28 November Monday

എന്നും കരുത്തേകുന്ന സ്മരണ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2022

ദേശാഭിമാനി 80–-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നാം ഇത്തവണ മൂർത്തി 
മാഷിന്റെ സ്മരണ പുതുക്കുന്നത്. ‘പ്രചാരകൻ, പ്രക്ഷോഭകൻ, സംഘാടകൻ’ എന്ന ദേശാഭിമാനിയുടെ സുവ്യക്തമായ ദൗത്യം നിർവഹിക്കുന്നതിൽ അദ്ദേഹം കാണിച്ച ആത്മസമർപ്പണതുല്യമായ ഉത്തരവാദിത്വം മാതൃകാപരമാണ്

വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി വി ദക്ഷിണാമൂർത്തി. കമ്യൂണിസ്റ്റ് പാർടി സംഘാടകൻ, വിദ്യാർഥി, യുവജന, അധ്യാപക, ട്രേഡ് യൂണിയൻ നേതാവ്, പ്രഭാഷകൻ, പരിഭാഷകൻ, പ്രക്ഷോഭകാരി, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചു.അദ്ദേഹം വിടപറഞ്ഞിട്ട്‌ ആറുവർഷം പൂർത്തിയായി.

ദേശാഭിമാനി 80–-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നാം ഇത്തവണ മൂർത്തി മാഷിന്റെ സ്മരണ പുതുക്കുന്നത്. ‘പ്രചാരകൻ, പ്രക്ഷോഭകൻ, സംഘാടകൻ’ എന്ന ദേശാഭിമാനിയുടെ സുവ്യക്തമായ ദൗത്യം നിർവഹിക്കുന്നതിൽ അദ്ദേഹം കാണിച്ച ആത്മസമർപ്പണതുല്യമായ ഉത്തരവാദിത്വം മാതൃകാപരമാണ്. ദേശാഭിമാനിയെ പൊതുസ്വീകാര്യതയുള്ള പത്രമാക്കി മാറ്റുന്നതിൽ കാര്യമായ പങ്കുവഹിച്ചു. പത്രത്തെ അടിസ്ഥാന രാഷ്ട്രീയ, സാമൂഹ്യമൂല്യങ്ങളിൽ ഉറപ്പിച്ചുനിർത്തുന്നതിലും ശ്രദ്ധിച്ചു. കോഴിക്കോട് ദേശാഭിമാനിയുടെ മാനേജർ എന്ന  ഉത്തരവാദിത്വമാണ് പാർടി ആദ്യം ഏൽപ്പിച്ചതെങ്കിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതി. 19 വർഷത്തോളം കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവർത്തിച്ചു. ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്നു. ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി. ദേശാഭിമാനിയെ കേരളത്തിലെ മൂന്നാമത്തെ പത്രമായി ഉയർത്തിയതിൽ അദ്ദേഹത്തിന് നിർണായകപങ്കുണ്ട്.

പാർടിയെയും നേതാക്കളെയും വളഞ്ഞിട്ടാക്രമിച്ച ശത്രുക്കൾക്കെതിരെ കരുത്തുറ്റ നാവും തൂലികയുമായിരുന്ന അദ്ദേഹം മാർക്സിസം ലെനിനിസത്തിൽ അധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളിലൂടെയും സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെയും എല്ലാവരുടെയും പ്രിയപ്പെട്ട മാഷായി മാറി.  നന്നേ ചെറുപ്പത്തിൽ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം അധ്യാപകനായാണ് പൊതുജീവിതം ആരംഭിക്കുന്നത്. ചെത്തുതൊഴിലാളികൾ, അധ്യാപകർ, ക്ഷേത്രജീവനക്കാർ, തോട്ടം തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ മേഖലയിലും സജീവമായി ഇടപെട്ടു. ദീർഘകാലം കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവുമായിരുന്നു. 1950ൽ 16–-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 26 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച് 1982ൽ വടക്കുമ്പാട് ഹൈസ്കൂളിൽനിന്ന് സ്വമേധയാ വിരമിച്ചു. അതേവർഷം പാർടി സംസ്ഥാന കമ്മിറ്റി അംഗമായി. കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. മലബാർ ഐക്യവിദ്യാർഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറിയായിരുന്ന ദക്ഷിണാമൂർത്തി കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. മലബാർ ദേവസ്വത്തിനു കീഴിൽ ജീവനക്കാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മൂന്നുതവണ പേരാമ്പ്രയിൽനിന്ന് നിയമസഭാംഗമായി. 1980 –- 82ൽ സിപിഐ എം നിയമസഭാ വിപ്പായിരുന്നു.

മാർക്സിയൻ ദർശനത്തിൽ ആഴത്തിൽ അറിവുനേടിയ അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും അതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അറുപതുകളുടെ ആദ്യപകുതിയിലും പിന്നീടും നടന്ന ആശയസമരത്തിൽ തിരുത്തൽവാദത്തിനും ഇടതുപക്ഷ വ്യതിയാനത്തിനുമെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1964 ൽ കമ്യൂണിസ്റ്റ് പാർടിയിൽ പിളർപ്പുണ്ടായതിനെത്തുടർന്ന് സിപിഐ എമ്മിനൊപ്പം നിന്നു. ആ ഘട്ടത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജില്ലാ കൗൺസിൽ അംഗമായിരുന്നു. വർഗസഹകരണ പ്രവണതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ഇടത്‐വലത് വ്യതിയാനങ്ങൾക്കെതിരെ സൈദ്ധാന്തിക ജാഗ്രത നിലനിർത്താൻ നല്ല രീതിയിൽ ഇടപെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ 75–-ാം  വാർഷികം ആചരിക്കുന്ന ഘട്ടംകൂടിയാണ് ഇത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളെ ഉൾക്കൊണ്ടുകൊണ്ടാണ് ഭരണഘടന രൂപപ്പെട്ടുവന്നത്. അത് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാഴ്ചപ്പാടുകൾ കനത്ത വെല്ലുവിളിയെ നേരിടുന്ന ഘട്ടമാണ്‌ ഇത്. ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ പങ്കാളിത്തമില്ലാത്ത ആർഎസ്എസ് നയിക്കുന്ന രാഷ്ട്രീയ പാർടി  അധികാരത്തിൽ വന്ന സാഹചര്യമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നത്.

ഹിന്ദുത്വ കോർപറേറ്റ് രാഷ്ട്രീയം രാജ്യത്തിന്റെ വിവിധ മേഖലയിൽ പിടിമുറുക്കുന്നു. അമിതാധികാര പ്രവണത ജനാധിപത്യമൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന സ്ഥിതിവിശേഷവും നിലനിൽക്കുകയാണ്. ഫെഡറൽ സംവിധാനത്തെ തകർക്കുന്നവിധം ഗവർണർമാരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ഇടപെടൽ നടത്തുന്ന രീതി വികസിച്ചുവന്നു.  പൊതുമേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കോൺഗ്രസ്‌ അജൻഡയെ കൂടുതൽ ശക്തമായി ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തി മുന്നോട്ടുപോകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങളും സജീവമായി. സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുകയെന്ന രാഷ്ട്രീയ സമീപനം ബിജെപി സ്വീകരിക്കുകയാണ്.

ബിജെപിക്ക് ബദലെന്ന് അവകാശപ്പെടുന്ന കോൺഗ്രസാകട്ടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. രാജ്യം നേരിടുന്ന വെല്ലുവിളികളെ പരിഹരിക്കുന്നതിനുള്ള ഒരു നിലപാടും കോൺഗ്രസിനില്ല. അത് കൂടുതൽ ദുർബലമായി തീരുന്ന സ്ഥിതിയും നിലനിൽക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗുലാംനബി ആസാദ് കോൺഗ്രസ്‌ വിട്ടത്.

ഈ സാഹചര്യത്തിൽ പാർടിയുടെ കരുത്തും  ഇടതുപക്ഷത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണ്. ജനാധിപത്യശക്തികളെ അതിനു പിന്നിൽ അണിനിരത്തി മുന്നോട്ടുപോകാനാകണം. ബിഹാറിൽ ഉൾപ്പെടെ അടുത്ത നാളുകളിലുണ്ടായ മാറ്റം ഈ ദിശയിലുള്ള മുന്നോട്ടുപോക്കിന് കരുത്തുപകരുന്നതാണ്. പാർടിയുടെ കരുത്തും  ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഐക്യവും കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാനാകണം. അതിനായുള്ള പ്രവർത്തനങ്ങളിൽ വരുംദിവസങ്ങളിൽ നമുക്ക് കൂട്ടായി മുഴുകാം. ജനങ്ങളെ അണിനിരത്തി എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനും ശക്തിപകരാൻ വി വി ദക്ഷിണാമൂർത്തിയുടെ സ്മരണ നമുക്ക് പ്രചോദനമേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top