02 July Thursday

മഹാമാരിയും ആഗോളവലതുപക്ഷവും: എം ബി രാജേഷ്‌ എഴുതുന്നു

എം ബി രാജേഷ്‌Updated: Tuesday Apr 28, 2020

മനുഷ്യരാശിയെയാകെ ബാധിച്ച കോവിഡ്, ഒരു വ്യവസ്ഥ എന്നനിലയിൽ മുതലാളിത്തത്തിന്റെ പരാജയത്തെ അനിഷേധ്യമായി വെളിവാക്കിയിരിക്കുകയാണ്. ഒരു ദശകത്തിലേറെയായി നിലനിൽക്കുന്നതും പുറത്തുകടക്കാൻ കഴിയാതെ മുതലാളിത്തം ഉഴറുന്നതുമായ ഒരു പ്രതിസന്ധിക്കിടയിലാണ് മുപ്പതുകളിലെ മഹാമാന്ദ്യത്തേക്കാൾ ഗുരുതരമായ ഒരു അവസ്ഥയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. 2008ൽ പൊട്ടിപ്പുറപ്പെട്ട ആഗോള മുതലാളിത്ത പ്രതിസന്ധി ഒരു ഇടതുപക്ഷ ബദലിന്റെ അഭാവത്തിൽ ലോകത്താകെ വലത്തോട്ടുള്ള മാറ്റം ശക്തിപ്പെടുത്തിയിരുന്നു. ഇടതുപക്ഷം ഇല്ലാത്ത ശൂന്യതയിൽ, പ്രതിസന്ധി മുതലെടുത്ത് തീവ്രവലതുപക്ഷം ലോകമാകെ ഉയർന്നുവരികയും വലത്തോട്ടുള്ള ആഗോളമാറ്റത്തിന് വേഗം കൂട്ടുകയും ചെയ്‌തു.

യുഎസിൽ ട്രംപും ഇന്ത്യയിൽ മോഡിയും ബ്രിട്ടനിൽ ബോറിസ് ജോൺസനും തുർക്കിയിൽ എർദോഗനും ബ്രസീലിൽ ബോൾസൊനാരോയും ജപ്പാനിൽ ഷിൻസേ ആബേയുമെല്ലാം വലത്തോട്ടുള്ള ആഗോളമാറ്റത്തെ ത്വരിതപ്പെടുത്തി ഉയർന്നുവന്നവരിൽ പ്രധാനപ്പെട്ടവരാണ്. ഭരണത്തിൽ എത്താനാകാത്ത രാജ്യങ്ങളിലും പൊതുവിൽ തീവ്രവലതുപക്ഷം ഗണ്യമായ ശക്തിയായതായി കാണാം. മുതലാളിത്തപ്രതിസന്ധിയുടെ ഫലമായ തൊഴിലില്ലായ്മ, ജീവിതത്തകർച്ച, അരക്ഷിതാവസ്ഥ എന്നിവ സൃഷ്ടിച്ച അസംതൃപ്‌തിയെ വ്യവസ്ഥാ വിരുദ്ധമാകാതെ വഴിതിരിച്ചുവിട്ടും ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവിവാഗ്ദാനം ചെയ്തുമാണ് തീവ്രവലതുപക്ഷം ഉയർന്നുവന്നത്.

എന്നാൽ, തീവ്രവലതുപക്ഷ ഭരണകൂടങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും പാപ്പരത്തംകൂടിയാണ് കോവിഡ് തുറന്നുകാണിച്ചിരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ പരാജയത്തിനും മനുഷ്യരാശിയുടെ അടിസ്ഥാനപ്രശ്നങ്ങളുടെ പരിഹാരത്തിനും തീവ്രവലതുപക്ഷമല്ല ഉത്തരം എന്ന് സംശയാതീതമായി തെളിയിക്കുന്നതാണ് നേരത്തേ പറഞ്ഞ ഭരണകൂടങ്ങളെല്ലാം ഈ പ്രതിസന്ധി കൈകാര്യം ചെയ്ത രീതി. ഈ ഭരണകൂടങ്ങളുടെയും പൊതുവിൽ വലതുപക്ഷത്തിന്റെയും കോവിഡിനോടുള്ള പ്രതികരണത്തിൽ ലോകമാകെ സമാനമായ ചില പ്രവണതകൾ കാണാം. യാഥാർഥ്യത്തെ അന്ധമായി തമസ്കരിക്കാനുള്ള ശ്രമം, ശാസ്ത്രവിരുദ്ധത, വംശീയമായി വഴിതിരിച്ചുവിടൽ, ജനങ്ങളുടെ പ്രശ്നങ്ങൾക്കുമേൽ മൂലധന താൽപ്പര്യങ്ങളെ പ്രതിഷ്ഠിക്കൽ എന്നിവ അവയിൽ ചിലതാണ്.
കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യത്തിന് സമയം ലഭിച്ചിട്ടും ഒരു മുൻകരുതലുമെടുക്കാൻ തയ്യാറാകാതിരിക്കുകയും കോവിഡിനെ നിസ്സാരമായി അവഗണിക്കുകയുമാണ് ട്രംപ് ഉൾപ്പെടെയുള്ളവർ ചെയ്തത്. ലോകാരോഗ്യ സംഘടനയേയും ട്രംപ് നിരന്തരം ആക്രമിച്ചതും ഒടുവിൽ അതിനുള്ള ഫണ്ട്‌ വെട്ടിക്കുറച്ചതും നാം കാണുകയുണ്ടായി. കോവിഡ്‌ രോഗികളെ സന്ദർശിക്കുകയും  ഹസ്തദാനം  ചെയ്യുകയും വഴി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും,  ഗൗരവമായ സർക്കാർ നടപടികൾ ആവശ്യപ്പെട്ട സ്വന്തം ആരോഗ്യമന്ത്രി ഡോക്ടറായ മാൻഡേറ്റയെ പുറത്താക്കി ബ്രസീൽ പ്രസിഡന്റ്‌ ബോൾസൊനാരോയും നിരുത്തരവാദിത്തംകൊണ്ട് ലോകത്തെയാകെ ഞെട്ടിച്ചു.

ഈ ആഗോള വലതുപക്ഷ അച്ചുതണ്ടിന്റെ ഭാഗമായ മോഡി ഗവൺമെന്റും രണ്ടുമാസത്തോളം കോവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തുകയുണ്ടായി. ഇന്ത്യയിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്ത ജനുവരി 30നും ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24നുമിടയിൽ ലഭിച്ച സമയം തയ്യാറെടുപ്പുകൾ നടത്താതെ പാഴാക്കുകയാണ് സർക്കാർ ചെയ്തത്. ശാരീരികഅകലം എന്ന പരമപ്രധാനമായ പ്രതിരോധനടപടിപോലും പാളിപ്പോകുന്ന സ്ഥിതിയുമുണ്ടായി. ഹിന്ദുത്വ ശക്തികൾ ഗോമൂത്രവും ചാണകവുംകൊണ്ട് കോവിഡിനെ നേരിടാമെന്നുള്ള വിജ്ഞാനവിരുദ്ധമായ സംഘടിത പ്രചാരണം നടത്തി ജനങ്ങളെ വഴിതെറ്റിക്കാനും ശ്രമിച്ചു. 27 ഡിഗ്രി താപനിലയിൽ കൊറോണ വൈറസ് നിലനിൽക്കില്ലെന്നും മലിനമായ സാഹചര്യങ്ങളിൽ കഴിയുന്ന കേരളീയർക്ക് പ്രതിരോധശക്തി കൂടുതലായതിനാൽ കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും മറ്റുമുള്ള ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങൾ കേരളത്തിൽപ്പോലും വലതുപക്ഷ രാഷ്ട്രീയനേതൃത്വം പ്രചരിപ്പിക്കുകയുണ്ടായി. അപരവിദ്വേഷവും വംശീയമുൻവിധികളും ലോകത്താകെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യആയുധമാണ്. അതുരണ്ടും ഈ കോവിഡ് കാലത്ത് ലോകമാകെ അവർ പ്രയോഗിക്കുന്നുണ്ട്.

"ചൈനീസ് വൈറസ്' എന്ന ട്രംപിന്റെ പരാമർശംമുതൽ  തബ്‌ലീഗ് ജമാ അത്തിന്റെ നിരുത്തരവാദപരമായ പ്രവൃത്തിയെ മുൻനിർത്തി വ്യാപനത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഒരു സമുദായത്തിനാണെന്ന പ്രചാരണവും കേരളത്തിലെ അതിഥിത്തൊഴിലാളികൾക്ക് സർക്കാർ നൽകുന്ന സംരക്ഷണത്തിന്റെ പേരിലുള്ള വിദ്വേഷപ്രചാരണവുമെല്ലാം ദുരന്തകാലത്ത് വംശീയത പ്രവർത്തിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങളെ പലതിനേയും ഈ വംശീയ മുൻവിധി നയിക്കുന്നു. ഈ വംശീയപ്രചാരണം വൈറസിനേക്കാൾ മാരകമായ വേഗത്തിലാണ് പടരുന്നത്. സാമൂഹ്യ അകലം, ഐസൊലേഷൻ എന്നീ പ്രതിരോധ നടപടികളെപ്പോലും ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ച അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ മാരകസാമൂഹ്യ വിപത്തുകളെ സൂത്രത്തിൽ സാധൂകരിക്കാനുള്ള ശ്രമങ്ങളുടെ രാഷ്ട്രീയവും മറ്റൊന്നല്ല. പകർച്ചവ്യാധിക്കെതിരായ പ്രതിരോധത്തിന് അനിവാര്യമായ ജനകീയഐക്യം, ദേശീയവും ആഗോളവുമായ ഏകോപനം, സഹകരണം എന്നിവയെ എല്ലാം ദുർബലമാക്കാനേ അപരവിദ്വേഷത്തിലധിഷ്ഠിതമായ പ്രചാരണം ഇടയാക്കൂ.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ മൂലധന പ്രമത്തതയും മനുഷ്യവിരുദ്ധതയും കോവിഡ് ഒരിക്കൽക്കൂടി തുറന്നുകാണിച്ചു. ട്രംപും ബോൾസൊനാരോയും പോലുള്ളവർ ആവർത്തിച്ചുപറഞ്ഞത് സമ്പദ്ഘടനയാണ് പ്രധാനം എന്നായിരുന്നു. അടച്ചിടൽ എന്ന ആശയത്തെ ശക്തമായി എതിർത്ത അവർ സമ്പദ്ഘടന എത്രയുംവേഗം പ്രവർത്തനസജ്ജമാക്കുന്നതിനെക്കുറിച്ചാണ് അല്ലാതെ രോഗവ്യാപനം ഉണ്ടാക്കുന്ന ജീവാപായത്തെക്കുറിച്ചല്ല ഉൽക്കണ്ഠപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഒരു മുന്നറിയിപ്പുമില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനവും കടുത്ത മാനുഷിക പ്രതിസന്ധിയും സൃഷ്ടിച്ച മോഡി സർക്കാരിന്റെ നടപടി, മനുഷ്യത്വവിരുദ്ധമായ ഒരു രാഷ്ട്രീയത്തിൽനിന്നുമാത്രം ഉത്ഭവിക്കുന്നതാണ്.

പകർച്ചവ്യാധിക്കിടയിലും വലതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് വൻകിട മൂലധനത്തോടും നവലിബറൽ നയങ്ങളോടുമുള്ള മനുഷ്യത്വവിരുദ്ധമായ കൂറാണ്. ആ രാഷ്ട്രീയത്തിന്റെ ക്രൂരമുഖമാണ് ഇറാനെതിരായ ഉപരോധത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത അമേരിക്കൻ നിലപാട്. മറ്റ് രാജ്യങ്ങൾക്കുള്ള- മാസ്കുകളും ഉപകരണങ്ങളും തട്ടിയെടുക്കുന്ന അപരിഷ്കൃതത്വവും വ്യക്തമാക്കുന്നത് അതേ മനുഷ്യത്വരാഹിത്യംതന്നെ. അതേസമയം, ഇതിന് നേർവിപരീതമാണ് ഇടതുപക്ഷം സ്വീകരിച്ച സമീപനം. ചൈന, വിയത്‌നാം, ക്യൂബ മുതൽ ഒരു പരമാധികാര രാജ്യത്തിനകത്തെ കേവലം പ്രവിശ്യാധികാരം മാത്രമുള്ള കേരളത്തിൽവരെ ഇടതുപക്ഷം കോവിഡിനെ എങ്ങനെ നേരിട്ടു എന്ന പാഠം ലോകത്തിന്റെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. ആഗോള വലതുപക്ഷത്തിന്റെ പാപ്പരത്തവും മനുഷ്യവിരുദ്ധതയും ഇടതുപക്ഷത്തിന്റെ മാനവികതയും പ്രയോഗമികവുമുള്ള ബദലും മുഖാമുഖം നിൽക്കുന്ന ഒരു ചരിത്രസന്ദർഭത്തെക്കൂടിയാണ് കോവിഡ് അടയാളപ്പെടുത്തുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top