09 February Thursday

ഗവർണറുടെ പ്രീതിയല്ല ജനപ്രീതി - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 27, 2022

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമാക്കി തിരുവനന്തപുരത്തു ചേർന്ന ദ്വിദിന കൊളോക്വിയം ബുധനാഴ്‌ച സമാപിച്ചു. നിർമിതബുദ്ധി, ബ്ലോക്ക്‌ചെയിൻ പോലുള്ള നൂതനമായ കോഴ്‌സുകൾ, നാലുവർഷ ബിരുദം, കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജുകൾ, അഞ്ചു വർഷത്തെ പ്രോജക്ട്‌ മോഡ്‌ കോഴ്‌സുകൾ തുടങ്ങി ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള ശ്രമങ്ങളാണ്‌ രണ്ടാം പിണറായി വിജയൻ സർക്കാർ ആരംഭിച്ചിട്ടുള്ളത്‌. ഒന്നാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസത്തിലാണ്‌ ഊന്നിയതെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും ഉയർച്ചയ്‌ക്കുമാണ്‌ ഊന്നൽനൽകുന്നത്‌. എൽഡിഎഫ്‌ പ്രകടനപത്രികയിൽ വിഭാവനം ചെയ്യുന്ന വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്ക്‌ കേരളത്തെ ഉയർത്തുക ലക്ഷ്യമാക്കിയാണ്‌ ഈ രംഗത്ത്‌ സർക്കാർ പ്രവർത്തിക്കുന്നത്‌. ഈ ഘട്ടത്തിലാണ്‌ ഈ മുന്നേറ്റത്തെയാകെ തടസ്സപ്പെടുത്തുംവിധം ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ രംഗത്തുവന്നിട്ടുള്ളത്‌. കേരളത്തിലെ വിദ്യാഭ്യാസമേഖല ശാസ്‌ത്രത്തിലും മതനിരപേക്ഷതയിലും ഊന്നി മുന്നോട്ടുപോകുന്നുവെന്നത്‌ സംഘപരിവാറിന്‌ രുചിക്കുന്നില്ല.

അതുകൊണ്ടുതന്നെ എങ്ങനെയും വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കുകയെന്ന  ലക്ഷ്യത്തോടെയാണ്‌ ഗവർണറെ ഇറക്കി  ആർഎസ്‌എസും സംഘപരിവാറും കളിക്കുന്നത്‌. 11 വിസി മാർക്ക്‌ ഷോ കോസ്‌ നോട്ടീസ്‌ നൽകിയത്‌ ഇതിന്റെ ഭാഗമാണ്‌. എന്നാൽ, ഇവിടംകൊണ്ട്‌ കളിനിർത്താൻ തയ്യാറല്ലെന്ന്‌, ധനമന്ത്രിയിൽ ‘പ്രീതി’ നഷ്ടപ്പെട്ടെന്ന ഗവർണറുടെ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ്‌ ഈ ഇടങ്കോലിടൽ. മന്ത്രിയെ പുറത്താക്കണമെന്നാണ്‌ ഗവർണർ പറയുന്നത്‌. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്‌, ഗവർണർക്കല്ല എന്ന്‌ ഓർമിപ്പിക്കട്ടെ. ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ ‘രാജാവ്‌’ ചമയാനാണ്‌ ഗവർണർ ശ്രമിക്കുന്നത്‌. ജനാധിപത്യത്തിന്റെ ബാലപാഠംപോലും മാനിക്കാതെയുള്ള നടപടിയാണ്‌ ഇത്‌. കേരളത്തിലെ ജനങ്ങൾക്ക്‌ ധനമന്ത്രിയിലല്ല മറിച്ച്‌ ഗവർണറിലാണ്‌ പ്രീതി നഷ്ടപ്പെട്ടിരിക്കുന്നത്‌.

ബിജെപിയുടെയും ആർഎസ്‌എസിന്റെയും നിർദേശാനുസരണമാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ തുറന്നുപറയാൻ ഒരു മടിയുമില്ലാത്തയാളാണ്‌ ഗവർണർ. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിനെ ഒരു സ്വകാര്യവസതിയിൽ ചെന്നുകാണാനും നിഷ്‌പക്ഷതയുടെ മൂടുപടം അണിയുന്ന ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ മടിയുണ്ടായില്ല. ഈ കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ്‌ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇടപെടാൻ ഗവർണർ തിടുക്കംകാട്ടുന്നത്‌. നേരത്തേ സിഎഎ വിരുദ്ധ സമരത്തിനും കർഷകസമരത്തിനും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നിയമസഭ തയ്യാറായപ്പോൾ ഗവർണർ എങ്ങനെയാണ്‌ പ്രതികരിച്ചതെന്ന്‌ എല്ലാവർക്കും ഓർമയുണ്ടാകും. അക്കാദമിക പണ്ഡിതരെയും വിസിമാരെയും ഗുണ്ടയെന്നും ഭാഷ അറിയാത്തവരെന്നും ക്രിമിനലെന്നും വിളിച്ച്‌ ആക്ഷേപിക്കുന്നതും നാം കണ്ടതാണ്‌.

ഏറ്റവും അവസാനമായി തന്റെ വാർത്താസമ്മേളനത്തിൽനിന്ന്‌ ചില മാധ്യമങ്ങളെ ഒഴിവാക്കാനും ഗവർണർ തയ്യാറായി. തന്റെ നടപടികളെ ചോദ്യംചെയ്യുന്ന മാധ്യമപ്രവർത്തകരൊന്നും വാർത്താസമ്മേളനത്തിൽ പങ്കെടുക്കേണ്ട എന്ന ഗവർണറുടെ ഈ നിലപാട്‌ ഫാസിസമല്ലാതെ മറ്റൊന്നുമല്ല. താൻ പറയുന്നതുമാത്രം കേട്ടാൽമതിയെന്ന ഗവർണറുടെ ധിക്കാരത്തിനു മുമ്പിൽ വഴങ്ങിക്കൊടുക്കാനും ഒരുകൂട്ടം മാധ്യമ പ്രവർത്തകർ ഉണ്ടായിയെന്നത്‌ അപകടകരമായ സൂചനയാണ്‌. യജമാനന്റെ മടിയിൽ കയറിയിരുന്ന്‌ സ്‌തുതിഗീതം പാടുന്ന മാധ്യമസംസ്‌കാരത്തെ പുൽകാൻ അഭിപ്രായസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന മാധ്യമപ്രവർത്തകർ തന്നെ തയ്യാറായിയെന്നത്‌ ഗൗരവത്തിൽ കാണേണ്ട വിഷയംതന്നെയാണ്‌. നേരത്തേ ഒരു കേന്ദ്രമന്ത്രിയും അവർക്ക്‌ ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തകരെമാത്രം വിളിച്ച്‌ സംസാരിച്ചിരുന്നു.  ഇതെല്ലാം തെളിയിക്കുന്നത്‌ ഹിന്ദുത്വ രാഷ്‌ട്രീയം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ പ്രതിപക്ഷഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ ബിജെപി നിയമിത ഗവർണർമാരെപ്പോലെ തന്നെ കേരളത്തിലെ ഗവർണറും ശ്രമിക്കുന്നുവെന്നാണ്‌.

ഈയൊരു പശ്ചാത്തലത്തിൽ വേണം ഗവർണറുടെ നടപടിയെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും നടത്തിയ പരാമർശങ്ങളെ  വീക്ഷിക്കാൻ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിയണിയിക്കാനാണ്‌ വിസിമാരെ പുറത്താക്കാനുള്ള നടപടിക്ക്‌ ഗവർണർ തുടക്കമിട്ടിട്ടുള്ളത്‌. ഏറാൻമൂളികളായ കാവിക്കുപ്പായക്കാരെ വിസിമാരായി നിയമിക്കാനാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നീക്കമെന്ന്‌ കൊച്ചുകുട്ടിക്കുപോലും തിരിച്ചറിയാൻ കഴിയും. മുസ്ലിംലീഗ്‌ നേതാക്കൾക്കും മറ്റ്‌ യുഡിഎഫ്‌ ഘടക കക്ഷി നേതാക്കൾക്കും മാത്രമല്ല, കോൺഗ്രസ്‌ അഖിലേന്ത്യാ നേതൃത്വത്തിനും ഗവർണറുടെ നീക്കം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. അതിന്റെ തെളിവാണ്‌ കോൺഗ്രസ്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മുൻ കെപിസിസി പ്രസിഡന്റ്‌ കെ മുരളീധരനും മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയും മറ്റും നടത്തിയ പ്രസ്‌താവനകൾ. എന്നാൽ, വി ഡി സതീശനും കെ സുധാകരനും ചെന്നിത്തലയ്‌ക്കും അതിനു കഴിയുന്നില്ല. ഇതിനു കാരണം അവരുടെ ഹിന്ദുത്വരാഷ്ട്രീയ പക്ഷപാതിത്വമല്ലാതെ മറ്റൊന്നുമല്ല. ആർഎസ്‌എസിന്റെ പ്രത്യയശാസ്‌ത്ര അടിത്തറ വിപുലമാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ കുനിഞ്ഞുനിന്ന്‌ വിളക്കുകൊളുത്തി ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്ത മാന്യദേഹമാണ്‌ പ്രതിപക്ഷ നേതാവ്‌. ബിജെപിയിൽ പോകാനും മടിക്കില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച നേതാവാണ്‌ കെ സുധാകരൻ. അടുത്തിടെ ഇന്ത്യൻ എക്‌സ്‌പ്രസിന്‌ നൽകിയ അഭിമുഖത്തിൽ ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെട്ടതായി സുധാകരൻ തന്നെ വെളിപ്പെടുത്തുകയും ചെയ്‌തു.

ഒരുകാര്യം ഇവിടെ വ്യക്തമാക്കാം. ആരിഫ്‌ മൊഹമ്മദ്‌ ഖാനും വി ഡി സതീശനും കെ സുധാകരനും ചേർന്ന്‌ കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്‌എസുകാരെ വിസിമാരാക്കാൻ തുനിഞ്ഞാൽ അതിന്‌ പ്രബുദ്ധ കേരളം നിന്നുകൊടുക്കില്ല. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്കും അതിനെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ്‌ നേതൃത്വത്തിനുമെതിരെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹവും ശക്തമായ പ്രക്ഷോഭംതന്നെ ഉയർത്തിക്കൊണ്ടുവരും. കഴിഞ്ഞ മൂന്നു ദിവസമായി നടന്ന പ്രതിഷേധ പരിപാടിയിൽത്തന്നെ പതിനായിരങ്ങളാണ്‌ അണിനിരന്നത്‌. നവംബർ 15നു നടക്കുന്ന രാജ്‌ഭവൻ മാർച്ചിൽ ലക്ഷംപേർ പങ്കെടുക്കും. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറിലുള്ള  അവിശ്വാസമാണ്‌ അവിടെ രേഖപ്പെടുത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top