22 May Wednesday

സ്ത്രീകളും നയിക്കട്ടെ

എം സി ജോസഫൈൻUpdated: Thursday Mar 8, 2018


സ്ത്രീകൾക്കുവേണ്ടിയുള്ള ശബ്ദം ഇന്ന് ഒറ്റപ്പെട്ടതല്ല. അടക്കിവാഴേണ്ട വിഭാഗമായി സ്ത്രീകളെ കണ്ട കാലഘട്ടത്തിൽനിന്ന് അവർ ആദരിക്കപ്പെടേണ്ടവളും അംഗീകരിക്കപ്പെടേണ്ടവളുമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം വന്നെത്തുകയാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം ലോകം അറിയുകയും പ്രതികരണമുണ്ടാകുകയും ചെയ്യുന്നത് അതിനാലാണ്. സ്ഥിതിവിവരണക്കണക്കുകളുടെ പുതിയ കാലത്ത് പക്ഷേ, സ്ത്രീക്ക് അർഹിക്കുന്നത് ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്.

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെല്ലാം സ്ത്രീസമൂഹം മികവോടെ കടന്നുവരികയും മത്സരിച്ചുനേടാൻ പ്രാപ്തി കൈവരിക്കുകയും ചെയ്യുന്നത് ഇന്ന് അസാധാരണമല്ല. ഓസ്കർ സിനിമ അവാർഡ് വേദിയിലും ഇക്കുറി ഉയർന്നുകേട്ടത് സ്ത്രീപക്ഷ ഉണർവിന്റെ ധ്വനിയാണ്. എന്നാൽ, വേദികളിൽ ആഘോഷിക്കപ്പെടുന്ന ഒരു ന്യൂനപക്ഷമല്ല സ്ത്രീസമൂഹത്തെയാകെ പ്രതിനിധാനംചെയ്യുന്നത് എന്നതാണ് യാഥാർഥ്യം. വൈരുധ്യം നിറഞ്ഞ ഈ സാഹചര്യങ്ങളുടെ കാരണം തിരിച്ചറിഞ്ഞ് മാറ്റത്തിനായി സധൈര്യം മുന്നോട്ടുപോകുകയാണ് വേണ്ടത്.
സമൂഹത്തിന്റെ വികസനവീക്ഷണങ്ങൾ നിശ്ചയിക്കുന്ന വേദികളിൽ സ്ത്രീകളുടെ സാന്നിധ്യം അംഗബലം കൊണ്ടുകൂടി പ്രകടമാകുമ്പോൾ മാത്രമേ അവർ അർഹമായത് നേടാൻ ആരംഭിച്ചുവെന്ന് പറയാനാകൂ. സ്ത്രീകളുടെ പൊതു ഇടങ്ങളെക്കുറിച്ചുപോലും ചർച്ച വളർന്നുവരുന്നുണ്ട്. സാമൂഹിക രാഷ്ട്രീയ സംഘടനകൾ ഉന്നതസമിതികളിൽ സ്ത്രീസാന്നിധ്യം വർധിപ്പിക്കണമെന്ന് പറഞ്ഞുതുടങ്ങി. സ്ത്രീപക്ഷ വാർത്തകൾക്ക് മാധ്യമങ്ങളിൽ മുമ്പില്ലാത്തവിധം ഇടംകിട്ടാനും തുടങ്ങി.

രാഷ്ട്രീയവും മതപരവുമായ അടിത്തറയിൽനിന്നും പാരമ്പര്യങ്ങളുടെ കെട്ടുപാടുകളിൽനിന്നുമാണ് നിലവിൽ  സ്ത്രീയെക്കുറിച്ച് കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്നത്. സ്ത്രീയുടെ പുരോഗതിയിലേക്കുള്ള വഴിയും ഈ അടിത്തറകളിലാണ് നിശ്ചയിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ പൊതുവായൊരു സ്ത്രീപക്ഷ സമീപനം എളുപ്പമല്ലെങ്കിലും പലതരം പരീക്ഷണങ്ങളിലൂടെ പുതിയതും സർവസമ്മതവുമായ കാഴ്ചപ്പാടിൽ എത്തിച്ചേരാനാകുമെന്ന് കരുതാം. കാഴ്ചപ്പാടുകൾ ഭിന്നമാണെങ്കിലും മുദ്രാവാക്യങ്ങളുടെ ശക്തിദൗർബല്യം ബോധ്യമുണ്ടെങ്കിലും സ്ത്രീപക്ഷത്ത് വളർന്നുവരുന്ന ഏത് ശബ്ദവും പ്രതീക്ഷ പകരുന്നതാണ്.

കേരളത്തിലെ ക്യാമ്പസുകളിൽ നമുക്ക് പ്രതീക്ഷയുണ്ട്. അവിടെ തന്റേടത്തിന്റെ പ്രതിരൂപങ്ങളായി പുതുതലമുറ പെൺകുട്ടികൾ വളർന്നുവരുന്നു. യാഥാസ്ഥിതികത്വത്തിന്റെ കെട്ടുകളെക്കുറിച്ച് പുതുതലമുറ നല്ല ബോധ്യമുള്ളവരാണ്. വിദ്യകൊണ്ട് ഇനി നേടാനുള്ളത് സ്വയംനിർണയത്തിനുള്ള അവകാശമാണെന്ന് അവർ മനസ്സിലാക്കുന്നു. പലവിധ ആവിഷ്കാരങ്ങളും പരിപാടികളും പ്രതികരണങ്ങളുമായി അത് ക്യാമ്പസുകളിലും പുറത്തും പ്രകടമാകുന്നുണ്ട്. ഈ വളർച്ചയെ ഗുണപരമായ ചാലിലൂടെ വികസിപ്പിച്ചെടുക്കുകയാണ് കമീഷന്റെ ലക്ഷ്യം.

പുരുഷമേധാവിത്വ ചിന്തയെ ഉള്ളിൽ ഉപാസിക്കുന്നവരുടെ എണ്ണം കുറവല്ല. അതിനാൽ ഏതൊരു സ്ത്രീപക്ഷ ചിന്തയെയും വാദത്തെയും എതിർവാദങ്ങളുയർത്തിയും കുതന്ത്രങ്ങൾ വഴിയും ചെറുത്തുതോൽപ്പിക്കാൻ ശ്രമമുണ്ടാകും. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതാണ് വിജയത്തിന്റെ ആദ്യപടി. തികഞ്ഞ രാഷ്ട്രീയബോധമാണ് അതിനു വേണ്ടത്. കക്ഷിരാഷ്ട്രീയത്തെക്കുറിച്ചല്ല  ഇവിടെ സൂചിപ്പിച്ചത്. വീടും ചുറ്റുപാടും നാടും നാടിന്റെ വളർച്ചയും ഏതേതു നയങ്ങളെയാണ് കൊണ്ടുനടക്കുന്നതെന്ന തിരിച്ചറിവോടെ മാറ്റത്തിനായി ഉയർത്തുന്ന ശരിയായ മുദ്രാവാക്യമാണ് ആ രാഷ്ട്രീയം.

സ്ത്രീപക്ഷനിയമങ്ങൾ നമുക്ക് മുന്നിലുള്ളപ്പോഴും ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷയും സംരക്ഷണവും നൽകാൻ അവയ്ക്കായില്ലെങ്കിൽ അതുകൊണ്ടെന്ത് കാര്യം? നിയമങ്ങൾ സ്ത്രീകൾക്കുവേണ്ടി പ്രയോഗിക്കാനുള്ള മനോഭാവം നീതിനിർവഹണ മണ്ഡലങ്ങളിലെല്ലാം വേണം.

ഈ സാഹചര്യങ്ങൾ മുന്നിൽവച്ചാണ് അന്താരാഷ്ട്ര വനിതാദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം ചർച്ച ചെയ്യേണ്ടത്. പുരോഗതിക്കുവേണ്ടിയുള്ള ശബ്ദമാണ് ഈവർഷത്തെ വനിതാദിന പ്രമേയം. പുരോഗതി എന്നതിന്റെ വിവക്ഷ കൃത്യമായി നിർണയിച്ച് മാത്രമേ കർമപരിപാടികളിലേക്ക് കടക്കാനാകൂ. ഈ പ്രമേയത്തെ കേരളീയ പശ്ചാത്തലത്തിലും ഇന്ത്യൻ പശ്ചാത്തലത്തിലും നാം വായിച്ചെടുക്കണം.

സധൈര്യം സ്ത്രീസമൂഹം മുന്നോട്ട് കുതിക്കണമെന്ന ആഹ്വാനമാണ് ഈവർഷത്തെ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഈ വീക്ഷണമാണ് കേരള വനിതാ കമീഷന്റെ പ്രവർത്തനങ്ങളെ നിർണയിക്കുന്നതും. സ്ത്രീകൾക്കുവേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ വകുപ്പ് രൂപീകരണം പ്രതീക്ഷ നൽകുന്നതാണ്. വിവേചനമില്ലാത്ത സ്ത്രീസമൂഹസൃഷ്ടിക്ക്് സധൈര്യം മുന്നോട്ട് എന്നപേരിൽ സർക്കാർ വിപുലവും ആഴത്തിലുള്ളതുമായ കർമരേഖ മുന്നിൽ വയ്ക്കുന്നുണ്ട്. വനിതാക്ഷേമത്തിനായി സർക്കാർ ഈവർഷത്തെ ബജറ്റിൽ പ്രത്യേക പരിഗണന നൽകി.

സ്ത്രീസുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സർക്കാർ പ്രഖ്യാപിച്ചത്. പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് വനിതാ കമീഷന് സർക്കാർ നൽകുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരെയും വിളിച്ചുവരുത്താനുള്ള അധികാരം കമീഷന് നൽകുന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേസ് തീർപ്പാക്കൽ കുറെക്കൂടി കാര്യക്ഷമമാക്കാനും ബോധവൽക്കരണ പ്രവർത്തനം ലക്ഷ്യബോധത്തോടെയുള്ളതാക്കാനും കമീഷൻ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ബജറ്റിൽ  കമീഷനു വേണ്ടി പ്രഖ്യാപിച്ച റീജ്യണൽ ഓഫീസ് കോഴിക്കോട്ട് ആരംഭിക്കുന്നതോടെ വടക്കൻ ജില്ലകളിലുള്ള സ്ത്രീകൾക്ക് കുറെക്കൂടി വേഗത്തിൽ കമീഷന്റെ മുന്നിലെത്താൻ കഴിയും.

കേരള വനിതാ കമീഷൻ അടുത്തകാലത്തായി നടത്തിയ സ്ത്രീപക്ഷ ഇടപെടലുകളെക്കുറിച്ച് മലയാളികൾക്ക് ബോധ്യമുണ്ട്. അടിയന്തരഘട്ടങ്ങളിലുൾപ്പെടെ നീതിക്കുവേണ്ടി ഒപ്പം നിൽക്കാൻ കമീഷൻ കൂടെയുണ്ടെന്ന് മലയാളി വനിതകൾ തിരിച്ചറിയുന്നുവെന്നത് ആഹ്ലാദകരമാണ്. നിയമങ്ങൾ രക്ഷ നൽകേണ്ട ഇടങ്ങളിൽ കടമ്പകളായി നിൽക്കുന്ന താൽപ്പര്യങ്ങളെയും ശക്തികളെയും വകഞ്ഞുമാറ്റി സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിന് കമീഷൻ ശ്രമിച്ചുവരുന്നു. കമീഷന് മുന്നിലെത്തുന്ന പരാതികളുടെ വൈപുല്യവും വൈവിധ്യവും അതിശയിപ്പിക്കുന്നതായി മാറി.

സ്ത്രീകളുടെ അന്തസ്സും പദവിയും ഉയർത്തുന്നതിനും നീതി നിഷേധിക്കപ്പെടുമ്പോൾ കാര്യക്ഷമമായ ഇടപെടൽ  നടത്തുന്നതിനുമാണ് കേരള വനിതാ കമീഷൻ പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ ചുവടുവയ്പുകൾക്ക് എല്ലാവിഭാഗം സംഘടനകളുമായും സംവിധാനങ്ങളുമായും ഒരുമിച്ച് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ കമീഷൻ ഉദ്ദേശിക്കുന്നു •

(കേരള വനിതാ കമീഷൻ അധ്യക്ഷയാണ് ലേഖിക)
 

പ്രധാന വാർത്തകൾ
 Top