29 February Saturday
അഭിമുഖം: കോടിയേരി ബാലകൃഷ്‌ണൻ/ കെ ശ്രീകണ‌്ഠൻ

ഇടതുപക്ഷത്തിന്റെ വോട്ടും സീറ്റും വർധിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

രാഹുൽ ഗാന്ധിയെന്നല്ല, ആര‌് സ്ഥാനാർഥിയായിവന്നാലും കേരളത്തിൽ എൽഡിഎഫ‌ിന്റെ വിജയസാധ്യതയ‌്ക്ക‌് ഒരു പോറലും ഏൽപ്പിക്കാൻ കഴിയില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വ്യക്തമാക്കി.  ‘2004ൽ കേരളത്തിൽ  ഒരു സീറ്റിൽ പോലും കോൺഗ്രസ‌് ജയിക്കാതിരുന്നിട്ടും ബിജെപിയെ അധികാരത്തിൽ നിന്ന‌് പുറത്താക്കാൻ കഴിയുമെന്ന‌് തെളിയിച്ചതാണ‌്. ഇടതുപക്ഷ എംപിമാരുടെ എണ്ണം പാർലമെന്റിൽ പരമാവധി വർധിപ്പിക്കണമെന്ന ആഹ്വാനമാണ‌് അന്ന‌് ജനങ്ങൾക്കുമുമ്പിൽ വച്ചത‌്. ഇതിന‌് ലഭിച്ച അംഗീകാരമാണ‌് അന്ന‌് 18 സീറ്റിൽ എൽഡിഎഫിന‌് വിജയിക്കാൻ കഴിഞ്ഞത‌്. കോൺഗ്രസ‌് ജയിച്ചാലേ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന‌് പുറത്താക്കാൻ കഴിയൂവെന്ന പ്രചാരണം തള്ളിയാണ‌് കേരളത്തിലെ ജനങ്ങൾ അന്ന‌് ഇടതുപക്ഷത്തോടൊപ്പം നിന്നത‌്. അന്നത്തെ അനുകൂലമായ തരംഗമാണ‌് ഇപ്പോൾ പ്രതിഫലിക്കുന്നത‌്’–- കോടിയേരി ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കേരളത്തിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന‌് കരുതുന്നുണ്ടോ?

രാഹുലിന്റെ സ്ഥാനാർഥിത്വം ആർഎസ‌്എസിനും സംഘപരിവാറിനുമാണ‌് സന്തോഷം പകർന്നിരിക്കുന്നത‌്. ഇടതുപക്ഷ മതനിരപേക്ഷ ശക്തികളുടെ മുന്നേറ്റത്തെ ദുർബലപ്പെടുത്തുകയാണ‌് കോൺഗ്രസ‌് അധ്യക്ഷന്റെ സ്ഥാനാർഥിത്വം.  തെരഞ്ഞെടുപ്പിനുശേഷം ബിജെപി ഇതര സർക്കാർ രൂപീകരിക്കാൻ ഒന്നിച്ചുനിൽക്കണമെന്ന ചിന്താഗതിക്ക‌് ഇത‌് പ്രതിബന്ധം സൃഷ്ടിച്ചിരിക്കുകയാണ‌്.

വയനാട‌് യുഡിഎഫിന്റെ സീറ്റാണെന്നത‌് തെറ്റായ പ്രചാരണമാണ‌്. 2009ൽ എം ഐ ഷാനവാസിന‌് ഒന്നര ലക്ഷം വോട്ടാണ‌് ഭുരിപക്ഷം കിട്ടിയത‌്. എന്നാൽ, കഴിഞ്ഞ തവണ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞു. എൽഡിഎഫിന‌് 2009ൽ കിട്ടിയത‌് രണ്ടരലക്ഷം വോട്ടാണ‌്. കഴിഞ്ഞ തവണ ഇത‌് 3.56 ലക്ഷമായി വർധിച്ചു. അതേസമയം 2009ൽ 4,10,703 വോട്ട‌് നേടിയ എം ഐ ഷാനവാസിന‌് കഴിഞ്ഞ തവണ 3.77 ലക്ഷം വോട്ടാണ‌് കിട്ടിയത‌്. 2014ലെ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ വയനാട്ടിലെ ഏഴ‌് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിൽ നാല‌് സീറ്റിൽ എൽഡിഎഫ‌് വിജയിച്ചു. അന്ന‌് നിയമസഭയിലേക്ക‌് മത്സരിച്ച‌് 40,000 വോട്ട‌് നേടിയ സി കെ ജാനു ഇപ്പോൾ എൽഡിഎഫ‌് പക്ഷത്താണ‌്. 2016ൽ യുഡിഎഫിൽ ആയിരുന്ന എം പി വീരേന്ദ്രകുമാറിന്റെ പാർടിയും ഇപ്പോൾ എൽഡിഎഫിലാണ‌്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യയിൽ തരംഗമാകും എന്നാണല്ലോ കോൺഗ്രസ‌് അവകാശവാദം ഉന്നയിക്കുന്നത‌്. ഇത‌് എത്രത്തോളം സാധ്യമാകും?  

കേരളത്തിൽ ഒരു സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതുമൂലം കേരളത്തിൽ തരംഗമുണ്ടാകുമെന്ന വാദത്തിൽ ഒരു കഴമ്പുമില്ല. രാഹുലിന്റെ സ്ഥാനാർഥിത്വം തരംഗം സൃഷ്ടിക്കുമെങ്കിൽ 80 സീറ്റുള്ള യുപിയിൽ അതിന‌് കഴിയുമായിരുന്നല്ലോ. 80 സീറ്റുള്ള സ്ഥലത്തുനിന്ന‌് 20 സീറ്റുള്ളിടത്ത‌് വന്നിട്ട‌് എന്ത‌് തരംഗമാണ‌് ഉണ്ടാക്കാൻപോകുന്നത‌്. രാഹുൽ ഗാന്ധി ഇത്രയുംകാലം മത്സരിച്ച അമേഠിയിൽ എല്ലാ നിയമസഭാ സീറ്റിലും കോൺഗ്രസ‌് പരാജയപ്പെട്ടു. സ്വന്തം പാർലമെന്റ‌് മണ്ഡലത്തിലെ ഒരു അസംബ്ലി സീറ്റുപോലും നേടിക്കൊടുക്കാൻ കഴിയാത്ത ആൾ കേരളത്തിലും ദക്ഷിണേന്ത്യയിലും ഒരു തരംഗവും സൃഷ്ടിക്കാൻ പോകുന്നില്ല.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ സിപിഐ എം എതിർക്കുന്നത‌് ആശയദാരിദ്ര്യം മൂലമാണെന്ന പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ ആരോപണം?

ഞങ്ങൾക്ക‌് വ്യക്തമായ ആശയമുള്ളതുകൊണ്ടാണ‌് രാഹുലിന്റെ സ്ഥാനാർഥിത്വത്തെ എതിർക്കുന്നത‌്. ബിജെപിയുടെ വർഗീയതയെയാണോ, ഇടതുപക്ഷത്തെയാണോ എതിർക്കുന്നതെന്ന ചോദ്യത്തിന‌് രാഹുൽ ഗാന്ധി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ദേശീയ തലത്തിൽ കോൺഗ്രസ‌്തന്നെ മുന്നോട്ടുവച്ച ആർഎസ‌്എസ‌് വിരുദ്ധ രാഷ്ട്രീയത്തിന‌് അവർതന്നെ തുരങ്കം വച്ചിരിക്കുകയാണ‌്. കോൺഗ്രസും ബിജെപിയും ഇപ്പോൾ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത‌് സിപിഐ എമ്മിനെയാണ‌്. സിപിഐ എമ്മിനെ തകർക്കുകയാണ‌് രണ്ട‌് കൂട്ടരുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായാണ‌് ഇടതുപക്ഷത്തിന‌് നിർണായക സ്വാധീനമുള്ള കേരളത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി സന്നദ്ധനായത‌്. ബിജെപിക്ക‌് ഒരു സ്വാധീനവുമില്ലാത്ത മണ്ഡലമാണിത‌്. ബിജെപിക്ക‌് എതിരാണെന്ന‌് വാചകമടിക്കുന്ന കോൺഗ്രസ‌് അധ്യക്ഷനെതിരെ സ്ഥാനാർഥിയെ നിർത്താൻ ബിജെപിയും തയ്യാറായിട്ടില്ല. ഇതെല്ലാം കൂട്ടിവായിച്ചാൽ തട്ടിപ്പ‌് മനസ്സിലാകും.

 ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ എതിർക്കുന്നത‌് എത്രമാത്രം പ്രായോഗികമാണ‌്?

ബിജെപിയെയും കോൺഗ്രസിനെയും സിപിഐ എം ഒരുപോലെയല്ല എതിർക്കുന്നത‌്. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ വിപത്ത‌് ഇന്ന‌് ബിജെപിയും ആർഎസ‌്എസും ആണ‌്. ബിജെപി സർക്കാർ ആർഎസ‌്എസ‌് നേതൃത്വത്തിൽ സ്വീകരിക്കുന്ന നടപടികൾക്കെതിരെയാണ‌് കഴിഞ്ഞ അഞ്ചുവർഷമായി ഇടതുപക്ഷം പോരാടുന്നത‌്. ഈ സർക്കാരിനെ അധികാരത്തിൽനിന്ന‌് പുറത്താക്കാൻ ജനാധിപത്യ മതനിരപേക്ഷശക്തികളുടെ വിശാലമായ യോജിപ്പ‌് ഉണ്ടാകണം എന്നാണ‌് ഉദ്ദേശിക്കുന്നത‌്. എന്നാൽ, ബിജെപിയെ പുറത്താക്കി വരുന്ന സർക്കാർ ബിജെപിയുടെ അതേ സാമ്പത്തികനയങ്ങൾ പിന്തുടരാൻ പാടില്ല. ഇക്കാര്യത്തിൽ അങ്ങേയറ്റം ശുഷ‌്കാന്തിയാണ‌് സിപിഐ എമ്മിന‌് ഉള്ളത‌്.  ഇത‌് സാധ്യമാകണമെങ്കിൽ സർക്കാരിന്റെ നയരൂപീകരണത്തിൽ ഇടപെടാൻ കഴിയുന്ന വിധത്തിലുള്ള അംഗബലം ഇടതുപക്ഷത്തിന‌് പാർലമെന്റിൽ ഉണ്ടാകണം. ഈ രാഷ്ട്രീയ കാഴ‌്ചപ്പാടാണ‌് ഇടതുപക്ഷം മുന്നോട്ടുവയ‌്ക്കുന്നത‌്. അത‌് അംഗീകരിക്കണമെന്നാണ‌് സിപിഐ എം അഭ്യർഥിക്കുന്നത‌്.

കേരളം ഉയർത്തുന്ന ബദൽരാഷ്ട്രീയത്തിന്റെ പ്രത്യേകത എന്താണ‌്. ഈ ബദൽ രാഷ്ട്രീയം സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട‌് എങ്ങനെ വിശദീകരിക്കാനാകും?


ഉദാരവൽക്കരണം, സാമ്പത്തികനയം, വർഗീയത എന്നിവയ‌്ക്കെതിരായ ബദൽ നയമാണ‌് എൽഡിഎഫ‌് മുന്നോട്ടുവയ‌്ക്കുന്നത‌്. കോൺഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തിൽ കോർപറേറ്റ‌് വൽക്കരണത്തിൽ അധിഷ‌്ഠിതമായ നയമാണ‌് നടപ്പാക്കിയത‌്. ബിജെപിയാകട്ടെ, അതിനുപുറമെ വർഗീയവൽക്കരണത്തിനും ഊന്നൽ നൽകി. കോൺഗ്രസ‌് മൃദുഹിന്ദുത്വ സമീപനമാണ‌് കൈക്കൊള്ളുന്നത‌്. ഇതിനെതിരായ ബദൽ രാഷ്ട്രീയമാണ‌് ഇടതുപക്ഷം മുന്നോട്ടുവയ‌്ക്കുന്നത‌്. ഈ ബദൽ നയത്തിന‌് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമാണുള്ളത‌്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ഈ തെരഞ്ഞെടുപ്പിൽ ഏതെല്ലാം തരത്തിൽ സ്വാധീനം ചെലുത്തുമെന്നാണ‌് കരുതുന്നത‌്? 

മൂന്ന‌് വർഷം പൂർത്തിയാക്കുന്ന എൽഡിഎഫ‌് സർക്കാരിന്റെ ഭരണം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ടും സീറ്റും വർധിപ്പിക്കുക തന്നെ ചെയ്യും. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി വോട്ടു ചെയ്യുന്ന ആർക്കും എൽഡിഎഫിനെ പിന്താങ്ങാൻമാത്രമേ കഴിയൂ. സാമൂഹ്യനീതിയിലധിഷ‌്ഠിതമായ സർവതലസ‌്പർശിയായ വികസന പദ്ധതികളാണ‌് സർക്കാർ നടപ്പാക്കുന്നത‌്. സ‌്ത്രീകൾ, പട്ടികജാതി, വർഗം, മതന്യൂനപക്ഷം, പിന്നോക്ക, മുന്നോക്ക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, തൊഴിലാളികൾ, കർഷകർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിന‌് പദ്ധതികൾ ആവിഷ‌്കരിക്കാൻ മുൻകൈ എടുത്ത സർക്കാരാണിത‌്. സ‌്ത്രീ പദവി ഉയർത്താൻ സർക്കാർ നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ‌്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന‌് ഞങ്ങൾക്ക‌് ഉറപ്പാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top