05 June Monday

പലസ്‌തീൻ ജനതയ്‌ക്കൊപ്പം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023

പലസ്‌തീൻ ഐക്യദാർഢ്യദിനം വിപുലമായ തോതിൽ ആചരിക്കാൻ സിപിഐ എം ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. എല്ലാ ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാൻ ഒമ്പതിനും പത്തിനും ചേർന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി.  എന്തിനാണ്‌ ഇപ്പോൾ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നതിന്‌ പാർടി തയ്യാറാകുന്നതെന്ന ചോദ്യം പല കോണിൽനിന്നും ഉയരുന്നുണ്ട്‌. അതിനുള്ള ഉത്തരം നൽകാനാണ്‌ ഈ കോളത്തിൽ ശ്രമിക്കുന്നത്‌.

പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്‌ എതിരെ ജനവികാരം ഉയർത്തുക എന്നതാണ്‌ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടികൾകൊണ്ട്‌ സിപിഐ എം പ്രധാനമായും ലക്ഷ്യമാക്കുന്നത്‌. 1948ൽ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമായി ഇസ്രയേൽ എന്ന രാഷ്ട്രം രൂപംകൊണ്ടതുമുതൽ സ്വന്തം ഭൂമിക്കും പരമാധികാരത്തിനുംവേണ്ടി പൊരുതുകയാണ്‌ പലസ്‌തീൻ ജനത. അതിന്നും അവർ വീറോടെ തുടരുകയാണ്‌. എന്നാൽ, പലസ്‌തീൻ ജനതയ്‌ക്കെതിരെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പൂർണ പിന്തുണയോടെയുള്ള വേട്ടയാടൽ ഇസ്രയേൽ ഇപ്പോൾ കൂടുതൽ ശക്തമായിരിക്കുകയാണ്‌. നേരത്തേ പലസ്‌തീൻ ജനതയ്‌ക്ക്‌ പൂർണപിന്തുണ നൽകിയ ഇന്ത്യപോലുള്ള രാജ്യങ്ങളും ചില അറബ്‌ രാഷ്ട്രങ്ങളും ഇസ്രയേൽപക്ഷത്തേക്ക്‌ ചാഞ്ഞതോടെ പലസ്‌തീൻ ജനതയ്‌ക്കുനേരെയുള്ള ആക്രമണം പതിന്മടങ്ങ്‌ വർധിപ്പിച്ചിരിക്കുകയാണ്‌.  ഇറാനിലെ ഹിജാബ്‌ പ്രക്ഷോഭവും ഉക്രയ്‌ൻ യുദ്ധവും സംബന്ധിച്ച വാർത്തകൾ  പാശ്ചാത്യമാധ്യമങ്ങളിൽ നിറയുമ്പോൾ പശ്ചിമതീരത്തും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ സൈന്യവും കുടിയേറ്റക്കാരും നടത്തുന്ന ക്രൂരതകൾ അവർ കണ്ടില്ലെന്നു നടിക്കുകയാണ്‌.

പലസ്‌തീൻ പ്രദേശങ്ങളായ പശ്ചിമ തീരത്തും കിഴക്കൻ ജറുസലേമിലും ഇസ്രയേലി കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടുകയാണ്‌. ഇസ്രയേലി സൈന്യം ഇതിന്‌ എല്ലാവിധ പിന്തുണയും നൽകുന്നു. പശ്ചിമ തീരത്തെ പലസ്‌തീൻ വീടുകളിൽ തുടർച്ചയായി ഇസ്രയേലി സേനയുടെ റെയ്‌ഡ്‌ നടക്കുകയാണ്‌. രാത്രികാലങ്ങളിലാണ്‌ ബുൾഡോസറുകൾ അടക്കം  ഉപയോഗിച്ചുള്ള റെയ്‌ഡും ഇടിച്ചുനിരത്തലും നടക്കുന്നത്‌. അഭയാർഥി ക്യാമ്പുകളും ഈ രീതിയിൽ ആക്രമണത്തിന്‌ വിധേയരാകുന്നു. പശ്ചിമതീരത്ത്‌ പലസ്‌തീനികൾക്ക്‌ ജീവിതം അസാധ്യമാക്കി അവരെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച്‌ ജൂത ഭൂരിപക്ഷ പ്രദേശമായി മാറ്റാനാണ്‌ ഇസ്രയേൽ ശ്രമിക്കുന്നത്‌. പശ്ചിമ തീരത്ത്‌ ഇതിനകംതന്നെ അഞ്ചു ലക്ഷം ഇസ്രയേലികളെ കുടിയേറ്റിക്കഴിഞ്ഞിട്ടുണ്ട്‌.

ട്രംപ്‌ അമേരിക്കൻ പ്രസിഡന്റായ ഘട്ടത്തിൽ ഇസ്രയേലിന്റെ തലസ്ഥാനമായി കിഴക്കൻ ജറുസലേമിനെ പ്രഖ്യാപിക്കുകയും അമേരിക്കൻ എംബസി അങ്ങോട്ടുമാറ്റുകയും ചെയ്‌തിരുന്നു. ഇസ്രയേലി അവകാശവാദത്തിന്‌ കരുത്തുപകരാനായിരുന്നു ഈ നീക്കം.

സ്വതന്ത്ര പലസ്‌തീൻ രാഷ്ട്രം യാഥാർഥ്യമായാൽ അതിന്റെ തലസ്ഥാനമായി പലസ്‌തീനികൾ കരുതുന്ന കിഴക്കൻ ജറുസലേമിലെ പലസ്‌തീൻ വീടുകൾക്കുനേരെയും സമാനമായ ആക്രമണം ആരംഭിച്ചിട്ടുണ്ട്‌. ട്രംപ്‌ അമേരിക്കൻ പ്രസിഡന്റായ ഘട്ടത്തിൽ ഇസ്രയേലിന്റെ തലസ്ഥാനമായി കിഴക്കൻ ജറുസലേമിനെ പ്രഖ്യാപിക്കുകയും അമേരിക്കൻ എംബസി അങ്ങോട്ടുമാറ്റുകയും ചെയ്‌തിരുന്നു. ഇസ്രയേലി അവകാശവാദത്തിന്‌ കരുത്തുപകരാനായിരുന്നു ഈ നീക്കം. ഹമാസ്‌ ഭരണം നടത്തുന്ന ഗാസയാകട്ടെ പലസ്‌തീൻകാരെ സംബന്ധിച്ച തുറന്ന ജയിൽമാത്രമാണ്‌. ഗാസയിലേക്കും പുറത്തേക്കുമുള്ള പലസ്‌തീൻകാരുടെ പ്രവേശം അസാധ്യമാക്കുന്ന രീതിയിലാണ്‌ ഇസ്രയേൽ സേന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ. അങ്ങനെ ഏതുവിധത്തിൽ നോക്കിയാലും പലസ്‌തീൻ ജനതയ്‌ക്ക്‌ ജീവിതംതന്നെ അസാധ്യമാക്കുന്നവിധത്തിലാണ്‌ ഇസ്രയേൽ സർക്കാരും പട്ടാളവും പെരുമാറുന്നത്‌. ഒക്ടോബർ മൂന്നാം വാരം യുഎൻ കമീഷൻ ഓഫ്‌ എൻക്വയറി പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ അധിനിവേശ പലസ്‌തീൻ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌.  ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ സംസാരിക്കാൻ ജനാധിപത്യത്തിന്റെപേരിൽ അഭിമാനം കൊള്ളുന്ന അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ തയ്യാറാകുന്നില്ല. പലസ്‌തീനികളോട്‌ ഇസ്രയേൽ കാട്ടുന്ന ക്രൂരത അതേപടി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ പകർത്താനാണ്‌ മോദിയുടെ ശ്രമം.

ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രവലതുപക്ഷ സ്വഭാവമുള്ള സർക്കാരാണ്‌ ഇപ്പോൾ അധികാരത്തിലുള്ളത്‌. ബെന്യാമിൻ നെതന്യാഹു ആറാമതും പ്രധാനമന്ത്രിയായത്‌ ജൂയിഷ്‌ പവർ പാർടി പോലുള്ള കക്ഷികളുടെ പിന്തുണയോടെയാണ്‌. പലസ്‌തീൻ വിരുദ്ധ വിദ്വേഷ പ്രചാരണത്തിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന കക്ഷിയാണ്‌ ഇത്‌. ആഭ്യന്തര സുരക്ഷാമന്ത്രാലയം കൈകാര്യം ചെയ്യുന്നത്‌ ഈ പാർടിയുടെ നേതാവായ ഇതാമർ ബെൻ ഗവീറാണ്‌. ജോർദാൻ നദി മുതൽ മധ്യധരണ്യാഴി വരെയുള്ള എല്ലാ പ്രദേശവും ഇസ്രയേലിന്റെ ഭാഗമാക്കണമെന്ന പക്ഷക്കാരനാണ്‌ ഇയാൾ. അതായത്‌ പലസ്‌തീനികൾക്ക്‌ അവരുടെ മാതൃരാജ്യം നിഷേധിക്കണമെന്ന്‌. പലസ്‌തീനു വേണ്ടി വാദിക്കുന്നവർ ഭീകരവാദികളാണെന്നും അതിനാൽ പൊതുഇടങ്ങളിലൊന്നും പലസ്‌തീൻ പതാക ഉയർത്തരുതെന്നും വാദിക്കുന്ന നേതാവുകുടിയാണ്‌ ഇയാൾ. ‘മഹത്തായ ഇസ്രയേലി’ൽ നിന്നും എല്ലാ പലസ്‌തീനികളെയും കുടിയൊഴിപ്പിക്കണമെന്ന പക്ഷക്കാരനുമാണ്‌. അത്തരമൊരു മന്ത്രിയുള്ള രാജ്യത്ത്‌ പലസ്‌തീൻകാർക്ക്‌ എന്തു സുരക്ഷയാണ്‌ ഉണ്ടാകുക.

നെതന്യാഹു സർക്കാരിന്റെ നേതൃത്വത്തിലാണ്‌ പശ്ചിമ തീരത്തും കിഴക്കൻ ജറുസലേമിലും ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌ പലസ്‌തീൻ ജനതയെ സംബന്ധിച്ച്‌ ഈ ജൂത കുടിയേറ്റക്കാരും ഇസ്രയേൽ പട്ടാളക്കാരും തമ്മിൽ വ്യത്യാസമില്ല. പട്ടാളക്കാരൻ യൂണിഫോം അഴിച്ചുവച്ചാൽ കുടിയേറ്റക്കാരായി എന്നർഥം

നെതന്യാഹു സർക്കാരിന്റെ നേതൃത്വത്തിലാണ്‌ പശ്ചിമ തീരത്തും കിഴക്കൻ ജറുസലേമിലും ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌ പലസ്‌തീൻ ജനതയെ സംബന്ധിച്ച്‌ ഈ ജൂത കുടിയേറ്റക്കാരും ഇസ്രയേൽ പട്ടാളക്കാരും തമ്മിൽ വ്യത്യാസമില്ല. പട്ടാളക്കാരൻ യൂണിഫോം അഴിച്ചുവച്ചാൽ കുടിയേറ്റക്കാരായി എന്നർഥം. മുഹമ്മദ്‌ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്‌തീൻ നാഷണൽ അതോറിറ്റി സർക്കാരിന്റെ വിശ്വാസമില്ലായ്‌മയും അറബ്‌ രാഷ്ട്രങ്ങളുടെ വഞ്ചനയും പലസ്‌തീൻ അതോറിറ്റി സർക്കാരിനെ നയിക്കുന്ന  ഫത്താ‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പും ഗാസ ഭരിക്കുന്ന  ഹമാസ്‌  പ്രസ്ഥാനവും പലസ്‌തീൻ അതോറിറ്റിയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മയും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങളുടെ പരസ്യമായ ഇസ്രയേൽ പ്രീണനവുമെല്ലാംതന്നെ പലസ്‌തീൻ എന്ന ആശയത്തെത്തന്നെ ഇല്ലായ്‌മ ചെയ്യുന്നതിലേക്കാണ്‌ നയിക്കുന്നത്‌.

ഇത്തരമൊരു ഘട്ടത്തിൽ ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളുടെ പിന്തുണ പലസ്‌തീൻ ജനതയ്‌ക്ക്‌ ആവശ്യമാണ്‌. എല്ലാ വിമോചന പോരാട്ടങ്ങളുടെയും മുന്നണിയിൽ നിന്ന, ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇന്ന്‌ ആ പങ്കുവഹിക്കാൻ തയ്യാറാകുന്നില്ലെന്ന്‌ മാത്രമല്ല, മർദകരായ ഇസ്രയേലിന്റെകൂടെയാണ്‌ നിലയുറപ്പിക്കുന്നത്‌. മോദി സർക്കാരിനെ നയിക്കുന്ന ആർഎസ്‌എസിന്റെ ആശയ പദ്ധതിയുമായി ഇസ്രയേൽ ഭരണത്തിന്റെ തലപ്പത്തുള്ളവരുടെ സയണിസ്‌റ്റ്‌ ആശയ പദ്ധതിയുമായുള്ള സാമ്യമാണ്‌ ഇതിനു കാരണം. അതുകൊണ്ടാണ്‌ ‘ഐടുയുടു’ (ഇന്ത്യയും ഇസ്രയേലും യുഎഇയും യുഎസ്‌എയും) സഖ്യത്തിൽ ഇന്ത്യ ഭാഗഭാക്കായത്‌.  ഇതിന്റെ തുടർച്ചയെന്നോണമാണ്‌ ഡിസംബർ 31ന്‌ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ പലസ്‌തീൻ വിഷയവുമായി ബന്ധപ്പെട്ട്‌ അംഗീകരിച്ച പ്രമേയത്തിന്‌ അനുകൂലമായി വോട്ട്‌ ചെയ്യാതെ ഇന്ത്യ വിട്ടുനിന്നത്‌. പലസ്‌തീൻ ഭൂപ്രദേശങ്ങളിൽ ദീർഘകാലമായി തുടരുന്ന ഇസ്രയേൽ അധിനിവേശങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങൾ എന്തെന്നു പറയാൻ അന്താരാഷ്ട്ര നീതിന്യായ കോടതി തയ്യാറാകണമെന്ന്‌ പറയുന്ന പ്രമേയം 87 അംഗങ്ങളുടെ പിന്തുണയോടെ പാസാകുകയുണ്ടായി. ഇന്ത്യ ഈ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നതിൽനിന്നും വ്യക്തമാകുന്നത്‌ പലസ്‌തീൻ വിഷയത്തിൽ ഏഴരപ്പതിറ്റാണ്ടായി ഇന്ത്യ തുടരുന്ന പലസ്‌തീൻ അനുകൂലനയത്തിൽ നിന്നും പിന്നോട്ടുപോകുകയാണെന്നാണ്‌. മോദി സർക്കാരിന്റെ ഈ നയത്തിനെതിരെയുള്ള പ്രതിഷേധവും ശക്തമായി ഉയരേണ്ടതുണ്ട്‌.

ഇസ്രയേലിന്റെ അതിക്രമങ്ങൾ അവസാനിക്കുന്നതിന്‌ ഏറ്റവും അനിവാര്യമായി വേണ്ടത്‌ പലസ്‌തീന്‌ സ്വാതന്ത്ര്യം അനുവദിക്കുകയാണ്‌. ഒരു സ്വതന്ത്ര മതനിരപേക്ഷ പലസ്‌തീൻ രാഷ്ട്രം രുപീകരിക്കുകയെന്നതാണ്‌ ഈ പ്രശ്‌നത്തിനുള്ള പരിഹാരം. സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമായി സ്വന്തം ഭൂമി നഷ്ടമായ ഒരു ജനത അത്‌ നേടിയെടുക്കാനായി നടത്തുന്ന പോരാട്ടത്തെ പിന്തുണയ്‌ക്കാനുള്ള ബാധ്യത ഇടതുപക്ഷ പുരോഗമന കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കുണ്ട്‌. ആ കടമ ഏറ്റെടുത്തുകൊണ്ടാണ്‌ പലസ്‌തീൻ ഐക്യദാർഢ്യ ദിനം വിപുലമായി ആചരിക്കാൻ സിപിഐ എം ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. പലസ്‌തീൻ ജനതയുടെ വിമോചന പോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളും പ്രവർത്തകരും മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top