07 June Wednesday

ഇത്‌ സംവാദത്തിന്റെ 
സഞ്ചരിക്കുന്ന വേദി - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 25, 2023

ജനകീയ പ്രതിരോധജാഥ കേവലമായ സമകാലിക രാഷ്ട്രീയവിഷയങ്ങൾ മാത്രമല്ല, ചർച്ചചെയ്യുന്നത്‌. ചിലർ അങ്ങനെയാണ്‌ ധരിക്കുന്നത്‌. വലതുപക്ഷ മാധ്യമങ്ങൾ  രാഷ്ട്രീയ വിവാദങ്ങളിൽ ഈ യാത്രയെ കുരുക്കിയിടാൻ ശ്രമിക്കുന്നുവെന്നത്‌ നേരാണ്‌. അൽപ്പായുസ്സുകളായ വിവാദങ്ങൾക്കപ്പുറം ഭാവികേരളത്തിന്റെ വികസന നിലപാടുകളും നയസമീപനങ്ങളും ചർച്ചചെയ്യുന്നതിനുള്ള സഞ്ചരിക്കുന്ന വേദിയായാണ്‌ ഞങ്ങൾ ജനകീയ പ്രതിരോധ യാത്രയെ സമീപിക്കുന്നത്‌. ഈ യാത്ര ജനങ്ങളോട്‌ സംസാരിക്കുക മാത്രമല്ല, അവരെ കേൾക്കുക കൂടിയാണ്‌ ചെയ്യുന്നത്‌. അതത്‌ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുമായി എല്ലാ ദിവസവും കൂടിക്കാഴ്‌ച നടത്തുന്നു. എല്ലാ ദിവസവുമുള്ള വാർത്താസമ്മേളനങ്ങളും ഒരർഥത്തിൽ ജനങ്ങളുമായുള്ള കൂടിക്കാഴ്‌ച തന്നെയാണല്ലോ. സ്വീകരണകേന്ദ്രങ്ങളിലേക്ക്‌ എത്തുന്ന ധാരാളം മനുഷ്യരുമായും തുറന്ന ആശയവിനിമയം സാധ്യമാകുന്നുണ്ട്‌.

കേരളത്തിൽ  താരതമ്യേന പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ ഒന്നാണ്‌ വയനാട്‌. അതിന്‌ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ ഉൾപ്പെടെ പല കാരണങ്ങളുണ്ട്‌. ആദിവാസി സമൂഹം ഏറ്റവുമധികമുള്ള ജില്ലയെന്ന നിലയിലും  ഭാവിവികസനത്തിൽ വയനാടിന്‌ സവിശേഷമായ പരിഗണന നൽകാനാകണം. ഏറ്റവും കൂടുതൽ വികസന പ്രശ്‌നങ്ങൾ ജാഥയിൽ ഉയർന്നുവന്നത്‌ വെള്ളിയാഴ്‌ച കൽപ്പറ്റയിൽ നടന്ന കൂടിക്കാഴ്‌ചയിലായിരുന്നു.

വയനാടിന്റെ ജനജീവിതത്തെ ഭീതിയിലാഴ്‌ത്തുന്നുണ്ട്‌ വന്യജീവി ആക്രമണങ്ങൾ. അതത്‌ കാലത്തെ ആശ്വാസ നടപടികൾക്കപ്പുറം ഈ വിഷയത്തിന്‌ ദീർഘവീക്ഷണത്തോടെയുള്ള ശാസ്‌ത്രീയമായ പരിഹാരം ഉണ്ടാകണം. ചുരത്തിലെ യാത്രാപ്രശ്‌നവും ഗൗരവമുള്ളതാണ്‌. രാത്രിയാത്രാ നിരോധനത്തിന്റെ ദുരിതങ്ങളും അവതരിപ്പിക്കപ്പെട്ടു.  ഒരു നാട്‌ ഇടയ്ക്കിടെ ബന്ദിയാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്‌. വയനാട്‌ മെഡിക്കൽ കോളേജിന്റെ വികസനവും ഗൗരവത്തോടെ ഉന്നയിക്കപ്പെട്ടു. നഗര ആസ്ഥാനത്ത്‌ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. വയനാടിന്റെ പ്രകൃതിദത്തമായ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന നിർദേശം  ഉയർന്നു. ചുരം റോപ് വേ പോലുള്ള അനേകം നിർദേശങ്ങളും ഉയർന്നു. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട ആശങ്കയും ചർച്ചചെയ്യപ്പെട്ടു. ഈ ആവശ്യങ്ങളിൽ ചിലതെല്ലാം സർക്കാർ തലത്തിൽ പരിഹരിക്കേണ്ടതാണ്‌. ചിലതിലെല്ലാം നയപരമായ തീരുമാനങ്ങൾ വേണം. ഇക്കാര്യങ്ങളിലെല്ലാം ഉള്ളുതുറന്ന സമീപനം സ്വീകരിക്കും.


 

വെള്ളിയാഴ്‌ചയോടെ ജാഥ അഞ്ചുദിനം പിന്നിട്ടു. 20 സ്വീകരണകേന്ദ്രങ്ങളിലായി രണ്ടരലക്ഷംപേരോട്‌ ജാഥ നേരിട്ട്‌ സംസാരിച്ചു. കോഴിക്കോട്‌ ജില്ലയിൽ ഒന്നാംദിനം നാലുകേന്ദ്രങ്ങളിലാണ്‌ ജാഥ എത്തിയത്‌. വ്യാഴാഴ്‌ചത്തെ പര്യടനത്തിന്‌ ശേഷം കൽപ്പറ്റയിലായിരുന്നു താമസിച്ചത്‌. രാവിലെ വാർത്താസമ്മേളനവും വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയവും കഴിഞ്ഞാണ്‌ ആദ്യ സ്വീകരണകേന്ദ്രമായ മുക്കത്തേക്ക്‌ തിരിച്ചത്‌. വയനാടും കോഴിക്കോടും അതിർത്തികൾ പങ്കിടുന്ന ജില്ലകളെങ്കിലും പലരീതിയിൽ വേറിട്ടുനിൽക്കുന്നതാണ്‌. ഭൂപ്രകൃതിയിലും ജനജീവിതത്തിലും സംസ്‌കാരത്തിലും ഉപജീവനത്തിലുമെല്ലാം ആ മാറ്റങ്ങളുണ്ട്‌. അടിവാരത്ത്‌ നിന്നാണ്‌ കോഴിക്കോട്‌ ജില്ലയിലേക്ക്‌ യാത്രയെ വരവേറ്റത്‌. പാർടി നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളുമെല്ലാം ചേർന്നാണ്‌ സ്വീകരിച്ചത്‌. 

മുക്കത്ത്‌ വൻ ജനസഞ്ചയമായിരുന്നു. കൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞ ജനം ശ്രദ്ധയോടെയാണ്‌ ജാഥ ഉയർത്തുന്ന ജനകീയ വിഷയങ്ങൾ കേട്ടുനിന്നത്‌. രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ അച്ഛൻ ആൻഡ്രൂസും ബദറുദ്ദീന്റെ മകൻ നഹാസും വേദിയിലെത്തിയപ്പോൾ കടലിരമ്പംപോലെയാണ്‌ മുദ്രാവാക്യം മുഴങ്ങിയത്‌. മാറുന്ന  കൊടുവള്ളിയുടെ വിളംബരമായിരുന്നു അവിടെയെത്തിയ ജനങ്ങൾ. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം കൂടുതൽ  ന്യൂനപക്ഷങ്ങൾ അണിനിരക്കുന്നുവെന്നതിന്റെ അനുഭവ സാക്ഷ്യം. ബാലുശേരിയും പേരാമ്പ്രയും ചുവന്ന മണ്ണിന്റെ പെരുമക്കൊത്തവിധമാണ്‌  വരവേറ്റത്‌. ഞങ്ങൾക്ക്‌ അരികിലേക്ക്‌ ജനം നിറഞ്ഞൊഴുകുകയായിരുന്നു.  

എൽഡിഎഫ്‌ സർക്കാർ കേരളത്തിൽ സൃഷ്ടിച്ച വികസനം യുഡിഎഫിനെ യും സംഘപരിവാരത്തെ യും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസർക്കാരിനെയും അസ്വസ്ഥമാക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ കെ–റെയിലും ദേശീയപാതാ വികസനവും പോലുള്ള സ്വപ്‌നപദ്ധതികളെ അവർ എതിർക്കുന്നത്‌; അതിന്‌ തുരങ്കംവയ്‌ക്കുന്നത്‌. സ്വന്തം നാടിനെ തകർക്കാൻ ശ്രമിക്കുന്ന ഈ രാഷ്ട്രീയമാണ്‌ ഞങ്ങൾ ജനങ്ങളോട്‌ പറയുന്നത്‌.

സാമ്പത്തിക ശാസ്‌ത്രം പറഞ്ഞാൽ മനസ്സിലാകുന്ന ജനതയാണ്‌ കേരളത്തിലേത്‌ എന്നാണ്‌ എന്റെ തോന്നൽ. അത്‌ കേരളം പിന്തുടരുന്ന രാഷ്ട്രീയത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും മികവാണ്‌. ഒരു നയാപൈസപോലും ചെലവഴിക്കാതെ അദാനിയെ പോലുള്ളവർ  സമ്പന്നരായി മാറിയത്‌ വിശദീകരിക്കാനാണ്‌ കൊടുവള്ളിയിലെ സ്വീകരണകേന്ദ്രത്തിൽ ഞാൻ ശ്രമിച്ചത്‌. അതിന്റെ സാമ്പത്തിക ശാസ്‌ത്രം വിശദീകരിക്കുന്നതിനിടെ ചില ചോദ്യങ്ങൾ സദസ്സിനോട്‌ ഉന്നയിച്ചു. സഞ്ചിത മൂലധനത്തെക്കുറിച്ചും ആർജിത മൂലധനത്തെക്കുറിച്ചും സദസ്സ്‌ ഉത്തരം പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛ വിലയ്‌ക്ക്‌ വിൽക്കാൻ തീരുമാനിച്ചപ്പോൾ ലാഭമുണ്ടാക്കിയത്‌ കോർപറേറ്റുകളാണ്‌. ഒരു രൂപപോലും ഇതിനായി അവർക്ക്‌ ചെലവഴിക്കേണ്ടിവന്നില്ല. ചുളുവിലയ്‌ക്ക്‌ വാങ്ങാൻ ബാങ്ക്‌ വായ്‌പ അനുവദിക്കുകയും ആ ബാങ്ക്‌ വായ്‌പ എഴുതിത്തള്ളുകയും ചെയ്‌താണ്‌ കേന്ദ്രസർക്കാർ കോർപറേറ്റുകളെ പോറ്റിവളർത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top