11 August Thursday

ഇനി പാചകവാതകത്തിന്റെ ഊഴം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Thursday Dec 2, 2021

സാധാരണ ജനങ്ങൾക്ക്‌ വീണ്ടും ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ പാചകവാതക വില പിന്നെയും കൂട്ടിയിരിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 102 രൂപയാണ് ബുധനാഴ്‌ച കൂട്ടിയത്. തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നതിനൊപ്പം പാചകവാതകവിലയും അടിക്കടി വർധിപ്പിക്കുകയാണ്‌ കേന്ദ്രം. ഇനി ഇതൊരു പതിവാക്കാനുള്ള നീക്കവുമുണ്ട്‌. അതിന്റെ കളമൊരുക്കം നടന്നുവരികയാണ്‌. അതിന്റെ സൂചനയായി ഈ വിലവർധനയെ കാണാം.

പെട്രോളും ഡീസലും ഉപയോഗിക്കുന്നവർ കിരിത്‌ പരിഖിനെ അറിയും. 2010ൽ രണ്ടാം യുപിഎ സർക്കാരിന്റെ ഇംഗിതമറിഞ്ഞ്‌ എണ്ണവില നിർണയത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന്‌ ഉപദേശിച്ചത്‌ അദ്ദേഹമാണ്‌. ഇപ്പോൾ പാചകവാതകവില നിർണയത്തിന്‌ സ്വകാര്യമേഖലയ്‌ക്ക്‌ അനുകൂലമായി ശുപാർശ ചെയ്യാൻ ബിജെപി സർക്കാർ നിയമിച്ചിരിക്കുന്നതും അദ്ദേഹത്തെ തന്നെ.

വാസ്‌തവത്തിൽ അദ്ദേഹം ചെയർമാനായ വിദഗ്‌ധസമിതിക്ക്‌ കാര്യമായൊന്നും ചെയ്യാനില്ല. എന്ത്‌ ശുപാർശ ചെയ്യണമെന്ന്‌ പരിശോധനാ വിഷയങ്ങളിൽ (ടേംസ്‌ ഓഫ്‌ റഫറൻസ്‌) വ്യക്തമായി നിർദേശിക്കുന്നുണ്ട്‌. അത്‌ ഇങ്ങനെയാണ്‌: ‘രാജ്യത്ത്‌ നിലവിലുള്ള പാചകവാതക വിതരണത്തിന്റെ ഘടന പരിശോധിക്കുക. ഇതിന്റെ വിപണനത്തിൽ മത്സരം അനുവദിക്കാമോ എന്ന്‌ പരിശോധിക്കുക. ദൗർലഭ്യമുള്ള പ്രസ്‌തുത ചരക്കിന്റെ വിപണനത്തിൽ സ്വകാര്യപങ്കാളിത്തം വർധിപ്പിക്കാൻ സർക്കാർ നയം ഉദാരമാക്കേണ്ടതുണ്ടോ?’ അനുകൂല ഉത്തരം നൽകാൻ നിർബന്ധിക്കുന്ന സൂചക ചോദ്യങ്ങളാണ്‌ (ലീഡിങ്‌ ക്വസ്‌റ്റ്യൻസ്‌) രണ്ടും. മറിച്ചൊരു ഉത്തരം സർക്കാർ പ്രതീക്ഷിക്കുന്നില്ല. വിൽക്കുകയും വാങ്ങുകയും ചെയ്യാൻ കഴിയുന്ന ചരക്ക്‌ എന്നാണ്‌ പാചകവാതകത്തിന്‌ വിശേഷണം. അഥവാ അത്‌ പൊതു ഉപയോഗത്തിനുള്ള വസ്‌തുവല്ല. മറിച്ച്‌ മാർക്കറ്റിൽ വിപണനം ചെയ്യേണ്ട ഉൽപ്പന്നമാണ്‌.


 

പാചകവാതക വിൽപ്പന സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിടുന്നുവെന്ന്‌ വ്യക്തം.  സ്വകാര്യ എണ്ണക്കമ്പനികളായ റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌, നയര എനർജി (മുമ്പ്‌ എസ്സാർ ഓയിൽ), കെയേൺ ഇന്ത്യ തുടങ്ങിയ വൻകിട കമ്പനികൾ പാചകവാതക വിപണിയിലേക്ക്‌ പ്രവേശനം കാത്തുനിൽക്കുന്നുണ്ട്‌. ഇവയിൽ റിലയൻസ്‌ ഇൻഡസ്‌ട്രീസിന്റെ പേര്‌ പ്രത്യേകം പരാമർശിക്കപ്പെടണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല റിലയൻസിന്റേതാണ്‌, ഗുജറാത്തിലെ ജാം നഗറിൽ. പ്രതിദിനം 124 ലക്ഷം ബാരൽ ക്രൂഡ്‌ ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്‌.  റിലയൻസിന്റെ എല്ലാ പൈപ്പും യോജിപ്പിച്ചാൽ ഇന്ത്യയുടെ വടക്കുമുതൽ തെക്കുവരെ നീളമുണ്ടാകും. റിലയൻസിന്റെ സമ്മർദവും സർക്കാരിന്റെ സ്വകാര്യവൽക്കരണനയവും ചേരുമ്പോൾ, പാചകവാതക വിൽപ്പനയുടെ സ്വകാര്യവൽക്കരണത്തിന്‌ കളമൊരുങ്ങും.

അനുദിനമെന്നോണം വികസിക്കുന്നതാണ്‌ പാചകവാതക വിപണി. 2015ൽ 14.86 കോടി ഉപയോക്താക്കൾ ഉണ്ടായിരുന്നു. 2021ൽ അത്‌ 28.13 കോടിയായി. അഞ്ചുകൊല്ലംകൊണ്ട്‌ ഇരട്ടിവർധന. ഗാർഹികേതര ഉപയോക്താക്കളുടെ സംഖ്യ 21.1 ലക്ഷത്തിൽനിന്ന്‌ 32.4 ലക്ഷമായി. കിരിത്‌ പരിഖ്‌ കമ്മിറ്റി മുമ്പാകെ എണ്ണമുതലാളിമാർ ചില ആവശ്യമുന്നയിച്ചിട്ടുണ്ട്‌. അവയെല്ലാം ശുപാർശകളായി വെളിച്ചം കാണുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഏറ്റവും പ്രധാന ആവശ്യം പൊതുമേഖലാ എണ്ണക്കമ്പനികളും സ്വകാര്യമേഖലാ എണ്ണക്കമ്പനികളും തമ്മിൽ വ്യത്യാസങ്ങൾ ഒഴിവാക്കുക എന്നതാണ്‌. സ്വകാര്യ കമ്പനികൾ ഇറക്കുമതി ചെയ്യുന്ന പാചകവാതകത്തിനുമേൽ അഞ്ചു ശതമാനം അടിസ്ഥാന കസ്റ്റംസ്‌ തീരുവയും എട്ട്‌ ശതമാനം അധിക കസ്റ്റംസ്‌ തീരുവയുമുണ്ട്‌. അവ രണ്ടും ഒഴിവാക്കണം. സർക്കാർ നൽകുന്ന സബ്‌സിഡികളുടെ ആനുകൂല്യം സ്വകാര്യ കമ്പനികൾക്കും നൽകണം. എങ്കിലേ വിലകൾ തുല്യമാകൂ. 2020 മെയ്‌ മുതൽ സർക്കാർ സബ്‌സിഡികൾ നിർത്തലാക്കിയതിൽ സ്വകാര്യ കമ്പനികൾ ആഹ്ലാദിക്കുന്നുണ്ട്‌. തുല്യത ഉറപ്പാക്കാൻ കേന്ദ്രം മുൻകൂട്ടി ആസൂത്രണം ചെയ്‌ത പദ്ധതിയാണ്‌ സബ്‌സിഡി നിർത്തലാക്കൽ.
രാജ്യത്തെ മൂന്ന്‌ പൊതുമേഖലാ എണ്ണക്കമ്പനിക്കാണ്‌ മേധാവിത്വം. 2.161 കോടി ടൺ പാചകവാതകമാണ്‌ പ്രതിവർഷ വിൽപ്പന.

സ്വകാര്യമേഖലയുടേത്‌ 2.04 ലക്ഷം ടണ്ണും. പെട്രോളിയം പ്ലാനിങ്‌ ആൻഡ്‌ അനാലിസിസ്‌ സെൽ കണക്കുപ്രകാരം, 2017ൽ 19.88 കോടി ഗാർഹിക ഉപയോക്താക്കൾ ഉണ്ടായിരുന്നത്‌ 2020ൽ 28.13 കോടി ആയി. ഗാർഹികേതര ഉപയോക്താക്കളുടെ സംഖ്യ 25.3 ലക്ഷത്തിൽനിന്ന്‌ 32.5 ലക്ഷത്തിലേക്ക്‌ വർധിച്ചു. ഏഷ്യ എൽപിജി ഉച്ചകോടിയുടെ കണക്കുപ്രകാരം 2025 ആകുമ്പോഴേക്കും എൽപിജിക്കുള്ള ആവശ്യം 35 ശതമാനം വർധിക്കും. പാചകവാതകമെന്ന നിലയ്‌ക്കാണ്‌ എൽപിജിയുടെ മുഖ്യ ഉപയോഗമെങ്കിലും വ്യവസായ–-കാർഷിക മേഖലയിൽ ഗണ്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. സാമ്പത്തികരംഗം മെച്ചപ്പെടുന്നതോടെ എൽപിജിക്കുള്ള ആവശ്യവും വർധിക്കും. വികസിക്കുന്ന വിപണി ഏതൊരു മുതലാളിയെയും മത്തുപിടിപ്പിക്കും. വൻകിട മുതലാളിമാരെ ഭ്രാന്തുപിടിപ്പിക്കും. അത്തരമൊരു അവസ്ഥയിലാണ്‌ റിലയൻസ്‌. അതുതന്നെയാണ്‌ കിരിത്‌ പരീഖ്‌ കമ്മിറ്റി നിയമനത്തിന്റെ പശ്ചാത്തലവും.


 

അടിക്കടിയുള്ള വിലവർധന കുടുംബ ബജറ്റിനുമേൽ ദുർവഹമായ ഭാരമാണ്‌ ഏൽപ്പിക്കുന്നത്‌. 2014ൽ ബിജെപി അധികാരത്തിൽ വരുമ്പോൾ 14.2 കിലോ പാചകവാതകത്തിന്റെ വില 410.50 രൂപയായിരുന്നു. 2021 നവംബറിൽ അത്‌ 909 ആയി. 498.50 രൂപയുടെ വർധന. അതായത്‌ 121 ശതമാനം വർധന. ഗാർഹികേതര പാചകവാതകത്തിന്റെ വില 1241 ൽനിന്ന്‌ 2011 രൂപയാക്കി. 62 ശതമാനം വർധന. 2020 നവംബറിനും 2021 നവംബറിനുമിടയിൽ ഗാർഹിക പാചകവാതകത്തിന്റെ വിലവ്യത്യാസം 305.50 രൂപയാണ്‌. കേരളത്തിൽ പ്രതിദിനം 20.25 ലക്ഷം പാചകവാതക സിലിണ്ടർ വിൽക്കപ്പെടുന്നുണ്ട്‌. ജനങ്ങളുടെമേൽ ഒരു ദിവസത്തെ അധികഭാരം 6.72 കോടി. ഒരുവർഷം കേരളീയർ 2419.56 കോടി അധികമായി ചെലവിടണം.

ഇപ്പോഴത്തെ വിലവർധന സാധാരണക്കാരന്‌ താങ്ങാനാകുന്നതിനേക്കാൾ ദുർവഹമാണ്‌. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കുത്തക സ്വകാര്യ കമ്പനികൾക്ക്‌ കൈമാറിയാലോ? ഗുരുതരമായിരിക്കും സ്ഥിതിവിശേഷം. വിലനിർണയാവകാശം സർക്കാർ നിലനിർത്തിയാൽപ്പോലും സ്വകാര്യമേഖലയുടെ കൗശലത്തിനും സമ്മർദത്തിനുംവഴങ്ങി വില വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതമാകും. പരീഖ്‌ റിപ്പോർട്ട്‌ വരുന്നതിനു മുന്നേതന്നെ സർക്കാർ പുതിയ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഗാർഹികേതര പാചകവാതകത്തിന്റെ  വർധന പാചകംചെയ്‌ത ഭക്ഷ്യവസ്‌തുക്കളുടെ വില  ഉയർത്തും. ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ബേക്കറികൾ, ചെറുതും വലുതുമായ തട്ടുകടകൾ, ജനകീയ ഹോട്ടലുകൾ തുടങ്ങിയവയെല്ലാം  വില വർധിപ്പിക്കാൻ നിർബന്ധിതമാകും. അത്‌ ഉപയോക്താക്കളെ പിന്തിരിപ്പിക്കും. കച്ചവടത്തെ കാര്യമായി ബാധിക്കും.

മുൻകൂട്ടി  തയ്യാറാക്കിയ തിരക്കഥയുടെ ചിത്രീകരണമാണ്‌ നടപ്പാക്കുന്നത്‌. ആദ്യം പാചകവാതകരംഗത്ത്‌ സ്വകാര്യവൽക്കരണം. തുടർന്ന്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ ഓരോന്നിന്റെയും സ്വകാര്യവൽക്കരണം. ഭാരത്‌ പെട്രോളിയത്തിന്റെ സമ്പൂർണമായ സ്വകാര്യവൽക്കരണം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതാണ്‌. 10 മഹാരത്‌ന കമ്പനികളിൽ ഒമ്പതാം സ്ഥാനത്താണ്‌ ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്‌. തുടർച്ചയായി മൂന്നുവർഷം 5000 കോടി രൂപയിലേറെ അറ്റ (നികുതി കഴിച്ചുള്ള) ലാഭം, 25,000 കോടിയിലേറെ വാർഷിക വിറ്റുവരവ്‌–- ഇതാണ്‌ മഹാരത്‌ന കമ്പനിയുടെ മാനദണ്ഡം. 9,60,992 കോടിയുടെ ആസ്‌തിക്ക്‌ ഉടമയാണ്‌ ഭാരത്‌ പെട്രോളിയം. പാചകവാതക വിൽപ്പനയിൽ രണ്ടാം സ്ഥാനമുണ്ട്‌. കമ്പനിയുടെ 47.2 ശതമാനം ഓഹരി വിറ്റുകഴിഞ്ഞിരുന്നു. അവശേഷിക്കുന്ന 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ്‌ നീക്കം. അങ്ങനെ ബിപിസിഎൽ പരിപൂർണമായും സ്വകാര്യ കമ്പനിയാകും. ഇത്‌ സമ്പൂർണമായ സ്വകാര്യവൽക്കരണമാണ്‌. 32 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ഓയിൽ കോർപറേഷനും  വിൽപ്പനപ്പട്ടികയിൽ ഇടംപിടിക്കും. റെയിൽവേയും തുറമുഖങ്ങളും റോഡുകളും പാലങ്ങളും പണയപ്പെടുത്തി പണം വാങ്ങുന്നവർ ഇതല്ല ഇതിനപ്പുറവും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top