20 September Monday

വൻമതിലിലെ ചെങ്കൊടിക്ക് ശതാബ്ദി - എം എ ബേബി എഴുതുന്നു

എം എ ബേബിUpdated: Thursday Jul 1, 2021

1921 ജൂലൈ ഒന്നിനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) പിറവി. 28 വർഷത്തിനുള്ളിൽ 1949ൽ ജനകീയ ജനാധിപത്യ വിപ്ലവം അവിടെ വിജയശ്രീലാളിതമായി. റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർടിയെന്ന ബോൾഷെവിക്‌ പാർടിയുടെ മുൻഗാമി രൂപീകരിക്കപ്പെട്ടത് 1898ലെന്ന്‌ കണക്കാക്കുമ്പോൾ 19 വർഷത്തിനുള്ളിൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചെന്നും ഓർക്കാം. 

ഫ്രഞ്ച് സാമ്രാജ്യത്വ നിയന്ത്രണത്തിലായിരുന്ന ഷാങ്ഹായി നഗരത്തിലെ ഒരു സ്ഥലത്തുവച്ചാണ് സിപിസി സ്ഥാപകസമ്മേളനം സംഘടിപ്പിച്ചത്. 57 പാർടി അംഗങ്ങളെ പ്രതിനിധാനംചെയ്‌ത്‌ 12 പ്രതിനിധികളായിരുന്നു. ഫ്രഞ്ച്‌ പൊലീസ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് സഖാക്കൾ ഒരു നൗകയിൽ, ഷിജിയാങ് പ്രവിശ്യയിലെ ദക്ഷിണ തടാകത്തിൽ സഞ്ചരിച്ചുകൊണ്ടാണ് സമ്മേളന നടപടികൾ പൂർത്തീകരിച്ചത്. ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിലെ അംഗസംഖ്യ ഒമ്പത്‌ കോടിയിൽ അധികമാണ്. സാഹസികമായി സമാരംഭിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അസംഖ്യം വളവുതിരിവുകളും മുന്നേറ്റങ്ങളും പിന്നോട്ടടികളും അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ജനകീയ ചൈനയ്ക്ക് ഇന്നുള്ള സ്ഥാനം അനന്യമാണ്. ഈ അടുത്ത നാളുകളിൽ നടന്ന ജി 7 ഉച്ചകോടി ചർച്ച ചെയ്ത വിഷയത്തിലൊന്ന് ചൈനയുടെ ‘ബെൽറ്റ് റോഡ് പദ്ധതിയെ നേരിടാ’നുള്ള ബദൽമാർഗങ്ങളായിരുന്നു. ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന എൻജിനാണ് ചൈനയെന്നും സാമ്പത്തികവിദഗ്‌ധർ പറയാറുണ്ട്. കോവിഡ് –-19 ആദ്യം കണ്ടെത്തിയ രാജ്യമെന്നനിലയിൽ ഡോണൾഡ് ട്രംപിനെപ്പോലെ ചിലർ ഉപരിവിപ്ലവമായി ചൈനയെ വിമർശിക്കാറുണ്ടെന്നും നമുക്കറിയാം. ഈ പശ്ചാത്തലത്തിൽ സിപിസിയുടെയും ആധുനികചൈനയുടെയും ചരിത്രം എന്താണെന്ന്, ഈ ശതാബ്ദി ആചരണവേളയിൽ ഹ്രസ്വമായി അവലോകനം ചെയ്യുന്നത് പ്രസക്തമാണ്.

സിപിസിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത 12 പേരിൽ മൗ സെ ദൊങ്ങും  ഉണ്ടായിരുന്നു. എങ്കിലും അതിന്റെ പ്രവിശ്യാതല നേതൃത്വത്തിലും ചൈനീസ് സമൂഹത്തെപ്പറ്റിയുള്ള ചില സൂക്ഷ്മ പഠനങ്ങളിലുമായിരുന്നു ആദ്യഘട്ടത്തിൽ മൗ കൂടുതൽ ശ്രദ്ധിച്ചത്. 1923ൽ നടന്ന മൂന്നാം സിപിസി കോൺഗ്രസിലാണ് മൗ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 12 വർഷത്തിനുശേഷം ചുവപ്പുസേനയുടെ കമാൻഡർ ഇൻ ചീഫായി മൗ ചുമതല ഏറ്റെടുത്തതോടെ ചൈനീസ് വിപ്ലവത്തിന്റെ മുഖ്യ നേതൃശക്തിയായി മൗ മാറി. 1924ൽ കാന്റണിൽ  കുമിന്താങ് അതിന്റെ ഒന്നാം ദേശീയ കോൺഗ്രസ്‌ ചേർന്നു. കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ ഐക്യമുന്നണി നയം പിന്തുടർന്നുകൊണ്ട് കുമിന്താങ് സമ്മേളനത്തിലും  കുമിന്താങ് പാർടിയിലും കമ്യൂണിസ്റ്റുകാരും പങ്കെടുത്തു. സൺയത്‌ സെന്നിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും സഹകരിച്ച്, സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും കുമിന്താങ്ങിലെ വലതുപക്ഷത്തിനും എതിരായ സമരം ശക്തിപ്പെടുത്തിയ ഘട്ടമായിരുന്നു അത്. ഇതിന്റെ ഭാഗമായി സിപിസിയും കുമിന്താങ്ങും ചേർന്ന് ക്വാങ്ടങ് സംസ്ഥാനത്ത് ഒരു വിപ്ലവ സർക്കാരും സൈനിക പരിശീലനകേന്ദ്രവും സ്ഥാപിച്ചു. പ്രതിലോമ ശക്തികൾക്കെതിരെ ‘യാത്രായുദ്ധം’ നടത്താനും അതോടൊപ്പം തൊഴിലാളികൾ, കൃഷിക്കാർ, യുവാക്കൾ, മഹിളകൾ തുടങ്ങിയവരെ സംഘടിപ്പിക്കാനും ഈ ഘട്ടത്തിൽ സിപിസി പ്രത്യേകം താൽപ്പര്യമെടുത്തു. 1925 മാർച്ചിൽ സൺയത് സെന്നിന്റെ മരണവും ചിയാങ് കൈഷേക്കിന്റെ നേതൃത്വാരോഹണവും സിപിസിയും കുമിന്താങ്ങും തമ്മിലുള്ള സഹകരണത്തിന് ആഘാതമായി. ചിയാങ് വലതുപക്ഷത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ തുടങ്ങി.

ചൈനീസ് കമ്യൂണിസ്റ്റ് പാർടി സംഘടനയുടെ ആവിർഭാവത്തിന് ‘1919ലെ മെയ് നാല്’ പ്രസ്ഥാനം പശ്ചാത്തലം ഒരുക്കിയെങ്കിൽ 1925ലെ ‘മെയ് 30 പ്രസ്ഥാനം’ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് വൻ ഉത്തേജനം നൽകി. ആദ്യത്തേത് പീക്കിങ്ങിൽ (ഇപ്പോൾ ബീജിങ്) ഉത്ഭവിച്ച് രാജ്യത്താകെ പടർന്നെങ്കിൽ രണ്ടാമത്തേത് ഷാങ്ഹായിൽ പൊട്ടിപ്പുറപ്പെട്ട് രാജ്യത്തെയാകെ ഇളക്കിമറിച്ചു. സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ വിദ്യാർഥികളും തൊഴിലാളികളും കൃഷിക്കാരും കച്ചവടക്കാരും ത്യാഗപൂർവം സമരഭൂമിയിൽ കൈകോർത്തു. ബ്രിട്ടീഷ് –- അമേരിക്കൻ –- ജാപ്പനീസ് പൊലീസ് സംഘങ്ങൾ വെടിയുണ്ടയുതിർത്ത് പ്രക്ഷോഭകരെ കൊന്നുവീഴ്ത്തി. തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് സമര നേതൃത്വത്തിലെത്തി. സമരം മറ്റു പ്രവിശ്യകളിലേക്ക് വ്യാപിച്ചു.

ക്വാങ്ടങ്ങിലെ ദേശീയ വിപ്ലവസേന വളരെ വേഗം സംസ്ഥാനത്തെ ഏകീകരിച്ചു. പെക്കിങ്‌ കേന്ദ്രമാക്കി സാമ്രാജ്യത്വസേവ ചെയ്തിരുന്ന നാടുവാഴിത്ത ഭരണത്തെ നിഷ്‌കാസനം ചെയ്യാനായി 1926 ജൂലൈയിൽ ‘വടക്കൻ യുദ്ധയാത്ര’ ആരംഭിച്ചു. വിപ്ലവസേനയിലേക്ക് പതിനായിരക്കണക്കിന് പോരാളികൾ അണിചേരാൻ തുടങ്ങി. ഈ മുന്നേറ്റാന്തരീക്ഷം ട്രേഡ് യൂണിയനെയും കർഷകസംഘത്തെയും ഉത്തേജിപ്പിച്ചു. ടിയു അംഗസംഖ്യ 28 ലക്ഷമായി. കർഷകസംഘം അംഗത്വം 95 ലക്ഷം. മെയ് 30 പ്രസ്ഥാനത്തിനുമുമ്പ് സിപിസിയിൽ 900 അംഗങ്ങളായിരുന്നെങ്കിൽ സമരമുന്നേറ്റങ്ങളുടെ സ്വാധീനത്തിൽ അത് 57,900 ആയി ഉയർന്നു.

1927 മാർച്ച് 24ന് വടക്കൻ യുദ്ധയാത്രാസൈന്യം നാങ്കിങ് കീഴ്പ്പെടുത്തി. ബ്രിട്ടൻ, യുഎസ്എ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നിവരുടെ നാവിക സൈന്യങ്ങൾ കടൽത്തീര പട്ടണങ്ങൾ ബോംബിട്ട്‌ തകർത്തു. അവരോട് കൂട്ടുചേർന്ന് വഞ്ചകനായ ചിയാങ് കൈഷേക്ക് പ്രതിവിപ്ലവ നീക്കം നടത്തി. ഷാങ്ഹായ് കീഴടക്കി കമ്യൂണിസ്റ്റുകാരെയും തൊഴിലാളികളെയും കൂട്ടത്തോടെ കൊന്നൊടുക്കി.

ജനകീയ ചൈന റിപ്പബ്ലിക്
1927 ജൂലൈ 15ന് വുഹാനിൽ  കുമിന്താങ് കമ്യൂണിസ്റ്റുകാരുമായുള്ള കൂട്ടുകെട്ട് ഔപചാരികമായി വിച്ഛേദിച്ചു. സിപിസിയുടെ ചരിത്രത്തിന്റെ ആദ്യഘട്ടമായി കണക്കാക്കുന്ന, ഒന്നാം വിപ്ലവ ആഭ്യന്തരയുദ്ധം (1921 –-1927) പരാജയത്തിൽ കലാശിച്ചു. ഇതിൽനിന്ന് ശരിയായ പാഠങ്ങൾ പഠിച്ചുകൊണ്ടാണ് രണ്ടാം വിപ്ലവ ആഭ്യന്തരയുദ്ധവും (1927–-1936) ജാപ്പ് ആക്രമണത്തിനെതിരായ ചെറുത്തുനിൽപ്പുയുദ്ധവും. (1937–- 45) മൂന്നാം വിപ്ലവ ആഭ്യന്തര യുദ്ധവും ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപനവും (1945–-1949) അതിസങ്കീർണമായ സാഹചര്യത്തിലാണ്‌ സിപിസി വിജയകരമായി പൂർത്തീകരിച്ചത്. വിവരണാതീതമായ ത്യാഗവും പോരാട്ടധീരതയും കൈമുതലാക്കിയ ലക്ഷക്കണക്കിന് കമ്യൂണിസ്റ്റ് പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ബാക്കിപത്രമാണ് 1949 ഓക്ടോബർ ഒന്നിന് മൗ സെ ദൊങ്‌ പ്രഖ്യാപിച്ച ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ഉദയം.

മഹത്തായ ഈ ചരിത്രത്തിലെ അവിസ്മരണീയമായ ഭാഗമാണ് ലോങ് മാർച്ച്. 370 ദിവസം നീണ്ടുനിന്ന 9000 കിലോമീറ്ററുകളിലേറെ സഞ്ചരിച്ച ഒന്നിലേറെ മാർച്ച്‌ ഇതിന്റെ ഭാഗമായി നടന്നു. കുമിന്താങ് സേനയുടെ മാരകാക്രമണങ്ങൾ മറികടക്കാൻ സുരക്ഷിത താവളത്തിലേക്കുള്ള ഒഴിഞ്ഞുമാറലായിരുന്നു ഐതിഹാസികമായി പരിണമിച്ച വിപ്ലവസേനയുടെ ലോങ് മാർച്ച്. ജാപ്പ് അധിനിവേശ യുദ്ധത്തിന്റെ കാലഘട്ടത്തിൽ സിപിസി മുന്നോട്ടുവച്ച കുമിന്താങ്ങുമായി ചേർന്ന് ജാപ്പ് വിരുദ്ധ ഐക്യമുന്നണിയെന്ന ആശയം ചിയാങ് കൈഷേക്ക് തള്ളിക്കളഞ്ഞു. തെറ്റായ ആ നിലപാടുകാരനായ ചിയാങ് കൈഷേക്കിനെ, കുമിന്താങ് ഭടന്മാർ തന്നെ അറസ്റ്റുചെയ്ത നാടകീയ സംഭവവും കമ്യൂണിസ്റ്റുകാർ ഇടപെട്ട് ചിയാങ്ങിനെ മോചിതനാക്കിയ കൗതുകകരമായ അനുഭവവും മറ്റും ഇവിടെ വിവരിക്കുന്നില്ല. ‘ചൈനയ്ക്കുമേൽ ചുവപ്പ്താരം’ എന്ന എഡ്ഗാർസേനായുടെ പ്രശസ്തമായ ഗ്രന്ഥത്തിൽ ഇതെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top