31 March Friday

ഗാന്ധി മരിക്കില്ല; ഡോ. കെ എൻ ഗണേശ്‌ എഴുതുന്നു

ഡോ. കെ എൻ ഗണേശ്‌Updated: Monday Jan 30, 2023

​ഗാന്ധിജി വധിക്കപ്പെട്ടിട്ട് 75 വർഷം തികയുകയാണ്. കരുതിക്കൂട്ടിയുള്ള ഈ കൊലപാതകത്തെ സംബന്ധിച്ച വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. കൊലപാതകിയായ നാഥുറാം ഗോഡ്‌സെ ആർഎസ്എസുകാരനാണോ അല്ലയോ എന്ന നിലയിലായി ചർച്ചകൾ നടക്കുന്നത്. ഗാന്ധിജി എന്തുകൊണ്ട് ഹിന്ദുത്വവാദികൾക്ക് അനഭിമതനായി എന്ന ചോദ്യം ഇന്ത്യയെക്കുറിച്ച് ഗാന്ധിജിയുടെ നിലപാടുകളുമായി ബന്ധപ്പെടുത്തി ചോദിക്കേണ്ടതാണ്.

ഇന്ത്യൻ സംസ്കാരത്തെയും അത് ലോകസംസ്‌കൃതിക്കു നൽകിയ സംഭാവനകളെയും അഭിമാനപൂർവം കണ്ടിരുന്ന വ്യക്തിയായിരുന്നു ഗാന്ധിജി. ഈ സംഭാവനകളെ ഒരു മതസാംസ്‌കാരിക ദേശീയതയുടെ നുകത്തിൽ കെട്ടാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹവും ഹിന്ദുത്വവാദികളും തമ്മിലുള്ള പ്രധാന ആശയപരമായ ഭിന്നത ഇവിടെയാണ്. ഇന്ത്യൻ സംസ്കാരം അംഗീകരിച്ച അഹിംസ, സത്യം, ഭൂതദയ, സഹവർത്തിത്വം മുതലായ ആശയങ്ങൾ പാശ്ചാത്യ ജീവിതശൈലികൾക്ക് കടകവിരുദ്ധമാണെന്നും അവ ഉയർത്തിപ്പിടിച്ചുകൊണ്ടു മാത്രമേ ഒരു സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ ആകുകയുള്ളൂവെന്നും ഗാന്ധിജി വാദിച്ചു. സത്യഗ്രഹമെന്ന സഹനസമര രൂപംതന്നെ ഇതിന്റെ ഭാഗമാണ്‌. ഗാന്ധിജിയുടെ പ്രായോഗിക ജീവിതമാതൃകകളിലും ഇതേ ആശയങ്ങൾ പ്രതിഫലിക്കുന്നുണ്ട്.

ഗാന്ധിജി ഊന്നിയത് ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ മാത്രമല്ല, ഇന്ത്യൻ ജനതയുടെ സ്വന്തം ജീവിതം സ്വതാൽപ്പര്യപ്രകാരം തീരുമാനിക്കാവുന്ന സ്വയംനിർണയാവകാശത്തിൽ കൂടിയാണ്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയം ഇതിൽനിന്ന് വളർന്നുവന്നതാണ്. ഗാന്ധിജി നിർദേശിച്ച ധാർമികമൂല്യങ്ങൾക്ക്‌ അനുസരിച്ചുള്ള ജീവിതരീതിയും ഈ ആശയങ്ങളുടെ ഭാഗമാണ്.

ഗാന്ധിജി ഇന്ത്യൻ പാരമ്പര്യത്തിൽനിന്ന് അടർത്തിയെടുത്ത ഈ ധർമസങ്കൽപ്പം സവർക്കറിന്റെയോ ആർഎസ്എസിന്റെയോ അനുയായികൾക്ക് സ്വീകാര്യമായിരുന്നില്ല. മനുസ്‌മൃതിയുടെയും ധർമശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിശ്വാസസംഹിതയാണ് അവർക്ക് ഇന്ത്യൻ സംസ്‌കാരം. ആചാരബദ്ധമായ വിശ്വാസസംഹിതകളെ യാന്ത്രികമായി പാലിക്കുന്ന ഹിന്ദുസമുദായത്തിന്റെ സൃഷ്ടിയാണ് ഹിന്ദുത്വയുടെ സാംസ്‌കാരിക സംഭാവന. ഗാന്ധിജി പാശ്ചാത്യസംസ്കാരത്തെ വിമർശിക്കുന്നതുപോലെ ഏതെങ്കിലും സംസ്കാരത്തിന്റെ ധാർമികമായ വശങ്ങളിലേക്ക് വിരൽചൂണ്ടാനും അതിനെ വിമർശിച്ച് പുതിയ ജീവിതശൈലി വളർത്തിയെടുക്കാനും ഹിന്ദുത്വവാദികൾ ശ്രമിച്ചില്ല. അവരുടെ ജീവിതശൈലി സ്‌മൃതികളിലും ധർമസംഹിതകളിലും ഋഷിമാർ നേരത്തേ എഴുതിവച്ചതാണ്. അത് പാലിക്കുകയാണ് എല്ലാ ഇന്ത്യക്കാരന്റെയും കർത്തവ്യം. അത് പാലിക്കാത്ത, മറ്റു മതവിശ്വാസികളും മറ്റു ചിന്താധാരകൾ ഉൾക്കൊള്ളുന്നവരും ദേശദ്രോഹികളാണ്. അവരെ ഇന്ത്യയിൽനിന്ന് പുറത്താക്കണം.

ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് രണ്ട്‌ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വളർന്നുവന്നതായി നമുക്ക് കാണാം. ഗാന്ധിജി മതവിശ്വാസിയും ദൈവവിശ്വാസിയുമായിരുന്നു. പക്ഷേ, ഗാന്ധിജിയുടെ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഏതെങ്കിലും മതസംഹിതയിൽ ഊന്നിയതായിരുന്നില്ല. അതിനു പകരം പാശ്ചാത്യ യാന്ത്രിക സംസ്കാരത്തിനും ദുരാഗ്രഹത്തിനും ലാഭമോഹത്തിനും എതിരെ ഇന്ത്യക്കാർക്ക് പറയാൻ കഴിയുന്നതിൽ ഏറ്റവും ഉദാത്തമായ ചില ആശയങ്ങളെ ഉയർത്തിപ്പിടിക്കുകയാണ് അദ്ദേഹം ചെയ്‌തത്. അവയോടൊപ്പം ഇന്ത്യയിലെ ജാതി മത സംഹിതകൾ സൃഷ്ടിച്ച വിവേചന രൂപങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അയിത്തോച്ചാടനം, സ്ത്രീകളുടെ ഉന്നതപദവിയെക്കുറിച്ചുള്ള വാദങ്ങൾ, ജാതഭേദമന്യേ എല്ലാവർക്കും തൊഴിൽ വിദ്യാഭ്യാസം നൽകണമെന്ന നിലപാട്, ഗാർഹികത്തൊഴിൽ എല്ലാവരും ചെയ്യണമെന്നും നിത്യജീവിതത്തിൽ ആവശ്യമായ വസ്തുക്കൾ സ്വയം ഉൽപ്പാദിപ്പിക്കണമെന്നുമുള്ള നിലപാട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇതൊന്നും ഹിന്ദുത്വവാദികളുടെ ലക്ഷ്യമായിരുന്നില്ല. ആധുനിക മുതലാളിത്തത്തിൽനിന്ന് ഏതെങ്കിലുംവിധത്തിൽ ഭിന്നമായ പുതുലോക സങ്കൽപ്പവും അവർക്ക്‌ സ്വീകാര്യമായിരുന്നില്ല. ബ്രാഹ്മണനിർമിതമായ ചാതുർവർണ്യ ധർമസങ്കൽപ്പങ്ങളുടെ അടിസ്ഥാനത്തിലുള്ള സമൂഹം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മുതലാളിത്തത്തിന്റെ ഭൗതികസംസ്കാരത്തെ അവർ ഒരിക്കലും വിമർശിച്ചിട്ടില്ല.  ഫാസിസ്റ്റ്‌ ആശയസംഹിതകൾ അവർ എടുക്കാൻ തയ്യാറുമായിരുന്നു.

ഇതിനേക്കാൾ അവരെ വിഷമിപ്പിച്ച മറ്റൊന്നുംകൂടി ഉണ്ടായിരുന്നു. ഇന്ത്യ അന്ന് ഹിന്ദുത്വവാദികൾക്കൊപ്പമല്ല, ഗാന്ധിജിയുടെ പൊതുകാഴ്ചപ്പാടിനൊപ്പമാണ് നിലകൊണ്ടത്. ഒരു പുതിയ രാഷ്ട്രം രൂപംകൊള്ളുമ്പോൾ ഈ ആശയസംവാദം കൂടുതൽ ശക്തിപ്പെടുന്നതു കാണാൻ ഹിന്ദുത്വവാദികൾ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നുതന്നെ അവർ ആഗ്രഹിച്ചത് ഒരു ഹിന്ദുത്വരാഷ്ട്രമാണ്‌.

ഭഗവത്‌ഗീത ഹിന്ദുത്വവാദികളുടെ ആധാര ഗ്രന്ഥമാണ്. അതനുസരിച്ച് ശത്രുഹിംസ ഒരു വ്യക്തിയുടെ കൊലപാതകമല്ല, അത് അധർമത്തിന്റെ നാശമാണ്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ മതവർഗീയസംഘർഷത്തിന്റെ പശ്ചാത്തലത്തിൽപ്പോലും ജനപിന്തുണ നേടുന്നതായി അവർ മനസ്സിലാക്കി. ഇതിനോടൊപ്പം കമ്യൂണിസ്റ്റുകാർ അടക്കമുള്ള മതനിരപേക്ഷവാദികൾക്കു ലഭിക്കുന്ന പിന്തുണയും അവരെ അമ്പരപ്പിച്ചു. ഇവർക്കെതിരായി ഹിന്ദുധർമത്തിന്റെ വിജയമായാണ് ഗാന്ധിജിയുടെ വധത്തെ അന്നവർ കണക്കാക്കിയത്. സവർക്കർ അടക്കം കൊലപാതകത്തിനു നൽകിയ ഒത്താശയും വിചാരണയിൽ ഉടനീളം കൊലപാതകിയായ ഗോഡ്‌സെ പ്രകടിപ്പിച്ച ആത്മവിശ്വാസവും ഈ മനോഭാവം വ്യക്തമാക്കുന്നുണ്ട്.

ഗാന്ധിജിയുടെ വധത്തിനുശേഷം മുക്കാൽനൂറ്റാണ്ടു പിന്നിടുന്ന ഈ വേളയിലെങ്കിലും മതനിരപേക്ഷവാദികൾ ഏറ്റെടുക്കേണ്ട ഒരു കർത്തവ്യമുണ്ട്. ഗാന്ധിജി എതിർത്ത മുതലാളിത്ത ഭൗതികസംസ്കാരവും ഹിന്ദുത്വവാദവും കോർപറേറ്റ് വർഗീയ കൂട്ടുകെട്ടായി നമ്മെ ഭരിക്കുകയാണ്. അതിനുവേണ്ടി ഇന്ത്യൻ സാംസ്കാരികപാരമ്പര്യത്തെ  മുഴുവനും വികൃതമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. പുതുസമൂഹസൃഷ്ടിക്കുവേണ്ടി ഇന്ത്യൻ സംസ്കാരത്തിന്റെ ഉദാത്തവശങ്ങളെ അവതരിപ്പിക്കേണ്ട ബാധ്യത ഇപ്പോൾ മതനിരപേക്ഷവാദികളുടെ കൈയിലാണ്. ഹിന്ദുത്വവാദികളുടെ പ്രതിലോമനയങ്ങളെ എതിർത്തുതോൽപ്പിക്കുന്നതിനു മാത്രമല്ല, ബഹുഭാഷാ ദേശീയതാ രൂപങ്ങൾ ഒന്നുചേർന്ന ഇന്ത്യയുടെ സംസ്കാരത്തിന് ഒരു പുതിയ ലോകം സൃഷ്ടിക്കാൻ അനന്തമായ സാധ്യതയുണ്ടെന്ന തിരിച്ചറിവ് ജനിപ്പിക്കുന്നതിനു കൂടിയാണത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top