26 May Tuesday

രാഗങ്ങളുടെ മാസ്‌റ്റർ

ശ്രീകുമാരൻതമ്പിUpdated: Tuesday Apr 7, 2020

ഹരിപ്പാട്ടെ വീട്ടിലിരിക്കുമ്പോഴാണ്‌ ‘കറുത്ത പൗർണമി’യിലെ മാനത്തിൻ മുറ്റത്ത്‌ എന്ന പാട്ട്‌ റേഡിയോയിൽ ഞാൻ കേൾക്കുന്നത്‌. സംഗീത സംവിധായകൻ ആരാണ്‌ എന്നൊന്നും അറിയില്ലായിരുന്നു. ആ പാട്ട്‌ എനിക്ക്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു. ദേവരാജൻ മാസ്‌റ്ററാണ്‌ ആ പാട്ടിന്റെ സംഗീതസംവിധായകൻ എന്നായിരുന്നു എന്റെ ധാരണ. അദ്ദേഹവുമായി അകന്ന്‌ നിൽക്കുന്നതിനാൽത്തന്നെ എന്റെ വരികൾക്ക്‌ അങ്ങനെയൊരു സംഗീതം ലഭിക്കില്ലല്ലോ എന്നതായിരുന്നു എന്റെ വിഷമം. ആർ കെ ശേഖറിനോട്‌ ഞാൻ ഇക്കാര്യം പങ്കുവച്ചപ്പോൾ,  ആ പാട്ടിന്‌ ഈണം നൽകിയത്‌ അർജുനൻ എന്നയാളാണെന്ന്‌ അദ്ദേഹമാണ്‌ പറഞ്ഞത്‌. അങ്ങനെയാണ്‌ ‘റസ്‌റ്റ്‌ഹൗസ്‌’ എന്ന ചിത്രത്തിലൂടെ ഞങ്ങൾ ഒരുമിക്കുന്നത്‌.

എം എസ്‌ വിശ്വനാഥനാണ്‌ റസ്‌റ്റ്‌ ഹൗസിന്‌ സംഗീതം ചെയ്യാനിരുന്നത്‌. അത്‌ നടന്നില്ല. പിന്നെ ദക്ഷിണാമൂർത്തി സ്വാമിയെ ഏൽപ്പിച്ചു. പൂജയ്‌ക്ക്‌ തൊട്ടുമുമ്പ്‌ അദ്ദേഹവും പിന്മാറി. അങ്ങനെയാണ്‌ ‘റസ്‌റ്റ്‌ ഹൗസി’ന്റെ നിർമാതാവ്‌ കെ പി കൊട്ടാരക്കരയോട്‌ ഞാൻ ഈ അഭിപ്രായം പങ്കുവച്ചത്‌. ‘പുതിയൊരു സംഗീതസംവിധായകനുണ്ട്‌; എം കെ അർജുനൻ. ദേവരാജൻ മാസ്‌റ്ററുടെ ശിഷ്യനാണ്‌. ആളെ ഞാൻ നേരിട്ട്‌ കണ്ടിട്ടില്ല. പക്ഷേ, പാട്ട്‌ കേട്ടിട്ടുണ്ട്‌. നല്ല പാട്ടുകളാണ്‌. പുതിയ പടത്തിന്‌ നമുക്ക്‌ അയാളെ വിളിച്ചാലോ’. അങ്ങനെയാണ്‌ യേശുദാസ്‌ മുഖേന അർജുനൻ മാസ്‌റ്ററെ വരുത്തുന്നത്‌. പൗർണമിച്ചന്ദ്രിക എന്ന ആദ്യ പാട്ടുമുതൽ റസ്‌റ്റ്‌ ഹൗസിലെ എല്ലാ പാട്ടും ഹിറ്റായി. പിന്നീട്‌ അറുപതോളം സിനിമകൾക്കായി നാനൂറോളം പാട്ടുകൾ ഞങ്ങൾ ഒന്നിച്ച്‌ ചെയ്‌തു. പാട്ട്‌ എഴുതിക്കഴിഞ്ഞാൽ അദ്ദേഹം ആദ്യം എന്നെക്കൊണ്ട്‌ പാടിക്കും. അതദ്ദേഹം ടേപ് ചെയ്യും. പിന്നീടാണ്‌ സംഗീതത്തിലേക്ക്‌ കടക്കുക. കവികൾക്ക്‌ ഇത്രയേറെ പരിഗണന കൊടുത്ത വേറൊരു സംഗീതസംവിധായകനില്ല. ആദ്യം ട്യൂണിട്ട്‌ അതിനൊപ്പിച്ച്‌ പാട്ടെഴുതിക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു.


 

എവിടെയും ഇടിച്ചുകയറുന്ന, ആരോടും അവസരം ചോദിച്ച്‌ ചെല്ലുന്ന പതിവും അദ്ദേഹത്തിനില്ലായിരുന്നു. എന്നോടും ഒരിക്കലും അദ്ദേഹം അവസരം ചോദിച്ചിരുന്നില്ല. അദ്ദേഹത്തിലെ പ്രതിഭയെ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്‌ വലിയ അംഗീകാരങ്ങൾ കിട്ടേണ്ടതായിരുന്നു. സംസ്ഥാന അവാർഡിനർഹമായ എത്രയോ പാട്ടുകൾ ഉണ്ടായിരുന്നിട്ടും വളരെ വൈകിയാണ്‌ അദ്ദേഹം പരിഗണിക്കപ്പെട്ടത്‌. കൂടുതലും സ്‌റ്റണ്ട്‌ പടങ്ങളായിരുന്നു ഞങ്ങൾ ചെയ്‌തിരുന്നത്‌. അതിലെ പാട്ടുകൾ ഹിറ്റായിരുന്നെങ്കിലും പടങ്ങൾ പലതും പൊളിഞ്ഞുപോയി. പൊളിഞ്ഞ പടങ്ങളിലെ പാട്ട്‌ നന്നായാലും ആ പാട്ടുകളെ അംഗീകരിക്കാൻ ബുദ്ധിജീവികളായ ജൂറിമാർ തയ്യാറായിരുന്നില്ല. ചിലപ്പോഴെങ്കിലും ജൂറിമാർക്ക്‌ എന്നോടുള്ള ശത്രുതകൊണ്ടും അദ്ദേഹത്തിന്‌ അവാർഡ്‌ ലഭിക്കാതിരുന്നിട്ടുണ്ട്‌. എന്നാൽ, ഇതിനെല്ലാമപ്പുറം ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ പാട്ട്‌ ഇപ്പോഴും നിലനിൽക്കുന്നുവെന്നതാണ്‌ വലിയ അംഗീകാരം.

 2017 ൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ അർജുനൻ മാസ്‌റ്റർ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സന്തോഷം പങ്കുവയ്‌ക്കുന്നു  (ഫയൽ ചിത്രം)

2017 ൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ അർജുനൻ മാസ്‌റ്റർ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സന്തോഷം പങ്കുവയ്‌ക്കുന്നു (ഫയൽ ചിത്രം)


 

കഴിഞ്ഞ ജനുവരി 13നാണ്‌ അർജുനൻ മാസ്‌റ്ററെ പള്ളുരുത്തിയിലെ വീട്ടിൽ പോയി കണ്ടത്‌. യാത്ര പറഞ്ഞിറങ്ങിയപ്പോൾ മാസ്റ്ററുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനുമുമ്പ്‌ ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല. മാസ്‌റ്ററുടെ വിയോഗവാർത്തയെത്തുമ്പോൾ ഞങ്ങൾ ചേർന്നൊരുക്കിയ പഴയ  പാട്ടാണ്‌ വീണ്ടും ഓർമയിലെത്തുന്നത്‌. 

ഹൃദയത്തിനൊരു വാതിൽ
സ്മരണ തൻ മണിവാതിൽ
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം !!

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top