16 October Saturday

കിസാൻ മഹാപഞ്ചായത്തിന്റെ സന്ദേശം - വി ബി പരമേശ്വരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

സെപ്‌തംബർ അഞ്ചിനാണ്‌ പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ കിസാൻ മഹാപഞ്ചായത്ത്‌ നടന്നത്‌. മൂന്ന്‌ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകർ ആരംഭിച്ച  സമരം ഒമ്പതു മാസം പിന്നിടുന്ന വേളയിലാണ്‌ 40 കർഷക സംഘടന  ഉൾകൊള്ളുന്ന സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഈ മഹാസമ്മേളനം ചേർന്നത്‌. സമകാലീന രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിക്കുന്ന മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ്‌ കിസാൻ മഹാപഞ്ചായത്തിൽ ഉയർന്നത്‌. അടുത്തവർഷം ആദ്യം ഉത്തർപ്രദേശ്‌–-ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സാഹചര്യത്തിൽ ഇതിന്‌ ഏറെ പ്രാധാന്യമുണ്ട്‌.

ഒന്നാമതായി കിസാൻ മഹാപഞ്ചായത്തിലെ വൻ ജനപങ്കാളിത്തം കേന്ദ്ര–-സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന ബിജെപിയുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിനു കർഷകരാണ്‌ വിവിധ സംസ്ഥാനത്തുനിന്നായി മഹാപഞ്ചായത്തിൽ പങ്കെടുത്തത്‌. 10 ലക്ഷത്തോളംപേർ പങ്കെടുത്തുവെന്നാണ്‌ കണക്ക്‌. കർഷകസമര ചരിത്രത്തിലെ സുപ്രധാന ഏടാണ്‌ മുസഫർനഗർ കിസാൻ പഞ്ചായത്ത്‌ എന്ന കാര്യത്തിൽ സംശയമില്ല.

രണ്ടാമതായി ബിജെപിയെ ഉത്തർപ്രദേശിൽനിന്നും ഉത്തരാഖണ്ഡിൽനിന്നും അധികാരഭ്രഷ്ടരാക്കുകയെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശവും മഹാപഞ്ചായത്ത്‌ നൽകി. ‘ഫസലോം കി ധാം നഹി തോ വോട്ട്‌ നഹി’ എന്ന മുദ്രാവാക്യമാണ്‌ ഉയർന്നുകേട്ടത്‌. കാർഷിക ഉൽപ്പന്നങ്ങൾക്ക്‌  നിയമപരമായി താങ്ങുവില ഉറപ്പുവരുത്താത്തപക്ഷം ബിജെപിക്ക്‌ വോട്ട്‌ ചെയ്യില്ലെന്ന സന്ദേശമാണ്‌ കർഷകർ നൽകിയത്‌. ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കാനും തീരുമാനമായി. 135 സീറ്റുള്ള പടിഞ്ഞാറൻ യുപിയിൽ തട്ടുകിട്ടിയാൽ ബിജെപിക്ക്‌ സംസ്ഥാനത്ത്‌ അധികാരത്തിൽ വരിക വിഷമകരമായിരിക്കും. എതായാലും കർഷകർ പ്രഖ്യാപിച്ച മിഷൻ യുപി–-ഉത്തരാഖണ്ഡ്‌ ബിജെപി നേതാക്കളുടെ ഉറക്കംകെടുത്തും.

മൂന്നാമതായി ബിജെപിയുടെ വർഗീയവിഭജന അജൻഡയ്‌ക്കെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുവെന്നതാണ്‌ കിസാൻ പഞ്ചായത്തിന്റെ മറ്റൊരു മേന്മ. 2013ൽ വർഗീയകലാപം നടന്ന മണ്ണാണ്‌ മുസഫർനഗറിന്റേത്‌. ഹിന്ദുക്കളും (ജാട്ട്‌) മുസ്ലിങ്ങളും തമ്മിൽ നടന്ന വർഗീയലഹളയിൽ 80 പേർ കൊല്ലപ്പെട്ടു. അരലക്ഷംപേർ അഭയാർഥികളാക്കപ്പെട്ടു. നിരവധി സ്‌ത്രീകൾ ബലാത്സംഗത്തിനിരായി. ഈ വർഗീയകലാപം സൃഷ്ടിച്ച വർഗീയധ്രുവീകരണമാണ്‌ 2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക്‌ വൻവിജയം നേടിക്കൊടുത്തത്‌. എന്നാൽ, ബിജെപി സൃഷ്ടിച്ച ഈ വർഗീയവിഭജന അജൻഡയ്‌ക്കുപകരം ഹിന്ദു–-മുസ്ലിം ഐക്യത്തിനായുള്ള കാഹളമാണ്‌ കിസാൻ പഞ്ചായത്തിൽ ഉയർന്നത്‌. മുസ്ലിങ്ങൾ വർധിച്ചതോതിൽ പങ്കെടുത്തെന്ന്‌ മാത്രമല്ല, ഹിന്ദു–-സിഖ്‌ കർഷകർക്ക്‌ അവർ ഭക്ഷണം നൽകുകയും വിശ്രമിക്കാനായി  മസ്‌ജിദുകൾ തുറന്നുനൽകുകയും ചെയ്‌തു. 1980 കളിൽ പടിഞ്ഞാറൻ യുപിയിൽ ഉയർന്നുകേട്ട മതപരമായ ഐക്യത്തിന്റെ, ഗംഗ–-യമുന സംസ്‌കാരത്തിന്റെ ശബ്ദമാണ്‌ വീണ്ടും ഉയർന്നത്‌. ഭാരത്‌ കിസാൻ യൂണിയൻ (ബികെയു) സ്ഥാപകനായ മഹേന്ദ്ര സിങ് ടിക്കായത്തും (1935–-2011)  ഗുലാം മുഹമ്മദ്‌ ജൂലയും എന്നും ഒന്നിച്ചായിരുന്നു പ്രചാരണം നടത്തിയത്‌. അന്ന്‌ അവർ വിളിച്ച ‘അല്ലാഹു അക്‌ബർ, ‘ഹർ ഹർ മഹാദേവ്‌’ എന്നീ മുദ്രാവാക്യങ്ങൾ മഹേന്ദ്ര സിങ് ടിക്കായത്തിന്റെ ഇളയമകൻ രാകേഷ്‌ ടിക്കായത്ത്‌ വിളിച്ചപ്പോൾ ജ്യേഷ്‌ഠൻ നരേഷ്‌ ടിക്കായത്തിന്റെകുടെ ഗുലാം മുഹമ്മദ്‌ ജൂല വേദി പങ്കിട്ടത്‌ മതനിരപേക്ഷതയുടെ വലിയ സന്ദേശമാണ്‌ ഉത്തർപ്രദേശിലെങ്ങും നൽകിയത്‌. കലാപത്തിനുശേഷം ബികെയു വിട്ട്‌ ഭാരതീയ മസ്‌ദൂർ കിസാൻ മഞ്ച്‌ രൂപീകരിച്ചുപ്രവർത്തിക്കുകയായിരുന്നു ജൂല. ‘അവർ (ബിജെപി)എപ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌. കലാപത്തിന്‌ ഉത്തരവാദികൾ അവരാണ്‌. അവരെ നമുക്ക്‌ തടഞ്ഞുനിർത്തണം’ എന്ന്‌ രാകേഷ്‌ ടിക്കായത്ത്‌ പ്രസംഗിച്ചപ്പോൾ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളിലേക്കാണ്‌ അത്‌ വിരൽചൂണ്ടുന്നത്‌. (മുസഫർനഗർ കലാപത്തിനുശേഷം 2013 സെപ്‌തംബർ ഏഴിന്‌ മുസഫർനഗറിനടുത്ത സിഖാരയിൽ നടന്ന മഹാപഞ്ചായത്തിൽ കലാപത്തിന്‌ നേതൃത്വം നൽകിയ ബിജെപി നേതാക്കളായ സംഗീത്‌സോമിനും സുരേഷ്‌ റാണയ്‌ക്കും സാധ്വി പ്രാചിക്കുമൊപ്പം നരേഷ്‌ ടിക്കായത്തും രാകേഷ്‌ ടിക്കായത്തും നിലയുറപ്പിച്ചിരുന്നു.)

നാലാമതായി  കിസാൻ പഞ്ചായത്തിൽ പങ്കെടുത്ത കർഷകരും നേതാക്കളും കാർഷികമേഖലയ്‌ക്ക്‌ പുറത്തുള്ള വിഷയങ്ങളും സംസാരിക്കാൻ തയ്യാറായി.  പൊതുമേഖലാ വിൽപ്പനയെയും സ്വകാര്യവൽക്കരണ നയത്തെയും അവർ രൂക്ഷമായി വിമർശിച്ചു. റെയിൽ, റോഡ്‌, വിമാനത്താവളങ്ങൾ എന്നിവ സ്വകാര്യഉടമകൾക്ക്‌ കൈമാറുന്നതിനെതിരെ അവർ നിലകൊണ്ടു. ‘രാജ്യത്തെ വിറ്റുതുലയ്‌ക്കുന്നത്‌ ഏതുവിധേനയും തടയേണ്ടത്‌ നമ്മുടെ കടമയാണ്‌. ‘ഇന്ത്യ വിൽപ്പനയ്‌ക്ക്‌’ എന്ന ബോർഡ്‌ ഉയർന്നിരിക്കുകയാണ്‌. അത്‌ വാങ്ങാൻ തയ്യാറെടുത്ത്‌ നിൽക്കുന്നതാകട്ടെ അംബാനിയും അദാനിയുമാണ്‌. ‘ഒഎൻജിസിയും ബിപിസിഎല്ലും അപകടത്തിലാണ്‌. ഇന്ത്യയെ വിൽക്കുന്നതിനെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിരോധം തീർക്കും’ –-രാകേഷ്‌ ടിക്കായത്ത്‌ പ്രസംഗിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന സമസ്യകളിലേക്ക്‌ കർഷകന്റെ ശ്രദ്ധ തിരിയാൻ തുടങ്ങിയിരിക്കുന്നുവെന്നർഥം. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ കോർപറേറ്റ്‌ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്ന വിശാലമായ ചിന്താഗതിയിലേക്ക്‌ ഇന്ത്യൻ കർഷകരും ജനസാമാന്യവും മാറാൻ നിർബന്ധിക്കപ്പെടുകയാണ്‌. സെപ്‌തംബർ 27ന്‌ ഭാരതബന്ദ്‌ നടത്താനുള്ള ആഹ്വാനം അതിന്റെ തെളിവാണ്‌.

അവസാനമായി, കിസാൻ മസ്‌ദൂർ ഭായ്‌ചാരയും ശക്തിപ്പെടുകയാണ്‌.  കർഷകർ തൊഴിലാളികളുടെ ആവശ്യങ്ങളും തൊഴിലാളികൾ കർഷകരുടെ ആവശ്യങ്ങളും പരസ്‌പരം ഉയർത്തുകയാണ്‌. ആഗസ്‌ത്‌ 26നും 27നും സിൻഘു അതിർത്തിയിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ കൺവൻഷനിൽ അംഗീകരിച്ച പ്രമേയങ്ങളിലൂടെ കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാകും. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തോടൊപ്പം ലേബർ കോഡ്‌, വൈദ്യുതി ഭേദഗതി ബിൽ എന്നിവ പിൻവലിക്കണമെന്നും തൊഴിലുറപ്പുതൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും വനാവകാശനിയമം നടപ്പാക്കണമെന്നും പെട്രോൾ–- ഡീസൽ വിലവർധന പിൻവലിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. കർഷകർ ആരംഭിച്ച സമരം വിവിധ വിഭാഗം തൊഴിലാളികളുടെയും ജനവിഭാഗങ്ങളുടെയും സമരമായി മാറുകയാണ്‌. വർഗീയ സ്‌പർധ വളർത്തി ഈ ഐക്യത്തെ തകർക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ പണ്ടേ പോലെ ഇനി ഫലിക്കണമെന്നില്ല. ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപകൻ ബദ്രി റൈന ശരിയായി വിലയിരുത്തുന്നതുപോലെ ‘(മോദിയുടെ)ഏകാധിപത്യ ഭരണത്തിനെതിരായ പ്രതിഷേധത്തിന്‌ പരമ്പരാഗത ജനാധിപത്യ മുഖത്തേക്കാളേറേ (ജെപി മൂവ്‌മെന്റ്‌ പോലുള്ളവ)ഇടതുചായ്‌വാണ്‌ പ്രകടമാകുന്നത്‌. കർഷകർ ഇവിടെ തൊഴിലാളിവർഗത്തെ ചേർത്തുനിർത്തുന്ന മുന്നണിപ്പോരാളികളാകുകയാണ്‌. ഹിന്ദുത്വ വർഗീയതയ്‌ക്കും കോർപറേറ്റ്‌ കുത്തകകൾക്കുമെതിരായ എതിർപ്പാണ്‌ ഇവിടെ ഉയരുന്നത്‌’. കിസാൻ പഞ്ചായത്തിന്റെ സന്ദേശവും ഇതുതന്നെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top