06 December Tuesday

ഈ നന്മയിൽ ‘ഒന്നിച്ചോണം’ - എം ടി വാസുദേവൻനായർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 8, 2022

എം ടി വാസുദേവൻനായരും മുഖ്യമന്ത്രി പിണറായി വിജയനും ഫോട്ടോ: ജഗത്ലാൽ

ഉത്സവാന്തരീക്ഷം ജീവിതത്തിൽ പകർന്നു തരുന്നത്‌ വലിയ ഊർജമാണ്‌. കഴിഞ്ഞ ചില 
വർഷങ്ങളിൽ  ഇതൊക്കെ നമുക്ക്‌ നഷ്ടപ്പെട്ടു. പ്രളയം വന്നു. കോവിഡ്‌ വന്നു. ഉത്സവങ്ങളും ആഘോഷങ്ങളും പിൻവാങ്ങിയ കാലം എന്താണെന്ന്‌ നമ്മളറിഞ്ഞു. ഈയാണ്ടിൽ 
അതുകൊണ്ട്‌ ആഘോഷങ്ങൾക്കൊക്കെ കൂടുതൽ പൊലിമ തോന്നും. മനുഷ്യന്റെ 
ക്ഷീണാവസ്ഥയിൽനിന്നുള്ള പ്രതീക്ഷയിലാണ്‌ ഇക്കുറി ഓണം. ഓണം ഒരു പ്രതീക്ഷയാണ്‌. 
നന്മകളിലേക്കും സ്‌നേഹബന്ധങ്ങളിലേക്കും കൂടുതൽ  അടുക്കാമെന്നുള്ള പ്രതീക്ഷ

ഞങ്ങളുടെ തലമുറയ്‌ക്കൊക്കെ  ഓണമെന്നു പറഞ്ഞാൽ മുഖ്യ ആകർഷണം നല്ല ഭക്ഷണമായിരുന്നു. സ്വാദിഷ്ടമായ ഭക്ഷണം. അന്നൊക്കെ മിക്കയിടങ്ങളിലും കഞ്ഞിയാണ്‌ പതിവ്‌.   ഇടത്തരക്കാരുടെ വീടുകളിൽപ്പോലും. ഓണമായാൽ ചോറു കിട്ടും. അക്കാലത്ത്‌ അത്‌ വലിയ കാര്യമാണ്‌. ഇപ്പോളങ്ങനെ പറയുമ്പോൾ സംശയംതോന്നും. പലർക്കും മനസ്സിലാകണമെന്നില്ല. നല്ല ഭക്ഷണം. നല്ല വസ്‌ത്രം. അതൊക്കെയായിരുന്നു   ഓണക്കാലത്തെ ആഹ്ലാദത്തിന്റെ ഒരു കാര്യം. കൊയ്‌ത്തു കഴിഞ്ഞ ദിവസങ്ങളിലാണ്‌ ഓണം വരാറ്‌. വിളവെടുപ്പ്‌ കഴിഞ്ഞ്‌. അങ്ങനെ ദേശത്തിന്റെ ഉത്സവമായി ഓണം മാറും. അതിൽ ജാതിയോ മതമോ ഒന്നുമില്ല. അത്തരം ചിന്തകളൊന്നും സാധാരണക്കാരായ മനുഷ്യർക്കിടയിൽ കടന്നുവരാറില്ല. 

കുടുംബത്തിൽനിന്ന്‌ അകലെ, ദൂരനാടുകളിൽ കഴിയുന്നവർ  ഓണമായാൽ നാട്ടിൽ വരും. ചിലപ്പോൾ ഓണം കടന്നുപോയി, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാകും അവരൊക്കെ വരാറ്‌. എന്നാലും കുട്ടികൾക്ക്‌ അവരുടെ വക സമ്മാനമൊക്കെ ഉണ്ടാകും. മുണ്ടോ മറ്റോ ആകും. അതൊക്കെ വലിയ സന്തോഷമാണ്‌. വീടുകളിൽനിന്ന്‌ ഭക്ഷണം അയൽ വീടുകളിലേക്കും  കൈമാറും. മറ്റു വീടുകളിൽ ചെല്ലുമ്പോൾ അവിടത്തെ ഭക്ഷണം നമുക്കും കിട്ടും. മിക്കവാറും പഴം പുഴുങ്ങിയതാകും. അന്നൊക്കെ ഓണക്കാലത്തെ പ്രത്യേക വിഭവമാണ്‌  പഴംപുഴുങ്ങൽ. അതുപോലെ മാബലിയെ പൂജിക്കാനെടുക്കുന്ന അട. പൂജ കഴിഞ്ഞാൽ അതെല്ലാം തിന്നാൻ കിട്ടുമെന്നതാണ്‌ കുട്ടികളുടെ താൽപ്പര്യം.   

ഞങ്ങളുടെ ഗ്രാമത്തിലൊക്കെ പെരുന്നാളിന്‌ നോമ്പു തുറക്കുമ്പോൾ അവരുണ്ടാക്കാറുള്ള വിശേഷ വിഭവങ്ങൾ ഞങ്ങളുടെ വീടുകളിലും എത്തും. ഓണത്തിന്റെ വലിയ പ്രസക്തി   മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌. ഒരു സമൂഹം എന്ന നിലയിൽ എല്ലാവരും ഒത്തൊരുമിക്കുന്ന, കൂടിച്ചേരുന്ന സന്ദർഭമാണ്‌ ഓണം. കുട്ടികളുടെയും മുതിർന്നവരുടെയും പലതരം വിനോദങ്ങളും കളികളും ഉണ്ടാകും. അതിൽ പലതും ഇന്നത്തെ കാലത്ത്‌ അന്യമായിക്കഴിഞ്ഞു. അക്കാലത്തെ പരിമിത സൗകര്യങ്ങൾക്കുള്ളിലുള്ള  വിനോദങ്ങൾ. ഇപ്പോൾ അതെല്ലാം മെഗാ ഇവന്റുകളാണ്‌. ലക്ഷങ്ങളുടെ മുതൽമുടക്കുള്ള കമ്പോളത്തിന്റെ ഭാഗം.ഉത്സവാന്തരീക്ഷം ജീവിതത്തിൽ പകർന്നു തരുന്നത്‌ വലിയ ഊർജമാണ്‌. കഴിഞ്ഞ ചില വർഷങ്ങളിൽ ഇതൊക്കെ നമുക്ക്‌ നഷ്ടപ്പെട്ടു. പ്രളയം വന്നു. കോവിഡ്‌ വന്നു. ഉത്സവങ്ങളും ആഘോഷങ്ങളും പിൻവാങ്ങിയ കാലം എന്താണെന്ന്‌ നമ്മളറിഞ്ഞു. ഈയാണ്ടിൽ അതുകൊണ്ട്‌ ആഘോഷങ്ങൾക്കൊക്കെ കൂടുതൽ പൊലിമ തോന്നും. മനുഷ്യന്റെ ക്ഷീണാവസ്ഥയിൽനിന്നുള്ള പ്രതീക്ഷയിലാണ്‌ ഇക്കുറി ഓണം. ഓണം ഒരു പ്രതീക്ഷയാണ്‌. നന്മകളിലേക്കും സ്‌നേഹബന്ധങ്ങളിലേക്കും കൂടുതൽ  അടുക്കാമെന്നുള്ള പ്രതീക്ഷ. മാബലിയെ ചവിട്ടിത്താഴ്‌ത്തിയ വാമനനെ ആരാധിക്കുന്ന അന്തരീക്ഷത്തിലേക്ക്‌ ഓണം മാറിയിട്ടുണ്ട്‌. വാമന വിജയം ആഘോഷിക്കണമെന്ന മട്ടിലായി. പണ്ട്‌ മിക്കവാറും വീടുകളിൽ മാബലിയെ വച്ചിരുന്നു. അതൊരു സന്ദേശമാണ്‌. ഒരുപ്രതീകം. ആചാരങ്ങൾക്ക്‌ പ്രാധാന്യം വരുമ്പോൾ ബന്ധങ്ങളിൽ അകലം കൂടും.

എല്ലാ പ്രയാസങ്ങൾക്കും പ്രശ്‌നങ്ങൾക്കുമിടയിൽ ഓണംപോലുള്ള ഉത്സവാന്തരീക്ഷങ്ങൾ ഇടയ്‌ക്കുണ്ടാകണം. ഇക്കാലത്ത്‌ ആഘോഷങ്ങളെല്ലാം ടിവി പരിപാടിയായി ചുരുങ്ങുന്നുണ്ട്‌. ഓണം കൊമേഴ്‌സ്യലൈസ്‌ ചെയ്‌തപ്പോൾ വരുന്ന മാറ്റങ്ങളാണ്‌. വിൽപ്പനയുടെ പരസ്യകാലമായി ഓണം മാറി. പുതിയ തലമുറ കൂടുതലും ഇഷ്ടപ്പെടുന്ന ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണരീതികൾക്കിടയിലും കേരളീയമായ പഴയ ഭക്ഷണങ്ങളുടെ രുചിയും മണവും കിട്ടുന്ന സന്ദർഭമായും ഓണത്തെ കാണാം. കേരളീയമായ ഭക്ഷണം കിട്ടുക എന്നത്‌ ഓണത്തിന്റെ പ്രത്യേകതയായി. ലോകത്തെങ്ങുമുള്ള മലയാളികൾ അന്നൊരു നേരമെങ്കിലും നാട്ടുരുചികളെ ഓർമിക്കും.
ഇവിടെ, വീട്ടിൽ പ്രത്യേകിച്ച്‌ സദ്യയോ ആഘോഷമോ ഒന്നും പതിവില്ല. സാധാരണപോലെ കടന്നുപോകും. എന്നാലും ഇക്കുറി ഓണം ആഘോഷിക്കേണ്ടതാണ്‌ എന്നൊരു മട്ട്‌ ആളുകൾക്കുണ്ട്‌. അതിന്റെ ഉന്മേഷത്തിലാണ്‌ എല്ലാവരും.

ജാതിക്കും മതത്തിനും അതീതമായി എല്ലാത്തരം ഭേദചിന്തകൾക്കുമപ്പുറം  മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാകട്ടെ. അതിന്റെ വൈശിഷ്ട്യങ്ങളും നന്മകളും ഉണ്ടാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top