26 September Saturday

ശ്രീലങ്ക വീണ്ടും രജപക്ഷത്ത് - ഡോ. ജോസഫ്‌ ആന്റണി എഴുതുന്നു

ഡോ. ജോസഫ്‌ ആന്റണിUpdated: Tuesday Aug 11, 2020


ശ്രീലങ്കയുടെ ഭരണം ഒരിക്കൽക്കൂടി രജപക്‌സകുടുംബത്തിലേക്ക്. രജപക്സയുടെ പാർടിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിഎഫ്‌) ആവശ്യപ്പെട്ടതുപോലെ മൂന്നിൽരണ്ട്‌ ഭൂരിപക്ഷംതന്നെ വോട്ടർമാർ അവർക്കു നൽകി. ആനുപാതിക പ്രാതിനിധ്യപ്രകാരംനടന്ന തെരഞ്ഞെടുപ്പിൽ രജപക്സയുടെ പാർടിക്ക് തനിച്ചുലഭിച്ച 145സീറ്റും സഖ്യകക്ഷികൾക്കുള്ള സീറ്റും കൂടിയാകുമ്പോൾ, രജപക്സമാർ ആഗ്രഹിച്ചതുപോലെ ഭരണഘടനയുടെ 19-–-ാം അനുച്ഛേദം ഭേദഗതിചെയ്ത് പ്രസിഡന്റിന് കൂടുതൽ അധികാരം നൽകാനാകും. ഇതോടെ, അനുജൻ ഗോട്ടബയ രജപക്സ പ്രസിഡന്റായി ഭരിക്കുന്ന രാജ്യത്ത്, ജ്യേഷ്ഠനും പാർടിയുടെ നേതാവുമായ മഹിന്ദ രജപക്സ പ്രധാനമന്ത്രിയാകും. അനുജൻ ബേസിലും മകൻ ചമലും മന്ത്രിമാരാകും. ജയിച്ചവരുടെ കൂട്ടത്തിൽ രജപക്സ കുടുംബക്കാർ വേറെയുമുണ്ട്. കോവിഡ് കാലത്ത്, രണ്ടേകാൽക്കോടി ജനങ്ങളുള്ള പാർലമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ, രജിസ്റ്റർചെയ്ത പതിനാറുദശലക്ഷം വോട്ടർമാരുടെ 71 ശതമാനം തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിൽ അറുപതുശതമാനത്തോളം പേർ രജപക്സയുടെ പാർടിക്കാണ് വോട്ടുചെയ്തത്.

അഞ്ചുവർഷത്തെ ഭരണപരാജയത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയത് റനിൽ വിക്രമസിൻഹെ നയിക്കുന്ന യുണൈറ്റഡ് നാഷണൽ പാർടി(യുഎൻപി)യാണ്. കഴിഞ്ഞ പാർലമെന്റിൽ 106 സീറ്റുണ്ടായിരുന്ന  ശ്രീലങ്കയിലെ ഏറ്റവും പഴക്കമുള്ള  പാർടിയായ യുഎൻപിയുടെ നേതാവായ റനിൽ തോറ്റുവെന്നുമാത്രമല്ല, പുതിയ പാർലമെന്റിൽ അവർക്ക്‌ ഒരംഗം മാത്രമാണുണ്ടാകുക. യുഎൻപിയിൽനിന്ന്‌ വിട്ടുപോയ  മുൻപ്രസിഡന്റായ പ്രേമദാസയുടെ മകനും ഗോട്ടബയ രജപക്സയുടെ എതിർസ്ഥാനാർഥിയുമായിരുന്ന സജിത്ത് പ്രേമദാസയുടെ സമാഗി ജന ബലവേഗയാ (എസ്ജെബി) മുന്നണി  54 സീറ്റോടെ മുഖ്യപ്രതിപക്ഷമായി.


 

ഏറ്റവും ശക്തമായ ന്യൂനപക്ഷവിഭാഗമായ തമിഴ്‌‌വംശജരുടെ നിരാശയും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.  തമിഴ്ജനവിഭാഗത്തിന്റെ ആശങ്കകൾ ദൂരീകരിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ രംഗത്തുവന്ന സിരിസേനയ്ക്ക് തമിഴ്ജനവിഭാഗവും തമിഴ്‌വംശജരുടെ രാഷ്ട്രീയകക്ഷികളുടെ കൂട്ടായ്മയായ  തമിഴ്ദേശീയസഖ്യവും (ടിഎൻഎ) പൂർണപിന്തുണ നൽകിയിരുന്നു. 2019 പ്രസിഡന്റ്തെരഞ്ഞെടുപ്പിലും അവർ ഗോട്ടബയ രജപക്സയ്ക്കെതിരായാണ് വോട്ടുചെയ്തത്. സിരിസേന–-വിക്രമസിൻഹെ കൂട്ടുകക്ഷി ഗവൺമെന്റിൽനിന്ന്‌ തമിഴ്ജനതയ്ക്ക് അനുകൂലമായി ഒന്നും നേടാനാകാത്ത ടിഎൻഎയിൽനിന്ന്‌  ഈളം പീപ്പിൾസ് ഡെമോക്രാറ്റിക് പാർടി രജപക്സയുടെ മുന്നണിയിലേക്കു പോയതോടെ കഴിഞ്ഞതവണ 16 സീറ്റുണ്ടായിരുന്ന ടിഎൻഎ പത്തു സീറ്റിലൊതുങ്ങി.

രജപക്സമാരുടെ അടിച്ചമർത്തലും അഴിമതിയും സ്വേച്ഛാധിപത്യവും സഹിക്കാനാകാതെയാണ് 2015ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പത്തുവർഷം അധികാരത്തിലിരുന്ന മഹിന്ദ രജപക്സയെ തൂത്തെറിഞ്ഞുകൊണ്ട് ശ്രീലങ്ക, സിരിസേനയെ വിജയിപ്പിച്ചത്. തുടർന്ന്,  യുഎൻപി നേതാവ് റനിൽ വിക്രമസിൻഹെ പ്രധാനമന്ത്രിയായുള്ള കൂട്ടുകക്ഷി സർക്കാരും നിലവിൽവന്നു. പക്ഷേ, അധികം കഴിയുംമുമ്പുതന്നെ കൂട്ടുകക്ഷിമന്ത്രിസഭയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. സർക്കാരിൽനിന്ന്‌ ജനങ്ങൾ അകലാൻ തുടങ്ങിയതിന്റെ ശക്തമായസൂചനകൾ, 2018 ഫെബ്രുവരിയിലെ പ്രാദേശികതെരഞ്ഞെടുപ്പിൽ, പുതുതായി രജപക്സ രൂപീകരിച്ച എസ്എൽപിപിക്ക്‌  വൻഭൂരിപക്ഷം നൽകി വ്യക്തമാക്കി. 2019 ഈസ്റ്റർദിനത്തിൽ കൊളംബോയിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തിൽ 269പേർക്ക് ജീവൻനഷ്ടപ്പെട്ടതോടെ ജനങ്ങൾ സർക്കാരിനെ പൂർണമായും കൈവിട്ടു. അതിന്റെ തെളിവായിരുന്നു 2019 നവംബറിലെ  പ്രസിഡന്റ്തെരഞ്ഞെടുപ്പിലുണ്ടായ ഗോട്ടബയ രജപക്സയുടെ വിജയം. അതോടെ ശ്രീലങ്ക വീണ്ടും രജപക്സമാരുടെ കൈപ്പിടിയിലൊതുങ്ങാനാരംഭിച്ചു.

റനിൽ  വിക്രമസിൻഹെയുടെ യുണൈറ്റഡ് നാഷണൽ പാർടി (യുഎൻപി)യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിമന്ത്രിസഭ 2019 നവംബറിൽ രാജിവച്ചതിനുശേഷം ശ്രീലങ്ക പൊതുജന പെരമുനയുടെ നേതാവായ മഹിന്ദ രജപക്സ പ്രധാനമന്ത്രിയായി അധികാരത്തിലേറി. കാലാവധിതീരാൻ ആറുമാസംകൂടിയുള്ളപ്പോഴാണ് പാർലമെന്റ് പിരിച്ചുവിട്ട്, ഏപ്രിൽ 25ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷപാർടികളുടെ അഭിപ്രായത്തിന് ഭരണകൂടം ചെവികൊടുത്തതേയില്ല. ജൂൺ 2ന്  സുപ്രീംകോടതിയും പ്രതിപക്ഷകക്ഷികളും നൽകിയ പരാതികൾ തള്ളിയതിനുശേഷം ആഗസ്ത്‌ അഞ്ചിന്, 225 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് രജപക്സമാർ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്.


 

എഴുപതുശതമാനംവരുന്ന സിംഹളവിഭാഗത്തിനിടയിൽ തമിഴ്പ്രശ്നവും  ഭീകരാക്രമണവും ഉയർത്തിക്കാട്ടി  തീവ്രദേശീയവികാരം ആളിക്കത്തിക്കുന്നതിൽ രജപക്സമാർ മുന്നിലാണ്. നവംബറിലെ  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതബയ രാജപക്സ, ജനങ്ങളുടെ സുരക്ഷാഭീതി മുതലെടുത്ത് രാജ്യത്തെയൊട്ടാകെ സൈനികവൽക്കരിക്കാനാരംഭിച്ചിരിക്കുകയാണ്. പത്ത് സൈനികരെയും ഉന്നതരായ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെയും മാത്രമുൾപ്പെടുത്തി രൂപീകരിച്ച "പ്രസിഡന്റിന്റെ കർമസേന' ഈ ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ശക്തമായ സൂചനയാണ്. പതിമൂന്നംഗസമിതിയുടെ അധ്യക്ഷനായ മേജർജനറൽ കമൽ ഗുണരത്നെയും മറ്റൊരംഗമായ മേജർജനറൽ ശവേന്ദ്ര സിൽവയും 2009ൽ നടന്ന യുദ്ധത്തിൽ വ്യാപകമായ  മനുഷ്യാവകാശലംഘനങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നവരാണ്.

ജനാധിപത്യാവകാശങ്ങൾ കവർന്നെടുക്കാനും പൗരസമൂഹത്തെ  ഭയപ്പെടുത്താനും ഉദ്ദേശിച്ചുള്ള കർമസേനയുടെ രൂപീകരണം പിൻവലിക്കണമെന്ന് പൗരാവകാശസംഘടനകൾ  ആവശ്യമുന്നയിച്ചുകഴിഞ്ഞു. പ്രസിഡന്റിനോടുമാത്രം മറുപടിപറയേണ്ട കർമസമിതി പാർലമെന്റിനും ജുഡീഷ്യറിക്കും പ്രധാനമന്ത്രിക്കുംമേലാണ് നിലകൊള്ളുന്നത്. ഭരണത്തെ സൈനികവൽക്കരിക്കുന്നതിന്റെ ഉദാഹരണമാണിത്. ലെഫ്റ്റനന്റ്ജനറലായി വിരമിച്ച മുൻപ്രതിരോധ സെക്രട്ടറികൂടിയായ,തെരഞ്ഞെടുപ്പിനുമുമ്പുമാത്രം അമേരിക്കൻപൗരത്വം ഉപേക്ഷിച്ച, ഗോട്ടബയയുടെകീഴിൽ ഈ പ്രവണത കൂടുതൽ ശക്തിപ്പെടാനാണ് സാധ്യത. ഭരണകൂടഭീകരതയ്ക്കെതിരെ പൊരുതുന്ന ശ്രീലങ്കക്കാരായ പ്രവാസി പത്രപ്രവർത്തകരുടെ പത്രമായ ‘കൊളംബോ ടെലഗ്രാഫ്’ പറയുന്നത്, റിപ്പബ്ലിക്കൻ ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി, പ്രസിഡന്റ്, പൊതുഭരണസംവിധാനത്തെ സൈന്യത്തിന്റെ കീഴിലാക്കിയിരിക്കുന്നുവെന്നാണ്. ഭരണകൂടത്തെ സൈനികവൽക്കരിക്കുന്നതും ഭൂരിപക്ഷ വർഗീയതയിലടിയുറച്ച  ഈ ദിശയിലുള്ള നീക്കങ്ങൾ ശക്തമാകുകതന്നെചെയ്യും.

ഒരിക്കൽക്കൂടി ശ്രീലങ്ക രജപക്സയുടെ കുടുംബാധിപത്യത്തിലേക്ക്‌ നീങ്ങുകയാണ്. അനുജൻ ഗോട്ടബയ പ്രസിഡന്റ്, ജ്യേഷ്ഠനും പാർടിയുടെ സമുന്നത നേതാവുമായ മഹിന്ദ, പ്രധാനമന്ത്രി, മകൻ ചമലും മഹിന്ദയുടെ സഹോദരനും പാർടിയുടെ മറ്റൊരു നേതാവുമായ ബേസിലും ഭരണത്തിന്റെ  ഭാഗമാകും. മുൻകാല അനുഭവങ്ങൾ രജപക്സയുടെ ഭരണത്തെക്കുറിച്ച്  നല്ല ഓർമകളല്ല ജനങ്ങൾക്ക് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ എന്താണ് അവരുടെ സഞ്ചാരപഥമെന്ന് ആശങ്കയോടെയാണ് ജനാധിപത്യവിശ്വാസികളായ ശ്രീലങ്കക്കാരും  പുറത്തുള്ളവരും ഉറ്റുനോക്കുന്നത്. 


 

ആദ്യ തദ്ദേശീയ ഉപഗ്രഹം "രാവൺ 1'
ഇന്ത്യയിൽ രാമക്ഷേത്ര നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയ ദിവസമാണ്, രാവണരാജ്യമായ ശ്രീലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പുനടന്നത്. എന്നുമാത്രമല്ല, ഈ തെരഞ്ഞെടുപ്പുകാലത്ത് അവർ തദ്ദേശീയമായി നിർമിച്ച് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹത്തിന് "രാവൺ 1' എന്നാണ് പേരുനൽകിയത്. കാര്യങ്ങൾ അവിടെയും തീരുന്നില്ല, ജൂലൈ 20ന് ശ്രീലങ്കൻ വ്യോമയാനമന്ത്രാലയം പത്രപരസ്യംനൽകിയത് രാവണന്റെ വിമാനയാത്രയെക്കുറിച്ചുള്ള ഗവേഷണം ആരംഭിക്കുന്നതായാണ്. ലങ്കയിലെ മഹാനായ രാജാവും ലോകത്ത് ആദ്യമായി ആകാശമാർഗത്തിലൂടെ സഞ്ചരിച്ച വ്യക്തിയുമായാണ് അവർ രാവണനെ വിലയിരുത്തുന്നത്. ഇന്ത്യ, അയോധ്യയിൽ രാമക്ഷേത്രം പണിയുമ്പോൾ, ശ്രീലങ്ക രാവണന്റെ ആകാശയാത്രയുടെ ശാസ്ത്രം അന്വേഷിക്കുകയാണ്. രാവണരാജ്യത്തിന്റെ  ഭരണം ജനാധിപത്യപ്രക്രിയയിലൂടെ  രജപക്സ കുടുംബത്തിൽ വീണ്ടുമെത്തുമ്പോൾ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിലെ ജനങ്ങൾക്ക് സാമൂഹ്യനീതിയും സുരക്ഷയും സമാധാനവും ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്തമാണ് അവരിലേക്കെത്തുന്നത്.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top