15 June Tuesday

മാവോയിസ്റ്റുകളെ ആദര്‍ശവല്‍ക്കരിക്കുമ്പോള്‍.. കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2019

കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നത് ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നയമാണ്. അട്ടപ്പാടി സംഭവത്തില്‍ തുറന്ന സമീപനമാണ് ഇടതുപക്ഷത്തിനുള്ളത്. നിയമസഭയില്‍ മുഖ്യമന്ത്രി അത് വ്യക്തമാക്കിയതുമാണ്. വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന സംശയമുയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനുപുറമെ ക്രൈംബ്രാഞ്ച്  അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്. ഏതൊരു സാഹചര്യത്തിലും മനുഷ്യജീവന്‍ നഷ്ടപ്പെടാതിരിക്കുകയെന്നത് പ്രധാനമാണ്. ഭരണകൂട ഭീകരതയെന്നപോലെ എതിര്‍ക്കപ്പെടേണ്ടതും ആശയപരമായി തോല്‍പ്പിക്കപ്പെടേണ്ടതുമാണ് മാവോയിസ്റ്റ് സൈനികരാഷ്ട്രീയവും. ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഉത്കണ്ഠകളും തണ്ടര്‍ബോള്‍ട്ട് നിയമാതീതമായി പ്രവര്‍ത്തിച്ചോ എന്ന സംശയവും സ്വാഭാവികമായി ഉയര്‍ന്നുവരും. അത് തീര്‍ച്ചയായും ജനാധിപത്യ സര്‍ക്കാരുകള്‍ പരിഹാരമുണ്ടാക്കേണ്ട പ്രശ്നവുമാണ്.

എന്നാല്‍ അട്ടപ്പാടി സംഭവത്തെ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷത്തിനും സി.പി.ഐ(എം)നുമെതിരായി നടക്കുന്ന പ്രചാരവേലകള്‍ക്കുപിറകിലെ താല്‍പര്യങ്ങളെ തിരിച്ചറിയപ്പെടാതെ പോകരുത്. മധ്യവര്‍ഗപ്രധാനവും മാധ്യമകേന്ദ്രീകൃതവുമായ കേരളീയസമൂഹത്തില്‍ മാവോയിസ്റ്റുകളെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകളും വിപ്ലവകാരികളുമായി ആദര്‍ശവല്‍ക്കരിക്കാനുള്ള അവസരവാദപരമായ നീക്കങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി നടക്കുന്നുണ്ട്. ഇതിനായി ചില കോണ്‍ഗ്രസ് നേതാക്കള്‍ തൊട്ട് സൈബറിടങ്ങളില്‍ സജീവമായിരിക്കുന്ന ഇടതുപക്ഷവിരോധികളായ ബുദ്ധിജീവികള്‍ വരെ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശത്തിന്‍റെ മേലങ്കിയിട്ട ചില മതതീവ്രവാദ ഗ്രൂപ്പുകളും സജീവമാണ്.

ഇവരുടെയൊന്നും മാവോയിസ്റ്റ് ആദര്‍ശവല്‍ക്കരണത്തിന്‍റെ താല്‍പര്യം നമ്മുടെ രാജ്യത്തിന്‍റെ സാമൂഹ്യവിപ്ലവവുമായി ബന്ധപ്പെട്ടതല്ലെന്ന കാര്യം ഇടതുപക്ഷ രാഷ്ട്രീയശക്തികള്‍ തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ സംഘടിത ഇടതുപക്ഷപ്രസ്ഥാനത്തെ അടിക്കാനുള്ള വടിയായി മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തുകയാണവര്‍. എന്താണ് മാവോയിസത്തിന്‍റെയും ചരിത്രത്തില്‍ പലഘട്ടങ്ങളിലായി പ്രത്യക്ഷപ്പെട്ട ഭീകരവാദത്തിന്‍റെയും രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്നും മാര്‍ക്സിസ്റ്റുകള്‍ ഇതിനോടെടുത്ത നിലപാട് എന്തായിരുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ലെനിനാണ് ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും ഇടതുപക്ഷതീവ്രവാദത്തിന്‍റെയും സാമൂഹ്യരാഷ്ട്രീയതലങ്ങളെ നിശിതമായി പരിശോധിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍. ലെനിന്‍റെ ജീവചരിത്രകാരന്മാര്‍ 1880-കളിലെ റഷ്യയിലെ പ്രക്ഷോഭങ്ങളുടെയും അടിച്ചമര്‍ത്തലിന്‍റെയും കാലഘട്ടത്തില്‍ ലെനിന്‍ അനുഭവിച്ച സംഘര്‍ഷങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അടിച്ചമര്‍ത്തലിന്‍റെ കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ മിക്കവാറും സ്വയമേവ വിപ്ലവകാരികളായി തീരുന്നതിനെക്കുറിച്ച് നരോദ്നിസത്തിന്‍റെയും ഇടതുപക്ഷ തീവ്രവാദത്തിന്‍റെയും സാമൂഹ്യ അടിസ്ഥാനങ്ങളെ വിശകലനം ചെയ്തുകൊണ്ട് ലെനിന്‍ തന്നെ എഴുതിയിട്ടുമുണ്ട്.


1887-ല്‍ അലക്സാണ്ടര്‍ മൂന്നാമനെ കൊലചെയ്യാനുള്ള ഗൂഢാലോചനാക്കേസില്‍പ്പെടുത്തിയാണ് ലെനിന്‍റെ മൂത്ത സഹോദരന്‍ അലക്സാണ്ടര്‍ഉല്യാനോവിനെ സാര്‍ ഭരണകൂടം തൂക്കിലേറ്റുന്നത്. അലക്സാണ്ടര്‍ഉല്യാനോവ് ഭീകരവാദ രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു. അലക്സാണ്ടറിന്‍റെ വധം ലെനിന്‍റെ മനസ്സില്‍ അഗാധമായ ദുരന്തമായി പതിഞ്ഞു. ആ കാലഘട്ടത്തില്‍ നിയമവിധേയമല്ലാത്ത ഒരു മാര്‍ക്സിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്ന ലെനിന്‍ തന്‍റെ സഹോദരനുമായി തുടര്‍ച്ചയായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒറ്റപ്പെട്ടതും ഭീകരവാദപരവുമായ സായുധവിപ്ലവത്തിലൂന്നുന്ന രാഷ്ട്രീയത്തെ ലെനിന്‍ ശക്തമായി എതിര്‍ത്തിരുന്നു. അലക്സാണ്ടര്‍ഉല്യാനോവിന്‍റെ ശേഖരത്തില്‍ നിന്നാണ് ലെനിന്‍ മാര്‍ക്സിന്‍റെ മൂലധനം എന്ന കൃതി എടുത്ത് വായിക്കുന്നത്.

ഭീകരപ്രവര്‍ത്തകരുടെ പാത ശരിയല്ലെന്ന ഉറച്ച നിലപാടിലെത്തിയ ലെനിന്‍ സഹോദരനെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞപ്പോള്‍ പ്രതികരിച്ചത്; "അല്ല നാം സഞ്ചരിക്കേണ്ട മാര്‍ഗം അതല്ല" എന്നാണ്. സാര്‍ ഭരണകൂടത്തിനെതിരായ ഭീകരവാദപാത സ്വീകരിച്ചവരുടെ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും തുറന്നുകാട്ടാതെയും എതിര്‍ക്കാതെയും വിപ്ലവാഭിമുഖ്യമുള്ള യുവജനങ്ങളെ അത്തരം ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാനാവില്ലെന്ന നിലപാടാണ് ലെനിന്‍ എടുത്തത്.


തെറ്റായ രാഷ്ട്രീയത്തിന്‍റെയും സാഹസികതാവാദപരമായ നിലപാടിന്‍റെയും ഫലമായ ദുരന്തങ്ങളെ രാഷ്ട്രീയമായി പരിശോധിക്കാനും പരിഹാരം തേടാനുമുള്ള ശ്രമങ്ങളാണ് വിപ്ലവമാഗ്രഹിക്കുന്ന വ്യക്തികളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതെന്നാണ് ലെനിന്‍ തന്‍റെ വ്യക്തിപരമായ ദുരന്താനുഭവങ്ങളെകൂടി അടിസ്ഥാനമാക്കിക്കൊണ്ട് പറഞ്ഞിട്ടുള്ളത്. റഷ്യയിലെ മുതലാളിത്തപരിവര്‍ത്തനങ്ങളെ കാണാതെ കര്‍ഷക കലാപത്തിലൂടെ അധികാരം പിടിച്ചെടുക്കാമെന്നും സോഷ്യലിസം സ്ഥാപിക്കാമെന്നുമൊക്കെയുള്ള വ്യാമോഹങ്ങളിലായിരുന്നു നരോദ്നിക്ക്ഭീകരരാഷ്ട്രീയം. വ്യക്തിപരമായ ഭീകരപ്രവര്‍ത്തനത്തെയാണ് നരോദ്നിക്കുകള്‍ വിപ്ലവപാതയായി സ്വീകരിച്ചത്. നരോദ്നിക്കുകളുടെ അബദ്ധപൂര്‍ണവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ സിദ്ധാന്തങ്ങളെയും ഭീകരപ്രവര്‍ത്തനപാതയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുകൊണ്ടാണ് ലെനിന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഐക്യത്തിലൂന്നുന്ന ബഹുജന രാഷ്ട്രീയത്തിന്‍റെയും തൊഴിലാളിവര്‍ഗവിപ്ലവത്തിന്‍റെയും കാഴ്ചപ്പാടുകള്‍ വികസിപ്പിച്ചെടുത്തത്.


മൂന്നാം ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപനത്തിനുശേഷം യൂറോപ്പിലെ ചില കമ്യൂണിസ്റ്റ് പാര്‍ടികളില്‍ പ്രത്യക്ഷപ്പെട്ട ഇടതുപക്ഷതീവ്രവാദത്തെ തുറന്നുകാണിക്കാനാണ് ലെനിന്‍ 1920-ല്‍ 'ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത' എന്ന കൃതി രചിക്കുന്നത്. അതിവിപ്ലവവാദമെന്നത് മുതലാളിത്തത്തിന്‍റെ ഭീകരത കണ്ട് ഭ്രാന്തെടുക്കുന്ന പെറ്റിബൂര്‍ഷ്വാ അരാജകവാദമാണെന്നാണ് ലെനിന്‍ വ്യക്തമാക്കിയത്. അത് തീഷ്ണമാകുന്ന മുതലാളിത്ത ചൂഷണം മൂലം അപചയപ്പെട്ടുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ വിഭാഗങ്ങളുടെ പ്രത്യയശാസ്ത്രമാണ്. സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കട്ടെ സി.പി.ഐ മാവോയിസ്റ്റിന്‍റെ പാര്‍ടി കോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കപ്പെട്ട ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മധ്യവര്‍ഗവിഭാഗങ്ങളും ആദിവാസികളുമാണ് അവരുടെ അംഗത്വത്തില്‍ ഭൂരിപക്ഷവുമെന്നാണ്. വളരെ നാമമാത്രമായി മാത്രമാണ് തൊഴിലാളിവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പാര്‍ടി അംഗങ്ങള്‍.

മാര്‍ക്സും ലെനിനുമെല്ലാം അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പെറ്റിബൂര്‍ഷ്വാ പ്രവണതകളെ വിശകലനം ചെയ്തുകൊണ്ട് എഴുതിയിട്ടുള്ളത്; ഒറ്റപ്പെട്ട കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും വര്‍ഗസമരമായി കാണാന്‍ കഴിയില്ലെന്നാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനകീയശക്തിയെ അസ്ഥിരീകരിക്കുകയും ഭരണകൂടസംവിധാനങ്ങളെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനങ്ങളുടെ ചരിത്രവും അനുഭവങ്ങളും ഇതാവര്‍ത്തിച്ച് നമ്മെ പഠിപ്പിക്കുന്നു. വലതുപക്ഷ അവസരവാദം പോലെ തന്നെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനകത്ത് വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുതോല്‍പ്പിക്കേണ്ട പ്രവണതയാണ് ഇടതുപക്ഷ അവസരവാദവും.

എങ്ങനെയാണ് മാവോയിസ്റ്റുകള്‍ ബംഗാളില്‍ ഇടതുപക്ഷത്തെ അസ്ഥിരീകരിക്കാനുള്ള മമതയുടെയും കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടെയും അജണ്ടയുടെ ഉപകരണമായിത്തീര്‍ന്നതെന്ന് നമ്മുടെ വര്‍ത്തമാന അനുഭവമാണ്. മാവോയിസ്റ്റ് പിന്തണയോടെ ഇടതുപക്ഷത്തെ ദുര്‍ബലമാക്കി അധികാരത്തിലേറിയ മമത കിഷന്‍ജി ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് നേതാക്കളെ എത്ര നിഷ്ഠൂരമായിട്ടാണ് ഉന്മൂലനം ചെയ്തത്. ഛത്തീസ്ഘട്ടിലെ ബൈലാന്‍റില ഉള്‍പ്പെടെയുള്ള ഖനന മേഖലയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഉയര്‍ന്നുവന്ന തൊഴിലാളി ബഹുജനസമരങ്ങളെ മാവോയിസ്റ്റ് ഭീകരരാഷ്ട്രീയ ഇടപെടലിലൂടെ എങ്ങനെയാണ് അസ്ഥിരീകരിക്കപ്പെട്ടതെന്നും സമകാലീന ഇന്ത്യന്‍ അനുഭവമാണ്.

ഇതെല്ലാം കാണാതെ മാവോയിസ്റ്റുകളെ ആദര്‍ശവല്‍ക്കരിക്കുന്നവര്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള ഭീകരവിരുദ്ധ സൈനികദളങ്ങളെ രൂപീകരിച്ചത് യു.പി.എ സര്‍ക്കാരായിരുന്നുവെന്ന് എത്രവേഗമാണ് വിസ്മരിച്ചുകളഞ്ഞത്. കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത് രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോളാണെന്ന കാര്യവും കൗശലപൂര്‍വ്വം മാധ്യമങ്ങള്‍ ഓര്‍മ്മിക്കാതിരിക്കുകയാണല്ലോ. വര്‍ഗീസിന്‍റെയും രാജന്‍റെയും ചോരക്കറകള്‍ മറച്ചുപിടിച്ചുകൊണ്ടാണല്ലോ ഷംസുദ്ദീനും രമേശ്‌ ചെന്നിത്തലയുമെല്ലാം നിയമസഭയില്‍ മാവോയിസ്റ്റുകള്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top