19 August Monday

കോൺഗ്രസ‌് അറിയാൻ

പിയൂഷ് ശർമUpdated: Saturday Mar 16, 2019


പതിനാറാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയും സഖ്യവും കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് അവിശ്വസനീയമായ വിജയം ഉത്തർപ്രദേശിൽ അവർക്ക‌് നേടാനായതുകൊണ്ടായിരുന്നു. ആകെയുള്ള 80 സീറ്റിൽ ബിജെപിക്ക് തനിച്ച് 71 സീറ്റ് നേടാനായി. രണ്ട് സീറ്റ് സഖ്യ കക്ഷിയായ അപ‌്നാദളിനും ലഭിച്ചു. മൊത്തം 73 സീറ്റ‌് നേടാനായി. ബിജെപിക്ക് ലോക‌്സഭയിൽ മൊത്തത്തിൽ ലഭിച്ച 282 സീറ്റിന്റെ നാലിലൊന്നും ഉത്തർപ്രദേശിൽനിന്നാണ് ലഭിച്ചതെന്ന് സാരം.  അതുകൊണ്ടുതന്നെ പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് അധികാരത്തിൽ എത്തണമെങ്കിൽ ഉത്തർപ്രദേശിൽ പരമാവധി സീറ്റുകൾ നേടാൻ കഴിയണമെന്ന് സാരം. 

ജനങ്ങളുടെ അസംതൃപ്തി
കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്കും മോഡിക്കും ആവർത്തിക്കുക ഇക്കുറി തീർത്തും വിഷമകരമായിരിക്കുമെന്ന് മാത്രമല്ല, അസാധ്യവുമായിരിക്കും.  ഇതിന് പ്രധാനമായും രണ്ട് കാരണമുണ്ട‌്. അതിലൊന്ന് പ്രതിപക്ഷ ഐക്യവും മറ്റൊന്ന് ബിജെപി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ അസംതൃപ്തിയുമാണ്. 

ഉത്തർപ്രദേശിൽ 2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ് സമയത്തുള്ള ചിത്രം എന്താണെന്ന് നോക്കാം. അന്ന് പ്രധാന രാഷ്ട്രീയ ശക്തികളെല്ലാം തന്നെ പരസ‌്പരം മത്സരിക്കുകയായിരുന്നു. ബിജെപിയും സഖ്യകക്ഷികളും, ബഹുജൻസമാജ് പാർടിയും(ബിഎസ്‌പി), സമാജ‌് വാദി പാർടിയും(എസ്‌പി) കോൺഗ്രസും സഖ്യകക്ഷികളും എല്ലാംതന്നെ പരസ‌്പരം പോരടിച്ചു.  ബിജെപിക്ക് അന്ന് 42 ശതമാനം വോട്ട് ലഭിച്ചു. എന്നാൽ, മൂന്ന് വർഷത്തിനുശേഷം 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ അത് 40 ശതമാനമായി കുറഞ്ഞു. എന്നിട്ടും 403 അംഗ നിയമസഭയിൽ അവർക്ക് 312 സീറ്റ് നേടാനായി. സഖ്യകക്ഷികൾക്ക് 13 സീറ്റും നേടാനായി.  ബിജെപിക്ക് ഉൾക്കിടിലമുണ്ടാക്കുന്ന വസ‌്തുത എന്താണെന്ന് വച്ചാൽ മൂന്ന് പ്രധാന പ്രതിപക്ഷ പാർടിക്കുകൂടി അന്ന് 52 ശതമാനം വോട്ട് പോൾ ചെയ്യപ്പെട്ടുവെന്ന വസ‌്തുതയാണ‌്. 

വാഗ‌്ദാനങ്ങൾ പാലിക്കുന്നതിൽ മോഡിയും യോഗി ആദിത്യനാഥും പൂർണമായും പരാജയപ്പെട്ടു.  അതുകൊണ്ടുതന്നെ ബിജെപിയെയും അവരുടെ നേതൃത്വത്തിലുള്ള സഖ്യത്തെയും പിന്തുണയ‌്ക്കാനുള്ള ഒരു ബാധ്യതയും ജനങ്ങൾക്കില്ല.  അതുകൊണ്ട‌്, പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മോഡിയിൽനിന്ന‌ും അദ്ദേഹം നേതൃത്വം നൽകുന്ന സഖ്യത്തിൽനിന്നും അകലുമെന്നുറപ്പാണ്

2019 ൽ പ്രധാന പ്രതിപക്ഷ പാർടികളായ ബിഎസ‌്പിയും എസ‌്പിയും സഖ്യം സ്ഥാപിച്ചുവെന്നതാണ്. ഇവരോടൊപ്പം പടിഞ്ഞാറൻ ഉത്തർപ്രദേശിൽ സ്വാധീനമുള്ള അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളും (ആർഎൽഡി) ചേർന്നു. ഈ സഖ്യത്തിന്റെ വോട്ട് ഒന്നായി ഒരു സ്ഥാനാർഥിക്ക് ലഭിച്ചാലുണ്ടാകുന്ന സ്ഥിതിയെന്തായിരിക്കും? പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഈ സഖ്യത്തിന് 50 സീറ്റെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപിക്കും സഖ്യ കക്ഷികൾക്കും 30 സീറ്റും. കോൺഗ്രസിനെയും ഈ സഖ്യത്തിന്റെ ഭാഗമാക്കാൻ ശ്രമം ഉണ്ടായിരുന്നു. അതിൽ വിജയിച്ചിരുന്നുവെങ്കിൽ മതേതര സഖ്യത്തിന് കുടുതൽ അനുകൂലമാകുമായിരുന്നു സ്ഥിതി. എസ്‌പി–-ബിഎസ്‌പി–-ആർഎൽഡി–-കോൺഗ്രസ് സഖ്യത്തിന് ചുരുങ്ങിയത് 64 സീറ്റെങ്കിലും ലഭിക്കുമായിരുന്നു.  ബിജെപിയുടെയും സഖ്യത്തിന്റെയും സീറ്റ് 16 ആയി കുറയ‌്ക്കാനും കഴിയുമായിരുന്നു. അതായത് കോൺഗ്രസ് ഈ സഖ്യത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്നുവെങ്കിൽ ബിജെപിയുടെ പരാജയം ഉറപ്പിക്കാമായിരുന്നു.


വാഗ്‌ദാനങ്ങൾ പാലിച്ചില്ല
എന്നാൽ, തെരഞ്ഞെടുപ്പുകളിലെ വിജയവും പരാജയവും വെറും ഗണിതശാസ്ത്രപരമായിമാത്രം കാണാനാകില്ല. കണക്കുകൂട്ടലുകൾ അതേപടി യാഥാർഥ്യമാകണമെന്നുമില്ല.  2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിലും മൂന്ന് വർഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിയെയും സഖ്യത്തെയുമാണ് പിന്തുണച്ചത്. അവർ നൽകിയ വാഗ്ദാനങ്ങൾ     ( തൊഴിൽ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഫലപ്രദമായ ആരോഗ്യസേവനം, അഴിമതിരഹിതഭരണം, സമാധാന ജീവിതം) പാലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പിന്തുണ നൽകിയത്.  എന്നാൽ, ഈ വാഗ‌്ദാനങ്ങൾ പാലിക്കുന്നതിൽ മോഡിയും യോഗി ആദിത്യനാഥും പൂർണമായും പരാജയപ്പെട്ടു.  അതുകൊണ്ടുതന്നെ ബിജെപിയെയും അവരുടെ നേതൃത്വത്തിലുള്ള സഖ്യത്തെയും പിന്തുണയ‌്ക്കാനുള്ള ഒരു ബാധ്യതയും ജനങ്ങൾക്കില്ല.  അതുകൊണ്ട‌്, പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മോഡിയിൽനിന്ന‌ും അദ്ദേഹം നേതൃത്വം നൽകുന്ന സഖ്യത്തിൽനിന്നും അകലുമെന്നുറപ്പാണ്.

അങ്ങനെ സംഭവിച്ചാൽ തെരഞ്ഞെടുപ്പ് ഫലം തീർത്തും വ്യത്യസ്തമാകും. 2014 ലെയും 2017 ലെയും ഫലവുമായി അതിന് ബന്ധമുണ്ടാകുകയുമില്ല. ഉദാഹരണത്തിന് ബിജെപിയിൽനിന്നും അവരുടെ സഖ്യത്തിൽനിന്നും അഞ്ച് ശതമാനം വോട്ട് പ്രതിപക്ഷ സഖ്യത്തിലേക്ക് മാറിയാൽ ബിജെപിക്കും സഖ്യത്തിനും ലഭിക്കുന്നത‌് വെറും 14 സീറ്റ് മാത്രമായിരിക്കും. പ്രതിപക്ഷ സഖ്യത്തിന് 66 സീറ്റ‌്  ലഭിക്കുകയും  ചെയ്യും. കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിട്ടില്ലെങ്കിൽപ്പോലും അഞ്ച് ശതമാനം വോട്ട് മാറിയാലുണ്ടാകുന്ന ഫലമായിരിക്കും ഇത്. കോൺഗ്രസ് കൂടി സഖ്യത്തിന്റെ ഭാഗമായെങ്കിൽ സ്ഥിതി കൂടുതൽ അനുകൂലമാകുകയും ചെയ്യും. പ്രതിപക്ഷത്തിന് ഏതാണ്ട് മുഴുവൻ സീറ്റും കിട്ടുന്ന സ്ഥിതിയുണ്ടാകും. 

ഇനി  നിയമസഭാ തെരഞ്ഞെടുപ്പ‌് വേളയിലുണ്ടായതുപോലെ രണ്ട് ശതമാനം വോട്ട‌് മാത്രമാണ് ബിജെപിയിൽനിന്നും സഖ്യത്തിൽനിന്നും മാറി പ്രതിപക്ഷത്തിന് കൂടുതലായി ലഭിക്കുന്നതെങ്കിൽപ്പോലും ബിജെപിക്കും സഖ്യത്തിനും ദയനീയമായ പരാജയമായിരിക്കും ഫലം.  എസ്‌പിയും ബിഎസ്‌പിയും ആർഎൽഡിയും സഖ്യത്തിലും കോൺഗ്രസ് പ്രത്യേകമായി മത്സരിച്ചാൽപ്പോലും രണ്ട് ശതമാനം വോട്ട് ബിജെപിക്ക് നഷ്ടപ്പെട്ടാൽ പ്രതിപക്ഷത്തിന് 56 സീറ്റ‌് ലഭിക്കും. ബിജെപിക്കും സഖ്യത്തിനുംകുടി 24 സീറ്റും.  എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ചിത്രം പൂർണമായും ബിജെപിക്കെതിരാകും. ബിജെപിക്ക് രണ്ടോ മൂന്നോ സീറ്റ് മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. 78 സീറ്റ‌് വരെ എസ‌്പി, ബിഎസ‌്പി സഖ്യത്തിന് ലഭിക്കാം.  അതായത് ഏത് അളവുകോൽ വച്ച് നോക്കിയാലും ഉത്തർപ്രദേശിൽ ബിജെപിക്ക് സീറ്റ് കുറയും. അത് പതിനേഴാം ലോക‌്സഭയിൽ മൊത്തത്തിൽ ബിജെപിയുടെ ശക്തിയെയും ദുർബലമാക്കും.

(കടപ്പാട‌് –- ന്യൂസ‌് ക്ലിക്ക‌്)


പ്രധാന വാർത്തകൾ
 Top