17 August Wednesday
ഇന്ന്‌ മാർട്ടിൻ നിമോളറുടെ 
130–-ാം ജന്മദിനം

‘അവസാനം അവർ എന്നെയും തേടിവന്നു’

ടി എം ജോർജ്‌Updated: Friday Jan 14, 2022

videograbbed image


ആദ്യം അവർ വന്നത് കമ്യൂണിസ്റ്റുകാരെ തേടിയാണ്. പക്ഷേ, ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു കമ്യൂണിസ്റ്റായിരുന്നില്ല. പിന്നെ അവർ സോഷ്യലിസ്റ്റുകളെ തേടിവന്നു. അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു സോഷ്യലിസ്റ്റായിരുന്നില്ല. തുടർന്ന് അവർ ട്രേഡ് യൂണിയൻ പ്രവർത്തകരെ തേടിവന്നു. അപ്പോഴും ഞാൻ മിണ്ടിയില്ല. കാരണം ഞാൻ ട്രേഡ്‌ യൂണിയൻ പ്രവർത്തകനായിരുന്നില്ല. പിന്നെ അവർ ജൂതന്മാരെ തേടിവന്നു. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു ജൂതനായിരുന്നില്ല. ഇപ്പോൾ അവർ എന്നെ തേടിവന്നു. അപ്പോൾ പക്ഷേ ആരും അവശേഷിക്കുന്നില്ല, എനിക്കുവേണ്ടി സംസാരിക്കാൻ’.

ഫാസിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പാസ്റ്റർ മാർട്ടിൻ നിമോളറുടെ -(ഫ്രെഡറിക് ഗുസ്‌തവ്‌ എമിൽ മാർട്ടിൻ നിമോളർ) ലോകത്തോടുള്ള കുമ്പസാരമാണ് മുകളിൽ ഉദ്ധരിച്ച വരികൾ. 1938 മുതൽ 1945വരെ  നാസി കോൺസൻട്രേഷൻ ക്യാമ്പിലും ജയിലിലുമായി കൊടിയ പീഡനം സഹിച്ച അദ്ദേഹം തലനാരിഴയ്‌ക്കാണ് ജീവൻ രക്ഷിച്ചു പുറത്തുവന്നത്.

1892 ജനുവരി 14നു ജർമനിയിൽ ജനിച്ച അദ്ദേഹം ലൂഥറൻ സഭയുടെ പാസ്റ്ററായിരുന്നു. ഇന്ന്‌ അദ്ദേഹത്തിന്റെ 130–-ാമത്‌ ജന്മദിനം.  ദേശീയവാദിയും യാഥാസ്ഥിതികനുമായിരുന്ന അദ്ദേഹം തുടക്കത്തിൽ അഡോൾഫ് ഹിറ്റലറുടെ പിന്തുണക്കാരനായിരുന്നു. പിന്നീട് നാസികളുടെ കടുത്ത വിമർശകനും എതിരാളിയുമായി മാറി. സമാധാനവാദിയും യുദ്ധവിരുദ്ധ പ്രവർത്തകനുമായി തീർന്നു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റായി 1961 മുതൽ1968 വരെ പ്രവർത്തിച്ചു. 1966 മുതൽ 1972 വരെ ‘വാർ റസിസ്റ്റൻസ് ഇന്റർനാഷണലിന്റെ’ കാലത്ത് അദ്ദേഹം ഹോചിമിനെ കാണുകയും ആണവ നിരായുധീകരണത്തിനെതിരെ വീറോടെ പോരാടുകയും ചെയ്തു. 1966ൽ‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള ലെനിൻ അവാർഡ് ലഭിച്ചു.

നാസി ക്രൂരതയ്‌ക്കെതിരെ ഫലപ്രദമായി പൊരുതുന്നതിലും ഇരകളെ നാസികളുടെ ക്രൂരതയിൽനിന്ന്‌ രക്ഷപ്പെടുത്തുന്നതിലും  അദ്ദേഹം നിസ്സഹായനായിട്ടുണ്ട്. അത് തുറന്നുസമ്മതിക്കുന്നതും ഫാസിസ്റ്റുകളുടെ ഭീകരതയ്ക്കെതിരെ മൗനംപാലിച്ച് കാഴ്ചക്കാരായി നിൽക്കുന്നതിനെതിരായ മുന്നറിയിപ്പുമാണ് അദ്ദേഹം എഴുതിയ വിലാപകാവ്യം. 1945ലാണ് ഇത് എഴുതിയത്.

മതാധിഷ്ഠിത ദേശീയതയെന്ന വംശീയവാദം സകല അതിർവരമ്പുകളും ലംഘിച്ച് അഴിഞ്ഞാടുന്ന ഇന്ത്യൻ സാഹചര്യം നാസി ജർമനിയുടെ സ്ഥിതിയിലേക്ക് എത്തിനിൽക്കുകയാണ്. കാഴ്ചക്കാരായി മാറിനിൽക്കുന്നവർ അവസാനം ഇരകളായി മാറുമെന്ന ചരിത്രപാഠവും ലോകത്തിനു നൽകുന്നതാണ് മാർട്ടിൻ നിമോളറുടെ കുമ്പസാരം.

ഫാസിസവും നാസിസവും ലോകത്ത് ജന്മമെടുത്ത 1925ൽ രൂപംകൊണ്ടതാണ് ഇന്ത്യയിൽ അതിന്റെ രൂപമായ ഹന്ദുത്വശക്തികളുടെ രൂപീകരണവും.  ഫാസിസ്റ്റുകൾക്കും സാസിസ്റ്റുകൾക്കും വളരാനുള്ള അനുകൂല സാഹചര്യം ഇറ്റലിയിലും ജർമനിയിലും ഉണ്ടായിരുന്നെങ്കിൽ അന്ന് ഇന്ത്യൻ മണ്ണിൽ അതു കിളിർക്കാൻ പറ്റിയ അനുകൂല കാലാവസ്ഥയായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകവും ഇന്ത്യൻ ജനതയിൽ ഗാന്ധിജിയുടെ സ്വാധീനവും അത്തരമൊരു വേർതിരിവ് സാധ്യമാക്കിയിരുന്നില്ല.

ഇന്നിപ്പോൾ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമാക്കി മാറ്റാൻ സംഘപരിവാർ ശക്തികൾ എല്ലാ ശ്രമവും നടത്തുകയാണ്‌. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തെ മതപരമായി വിഭജിക്കാൻ ലക്ഷ്യമിട്ട്‌ എത്രയോ നടപടിയുണ്ടായി. ജനാധിപത്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്ന എത്രയെത്ര സംഭവം. ഹിറ്റ്‌ലർ ജർമൻ പാർലമെന്റായ റിച്ച് സ്റ്റാഗിന് തീകൊടുത്തശേഷം കമ്യൂണിസ്റ്റുകാരുടെമേൽ പഴിചാരി കൂട്ട അറസ്റ്റുനടത്തി നാസി കോൺസൻട്രേഷൻ തടവറയിൽ അടച്ചതുപോലെയാണ് മോദി സർക്കാരിനെ  എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നത്. ഫാസിസ്റ്റുകൾ പറയുന്നതുമാത്രം കേൾക്കുകയും അവർ പറയുന്നതുമാത്രം അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്താനാണ്‌ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് ഭരണകൂട ഭീകരത ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മരണമണി മുഴക്കുകയാണ്‌. അവസാനം അവർ എന്നെയും തേടിയെത്തിയെന്ന മാർട്ടിൻ നിമോളറുടെ വിലാപം നമ്മുടെ കാതുകളിലെത്തുന്നുണ്ട്‌.

(കോട്ടയത്തെ സാമൂഹ്യപ്രവർത്തകനായ ലേഖകൻ പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top