറ്റെടുത്തതോടെ ഓൺലൈൻ വ്യാപാരത്തിൽ സംഭരണ‐ വിതരണ രംഗം മുഴുവനും ഈ കമ്പനിക്കു കീഴിലാകും. ചെറുകിടവ്യാപാരം തകരും.
ഫെഡറൽഘടനയെ തകർത്ത‌് രാജ്യത്തെ വിപണിയെ ആകെ ഏകീകരിക്കുന്ന നയത്തിന്റെ ഭാഗമാണ് ജിഎസ‌്ടി.

കഴിഞ്ഞ നാലുവർഷവും സ്വതന്ത്രമായോ സംയുക്തമായോ പ്രശ്നാധിഷ‌്ഠിതമായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുന്നതിൽ കർഷകപ്രസ്ഥാനം വിജയിച്ചു. രാജ്യവ്യാപകമായി മോഡി സർക്കാരിനെതിരെ പ്രക്ഷോഭ അന്തരീക്ഷം വളർത്തിയെടുക്കാൻ ഇത‌് സഹായിച്ചു. കർഷകന്റെ സമ്മതമില്ലാതെ കൃഷിഭൂമി ഏറ്റെടുക്കാനും വ്യവസായികൾക്ക് നൽകാനും ഉദ്യോഗസ്ഥർക്ക‌് അധികാരം നൽകുന്ന ഓർഡിനൻസിനെതിരായ തുടർച്ചയായ പ്രക്ഷോഭങ്ങൾ ഭൂമി അധികാർ ആന്ദോളൻ എന്ന കർഷക മുന്നണിയുടെ രൂപീകരണത്തിലേക്ക‌് നയിച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടകം, ജാർഖണ്ഡ‌് എന്നിവിടങ്ങളിലെ കർഷകപ്രക്ഷോഭങ്ങൾ രാജ്യത്തെ കർഷകരുടെ ഇടയിലുള്ള രോഷം പ്രതിഫലിപ്പിച്ചു. ജാർഖണ്ഡ‌ിലെ ആദിവാസി ഭൂനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നയിച്ച ഏഴ‌് ആദിവാസികളെയാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ വെടിവച്ചുകൊന്നത്. 15 വർഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മന്ദ‌്സോറിൽ വിളകൾക്ക് ന്യായവില ആവശ്യപ്പെട്ട‌് പ്രക്ഷോഭം നടത്തിയ ആറ‌് കർഷകരെ പൊലീസ് വെടിവച്ച് കൊന്നതിനെത്തുടർന്ന് 180 കർഷക സംഘടനകൾ ഒരുമിച്ച‌് ഓൾ ഇന്ത്യ കർഷക പ്രക്ഷോഭ സമന്വയ സമിതി രൂപീകരിച്ച‌് നിരന്തര സമരങ്ങൾ നടത്തി. മഹാരാഷ്ട്രയിൽ കിസാൻസഭാ നേതൃത്വത്തിൽ നടന്ന ലോങ്‌മാർച്ച‌് രാജ്യത്തെയാകെ ത്രസിപ്പിച്ചു.

കഴിഞ്ഞ ഏതാനും വർഷമായി ഉയർന്നുവരുന്ന കർഷകരുടെ പ്രക്ഷോഭങ്ങൾക്ക് സഹായകരമായ അന്തരീക്ഷം ഒരുക്കിയത് കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി തുടരുന്ന തൊഴിലാളി യൂണിയനുകളുടെ ചെറുത്തുനിൽപ്പ് സമരങ്ങളാണ്. നവ ഉദാരവൽക്കരണ നയങ്ങളുടെ തുടക്കത്തിൽ 1991ൽ തന്നെ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ സിഐടിയുവും ഏതാനും യൂണിയനുകളും മാത്രമായിരുന്നെങ്കിൽ 2009 ആകുമ്പോഴേക്ക് ഐഎൻടിയുസിയും ബിഎംഎസുമടക്കം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളെയും ഒരൊറ്റ വേദിയിൽ എത്തിക്കാൻ ഈ നിരന്തരസമരങ്ങൾക്ക് കഴിഞ്ഞു. മോഡി സർക്കാരിന്റെ ഒന്നാം വാർഷികദിനത്തിൽ നടന്ന ട്രേഡ് യൂണിയനുകളുടെ പണിമുടക്കു പ്രഖ്യാപനത്തിൽ ഭാഗമാകാൻ ബിഎംഎസിനെ നിർബന്ധിതമാക്കിയതും നമ്മുടെ സ്വതന്ത്ര സമരങ്ങളാണ്. (പിന്നീട‌് ആ പണിമുടക്കിൽനിന്ന് അവർ പിന്നോട്ട് പോയി). ഡബ്ല്യുടിഒ വിരുദ്ധ ജനകീയവേദിയായി നാഷണൽ പ്ലാറ്റ്ഫോം ഓഫ് മാസ‌് ഓർഗനൈസേഷൻ രൂപീകരണത്തിലും തൊഴിലാളിപ്രസ്ഥാനം നേതൃത്വപരമായ പങ്കുവഹിച്ചു. കർഷകസംഘടനകളുടെ സജീവ പിന്തുണയോടെ ട്രേഡ് യൂണിയനുകളും വർഗബഹുജന, സാമൂഹ്യ സംഘടനകളും ഗ്രൂപ്പുകളും വ്യക്തികളും ഉൾപ്പെടുന്ന ജന ഏകത ജന അധികാർ ആന്ദോളൻ 2017ൽ രൂപീകരിച്ചു. 

2015ലും 2016ലും സെപ‌്തംബർ രണ്ടിന‌് നടന്ന അഖിലേന്ത്യാ പണിമുടക്ക് സമരങ്ങളിൽ കൂടുതൽ തൊഴിലാളികൾ പങ്കാളികളായി. 2015ലെ പണിമുടക്കിന്റെ ഒരു മുദ്രാവാക്യം ഭൂമി ഏറ്റെടുക്കൽ നിയമം പിൻവലിക്കുക എന്നതായിരുന്നു. ഈ പണിമുടക്കിൽ ഭൂമി അധികാർ ആന്ദോളൻ നേതൃത്വത്തിൽ കർഷകരും പങ്കാളികളായി.

നിലവിലുള്ള മതം, ജാതി, ലിംഗം, ദേശം, ഭാഷ തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങളെയും സ്വതരാഷ്ട്രീയത്തെയും മൂലധനശക്തികൾ ഉപയോഗപ്പെടുത്തുന്നത് തൊഴിലാളി‐കർഷക ഐക്യത്തെ ദുർബലപ്പെടുത്താനാണ്. ഇതിന്റെ ഭാഗമാണ് മാംസ‐ക്ഷീര വിപണികളിലെ ചെറുകിടക്കാരെ തകർക്കുന്ന കന്നുകാലിക്കച്ചവട നിരോധനവും നിരന്തരമായി മുസ്ലിം, ദളിത്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കുനേരെ ആർഎസ്എസ് നടത്തുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളും.

വൻകിട കർഷകരുടെ താൽപ്പര്യവും ചെറുകിട കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും താൽപ്പര്യവും തമ്മിലുള്ള ഏറ്റുമുട്ടൽ, സ്വത്വരാഷ്ട്രീയവും വർഗരാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നിവയിൽ ചാഞ്ചാട്ടമില്ലാത്ത നിലപാടെടുക്കാനും സംയുക്ത സമരമുഖങ്ങളിൽ തൊഴിലാളി‐ദരിദ്ര‐ഇടത്തരം കർഷകജനതയുടെ രാഷ്ട്രീയത്തിന‌് മേൽക്കൈ സ്ഥാപിക്കാനും സാധിക്കുന്നതിൽ സ്വതന്ത്ര സമരങ്ങൾക്ക് വലിയ പങ്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിഐടിയു മുൻകൈയിൽ അഖിലേന്ത്യാ കിസാൻസഭയും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും ചേർന്ന‌് സംയുക്തറാലി നടത്താൻ തീരുമാനിച്ചത്.

ദേശവ്യാപകമായ ഈ നിരന്തര സമരങ്ങളിൽ അടിസ്ഥാനവർഗ രാഷ്ട്രീയത്തിനു കീഴിൽ ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, ചെറുകിട വ്യാപാരികൾ, വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി തങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ അവകാശങ്ങൾക്കായുള്ള വിവിധ സമരപ്രസ്ഥാനങ്ങൾ യോജിച്ച‌് അണിനിരക്കുന്ന സ്ഥിതിയിലേക്ക് ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആഗസ‌്ത‌് ഒമ്പതിന‌് ജയിൽനിറയ‌്ക്കൽ സമരത്തിൽ, ഇതുവരെ ഇടതുപക്ഷവുമായി പ്രത്യക്ഷമായി സമരങ്ങളിൽ പങ്കെടുക്കാത്ത ഓൾ ഇന്ത്യ അംബേദ്കർ മഹാസഭപോലെയുള്ള സ്വത്വരാഷ്ട്രീയത്തിൽ അടിസ്ഥാനമായുള്ള സംഘടനകൾക്ക‌് പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നത് ഇതിനുദാഹരണമാണ്.
ലോക സാമ്പത്തിക പ്രതിസന്ധിയും തൽഫലമായി മോഡി ഭരണം അടിച്ചേൽപ്പിച്ച നോട്ട് നിരോധനമടക്കമുള്ള നയങ്ങളും കാർഷികപ്രതിസന്ധി രൂക്ഷമാക്കുകയും വ്യാവസായികമേഖലയെ മാന്ദ്യത്തിലേക്ക‌് നയിക്കുകയും ചെയ‌്തു. ഇതാണ‌് തൊഴിലാളി‐കർഷക സഖ്യം രാജ്യത്താകെ യാഥാർഥ്യമാകുന്നതിലേക്ക് നയിച്ച രാഷ്ട്രീയസാഹചര്യം.

അഞ്ചിന്റെ ഐതിഹാസിക റാലി 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അജൻഡയിൽ അധ്വാനിക്കുന്നവരുടെ ജീവിതപ്രശ്നങ്ങളും അവയുടെ പിന്നിലെ നയങ്ങളെയും കേന്ദ്രസ്ഥാനത്ത് എത്തിക്കുന്നതിനായുള്ള മുഖ്യ ചുവടുവയ്പാണ്. റാലിയിൽനിന്ന് തുടർച്ചയായ സംയുക്ത സമരങ്ങളുടെ ഒരു പരമ്പരതന്നെ ഏറ്റെടുക്കുകയാണ്. നവംബർ 28‐30ന‌് നടക്കുന്ന ഡൽഹിയിലേക്കുള്ള സംയുക്ത കർഷക ലോങ‌് മാർച്ചിന് സിഐടിയു പിന്തുണയും പങ്കാളിത്തവും നൽകും. സെപ‌്തംബർ 28ന്റെ സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷനിൽ പ്രഖ്യാപിക്കുന്ന രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് കർഷകപ്രസ്ഥാനം ഗ്രാമീണമേഖലയിലേക്ക് വ്യാപിപ്പിക്കും.

ബിജെപിയുടെ വർഗീയരാഷ്ട്രീയത്തിനു പകരം ഇന്ത്യൻ രാഷ്ട്രീയം വർഗരാഷ്ട്രീയത്തിലേക്ക് കേന്ദ്രീകരിക്കുന്ന നാളുകളാണ് ഇനി വരാനുള്ളത്. ജനവിരുദ്ധനയങ്ങളെ തിരുത്താൻ 2019ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി സർക്കാരിനെ അധികാരത്തിൽനിന്ന‌് തൂത്തെറിയണമെന്ന‌് ഡൽഹി റാലി ആഹ്വാനം ചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top