13 September Friday

കലാപകാലത്തെ കുട്ടികൾ

സാജൻ എവുജിൻUpdated: Saturday Aug 26, 2023

ലൂക്കായും വിൻസന്റും സഹോദരന്മാരാണ്‌. ആറും നാലും വീതം വയസ്സ്‌. ഏതാനും വർഷംമുമ്പ്‌ ഇവർക്ക്‌ അച്ഛനമ്മമാരെ നഷ്ടമായി. കലാപകലുഷിതമായ മണിപ്പുരിലെ കാംപോക്‌പി മലനിരകളിൽ ഡയ്‌ലി ഗ്രാമത്തിലെ സ്‌കൂൾ ഹോസ്റ്റലിലാണ്‌ ഇപ്പോൾ ഇരുവരും. മൂന്നര മാസം മുമ്പുവരെ ഇംഫാൽ താഴ്‌വരയിലെ ബാലഭവനിലായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ, കുക്കി വംശജരിലെ  കുട്ടികൾക്കും താഴ്‌വര അരക്ഷിതമായി. അതോടെ ഇരുവരെയും കാംപോക്‌പിയിലേക്ക്‌ മാറ്റി. ഇവിടെ നാഗാ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ ചേർത്തു. ഒരു ക്രൈസ്‌തവ പുരോഹിതന്റെ സംരക്ഷണത്തിലാണ്‌ ഇപ്പോൾ ഈ കുട്ടികൾ. 

അനാഥത്വവും പറിച്ചുനടലും സൃഷ്ടിച്ച വേദനകളുണ്ടെങ്കിലും മണിപ്പുരിലെ ഇന്നത്തെ സാഹചര്യത്തിൽ ഇവർ ഭാഗ്യവാന്മാരാണ്‌. ഇവർക്ക്‌ പഠനം തുടരാൻ കഴിയുന്നു. കലാപം പതിനായിരക്കണക്കിന്‌ കുട്ടികളുടെ പഠനമാണ്‌ മുടക്കിയത്‌. മണിപ്പുരിൽ  അധ്യയനവർഷം ഫെബ്രുവരിമുതൽ നവംബർവരെയാണ്‌. ഡിസംബറും ജനുവരിയും ശൈത്യകാല വാർഷിക അവധി. സാധാരണ ജൂണിലാണ്‌ അർധവാർഷിക പരീക്ഷ. ഇക്കൊല്ലം കലാപത്തെ തുടർന്ന്‌ സംസ്ഥാനമെമ്പാടും സ്‌കൂളുകൾ അടച്ചിട്ടതിനാൽ ഈ മാസമാണ്‌ അർധവാർഷിക പരീക്ഷ നടന്നത്‌. എന്നാൽ, പതിനായിരക്കണക്കിന്‌ കുട്ടികൾക്ക്‌ പരീക്ഷ എഴുതാനായില്ല. എഴുപതിനായിരത്തിൽപ്പരം പേർ അഭയാർഥി ക്യാമ്പുകളിലാണ്‌. പല സ്‌കൂളുകളും ക്യാമ്പുകളായി പ്രവർത്തിക്കുന്നു. കൂടാതെ, സംഘർഷമേഖലകളിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നു. തുറന്ന സ്‌കൂളുകളിലും കുട്ടികൾ എത്തുന്നില്ല. തൊഴിലും വരുമാനവും നഷ്ടമായ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ സ്വകാര്യ സ്‌കൂളുകളിലെ ഫീസ്‌ അടയ്‌ക്കാൻ നിവൃത്തിയില്ല. ഭക്ഷണവും വസ്‌ത്രവും അടക്കം ചോദ്യചിഹ്‌നമായി മാറിയതോടെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നത്‌ നിർത്തി.

എങ്ങും ഭീതിയുടെ അന്തരീക്ഷമാണ്‌. ‘‘ വിദ്യാഭ്യാസം പ്രധാനമാണ്‌. എന്നാൽ, അതിലേറെ പ്രധാനമാണല്ലോ ജീവൻ? ’’ കാംപോക്‌പി കെതൽമൻബി ഗവ. ഹൈസ്‌കൂളിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഹെന ചോദിക്കുന്നു. ‘‘വീടും ഗ്രാമവും നഷ്ടമായി. കുട്ടികളുടെ യൂണിഫോമും പുസ്‌തകങ്ങളും അക്രമികൾ കത്തിച്ചുകളഞ്ഞു. ആധാർകാർഡ്‌ ഉൾപ്പെടെ കത്തിപ്പോയി. സ്വന്തം രാജ്യത്ത്‌ അഭയാർഥികളായി കഴിയുകയാണ്‌ ഞങ്ങൾ. ജീവിച്ചിരിക്കുന്നതുതന്നെ സ്വപ്‌നംപോലെയാണ്‌. ഇനിയും ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്ന ഭയത്തിലാണ്‌ ഞങ്ങൾ. ഇതിനിടെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നതിനെക്കുറിച്ച്‌ ആരും ചിന്തിക്കുന്നില്ല’’–-ഹെന വിശദീകരിച്ചു.

ഹെൻബുങ്‌ ഗ്രാമത്തിലെ സ്‌കൂളിലും പരിസരത്തെ കെട്ടിടങ്ങളിലുമായി എണ്ണൂറിൽപ്പരം അഭയാർഥികൾ തങ്ങുന്നു. ഇവരിൽ ചിലരുടെ മൂന്നുനില വീട്‌ അടക്കം അക്രമികൾ ഇടിച്ചുനിരപ്പാക്കി. ഉടുവസ്‌ത്രം മാത്രമായാണ്‌ രക്ഷപ്പെട്ടത്‌. ഇപ്പോൾ രണ്ടു നേരം ഭക്ഷണം കിട്ടുന്നതുകൊണ്ട്‌ ജീവൻ നിലനിൽക്കുന്നു. കുട്ടികൾക്ക്‌ പോഷകാഹാരം കൊടുക്കാൻ കഴിയുന്നില്ല. കൃഷിപ്പണിയാണ്‌ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ജീവിതമാർഗം. സ്വന്തം ഗ്രാമങ്ങളിലേക്ക്‌ പോകാതെ ജീവിതം മുന്നോട്ടുനീക്കാനാകില്ല. അതേസമയം മലനിരകളിലെ ഗ്രാമങ്ങൾ ആക്രമണഭീഷണിയിലാണ്‌. അഭയാർഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്നത്‌ ദേശീയപാത രണ്ടിനോടു ചേർന്നുള്ള സ്ഥലങ്ങളിലാണ്‌. ഈ പ്രദേശങ്ങൾ താരതമ്യേന സുരക്ഷിതമാണ്‌. ഇവിടെ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാൻ രേഖകളോ പണമോ ഇല്ല. ചെറിയ കുട്ടികൾ അഭയാർഥി ക്യാമ്പുകളിൽ കളിച്ചുനടക്കുന്നു. സംഗതിയുടെ ഗൗരവം പിടികിട്ടിയ വലിയ കുട്ടികൾ വിഷാദത്തിലും പരിഭ്രാന്തിയിലുമാണ്. സ്‌ത്രീകളും കുട്ടികളും വയോധികരും മാത്രമാണ്‌ പൊതുവെ ക്യാമ്പുകളിൽ. യുവാക്കൾ ഗ്രാമങ്ങളിൽ കാവൽനിൽക്കുകയാണ്‌. അവർക്ക്‌ മറ്റ്‌ ജോലികൾക്ക്‌ പോകാനും കഴിയില്ല. കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്‌പുർ ജില്ലയിലും സ്ഥിതി വ്യത്യസ്‌തമല്ല. സർക്കാർ സ്‌കൂളുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. അഭയാർഥി ക്യാമ്പുകളിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക്‌ മതിയായ പരിചരണം ലഭ്യമാകാത്ത സ്ഥിതി. ശുചിത്വമൊക്കെ ആലോചിക്കാൻ കഴിയാത്ത കാര്യം. നൂറുകണക്കിനു പേർക്ക്‌ ഒന്നും രണ്ടുംമാത്രം ടോയ്‌ലറ്റുകൾ.

സംസ്ഥാനത്ത്‌ മാസങ്ങളായി ഇന്റർനെറ്റ്‌ നിരോധനം തുടരുന്നതും ജനജീവിതം താറുമാറാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ബാങ്കുകൾക്കും പോസ്റ്റ്‌ഓഫീസുകൾക്കും ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. കലാപം സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പ്രതിസന്ധിയായി വളർന്നു. അധികാരികൾ ഇതേക്കുറിച്ച്‌ ചിന്തിക്കാനോ പ്രതികരിക്കാനോ തയ്യാറാകാത്തത്‌ വൻദുരന്തം ക്ഷണിച്ചുവരുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top