11 April Sunday

നവോത്ഥാനപ്രസ്ഥാനവും മന്നത്ത്‌ പത്മനാഭനും

ഡോ. വി ശിവദാസൻUpdated: Thursday Feb 25, 2021

അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി ഒരു ജനത നടത്തിയ ഉജ്വലമായ സമരത്തിന്റെ ഉൽപ്പന്നമാണ് കേരളത്തിന്റെ മതനിരപേക്ഷ പരിസരം. അതിൽ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും തങ്ങളുടേതായ പങ്കുണ്ട്. അതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രസക്തമായ പേരുകളിലൊന്നാണ് മന്നത്ത് പത്മനാഭന്റേത്. ഓരോ വ്യക്തിയുടെയും സംഭാവനകളെ വിലയിരുത്തേണ്ടത് അവർ ജീവിച്ച കാലത്തെ സാമൂഹ്യസ്ഥിതികളുമായി ചേർത്തുവച്ചുകൊണ്ടാണ്. കേരളത്തിൽ ജാത്യാചാരങ്ങളും നികൃഷ്ടമായ അനാചാരങ്ങളും ഉണ്ടായിരുന്ന കാലത്താണ് മന്നത്ത് പത്മനാഭൻ ജനിക്കുന്നത്. അത്തരത്തിലുള്ള ഉച്ചനീചത്വങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് അദ്ദേഹത്തിന്റെ ജീവിതയൗവനത്തിന്റെ വലിയഭാഗവും ചെലവഴിച്ചത്. സാമൂഹ്യ അനാചാരങ്ങളോട് കലഹിക്കാനും പ്രതിഷേധിക്കാനും അദ്ദേഹം കാട്ടിയ കരുത്ത് മന്നത്തിന്റെ ജീവിതത്തെ മനസ്സിലാക്കുമ്പോൾ അറിയാനാകുന്നതാണ്. മന്നം വളർന്ന ജീവിതസാഹചര്യങ്ങളിൽ അനുഭവിക്കേണ്ടിവന്ന വിവേചനങ്ങളോട് ഉശിരോടെ കലഹിക്കാൻ അദ്ദേഹം തയ്യാറായി. ബ്രാഹ്മണ മേധാവിത്വത്തോട് ഏറ്റുമുട്ടാനും അവശ ജനവിഭാഗത്തോടുള്ള അനുകമ്പയിലധിഷ്ഠിതവുമായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനം. 

സാമൂഹ്യപ്രശ്നങ്ങളോടുള്ള മന്നത്തിന്റെ സമീപനങ്ങളിലെ ബഹുമാന്യത അടയാളപ്പെടുത്തുന്ന രണ്ട് പ്രധാന സംഭവമാണ് വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂർ സത്യഗ്രഹത്തിലും അദ്ദേഹമെടുത്ത നിലപാടുകൾ.  ജാതിയിൽ താഴ്ന്നവർക്ക് പൊതുവഴിയിലൂടെ നടക്കാൻ അവകാശമില്ലാത്തതായിരുന്നു കേരളത്തിന്റെ ഭൂതകാലം. അതിനെതിരായി നടന്ന നിരവധിയായ പ്രക്ഷോഭങ്ങളുടെ സന്ദേശം വർത്തമാനകാലത്തും പ്രസക്തമാണ്. വൈക്കം ക്ഷേത്രത്തിന്റെ വഴിയിലൂടെ താണജാതിക്കാർക്ക് നടക്കുന്നതിനുവേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം.  ഗാന്ധിജി ഉൾപ്പെടെയുള്ള പലരും സമരത്തിൽ ഇടപെട്ടിരുന്നു. ശ്രീനാരായണഗുരുവുൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണ് സമരം നടന്നത്. വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടൽപ്പലകയ്‌ക്കപ്പുറത്തേക്ക് യാത്രചെയ്യാൻ ജാതിശ്രേണിക്ക് പുറത്തുള്ളവരെന്നും അകറ്റിനിർത്തേണ്ടവരായും ബ്രാഹ്മണമേധാവിത്വബോധം കരുതുന്ന, ഈഴവർ, തീയർ, പുലയർ തുടങ്ങിയവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനെതിരായാണ് വൈക്കം ക്ഷേത്രപരിസരത്ത് സമരം ആരംഭിക്കപ്പെട്ടത്. അതിന്റെ ഭാഗമാകാൻ മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നുവെന്നത് ചരിത്രമാണ്. ഇരുപത് മാസം നീണ്ടുനിന്ന തീക്ഷ്‌ണമായ സമരത്തിന്റെ ഫലമായാണ് ക്ഷേത്രത്തിന് സമീപത്തെ വഴികളിൽനിന്ന്‌ തീണ്ടൽപ്പലകകൾ എടുത്തുമാറ്റപ്പെടുന്നത്. എന്നിട്ടും അതുവഴി നടക്കാൻ അവർണ വിഭാഗത്തിൽപ്പെട്ടവർ ഭയപ്പെട്ടിരുന്നു. സമരാനന്തരം വഴിനടക്കാനുള്ള അവകാശം ലഭിച്ചെങ്കിലും മന്നത്ത് പത്മനാഭൻ സംതൃപ്തനായിരുന്നില്ല. ഏതാനും മുഴം റോഡ് തുറന്നുകിട്ടാനുള്ള അവകാശത്തിനല്ല സത്യഗ്രഹം ആരംഭിച്ചതെന്നും തീണ്ടലിനെയും തൊടീലിനെയും ഈ രാജ്യത്തുനിന്ന്‌ ബഹിഷ്കരിക്കാനും പ്രാഥമിക പൗരാവകാശസമത്വമെങ്കിലും സ്ഥാപിക്കാനും വേണ്ടിയായിരുന്നു സമരമെന്നും അദ്ദേഹം എഴുതുകയുണ്ടായി. 


 

കേരള ചരിത്രത്തിലെ മറ്റൊരു പ്രധാന സമരമായ ഗുരുവായൂർ സത്യഗ്രഹത്തിന്റെ സംഘാടനത്തിന്റെ ആലോചനാ യോഗത്തിലുൾപ്പെടെ മന്നത്ത് പങ്കെടുത്തിരുന്നു. സവർണബോധത്തിന്റെ തടവറയിൽ കഴിഞ്ഞിരുന്ന സാമൂതിരി ഉൾപ്പെടെയുള്ള അധികാരികൾ ജാതിയിൽ താഴ്ന്നവർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനുള്ള നിലപാടുകളാണെടുത്തത്. കൊച്ചിയിലും തിരുവിതാംകൂറിലും അനുവദിച്ചിട്ടില്ലെന്നും അതിനാൽ ഗുരുവായൂരിലും അനുവദിക്കുകയില്ലെന്നും ഭരണാധികാരികൾ നിലപാടെടുത്തു. എന്നാൽ, ക്ഷേത്രപ്രവേശനം സാധ്യമാക്കാൻവേണ്ടി സജീവമായ പ്രവർത്തനങ്ങൾ ഗുരുവായൂരിൽ ആരംഭിക്കപ്പെട്ടിരുന്നു. അതിന്റെ പ്രധാന നേതാക്കളായിരുന്നു കെ കേളപ്പനും എ കെ ജിയും കൃഷ്ണപിള്ളയും മന്നത്ത്‌ പത്മനാഭനുമുൾപ്പെടെയുള്ളവർ. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിന്റെ പ്രചാരണാർഥം എ കെ ജിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. അതിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ പലയിടത്തും മന്നം പ്രസംഗിച്ചു.  അതിനൊപ്പം അദ്ദേഹം തന്റെ പെരുന്നയിലെ വീട്ടിൽ ജാഥാംഗങ്ങളെ പ്രത്യേകമായി സ്വീകരിക്കുകയും അവർക്കായി ഭക്ഷണമൊരുക്കുകയും ചെയ്തിരുന്നു. ചങ്ങനാശേരിയിൽ ജാഥയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ യോഗത്തിന്റെ മുഖ്യസംഘാടകനും മന്നത്ത് തന്നെയായിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ വളന്റിയർ ക്യാപ്റ്റനായിരുന്ന എ കെ ജി നയിച്ച ജാഥ വിജയിപ്പിക്കുന്നതിൽ മന്നം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഗുരുവായൂർ സമരത്തിൽ കെ കേളപ്പനും സുബ്രഹ്മണ്യം തിരുമുമ്പും എ കെ ജിയും ഉൾപ്പെടെ വടക്കൻ കേരളത്തിൽ നിന്നുള്ളവരായിരുന്നുവെങ്കിൽ മന്നത്ത് പത്മനാഭൻ തെക്കൻ കേരളത്തിൽ നിന്നായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. -

രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും മന്നത്തിന്റെ നവോത്ഥാന സമരത്തിലെ സംഭാവനകളെ ചെറുതാക്കിക്കാണുന്നതിനെ നമ്മളാരും ഇഷ്ടപ്പെടില്ല. അക്കാലത്ത് നായർ തറവാടുകളിലെ മനുഷ്യർ നമ്പൂതിരിമാരുടെ ദാസ്യവേലക്കാരെപ്പോലെയാണ് പരിഗണിക്കപ്പെട്ടത്. നമ്പൂതിരിമാരുടെ താൽപ്പര്യ സംരക്ഷണത്തിനായി ഉണ്ടാക്കിയ പലവിധ ആചാരാനുഷ്ഠാനങ്ങൾക്കൊത്താണ് നായർ വിഭാഗത്തിൽപ്പെട്ടവർ ജീവിക്കേണ്ടിവന്നത്. നായൻമാരെ ശൂദ്രൻമാരായാണ് കണ്ടിരുന്നത്. കേരളത്തിലെ ആദ്യകാല സർക്കാർ രേഖകളിൽ നായർ എന്ന പദമായിരുന്നില്ല ഉപയോഗിച്ചിരുന്നത്, മലയാള ശൂദ്രർ എന്നായിരുന്നു. ഭൃത്യപണിക്കാർ എന്നർഥമുള്ള ശൂദ്രരെന്ന പദത്താൽ തങ്ങളെ വിളിക്കരുതെന്നത് കേരളത്തിലെ നായർ സമുദായക്കാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. നീണ്ടകാലത്തിനുശേഷമാണ് പ്രസ്തുത ആവശ്യം അനുവദിക്കപ്പെട്ടത്. പേരിലും ആചാരത്തിലും മനുഷ്യർ അപമാനിക്കപ്പെടരുതെന്ന ചിന്തയാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ നയിച്ചിരുന്നത്. അത്തരത്തിലാണ് സമുദായോദ്ധാരണ പ്രവർത്തനത്തെ അവർ കണ്ടത്. അതിനെ സാമൂഹ്യമാറ്റത്തിനുള്ള ഉപാധികളിലൊന്നായും അവർ വീക്ഷിച്ചു.

ജാതിമേധാവിത്വം അടിസ്ഥാനമാക്കിയുള്ള സാമൂഹ്യതിന്മകൾ പ്രബലമായ അന്തരീക്ഷത്തിലാണ് വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ അതിനെതിരായ പ്രതികരണങ്ങൾ ഉയരുന്നത്. അവയെയെല്ലാമായി ജാതിവിവേചനത്തിനെതിരായ സമരമെന്ന ഒറ്റവാക്കിൽ വിളിക്കാറുണ്ട്. എന്നാൽ, കേവലമായി ഏതെങ്കിലും ജാതിയുടെ സാമൂഹ്യപദവിയുടെ വിഷയം മാത്രമായല്ല അതിനെ കാണേണ്ടത്.

ജാതീയമായ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനം കേവലം ജാതിനാമങ്ങൾ മാത്രമല്ലെന്ന് മനസ്സിലാക്കണം. എല്ലാ ജാതി നാമവും വർഗവിഭജിത സമൂഹത്തിൽ ചൂഷണോപാധിയാകുമെന്നത് വസ്തുതയുമാണ്. ഇന്ത്യാ ചരിത്രം ആഴത്തിൽ പരിശോധിക്കുമ്പോൾ ജാതിബന്ധിതമായ ആചാരാനുഷ്ഠാനങ്ങളിലൂടെ ജനതയെ ചൂഷണം ചെയ്യുന്നതിന്റെ ചങ്ങലക്കണ്ണികളുടെ കാഠിന്യം കാണാനാകും. അതു തകർക്കാനായി ഇന്ത്യയുടെ പലഭാഗങ്ങളിലും ശക്തമായ സമരങ്ങൾ നടക്കുകയുണ്ടായി. എന്നാൽ, കേരളത്തിൽ സമരങ്ങൾ ജാതി- ജന്മി-നാടുവാഴി മേധാവിത്വത്തിനെതിരായുള്ള ജനകീയ പോരാട്ടമായി വികസിക്കുകയുണ്ടായി. അതുതന്നെയാണ് ഇന്നുകാണുന്ന പൊതുമണ്ഡലം രൂപപ്പെടുത്തിയത്.

സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും താഴേക്കിടയിലുള്ള ജനവിഭാഗത്തിന്റെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെ ശബ്ദമായിരുന്നു അവിടങ്ങളിൽ ഉയർന്നത്. വൈക്കത്തും ഗുരുവായൂരുമെല്ലാം നടന്ന സമരങ്ങളുടെയെല്ലാം വേരുകൾ വർഗസമരത്തിന്റെ രാഷ്ട്രീയത്തിൽ തന്നെയാണ് ചേർന്നുകിടക്കുന്നത്. അതുകൊണ്ടാണ് വൈക്കം സത്യഗ്രഹസമരകാലത്ത് മന്നത്ത് പത്മനാഭൻ നയിച്ച ജാഥയിൽ വളന്റിയർമാർക്ക് വരിക വരിക സഹജരേ പതിതരില്ല മനുജരിൽ ഒരു പിതാവിലുത്ഭവിച്ച് തനയരായ നമ്മളിൽ... എന്ന് പാടാനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top