24 April Wednesday

മാതൃഭാഷ: കരുതിയും കാത്തും മുന്നോട്ട്

ഡോ. ആർ ശ്രീലതാവർമUpdated: Friday May 18, 2018


സംസ്ഥാനത്തെ എല്ലാ സ്കൂ‌ളിലും ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മലയാളം പഠിപ്പിക്കണമെന്ന നിയമം സംബന്ധിച്ച് ഗവൺമെന്റ് ഏർപ്പെടുത്തിയ വ്യവസ്ഥകളെ അത്യധികം സന്തോഷത്തോടെയാണ് കേരളജനത സ്വാഗതം ചെയ്തത്. 2018 ജൂൺ ആധ്യയനവർഷംമുതൽ മലയാള പഠനം നിർബന്ധിതമാക്കാൻ വേണ്ട ക്രമീകരണങ്ങളും പദ്ധതികളും വ്യവസ്ഥ ചെയ്തു എന്നത് മാതൃഭാഷയുടെ നിലനിൽപ്പിനെയും അതിജീവനത്തെയും ചൊല്ലിയുള്ള അനവധി ആശങ്കകൾക്ക് പരിഹാരം തേടിക്കൊണ്ടുള്ള പ്രാഥമികമായ ചുവടുവയ‌്പായി കാണാം. ഇടതുപക്ഷ സർക്കാരിന്റെ ഈ തീരുമാനം ഏറ്റവും പ്രശംസനീയമാണെന്ന് ആദ്യംതന്നെ പറയട്ടെ.

വിദ്യാഭ്യാസം വ്യക്തിയുടെ ജ്ഞാനവികസനത്തിനുവേണ്ടിയാണെന്ന കാര്യത്തിൽ ആർക്കും സംശയുമുണ്ടാകാനിടയില്ല. പക്ഷേ, വ്യക്തിയിൽ തുടങ്ങി വ്യക്തിയിൽ ഒടുങ്ങുന്ന വിദ്യാഭ്യാസം സാമൂഹികവികസനമെന്ന ലക്ഷ്യത്തെ ഒരു പ്രകാരത്തിലും മുന്നോട്ടുവയ്ക്കുന്നില്ല. ഇത് ഒരർഥത്തിൽ സാമൂഹിക പുരോഗതിക്ക് വിഘാതമാകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽനിന്നാണ് നമ്മുടെ മാതൃഭാഷ പഠനചിന്തകൾക്ക് തുടക്കംകുറിക്കേണ്ടത്. ഭാഷയും സാമൂഹവും തമ്മിൽ സ്ഥൂല‐സൂക്ഷ‌്മതലങ്ങളിൽ നിരന്തരമായ ബന്ധം നിലനിൽക്കുന്നുണ്ട്. സ്ഥൂലരീതിയിൽ, ഭാഷയെ വൈയക്തികമായ ആശയവിനിമയോപാധിയായി വിവരിക്കുമ്പോൾ തന്നെ, സൂക്ഷ്മരീതിയിൽ അത് സാമൂഹിക വികസനത്തിന്റെ നിർണായക ഘടകങ്ങളിലൊന്നാണെന്ന സത്യം മറക്കാനാവില്ല.

കേരളീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് മലയാളം. സാമ്പത്തികവും മതപരവും ജാതീയവും ലിംഗപരവുമായ ഒട്ടനവധി വ്യത്യാസങ്ങൾക്കിടയിലും മലയാളജനതയെ ഒന്നിച്ചുനിർത്തുന്ന ഒരു സാംസ്കാരികമണ്ഡലമാണ് മലയാളഭാഷ. മലയാളിയെ സംബന്ധിച്ച് മതനിരപേക്ഷമായ, അടിമുടി ജനാധിപത്യപരമയ ഒരു സംസ്കാരം, അല്ല ഒരേയൊരു സംസ്കാരം‐അതാണ് മലയാളം. ഒരാൾക്ക് സ്വന്തം ഭാഷ നഷ്ടമാകുക എന്നാൽ അയാൾ കടുത്ത സാംസ്കാരികദുരന്തത്തിൽ എത്തുക എന്നാണർഥം.

മാതൃഭാഷയുടെ ശോച്യസ്ഥിതിയും അതു നേരിടുന്ന പ്രതിസന്ധികളും ഈ പ്രതിസന്ധിയുടെ കാരണങ്ങളും മറ്റും നാം ചർച്ചയ‌്ക്കെടുത്തുകഴിഞ്ഞിരിക്കുന്നു. നാട്ടുഭാഷാ വിദ്യാഭ്യാസത്തിനുവേണ്ടി പണ്ടേക്കുപണ്ടേ ശക്തമായി വാദിച്ചിട്ടുള്ളവരാണ് നമ്മുടെ ഭാഷാധ്യാപകരും പണ്ഡിതരും. മാതൃഭാഷയുടെ സംരക്ഷണത്തിനായി ഇപ്പോൾ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതികൾ, മാതൃഭാഷയുടെ വീണ്ടെടുപ്പും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടുള്ളവയാണെന്ന് വ്യക്തം. കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഈ നിയമം ബാധകമാകുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതനുസരിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാർക്കും മലയാളത്തെ ഒഴിവാക്കാൻ കഴിയില്ല. നിയമത്തിനു വിധേയമായി പ്രവർത്തിക്കാത്തപക്ഷം സ്കൂളിന്റെ നിരാക്ഷേപ പത്രം റദ്ദാക്കൽ, മാതൃഭാഷ പഠിപ്പിക്കാത്തപക്ഷം പ്രധാനാധ്യാപകരിൽനിന്ന് പിഴ ഈടാക്കൽ തുടങ്ങിയ കർക്കശ നടപടികൾ വ്യവസ്ഥ ചെയ്തതിലൂടെ മാതൃഭാഷാ സംരക്ഷണത്തിൽ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. പത്താം ക്ലാസിൽ ഉയർന്ന വിജയം കൈവരിക്കുന്നവർക്ക് തുടർന്ന് രണ്ടുവർഷം മലയാളം പഠിക്കാൻ സ്കോളർഷിപ‌് ഏർപ്പെടുത്തുമെന്നുള്ള തീരുമാനം മാതൃഭാഷാ പഠന നിയമത്തിന്റെ ഗൗരവത്തെ ഉയർത്തിപ്പിടിക്കുന്നു. ഭാഷാന്യൂനപക്ഷ സ്കൂളുകളിലും ഓറിയന്റൽ സ്കൂളുകളിലും നിലവിലുള്ള പാഠ്യപദ്ധതിയിൽ മലയാള ഭാഷാപഠനംകൂടി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയും സമാനമായ രീതിയിൽ പ്രാധാന്യമർഹിക്കുന്നു.

പല തലങ്ങളിലായി വിദ്യാർഥികളുടെ അഭിരുചികൾ പരീക്ഷിച്ചറിയാനുള്ള അവസരങ്ങളും ഭാഷ‐സാഹിത്യരംഗത്തെ സർഗാത്മകത മുൻനിർത്തി മികവുകൾ തെളിയിക്കാനുള്ള അവസരങ്ങളും ഉണ്ടാകണം. ഭാഷ‐സാഹിത്യ പാരമ്പര്യങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കാനും പിന്തുടരാനും കഴിവുനൽകുന്ന തരത്തിലുള്ള പരിചയപ്പെടുത്തലുകളും അന്വേഷണങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാകണം. മത്സരപരീക്ഷകൾ ഉദ്യോഗാർഥികൾക്ക് മാതൃഭാഷയിൽ എഴുതാൻ കഴിയണം. മാതൃഭാഷാപരിചയം, മാതൃഭാഷാ പരിജ്ഞാനം ‐ ഇവയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവ സംവിധാനം ചെയ്യാനും കഴിയണം.

2017 ജൂൺ ഒന്നിന് ഗവർണർ അംഗീകരിച്ച മലയാള ഭാഷാനിയമത്തിന്, ഒരുവർഷക്കാലത്തിനുള്ളിൽ വ്യക്തമായ ചട്ടങ്ങൾ രൂപപ്പെടുത്തി നിയമസഭാ ബജറ്റ് കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കാനും ഈ അധ്യയനവർഷത്തിൽത്തന്നെ പ്രാബല്യത്തിൽ വരുത്താനും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിന് കഴിഞ്ഞിരിക്കുന്നു എന്നത് അത്യന്തം പ്രശംസനീയമാണ്.

മാതൃഭാഷാസംരക്ഷണത്തെ സംബന്ധിച്ചുള്ള വിശാലവും ജനാധിപത്യപരവുമായ ഈ നിയമം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ മലയാളിക്കുമുണ്ട്. സ്വന്തം ഭാഷയെ നെഞ്ചോടുചേർത്ത് കരുതിയുംകാത്തും നമുക്ക് മുന്നേറാം.

പ്രധാന വാർത്തകൾ
 Top