27 May Wednesday

കാവി രാഷ്ട്രീയത്തിന്റെ വെടിയുണ്ടയാണ് ഗാന്ധിയുടെ നെഞ്ച് പിളര്‍ന്ന് കയറിയത്; ഗോഡ്‌‌‌‌‌സെയുടെ തോക്കില്‍ തിരകള്‍ ഇനിയും ബാക്കി

നിതീഷ്‌ നാരായണൻUpdated: Thursday Jan 30, 2020

"നിയമപരമായ ഒരു സംവിധാനത്തിന്റെയും സഹായത്തോടെ അദ്ദേഹത്തെ ശിക്ഷിക്കാന്‍ ആകുമായിരുന്നില്ല. പക്ഷേ, എനിക്ക് തോന്നി, സ്വാഭാവികമായ മരണത്തെ പുല്‍കാന്‍ അദ്ദേഹത്തെ അനുവദിക്കരുത് എന്ന്...'

സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ വാര്‍ഷികവും ഗാന്ധിയുടെ രക്തസാക്ഷിദിനവുമായി മറ്റൊരു ജനുവരി കടന്നുവരുന്നു. ആരുടെ രാഷ്‌‌‌‌ട്രഭാവനയാണ് ഈ രാജ്യം ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് മുകളില്‍ ഉദ്ധരിച്ചത്. 1948 നവമ്പര്‍ 8ന് ദില്ലിയിലെ ചെങ്കോട്ടയില്‍ സജ്ജീകരിച്ച് കോടതിമുറിയില്‍ ഗാന്ധി വധത്തിന്റെ വിചാരണ ആരംഭിച്ചു. കുറ്റബോധമോ നിരാശയോ സ്‌പര്‍ശിക്കാത്ത മനസ്സുമായി കോടതിക്ക് മുന്‍പാകെ തന്റെ ചെ‌യ്‌തിയെ ന്യായീകരിച്ച് നാഥൂറാം വിനായക് ഗോഡ്‌‌‌‌‌‌സെ നടത്തിയ ദീര്‍ഘമായ പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് ഗാന്ധി ഘാതകന്‍ ഇങ്ങനെ പറയുന്നത്. വയോവൃദ്ധരായിരുന്ന ഗോവിന്ദ പന്‍സാരെയെയും കല്‍ബുര്‍ഗിയെയും ധാബോല്‍ക്കറിനെയും ഏറ്റവും ഒടുവില്‍ ഗൗരി ലങ്കേഷിനെയും വെടിയുണ്ടകളാല്‍ തീര്‍ത്തവരും ചിന്തിച്ചിരുന്നത് വ്യത്യസ്‌തമാകാന്‍ ഇടയില്ല. ഇങ്ങനെയാണ് ഗാന്ധിജി നിരന്തരം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതും ഗോഡ്‌‌‌‌‌സെയുടെ തോക്കില്‍ തിരകള്‍ ബാക്കിയാകുന്നതും. ഗാന്ധിയില്‍ തുടങ്ങി ഗൗരിയില്‍ എത്തിനില്‍ക്കുന്നത് മാത്രമാണ്, അവസാനിക്കുന്നതല്ല. അടുത്തതാര് എന്ന ചോദ്യത്തിനു ഉത്തരം വരുന്ന നിമിഷം ഗൗരി മാറും.

ഗോഡ്‌‌‌‌‌‌സെയ്ക്ക് ക്ഷേത്രങ്ങള്‍ ഉയരാന്‍ തുടങ്ങി. ഗാന്ധിവധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന പച്ചക്കള്ളം ജനാധിപത്യത്തെ ഭയന്നിട്ടെങ്കിലും ആവര്‍ത്തിച്ച് പറഞ്ഞിരുന്നിടത്ത് നിന്നും കൊല്ലപ്പെടേണ്ടിയിരുന്നത് ഗാന്ധിയോ ജവഹര്‍ലാല്‍ നെഹ്രുവോ എന്ന സംശയത്തിലേക്ക് ആര്‍ എസ് എസും എത്തി. ഇനി പാര്‍ലമെന്റ് വളപ്പില്‍ ഒരു പ്രതിമയും സെന്‍ട്രല്‍ ഹാളിലെ ചുവരില്‍ ഒരു ചിത്രവും കൂടിയായാല്‍ പൂര്‍ത്തിയായി. അതിശയോക്തിയല്ല, ''ഭാവിയില്‍ ഒരുകാലത്ത് ചരിത്രത്തിന്റെ സത്യസന്ധരായ എഴുത്തുകാര്‍ എന്റെ പ്രവര്‍ത്തിയെ അളക്കുമെന്നും അതിന്റെ സത്യസന്ധമായ മൂല്യം തിരിച്ചറിയുമെന്നും'' ഗോഡ്‌സെ പ്രത്യാശപ്രകടിപ്പിക്കുന്നുണ്ട്. ചരിത്രഗവേഷണ കൗന്‍സിലില്‍ നിന്നും ചരിത്രകാരന്മാരെ ആട്ടിയോടിച്ച് പുരാണകഥാകാരന്മാരെ പ്രതിഷ്ഠിക്കുന്ന, ശാസ്ത്രത്തിനു പകരം മിത്തുകളും കെട്ടുകഥകളും ഉയര്‍ത്തിക്കാട്ടപ്പെടുന്ന, അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരില്‍ മനുഷ്യഭാവനകള്‍ പോലും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിന്റെ എഴുത്തുകാരെക്കുറിച്ചായിരിക്കണം ഗോഡ്‌സെ സൂചിപ്പിക്കുന്നത്. സത്യസന്ധമായ എഴുത്തുകാര്‍ എന്നതുകൊണ്ട് ഒരു സമഗ്രാധിപത്യപ്രമത്തന്‍ ഉദ്ദേശിക്കുന്നത് ഒരു സര്‍വാധികാര പ്രവണതയുള്ള ഭരണകൂടം എന്താണോ ആഗ്രഹിക്കുന്നത് അതിനനുസരിച്ച എഴുത്ത് എന്നത് മാത്രമാണ്. നിരന്തരം അന്വേഷിക്കപ്പെടുന്നതല്ല, ഔദ്യോഗികമായതെന്തോ അതാണ് അവര്‍ക്ക് സത്യം. നിശ്ചയമായും അദ്ദേഹത്തെ സന്തോഷഭരിതനാക്കാനുള്ള എല്ലാ ചേരുവകളും ഈ കാലത്തിനുണ്ട്. ശത്രുവര്‍ഗത്തിന്റെ വിജയം മരിച്ചവരെ പോലും വേട്ടയാടുമെന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ അഭിപ്രായപ്പെടുന്നുണ്ട്. അഴുക്കുചാലുകളിലേക്ക് വലിച്ചെറിയപ്പെട്ട ഏറ്റവും വെറുക്കപ്പെട്ട മരണത്തെ ആരാധനാലയങ്ങളിലേക്ക് ആനയിക്കാനും അതിനാകും എന്ന് ഗോഡ്‌സെയ്ക്ക് വേണ്ടി ഉയരുന്ന അമ്പലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗാന്ധി വധത്തില്‍ സംഘപരിവാരത്തിനുള്ള പങ്ക് ഏറ്റവും മുഖ്യമായി രാഷ്ട്രീയപരമാണ്. രണ്ട് മൂല്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാണത്. സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ ഗാന്ധിയുടെ മൂല്യബോധത്തോട് ഏറ്റുമുട്ടുകയാണ്. കൊലപാതകി ഗോഡ്‌സെ എന്ന മുപ്പത്തൊന്‍പത് വയസ് പ്രായമുണ്ടായിരുന്ന ചെറുപ്പക്കാരന്‍ മാത്രമല്ല. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി ഇവിടെ ആധിപത്യം സ്ഥാപിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന അക്രമോത്സുകവും സൈനികവല്‍കൃതവുമായ ഒരു രാഷ്ട്രീയ സംവിധാനമാണ്. കൊല്ലപ്പെട്ടത് എഴുപത്തെട്ട് കഴിഞ്ഞ വയോവൃദ്ധനുമല്ല, ആധുനികതയുടെ മൂല്യസംഹിതകളിലേക്ക് നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രസങ്കല്‍പ്പം കൂടിയാണ്. ഇവ രണ്ടും തമ്മിലുള്ള പോരാട്ടമാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം. വിചാരണയില്‍ നിന്നും വീരാരാധനയിലേക്ക് ഗോഡ്‌സെ പറിച്ചു നടപ്പെടുന്നതിലേക്ക് അത് പ്രവേശിച്ചിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ട് കേട്ട ഏറ്റവും വലിയ കള്ളങ്ങളില്‍ ഒന്നാണ് ഗാന്ധിവധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന ആര്‍ എസ്സ് എസ്സ് ഭാഷ്യം. 'രാഷ്ട്രീയ സ്വയം സേവക് സംഘ്' ന് ഗോഡ്‌സെയില്‍ നിന്നും ഒരിഞ്ച് അകലം പാലിക്കാനാകില്ലെന്ന് മനസ്സിലാകാന്‍ വിചാരണകോടതിയിലെ ആ പ്രസംഗം മാത്രം മതിയാകും.

ശിവജിയെയും റാണാ പ്രതാപിനെയും ഗുരു ഗോവിന്ദിനെയും അപലപിച്ചു എന്നതാണ് ഗാന്ധിക്കെതിരായ കുറ്റങ്ങളില്‍ ഒന്ന്. ഇന്ത്യയിലെ മുസ്ലീം ആധിപത്യത്തെ തകര്‍ത്തത് ശിവജിയാണെന്ന് ഗോഡ്‌‌‌‌‌‌‌സെ അഭിപ്രായപ്പെടുന്നുണ്ട്. ഇവര്‍ക്ക് മുന്നില്‍ വെറും കുള്ളനാണ് ഗാന്ധി എന്ന് ഗോഡ്‌സെ പ്രസ്താവിക്കുന്നു. രസകരമായ കാര്യം ഗോവിന്ദ പന്‍സാരെയെ വധിക്കാനുള്ള കാരണമാണ്. അത് ശിവജി മതവര്‍ഗീയ വാദിയല്ല എന്ന് സ്‌താപിച്ചതിനായിരുന്നു. പന്‍സാരെ എഴുതിയ ആരായിരുന്നു ശിവജി (കോന്‍ താ ശിവജി?) എന്ന പുസ്‌തകം സംഘപരിവാരം ഇത്രയും കാലം ശിവജിയെകുറിച്ച് നിര്‍മിച്ചു വച്ച ധാരണകളെയെല്ലാം പൊളിക്കുന്നതായിരുന്നു. കാര്യകാരണസഹിതം ശിവജി ഒരു മതവെറിയന്‍ അല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങളും യുദ്ധങ്ങളുമൊന്നും മതപരം ആയിരുന്നില്ലെന്നും അവ ധനത്തിനും അധികാരത്തിനും വേണ്ടിയുള്ളവയായിരുന്നെന്നും പന്‍സാരെ സമര്‍ഥിച്ചു. സിന്ധി ഹിലാലിനെയും ഇബ്രാഹിം ഖാനെയും ദാവൂദ് ഖാനെയും ഖാസി ഹൈദറിനെയും പോലുള്ള ശിവജിയുടെ സൈന്യതലവന്മാരെയും പ്രധാനികളെയും പരിചയപ്പെടുത്തി.

വിശ്വാസപരമായ കാരണത്താല്‍ ഗോവധം നിരോധിക്കുന്നതിനെ ഗാന്ധി എതിര്‍ത്തിരുന്നു. ഗാന്ധിയുടെ ഒരു പ്രസംഗത്തെ പോലും ഗോഡ്‌സെ ഓര്‍ത്തെടുത്ത് ഉദ്ധരിക്കുന്നുണ്ട്. ഒരു തവണ പ്രാര്‍ഥനാനന്തര യോഗവേളയില്‍ അദ്ദേഹം പറഞ്ഞു ''സ്വന്തം ഇഷ്‌ട‌പ്രകാരം ഒരാള്‍ ഗോവധത്തിനൊരുങ്ങുന്നത് അവസാനിപ്പിക്കാത്ത പക്ഷം എനിക്കെങ്ങനെ എന്റെ താല്‌പര്യം അയാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കനാകും? ഇന്ത്യ  ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. മുസ്ലീങ്ങളും പാഴ്‌‌‌‌‌‌‌‌‌‌സിയും കൃസ്ത്യാനികളുമെല്ലാമിവിടെ ജീവിക്കുന്നുണ്ട്. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം മണ്ണായി മാറി എന്ന അവകാശവാദം തെറ്റാണ്. ഈ നാട് ഇവിടെ ജീവിക്കുന്ന എല്ലാവരുടേതും ആണ്.'' ഗാന്ധി നിശ്ചയമായും മുഹമ്മദ് അഖ്‌‌‌‌‌‌‌‌ലാക്കിന്റെയും ജുനൈദിന്റെയും പെഹ്‌‌‌‌‌ലുഖാന്റെയും ഉമര്‍ ഖാന്റെയും ജീവിക്കുവാനുള്ള അവകാശത്തിന്റെയും ഗോഡ്‌‌‌‌സെ മുപ്പതുപേരെ (ഇതെഴുതുന്നത് വരെ) കൊന്നൊടുക്കിയ ഭ്രാന്തന്‍ ആള്‍ക്കൂട്ടത്തിന്റെ മനോവിചാരത്തിന്റെയും കൂടെ തന്നെയാണ്. ഗോഡ്‌‌‌സെയുടെ രാഷ്ട്രീയത്തെ ഏറ്റവും പ്രഹരശേഷിയോടെ തുറന്നുവിട്ട കാലം തന്നെ 'ഗോഡ്‌സെ കാലം'. 

ഗോഡ്‌‌‌സെയ്‌‌‌‌‌ക്ക് അപ്രിയാമായിരുന്നതെന്തൊക്കെയോ അതിനോടെല്ലാം സംഘപരിവാറും യുദ്ധം പ്രഖ്യാപിച്ചിരുന്നു. ആര്‍ എസ്സ് എസ്സിനു എന്നത് പോലെ ഇന്ത്യയുടെ ദേശീയ ഭാഷയായി ഹിന്ദിയെ വിളംബരം ചെയ്യണം എന്നതായിരുന്നു ഗോഡ്‌സെയുടെ നിലപാടും. ഉറുദു കൂടി ചേരുന്ന ഹിന്ദുസ്ഥാനിക്ക് വേണ്ടിയാണ് ഗാന്ധി വാദിച്ചത്. അതൊരു സംസാര ഭാഷയായിരുന്നു. കലര്‍പ്പിന്റെയും ലിപിരൂപമില്ലായ്മയുടെയും രാഷ്ട്രീയഭാഷയായിരുന്നു. ഏകശിലാത്മകതയുടെ ഭാഷാസ്വരൂപങ്ങളെ കൈവിടാത്ത കാലത്തോളം സംഘപരിവാരത്തിന് ഗോഡ്‌സെയോട് ചേര്‍ന്ന് നില്‍ക്കാനേ പറ്റൂ. ഗാന്ധി ഒരുപാടകലെയാണ്. ദേശീയ ഗാനമായി വന്ദേ മാതരത്തിനു പകരം ടാഗോറിന്റെ ജനഗണ മന തിരഞ്ഞെടുത്തതിനെയും ഗോഡ്‌സെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇത് ഗാന്ധിയുടെ താല്പര്യക്കുറവ് മൂലമാണ് എന്നാണ് അയാളുടെ പക്ഷം. ഇതുപോലെ തരം താണതും മനോവീര്യം കെടുത്തുന്നതുമായ മറ്റെന്തെങ്കിലുമുണ്ടോ എന്നാണ് ഗോഡ്‌സെ കോടതി മുറിയില്‍ ചോദിക്കുന്നത്. ജനഗണമനയ്‌ക്കെതിരായ ഗോഡ്‌സെയുടെ വിരോധം യാദൃശ്ചികമേയല്ല. ആര്‍ എസ്സ് എസ്സ് ആ ഗാനത്തിനെതിരെ അധിക്ഷേപശരങ്ങളും അപവാദ പ്രചരണങ്ങളുമായി എഴുതപ്പെട്ട കാലം മുതല്‍ തന്നെ രംഗത്തെത്തിയിരുന്നു. ദേശീയ പതാകയെയും ഗാനത്തെയും എത്രയോ വര്‍ഷങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന കൂട്ടരാണ് ഇപ്പോള്‍ ദേശസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നത് എന്നതാണ് രസകരം. ത്രിവര്‍ണ പതാകയെയും ജനഗണമനയെയും അംഗീകരിക്കാം എന്ന ഉറപ്പ് കൂടിയാണ് ഗാന്ധി വധത്തിനു ശേഷം നിരോധിക്കപ്പെട്ട ആര്‍ എസ്സ് എസ്സിനു വീണ്ടും പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കുന്നതിനു മുന്‍പ് പട്ടേല്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഒന്ന്. ഹിന്ദുത്വം വിഭാവനം ചെയ്യുന്ന രാഷ്ട്രസങ്കല്‍പ്പത്തിനു അനിയോജ്യമായ ഉള്ളടക്കമല്ല ടാഗോറിന്റെ കവിതയ്ക്കും ത്രിവര്‍ണ പതാകയ്ക്കും ഉള്ളത്. ജനഗണമനയുടെ ആദ്യത്തെ ഖണ്ഡിക മാത്രമാണ് ദേശീയ ഗാനമായി നാം ചൊല്ലിക്കേട്ടിട്ടുള്ളത്. യഥാര്‍ഥത്തില്‍ ഒരു നീണ്ട കവിതയുടെ ആദ്യത്തെ ഭാഗം മാത്രമാണത്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ബൗദ്ധനും സിഖും പാഴ്‌സിയുമെല്ലാം ഐക്യത്തോടെ ഭാഗധേയം തീരുമാനിക്കുന്ന ഭാരതത്തിന്റെ സവിശേഷ സ്വഭാവത്തെക്കുറിച്ച് തൊട്ടടുത്ത വരികളില്‍ ഉണ്ട്. ദേശീയ ഗാനത്തോടുള്ള അവരുടെ വിധ്വേഷത്തിന്റെ മൂലകാരണം ഇതാണ്. 

ഗാന്ധി മുറുകെപിടിച്ച അഹിംസ, സത്യം തുടങ്ങിയ മൂല്ല്യങ്ങളോട് എത്രമാത്രം അസഹിഷ്ണുതയോടെയാണ് സംഘപരിവാരം അദ്ദേഹത്തിന്റെ കാലം മുതല്‍ തന്നെ സമീപിച്ചിരുന്നത് എന്ന് ഗോഡ്‌സെയുടെ പ്രസ്താവനയില്‍ വ്യക്തമാണ്. ഇത്തരം ആശയങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ ഹിന്ദുക്കള്ളെ ദുര്‍ബലരാക്കും എന്നാണ് ഗോഡ്‌സെയുടെ പക്ഷം. കലാപങ്ങളിലും വംശഹത്യകളിലും അഭിരമിക്കുന്ന സംഘപരിവാരത്തിന്റെ മനോനിലയില്‍ നിന്നും വ്യത്യസ്തമായതൊന്നുമല്ല അയാല്‍ പറഞ്ഞത്. ഇതരമതങ്ങള്‍ക്കെതിരെ, വിശിഷ്യാ മുസ്ലീങ്ങള്‍ക്കെതിരെ നിരന്തരം അക്രമോത്സുകമായിരിക്കുവാന്‍ ഹിന്ദു സമുദായത്തോട് ആവശ്യപ്പെടുകയാണ് ഗോഡ്‌സെ. യോഗി ആദിത്യനാഥും സാക്ഷി മഹാരാജും സ്വാധി പ്രാചിയുമെല്ലാം ഗോഡ്‌സെയ്ക്ക് വേണ്ടി ആക്രോശിച്ചുകൊണ്ടിരിക്കുന്നു.

തനിക്ക് ഗാന്ധിയോടുള്ള വിരോധം ലവലേശം വ്യക്തിപരമല്ല എന്ന് ഗോഡ്‌സെ ആവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളാണ് തന്നെ പ്രകോപിതനാക്കിയത് എന്ന് സംശയങ്ങള്‍ക്കിടയില്ലാത്ത വിധം അയാള്‍ അടിവരയിടുന്നുമുണ്ട്. അതേ നിലപാടുകളാണ് സംഘപരിവാരത്തിന് ഗാന്ധിയെ അസ്വീകാര്യമാക്കുന്നതും. നാഥൂറാമിന് ആര്‍ എസ്സ് എസ്സുമായി ബന്ധമുണ്ടായിരുന്നില്ല എന്നത് പച്ചക്കള്ളമായിരുന്നെന്ന് അയാളുടെ സഹോദരനും ഗാന്ധി വധക്കേസില്‍ 18 വര്‍ഷം തടവുശിക്ഷ അനുഭവിച്ചയാളുമായ ഗോപാല്‍ ഗോഡ്‌സെ ഫ്രന്റ് രണ്ടരപതിറ്റാണ്ട് മുന്‍പ് ഫ്രന്റ് ലൈന്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ എസ്സ് എസ്സിന്റെ കാഴ്ചപ്പാടുകള്‍ ജീവിതത്തിന്റെ അവസാന നാല്‍ വരെ അദ്ദേഹം പുലര്‍ത്തിയിരുന്നു എന്നും തങ്ങളെല്ലാം സജീവ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകരായിരുന്നുവെന്നും ഗോപാല്‍ ഗോഡ്‌സെ പറഞ്ഞിരുന്നു. നിരോധനത്തില്‍ നിന്നും ആര്‍ എസ്സ് എസ്സിനെ രക്ഷിക്കാനും സവര്‍ക്കറെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിക്കിട്ടുവാനും ഗോഡ്‌സെ കുറ്റം സ്വയം ഏല്‍ക്കുകയായിരുന്നു.

ഒരു നാള്‍ സ്വതന്ത്രമായ അഖണ്ഡഭാരതം (ഹിന്ദു രാഷ്ട്രം) സാധ്യമാകുമെന്നും തന്റെ ചിതാഭസ്മം അന്ന് സിന്ധു നദിയില്‍ ഒഴുക്കണമെന്നും അതുവരെ തലമുറകള്‍ കൈമാറി അത് സൂക്ഷിക്കണമെന്നുമാണ് ഗോഡ്‌സെ തന്റെ ഒസ്യത്തില്‍ ആവശ്യപ്പെടുന്നത്. ലക്ഷ്യ പൂര്‍ത്തീകരണവും കാത്ത് ആ ചിതാഭസ്മം പൂനയിലെ ശിവജി നഗറിലെ ഒരു വീട്ടില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ആ കുടുംബത്തില്‍ നിന്നാണ് മരണം വരെ ഗോഡ്‌സെയെ തള്ളിപ്പറയാത്ത ഹിമാനി സവര്‍ക്കര്‍ പൊതുജീവിതത്തിലേക്ക് വന്നത്. സംഘപരിവാര സംഘടന അഭിനവ് ഭാരതിന്റെ അദ്ധ്യക്ഷയും ഒന്നിലധികം തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയുമായിരുന്നു ഗോഡ്‌സെയുമായും സവര്‍ക്കറുമായും അടുത്ത ബന്ധമുള്ള ഹിമാനി സവര്‍ക്കര്‍. ഇതേ അഖണ്ഡ ഭാരതത്തെക്കുറിച്ചാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ആര്‍ എസ്സ് എസിന്റെ പ്രഖ്യാപിത ലക്ഷ്യവും ഗോഡ്‌സെയുടെ അന്ത്യാഭിലാഷവും ഒന്നാണ്. അന്നത്തെ ആഭ്യന്തരമന്ത്രിയും പൊതുവെ ആര്‍ എസ്സ് എസ്സിനോട് അനുകൂലസമീപനം സ്വീകരിച്ചിരുന്നയാളുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്ക് 1948 ജൂലൈ 18 നു അയച്ച കത്തില്‍ ഗാന്ധി വധത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഒരുപക്ഷെ ഗാന്ധിയെ കൊലപ്പെടുത്തുന്നതില്‍ സംഘപരിവാര രാഷ്ട്രീയത്തിനുള്ള പങ്ക് ഏറ്റവും വ്യക്തമായി പറഞ്ഞുവെക്കുന്നതും അദ്ദേഹമാകാം. പട്ടേല്‍ എഴുതി ''ആര്‍ എസ്സ് എസ്സിനെയും ഹിന്ദു മഹാസഭയെയും സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് ആദ്യത്തേതിനെ, ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്ന കാര്യം ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരമൊരു അതി ദാരുണ സംഭവം (ഗാന്ധി വധം) സാധ്യമാക്കുന്ന അന്തരീക്ഷം നിര്‍മിച്ചെടുത്തു എന്നാണ്''. എത്രയെല്ലാം നിഷേധിച്ചാലും ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംഘപരിവാരത്തിന് ഒഴിഞ്ഞുമാറാനാകില്ല. കാവി രാഷ്ട്രീയത്തിന്റെ വെടിയുണ്ട തന്നെയാണ് ഗാന്ധിയുടെ നെഞ്ച് പിളര്‍ന്ന് കയറിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top