05 October Wednesday

കൈകോർക്കാം മഹാശുചീകരണത്തിന്‌ - എം വി ഗോവിന്ദൻ എഴുതുന്നു

എം വി ഗോവിന്ദൻ (തദ്ദേശസ്വയംഭരണ മന്ത്രി)Updated: Friday Jun 4, 2021

ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി വരും ദിവസങ്ങളിൽ കേരളം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. കോവിഡ് മഹാമാരി ദുരന്തം വിതയ്ക്കുന്ന ഈ അസാധാരണ സാഹചര്യത്തിൽ നാം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളലുണ്ടാകാതെ മഴക്കാലപൂർവ ശുചീകരണംകൂടി ഏറ്റെടുക്കേണ്ടതുണ്ട്. കാലവർഷക്കെടുതികളെ പ്രതിരോധിക്കാനും മഴക്കാലത്ത് വ്യാപകമാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ അകറ്റിനിർത്താനും ഇതിലൂടെ സാധിക്കണം. വെള്ളക്കെട്ടുകൾ ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങൾ നേരത്തേ കണ്ടെത്തി മുൻകൂട്ടി ഇടപെടൽ നടത്താനും വീടുകളിലും പരിസരങ്ങളിലും പൊതുഇടങ്ങളിലുമുള്ള മാലിന്യങ്ങൾ സംസ്‌കരിക്കാനും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യാനും ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മൂന്ന് ദിവസമായാണ് മഴക്കാലപൂർവ ശുചീകരണം നടത്തുന്നത്. ജൂൺ നാലിന്‌  തൊഴിലിടങ്ങൾ ശുചീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിക്കാം. പരിസ്ഥിതി ദിനമായ അഞ്ചിന്‌ പൊതുഇടങ്ങൾ ശുചിയാക്കാം. ആറിന് വീടും പരിസരവും വൃത്തിയാക്കണം. സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അഞ്ചുപേരിൽ കൂടാത്ത ചെറുസംഘങ്ങളായി നാടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതോടെ നാടിനും വീടിനും കരുതലായി മാറാൻ നമുക്ക് സാധിക്കും. 

"കരുതൽ' എന്ന മുദ്രാവാക്യമാണ് മഴക്കാലപൂർവ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി കേരളം ഉയർത്തിപ്പിടിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന, മഹിളാ, വിദ്യാർഥി, ബഹുജന സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും കുടുംബശ്രീ, എൻസിസി, എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് തുടങ്ങിയ സംവിധാനങ്ങളും കേരളത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ ഈ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകും. ഇതിന്റെ മുന്നൊരുക്കങ്ങൾക്കായി വാർഡ്തലംമുതൽ ജില്ലാതലംവരെയുള്ള ആലോചനാ യോഗങ്ങൾ പല ഘട്ടത്തിലായി വിളിച്ചുചേർക്കുകയുണ്ടായി. സർക്കാർ സംവിധാനങ്ങളെ സജീവമാക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പ്രളയദുരിതമുണ്ടായ പ്രദേശങ്ങളിൽ എന്തെങ്കിലും വിധത്തിലുള്ള മുൻകരുതലുകൾ ആവശ്യമെങ്കിൽ അതിനായുള്ള നടപടികൾ പ്രാദേശിക സർക്കാരുകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകും. വെള്ളപ്പൊക്കംകൊണ്ട് താമസിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായ പ്രദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വിലയിരുത്തുകയും അവിടം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വേണം. വെള്ളത്തിന് ഒഴുകിപ്പോകാൻ കഴിയുന്ന വിധത്തിൽ നീർച്ചാലുകൾ  വൃത്തിയാക്കാനും നീരൊഴുക്ക് സുഗമമാക്കാനും വേണ്ട നടപടികൾ ഉറപ്പുവരുത്തണം. കടൽക്ഷോഭമുണ്ടാകാൻ സാധ്യതയുള്ള തീരപ്രദേശങ്ങളും ഇത്തരത്തിൽ സൂക്ഷ്മമായ നിരീക്ഷണത്തിനും ഇടപെടലുകൾക്കും വിധേയമാക്കണം.

മാലിന്യനിർമാർജനം നടത്തി വൃത്തിയാക്കിയിടുന്ന പൊതുഇടങ്ങളിൽ തുടർന്നും മാലിന്യനിക്ഷേപം നടത്തുന്ന മോശപ്പെട്ട പ്രവണത കണ്ടുവരാറുണ്ട്. അത്തരമിടങ്ങളിൽ സാധ്യതകൾക്കനുസരിച്ച് സൗന്ദര്യവൽക്കരണം നടത്തിയാൽ ചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കാനാകും. കൊതുകുജന്യ രോഗങ്ങൾ പടരാതിരിക്കാൻ കൊതുകുകൾ വളരാനുള്ള സാധ്യതകൾ ഇല്ലാതാക്കണം. ഒഴിഞ്ഞുകിടക്കുന്ന വീടുകളും ചുറ്റുപാടുകളും പറമ്പുകളും മറ്റും  കൊതുകുവളർത്തു കേന്ദ്രങ്ങളാകുന്നത് തടയണം. കോവിഡ് ദുരിതത്തിനൊപ്പം പകർച്ചവ്യാധിയുമായാൽ നമ്മുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും. വൃത്തിയും ശുദ്ധിയുമുള്ള അന്തരീക്ഷത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയുംപോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കില്ല. ആരോഗ്യകരമായ,  മാലിന്യമുക്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ താഴെതട്ടിലുള്ള പ്രാദേശിക സർക്കാരുകളോടൊപ്പം എല്ലാ ജനവിഭാഗവും കൈകോർത്താൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ശുചീകരണ പ്രവൃത്തികൾ സാർഥകമാകുകയുള്ളൂ.

വീടുകളിലുള്ള ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിച്ച് പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. അജൈവ മാലിന്യങ്ങൾ വീടുകളിൽ സൂക്ഷിച്ചുവച്ചാൽ കോവിഡ് ദുരിതക്കാലത്തിന് അറുതിയാകുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ ക്ലീൻകേരള കമ്പനി വഴി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. റോഡരികിലും പൊതുഇടങ്ങളിലും ഇപ്പോഴും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന രീതിയുണ്ട്. അത്തരം രീതികൾ ആരോഗ്യക്ഷമതയ്ക്ക് ഭീഷണിയാകുമെന്നത് മനസ്സിലാക്കണം.  ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനങ്ങൾ കാലേക്കൂട്ടി ഏർപ്പാടാക്കാൻ ശ്രദ്ധിക്കണം. മഴവെള്ളം കുത്തിയൊലിക്കുമ്പോൾ കൂട്ടിയിട്ട മാലിന്യങ്ങൾ ഒഴുകിപ്പരന്ന് നമ്മുടെ ലക്ഷ്യം പ്രാപ്തമാകാതെ പോകരുത്. നമ്മുടെ നാടിന്റെ ജീവൻ ആരോഗ്യത്തോടെ നിലനിർത്താൻ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ നമുക്കേവർക്കും കരുതലോടെ കൈകൾ കോർക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top