29 July Thursday

സർവകലാശാലകൾക്കെതിരെ കുപ്രചാരണം - കെ വി ശശി എഴുതുന്നു

കെ വി ശശിUpdated: Tuesday Jun 22, 2021

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ശാസ്ത്രീയവും പൂർണവുമായി പാലിച്ചും യുജിസി–-2018 ചട്ടങ്ങൾ അനുസരിച്ചുകൊണ്ടുമാണ് മലയാള സർവകലാശാല 2021 ജൂണിൽ അധ്യാപക നിയമനങ്ങൾ നടത്തിയത്. ഒരു പ്രൊഫസർ, മൂന്ന് അസോസിയറ്റ് പ്രൊഫസർ, മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെ ആകെ ഏഴ് അധ്യാപകരെ നിയമിച്ചു. സംവരണ ഊഴവും ബാക്‌ലോഗും സൂക്ഷ്മമായി പാലിച്ചും സ്റ്റാറ്റ്യൂട്ടറി സമിതികളുടെ ഉപദേശനിർദേശങ്ങൾ അനുസരിച്ചും നടത്തിയ നിയമനത്തിന്റെ വിശദവിവരങ്ങളും യുജിസി നിർദേശിക്കുന്ന റോസ്റ്ററും  സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇവ ആർക്കും പരിശോധിക്കാനാകുംവിധം സുതാര്യമാണ്. വസ്തുതകൾ ഇത്ര സുതാര്യവുമായിരിക്കെ സംവരണലംഘനം നടക്കുന്നുവെന്ന് ചില പത്രങ്ങളും നിയമനം ലഭിക്കാതെപോയ ഒന്നുരണ്ട് ഉദ്യോഗാർഥികളും ആരോപിക്കുന്നു. സർവകലാശാലയ്‌ക്കെതിരെ പൊതുവെയും സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായും അധിക്ഷേപങ്ങൾ ഉന്നയിക്കുന്നു.

സാഹിത്യരചന അസോസിയറ്റ് പ്രൊഫസർ, സോഷ്യോളജി അസോസിയറ്റ് പ്രൊഫസർ, തദ്ദേശവികസനം അസോസിയറ്റ് പ്രൊഫസർ, എഴുത്തച്ഛൻ പഠനാലയം പ്രൊഫസർ എന്നീ തസ്തികകളിൽ ആരോപണമുന്നയിച്ച ഒരാൾതന്നെ അപേക്ഷിച്ചു. ഈ മൂന്നു തസ്തികയുടെയും അടിസ്ഥാനയോഗ്യതകൾ വ്യത്യസ്തങ്ങളാണ്. ഇവ മൂന്നിലും അപേക്ഷിക്കാൻ വേണ്ട യോഗ്യത  അപേക്ഷിച്ച ഉദ്യോഗാർഥിക്കുണ്ടോ. എംഎ മലയാളം അതിൽ പിഎച്ച്ഡിയും നെറ്റും എട്ടുവർഷത്തിൽ കുറയാത്ത അധ്യാപനപരിചയവും എന്നിവയാണ് അടിസ്ഥാനയോഗ്യത.

ചലച്ചിത്രപഠനം, അത് ഒരു അന്തർ വൈജ്ഞാനിക പഠനപദ്ധതിയാണ്. അവിടെ ചലച്ചിത്രപഠനത്തിൽ ഗവേഷണബിരുദമുള്ളയാൾ തന്നെയാണ് യോഗ്യത

എഴുത്തച്ഛൻ പഠനാലയം പ്രൊഫസർ തസ്തികയിലാകട്ടെ മലയാളത്തിൽ പിഎച്ച്ഡിക്കുപുറമെ പത്തുവർഷത്തെ അധ്യാപനപരിചയം, ഗവേഷണത്തിൽ മേൽനോട്ടം വഹിച്ചപരിചയം, സ്വന്തം മേൽനോട്ടത്തിൽ സമർപ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ ഇതേ വിഷയത്തിൽ മൗലികപഠനങ്ങൾ എന്നിവ യുജിസി നിർദേശിക്കുന്നു. മലയാളത്തിൽ പിഎച്ച്ഡി ഇല്ലെന്ന്‌ ഉദ്യോഗാർഥിതന്നെ പറഞ്ഞിരിക്കെ മറ്റ് യോഗ്യതകളുടെ കാര്യം പറയേണ്ടതുണ്ടോ. യുജിസി യോഗ്യതയില്ല. സോഷ്യോളജിയിൽ മാത്രമാണ് ഇവർക്ക് എംഎയും പിഎച്ച്ഡിയുമുള്ളത്. സോഷ്യോളജിയിൽ അസോസിയറ്റ് പ്രൊഫസറാകാൻ അതേ വിഷയത്തിൽ എട്ടു വർഷത്തിൽ കുറയാത്ത അധ്യാപനപരിചയം നിർബന്ധം. അതുകൊണ്ട് അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രാഥമികയോഗ്യതപോലും ഇതിലും ഇല്ല. ഇവർ അവകാശപ്പെടുന്ന സ്ഥാപനം ഗവേഷണ സ്ഥാപനമായി കേരളത്തിലെ ഒരു സർവകലാശാലയും അംഗീകരിച്ചിട്ടില്ല. ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാല ഗവേഷണസ്ഥാപനമായി അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിന് മാത്രമേ യുജിസി വ്യവസ്ഥയിൽ വരികയുള്ളൂ. കിർത്താട്സ് ഇങ്ങനെ ഗവേഷണസ്ഥാപനമായി ഇന്നുവരെ അംഗീകരിച്ചിട്ടില്ല. അംഗീകാരത്തിന് കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നൽകിയ അപേക്ഷയാകട്ടെ ഗവേഷണസ്ഥാപനത്തിനു വേണ്ട അടിസ്ഥാനസൗകര്യങ്ങൾപോലും നിലവിലില്ല എന്നതിനാൽ തള്ളുകയും ചെയ്തിരുന്നു. സോഷ്യോളജിയിൽ ജനറൽ സീറ്റിൽ നിയമിക്കപ്പെട്ടിരിക്കുന്നത് ഒരു ദളിത് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥിയാണ്; യഥാർഥ അക്കാദമിക പണ്ഡിതൻ.  അയാളുടെ യോഗ്യതയോ കേരളത്തിന് പുറത്ത് ഒരു പ്രസിദ്ധ സർവകലാശാലയിൽ പത്തു വർഷത്തിലധികം അസിസ്റ്റന്റ് പ്രൊഫസർ. ഇത് എങ്ങനെ സഹിക്കും? ഇതാണ് കാര്യം. ഇത്രയേ ഉള്ളൂ. പിന്നെ ചലച്ചിത്രപഠനം, അത് ഒരു അന്തർ വൈജ്ഞാനിക പഠനപദ്ധതിയാണ്. അവിടെ ചലച്ചിത്രപഠനത്തിൽ ഗവേഷണബിരുദമുള്ളയാൾ തന്നെയാണ് യോഗ്യത. ഇഡബ്ല്യുഎസ്/ഓപ്പൺ വിഭാഗത്തിന് സംവരണംചെയ്ത തസ്തികയും.  

സർക്കാർ ജോലിയിൽ തുടരുന്ന ഒരാൾ കേരള ഗവർണർ നിയമിച്ച ഒരു ഉദ്യോഗസ്ഥനെതിരെ അയാൾ സ്ഥാപനത്തിന്റെ  താൽപ്പര്യാർഥം നിർവഹിച്ച ജോലിയുടെ പേരിൽ വ്യക്തിപരമായും കുടുംബപരമായും ജാതി വിളിച്ചും അശ്ലീലപദങ്ങൾ ചൊരിഞ്ഞും ഫെയ്സ്ബുക് അടക്കമുള്ള നവമാധ്യമങ്ങളിൽ അപമാനിക്കുന്നത് കേരളത്തിൽ പുതിയ ചരിത്രമായിരിക്കും. സോഷ്യോളജിയിലെ ഓപ്പൺ തസ്തികയിൽ പട്ടികജാതി അംഗമായ ഒരാൾ നിയമിക്കപ്പെട്ടതാണ് ഈ സംവരണ വിരുദ്ധലോബിയെ പ്രകോപിപ്പിച്ചിരിക്കുന്ന യഥാർഥ കാരണം.

സംവരണ ഊഴപ്രകാരം ഇരുപത്തൊമ്പതാമത് വരുന്ന ചലച്ചിത്ര പഠന സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക പട്ടികജാതി സംവരണമാണ് എന്ന നുണ ആവർത്തിച്ച്, സംവരണാനുകൂലവികാരത്തിന്റെ മറ സൃഷ്ടിച്ച് കടുത്ത ജാതിവിദ്വേഷം പരത്തുകയാണ് ഇവരുടെ മറ്റൊരു തന്ത്രം. സംവരണ ഊഴപ്രകാരം 29–-ാമത് ടേണിൽ ആണ് ചലച്ചിത്രപഠന സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക വരിക. മുമ്പ്‌ രണ്ട് ഘട്ടത്തിലായി 2013ലും  2017ലുമായി 26 ടേൺ വരെ നിയമനം നടന്നു. അടുത്തത് 27, 28, 29 ടേണുകൾ ആണ് നികത്തേണ്ടിയിരുന്നത്. നിയമനത്തിൽ 2:1 അനുപാതം പാലിക്കുകയും വേണം. 2018 ലെ യുജിസി റെഗുലേഷനും സംവരണചട്ടങ്ങളും റോസ്റ്ററും മെറിറ്റും സംവരണ അനുപാതവും  മനസ്സിലാക്കിയാൽ മേൽപ്പറഞ്ഞ വസ്തുതകൾ തികച്ചും നിയമപ്രകാരം ആണെന്ന് ഏവർക്കും ബോധ്യമാകും. 2018ലെ യുജിസി റെഗുലേഷൻ പ്രകാരം എപിഐ സ്കോർ അഭിമുഖപരീക്ഷയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ മാത്രമാണ് പരിഗണിക്കേണ്ടത്. അഭിമുഖ പരീക്ഷയിൽ ഉദ്യോഗാർഥിയുടെ പ്രകടനത്തിന് ലഭിക്കുന്ന മാർക്ക് മാത്രമാണ് തെരഞ്ഞെടുപ്പിന് മാനദണ്ഡം. വൈസ് ചാൻസലറെയും കുടുംബത്തെയും വ്യക്തിപരമായി അസഭ്യപദങ്ങൾകൊണ്ട്  ആക്ഷേപിക്കുന്ന ഉദ്യോഗാർഥികൾ മറ്റെന്തെല്ലാം യോഗ്യതകളാൽ സമ്പന്നരാണെങ്കിലും അധ്യാപകരാകാനുള്ള അവരുടെ അയോഗ്യത തന്നെയാണ് വെളിപ്പെടുത്തുന്നത്.

"ചാത്തൻ പോയി പൂട്ടട്ടെ' എന്നും "തമ്പ്രാനെന്നു വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും' എന്നുമുള്ള ജാതിബോധം ഇവർ ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നു. അത്‌ അക്കാദമിക സമൂഹത്തിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നു

സ്വതന്ത്രമായ ആശയപ്രകടനത്തിന്റെ മാതൃകാ സ്ഥാപനങ്ങളായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള സർവകലാശാലകൾ സ്വജനപക്ഷപാതത്തിന്റെ ഇടങ്ങളാണെന്നും അവിടത്തെ അധ്യാപ–- അനധ്യാപക ജീവനക്കാരെല്ലാം അഴിമതിയിലൂടെ നിയമിക്കപ്പെട്ടവരാണെന്നുമുള്ള പ്രചാരണം ഇതാദ്യമല്ല. കലിക്കറ്റ്, കാലടി, കേരള സർവകലാശാലകൾക്കെതിരെ മാസങ്ങളായി നടക്കുന്ന വിഷലിപ്തങ്ങളായ പ്രചാരണങ്ങൾ ഇത്തരം ഹിന്ദുത്വ പരിവാര വലതുപക്ഷ അജൻഡയുടെ ഭാഗമാണ്. വിമോചനസമരകാലത്തിന്റെ ജാതി–-മതഭൂതങ്ങൾ ഇവരിലൂടെ പുനർജനിച്ചിരിക്കുന്നു. "ചാത്തൻ പോയി പൂട്ടട്ടെ' എന്നും "തമ്പ്രാനെന്നു വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും' എന്നുമുള്ള ജാതിബോധം ഇവർ ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നു. അത്‌ അക്കാദമിക സമൂഹത്തിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നു. അതുകൊണ്ട്, കേരളം ഇവരാഗ്രഹിക്കുന്ന, "അനുസരണകളുടെ ആ പഴയ സുവർണകാല'ത്തിലേക്ക് മടങ്ങിപ്പോകരുതെന്ന് മതനിരപേക്ഷകേരളം ആഗ്രഹിക്കുന്നു. സമൂഹത്തെ പുനഃസംഘടിപ്പിച്ച് ജനായത്തവൽക്കരിക്കുന്ന ആശയനിർമാണ പ്രവർത്തനങ്ങളിലൂടെയാണ് മാധ്യമങ്ങളും അധ്യാപകരും ഭരണഘടനാ ധർമം നിറവേറ്റുന്നതും ഉന്നത ജനായത്തസ്ഥാപനങ്ങളാകുന്നതും. മറ്റ് ആരോപണങ്ങൾ ഉന്നയിക്കാനാകാത്തതുകൊണ്ടും സംവരണ പ്രശ്നമുന്നയിച്ചാൽ മറ്റെല്ലാം മായ്ച്ചുകളയാമെന്നു കരുതിയും മലയാള സർവകലാശാലയ്‌ക്കെതിരെ ഇന്നത്തെ സംവരണവിരുദ്ധ ലോബി പഴയ മണ്ഡൽവിരുദ്ധരുടെ പിൻഗാമികൾ ഒരു  പടനയിക്കുകയാണ്.

മലയാള സർവകലാശാല നടത്തിയ നിയമനത്തെക്കുറിച്ച് രണ്ട് സന്ദർഭത്തിലായി രണ്ട് വിധം ആരോപണം ഉയർന്നുവന്നു.  റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‌ ആഴ്ചകൾ മുമ്പ് രണ്ട് ചാനലിൽ വന്ന വാർത്തകളാണ് ഇതിൽ ആദ്യത്തേത്. ഒന്ന് സ്വകാര്യ യുടൂബ് ചാനലും രണ്ട് ജനം ടിവി യോഗ്യതക്കാരനെ തള്ളി സ്വകാര്യ മാനേജ്മെന്റ് കോളേജ് ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവിന്റെ ഭർത്താവിന് കൊടുക്കാൻ ശ്രമം എന്നായിരുന്നു അവ രണ്ടിലും ഒരുപോലെ ആരോപിച്ചത്. രണ്ടുവാർത്തയ്‌ക്കും ഒരേമുഖം. മുൻകൂർ തയ്യാറാക്കിയ പ്രോജക്ട്. റാങ്ക് പട്ടിക വന്നതോടെ രണ്ടും ചാപിള്ളകളായി. മാത്രമല്ല, ഈ രണ്ട് വാർത്തയും അവതരിപ്പിച്ചവർ സർവകലാശാലാ കോളേജ് അധ്യാപക നിയമനത്തിന്റെ യോഗ്യതകളെക്കുറിച്ചുള്ള പ്രാഥമിക വിവരമോ അതറിയാനുള്ള ബുദ്ധിപരമായ പക്വതയോ പുലർത്തിയിരുന്നില്ല.

ആരോപണങ്ങളുടെ രണ്ടാം വരവ് നിയമന ശേഷമാണ്. മത രാഷ്ട്രവാദികളായ രണ്ടുപത്രവും പരിവാരസേവയ്‌ക്ക് മത്സരിക്കുന്ന ഒരു ചാനലുമാണ് രണ്ടാം വരവിന്റെ വേദി. ‘സംവരണ അട്ടിമറി’തന്നെ ഇവർ കണ്ടുപിടിച്ചുകളഞ്ഞു. ആദ്യപരാജയത്തിൽനിന്ന്‌ പഠിച്ച പാഠം. സംവരണത്തിന്റെ യുദ്ധമൂല്യം അവർ ഉപയോഗിക്കുന്നതങ്ങനെയാണ്. സൂക്ഷിച്ചുനോക്കിയാൽ, ഈ പ്രകടനങ്ങളുടെയെല്ലാം രീതി  ഒന്നുതന്നെ. യുക്തി പൂർണമായും കൈയൊഴിഞ്ഞ് അതിവൈകാരികതയുടെ ഇളകിയാട്ടങ്ങളും നുണപ്രളയങ്ങളുംകൊണ്ട് ചരിത്രത്തെ മൂടുക എന്നത് ഇവർ അനുവർത്തിക്കുന്ന രീതിയാണ്. ഇന്ത്യയെമ്പാടും സംഘപരിവാർ ഉൾപ്പെടെയുള്ള മതരാഷ്ട്രവാദികൾ ഇവിടെമാത്രം കൈകോർക്കുന്നു എന്ന് മറക്കാതിരിക്കുക. മറവി ഫാസിസത്തിന്റെ ആയുധപ്പുരയാണ്.

(മലയാള സർവകലാശാലാ അധ്യാപക സംഘടനാ(മാസ്)സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top