19 September Thursday

ഇത് പോരാട്ടത്തിന്റെ മഹാപർവം

എം വി ഗോവിന്ദൻUpdated: Wednesday Sep 5, 2018


കർഷകത്തൊഴിലാളി യൂണിയനും കിസാൻസഭയും സിഐടിയുവും സംയുക്തമായി സെപ്തംബർ അഞ്ചിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന മഹാറാലിയിൽ പ്രതിഫലിക്കുന്നത് മോഡി സർക്കാരിനെതിരായ ജനവികാരമായിരിക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങൾക്കും സാമ്രാജ്യത്വ ദാസ്യമനോഭാവത്തിനുമെതിരെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായാണ് ഒരുമിച്ചുള്ളൊരു സമരപോരാട്ടത്തിനിറങ്ങുന്നത്.

സമൂഹത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന വിഭാഗമായി കർഷകത്തൊഴിലാളികൾ മാറുന്ന കാലഘട്ടമാണിത്. കർഷകരും മറ്റ് തൊഴിലാളിവിഭാഗങ്ങളും ജീവനോപാധിക്കായി കർഷകത്തൊഴിലാളികളാകാൻ നിർബന്ധിതരാകുമ്പോൾ കർഷകത്തൊഴിലാളിപ്പടയിൽ ആളെണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും നേരത്തെ കർഷകത്തൊഴിലാളികളായിരുന്നവർ തൊഴിൽരഹിതരായി തീരുന്നു. അവർ ഗ്രാമങ്ങളിൽനിന്ന‌് നഗരങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. അവിടെ പുറംജോലികളിൽ കൊടിയ ചൂഷണങ്ങൾക്ക് വിധേയരായി ജീവിതം പൊറുതിമുട്ടുമ്പോൾ തിരികെ ഗ്രാമങ്ങളിലേക്ക് ജീവൻ നിലനിർത്താനായി വരുന്ന കർഷകത്തൊഴിലാളികൾക്ക് കാണാനാകുന്നത് വൻകിട കോർപറേറ്റുകൾ തങ്ങളുടെ തൊഴിലിടങ്ങളായ കൃഷിയിടങ്ങൾ മൊത്തം സ്വന്തമാക്കിയിരിക്കുന്നതാണ്. അതോടെ ആത്മഹത്യക്കും ജീവിതത്തിനും ഇടയിലുള്ള ആർത്തനാദങ്ങളായി അവർ മാറുന്നു. ഇതാണ് കേരളത്തിനു പുറത്തുള്ള കർഷകത്തൊഴിലാളികളുടെ പൊതുവിലുള്ള അവസ്ഥ.

അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മോചനം സാധ്യമാകണമെങ്കിൽ സമൂലമായ പരിവർത്തനം ആവശ്യമാണ്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കർഷകത്തൊഴിലാളികൾ രാജ്യത്തങ്ങോളമിങ്ങോളം നിരാലംബരായി നിൽക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ കടുത്ത വിലക്കയറ്റമടക്കമുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള സാധ്യതകളൊന്നുംതന്നെ മുന്നിലില്ല. അവരുടെ ആരോഗ്യപരിപാലനം എന്നത് സ്വപ്നം കാണാൻപോലും പറ്റാത്ത ഒന്നായി മാറുന്നു. അതുപോലെ നിരവധി പ്രതിസന്ധികളാണ് മുന്നിലുള്ളത്. മൗലികമായ ആവശ്യങ്ങളൊന്നും നിറവേറ്റപ്പെടാതെ മനുഷ്യരെന്ന വിശേഷണം പേറി നിൽക്കാൻ നിർബന്ധിതരാകുന്ന ഈ ജനതയാണ് രാജ്യത്തെ കർഷകത്തൊഴിലാളികൾ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാത്ത പരിതഃസ്ഥിതിയിലാണ് യോജിച്ച ഒരു സമരത്തിന് കർഷകത്തൊഴിലാളി യൂണിയനും മുന്നോട്ടുവരുന്നത്. ഇത് സമരത്തിനുവേണ്ടിയുള്ള സമരമല്ല, മുദ്രാവാക്യങ്ങൾക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങളുമല്ല; ജീവിക്കാൻവേണ്ടിയുള്ള അതിജീവനത്തിന്റെ മഹാഗാഥയാണ്. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാതലത്തിൽ രൂപീകൃതമായ കാലംമുതൽ നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളാണ് ഈ മഹാറാലിയിലും ഉയർത്തുന്നത്.

കർഷകത്തൊഴിലാളികൾക്കായുള്ള സമഗ്ര നിയമനിർമാണം ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ രാജ്യത്തുടനീളം നിരന്തരം ഉയരുന്നവയാണ്.
കൂടുതൽ തൊഴിൽസൃഷ്ടിക്കാവശ്യമായ ക്രിയാത്മക നടപടികൾ, 18,000 രൂപ കുറഞ്ഞ വേതനം, തൊഴിലാളിവിരുദ്ധ തൊഴിൽനിയമ ഭേദഗതികൾ അവസാനിപ്പിക്കൽ, ദരിദ്രകർഷകർക്കും കർഷകത്തൊഴിലാളികൾക്കും വായ്പയിളവ്, എല്ലാ ഗ്രാമീണമേഖലകളിലും തൊഴിലുറപ്പുപദ്ധതി നടപ്പാക്കൽ, എല്ലാവർക്കും ഭക്ഷ്യസുരക്ഷയും ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ഭവനവും, സാർവത്രിക സാമൂഹ്യസുരക്ഷ, കരാർ തൊഴിൽ അവസാനിപ്പിക്കൽ, പുനർവിതരണ ഭൂപരിഷ്‌കരണം, നിർബന്ധിതമായ ഭൂമി ഏറ്റെടുക്കൽ തടയൽ, പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാകുന്നവർക്ക് ആശ്വാസവും പുനരധിവാസവും, നവലിബറൽ നയങ്ങളിൽനിന്ന് പിന്തിരിയൽ തുടങ്ങിയ ആവശ്യങ്ങളാണ് ഈ മഹാപ്രക്ഷോഭത്തിലൂടെ മുന്നോട്ടുവയ‌്ക്കുന്നത്. 

ഇന്നത്തെ സാഹചര്യത്തിൽ ഈ മഹാപ്രക്ഷോഭം കർഷകത്തൊഴിലാളികളെ സംബന്ധിച്ച് അനിവാര്യമാണ്. ഭരണവർഗ നിലപാടുകൾക്കെതിരായി ഇന്ത്യയിൽ രൂപംകൊള്ളുന്ന ജനകീയ ഐക്യപ്രസ്ഥാനമാണിത്. കർഷക ജനവിഭാഗത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കർഷകത്തൊഴിലാളി വിഭാഗം കാർഷികമേഖലയിലെ ഏറ്റവും പ്രബലമായ ഉൽപ്പാദകശക്തിയാണ്. അവരുടെ ആവശ്യങ്ങൾകൂടി ഉന്നയിച്ച‌് നടത്തുന്ന ഈ പോരാട്ടത്തിലൂടെ ഏറ്റവും പ്രധാനപ്പെട്ട വർഗമായി കർഷകത്തൊഴിലാളി വർഗം മാറുകയാണ്. അതിനാൽ, ഈ യോജിച്ച പ്രക്ഷോഭത്തിന് ചരിത്രപരമായ പ്രസക്തിയുമുണ്ട്.

രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുക്കുന്നത് എങ്ങനെയെന്ന് ഈ മഹാപ്രക്ഷോഭത്തിലൂടെ രാജ്യം മനസ്സിലാക്കും. ഒരു തെരഞ്ഞെടുപ്പ് സഖ്യമെന്നതിലുപരി ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാന രൂപമാണ് ഡൽഹിയിൽ യാഥാർഥ്യമാകുന്നത്. തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും ചേർന്ന് നടത്തുന്ന ഈ പോരാട്ടമാണ് ഇന്ത്യയിൽ രൂപം കൊള്ളാൻ പോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറയായി മാറുക. ഈ ഐക്യപ്രസ്ഥാനത്തെ, സമരപോരാട്ടവേദിയെ ചരിത്രമാക്കി മാറ്റുന്നതിന് ഇന്ത്യയും കേരളവും മുന്നോട്ടുവരികയാണ്. ഇതൊരു ചരിത്രഗാഥയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top