29 July Thursday

പ്രതിപക്ഷനിലപാട് അപഹാസ്യം

കെ വി അബ‌്ദുൾഖാദര്‍Updated: Saturday Jul 13, 2019


പ്രവാസി മലയാളികളുടെ ആത്മാഭിമാനം വാനോളം ഉയർത്തിയ ഒന്നാം ലോക കേരളസഭ ചരിത്രം സൃഷ്ടിച്ചതായിരുന്നു. മലയാളം ലോകത്തിലെ താരതമ്യേന ചെറിയൊരു ഭൂപ്രദേശത്തെ ജനങ്ങളുടെ മാതൃഭാഷയാണ്. എന്നാൽ, മലയാളികൾ ലോകമെമ്പാടും പരന്നുകിടക്കുന്നു. ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും മലയാളികൾ സജീവസാന്നിധ്യമാണ‌്. ഗൾഫ് രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് കേരളീയർ പണിയെടുക്കുന്നു, മലയാളം സംസാരിക്കുന്ന ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളവരെ ഒരേ വേദിയിൽ ഒന്നിച്ചണിനിരത്തിയ ലോക കേരളസഭ , ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ശ്രദ്ധേയമാണ്

കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും എംപി, എംഎൽഎമാർക്കൊപ്പം പ്രവാസി പ്രതിനിധികളും ലോക കേരള സഭാവേദിയിൽ സമ്മേളിക്കുന്നു. തങ്ങളുടെ വിമർശനങ്ങളും പരാതികളും ഉന്നയിക്കാനും അവസരമൊരുക്കുന്ന അംഗീകൃത വേദി. തികച്ചും ജനാധിപത്യപരമായ ലോക കേരളസഭയിൽ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിനും സ്ഥാനവും പദവികളുമുണ്ട് . പ്രതിപക്ഷനേതാവാണ് സഭയുടെ ഉപാധ്യക്ഷൻ. എംപിമാരും എംഎൽഎമാരും അംഗങ്ങളാണ്. കേരളത്തിലെ ഒരൊറ്റ സംഭവം ചൂണ്ടിക്കാട്ടി ലോക കേരളസഭയിൽനിന്ന് രാജിവച്ച പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ എംഎൽഎമാരുടെയും നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. രണ്ട് വർഷത്തിലൊരിക്കൽ പ്രവാസികൾക്ക് നിയമസഭാവേദിയിൽ ഒത്തുചേരാനുള്ള അവസരം നിഷേധിക്കുന്നത് പ്രവാസിതാൽപര്യങ്ങൾക്കുതന്നെ എതിരാണ് .

ലോക കേരളസഭയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രവാസികൾതന്നെ തിരിച്ചറിയും
ആന്തൂരിലെ പ്രവാസി സംരംഭകൻ സാജന്റെ ദൗർഭാഗ്യകരമായ ആത്മഹത്യ ആയുധമാക്കി ലോക കേരളസഭയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രവാസികൾതന്നെ തിരിച്ചറിയും. സംസ്ഥാന സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്  അർഥശങ്കയ‌്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണ്. സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമികാന്വേഷണത്തിൽ വീഴ‌്ച സംഭവിച്ചു എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ‌്പെൻഡ് ചെയ‌്തിട്ടുണ്ട‌്.  അന്വേഷണം പൂർത്തിയായാൽമാത്രമേ  ആത്മഹത്യയിലേക്ക് നയിച്ച മുഴുവൻ കാരണങ്ങളും അറിയാൻ സാധിക്കുകയുള്ളൂ .

കോൺഗ്രസും ഐക്യ ജനാധിപത്യമുന്നണിയും സംസ്ഥാനത്ത് ഒട്ടേറെ തദ്ദേശഭരണസ്ഥാപനങ്ങൾ ഭരിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ പ്രവാസി സംരംഭകരെ വലയ‌്ക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.  ഇത് മൂടി വയ‌്ക്കുന്നതിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. നിയമസഭയിലും പുറത്തും പ്രവാസികൾക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന യുഡിഎഫിന്റെ  തനിനിറം വ്യക്തമാക്കുന്ന ചില സംഭവങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.

തൃശൂർ ജില്ലയിലെ വടക്കേകാട്ട‌് സി എച്ച് അബൂബക്കർ എന്ന പ്രവാസി ഒരു പാർപ്പിടസമുച്ചയം നിർമിക്കാൻ അനുമതി തേടി . നിയമാനുസൃതം അനുമതി ലഭിച്ചു. നിർമാണം പൂർത്തിയായപ്പോൾ പഞ്ചായത്ത് എ‍‍ൻജിനിയറിങ‌് വിഭാഗം നൽകിയ റിപ്പോർട്ടനുസരിച്ച് കൈവശാവകാശ സർട്ടിഫിക്കറ്റ് പഞ്ചായത്ത് നൽകുകയും ചെയ‌്തു.  പിന്നീടാണ് നാടകം അരങ്ങേറുന്നത്. പ്രവാസിയോട് അമ്പത് ലക്ഷം രൂപ സ്ഥലത്തെ പ്രധാനിയായ കോൺഗ്രസ‌് നേതാവ് ആവശ്യപ്പെട്ടു.  നൽകാനാകില്ല എന്ന് പ്രവാസി നിലപാട് സ്വീകരിച്ചു.   ഇതേ തുടർന്ന് പ‍ഞ്ചായത്തിൽ ഒരു പരാതി ലഭിക്കുന്നു. പാർപ്പിടസമുച്ചയത്തിന് സമീപമുള്ള ഭൂമിയുടെ പവർ ഓഫ് അറ്റോർണിയായ വ്യക്തിയാണ് പരാതി നൽകുന്നത്. പരാതിക്കാരൻ ആരെന്നറിഞ്ഞാൽ ഗൂഢാലോചന വ്യക്തമാകും. അത് മുൻ പ‍‍ഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസ് നേതാവായിരുന്നു. ഏതായാലും പരാതി ലഭിച്ചയുടനെ കോൺഗ്രസ‌് നേതൃത്വത്തിലുള്ള  പഞ്ചായത്ത് ഭരണസമിതി യോഗം 2017 നവംബർ രണ്ടിന് വിളിച്ചു ചേർത്തു, അനുമതി നൽകിയ കെട്ടിട നമ്പർ റദ്ദ്ചെയ്യാൻ തീരുമാനിച്ചു . നേരത്തെ നിയമാനുസൃതം അനുമതി നൽകിയ കെട്ടിട നമ്പർ റദ്ദ്ചെയ്യാൻ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരമില്ലെന്ന് എൽഡിഎഫിലെ അഞ്ച് അംഗങ്ങൾ വാദിച്ചു, വിയോജനക്കുറിപ്പെഴുതുകയുംചെയ‌്തു. പഞ്ചായത്ത് സെക്രട്ടറിയും ഇതേ നിലപാട് സ്വീകരിച്ചു.  എന്നാൽ, ഭരണ സമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് കെട്ടിട നമ്പർ റദ്ദ് ചെയ‌്തതായി തീരുമാനം എടുത്തു. ഇതേ തുടർന്ന് അനുമതിയില്ലാത്ത കെട്ടിടമാണെന്ന് പ്രചരിപ്പിച്ച് പ്രവാസിസംരംഭകനെ കഷ്ടപ്പെടുത്തി. വേട്ടയാടൽ ഇപ്പോഴും തുടരുകയാണ്.  ഇത്തരത്തിൽ തങ്ങൾക്ക് അധികാരമുള്ളയിടങ്ങളിൽ അധികാരദുർവിനിയോഗം നടത്തി പ്രവാസികളെ വലച്ചവരാണ് ലോക കേരളസഭ മുടക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് .

തൃശൂർ ചേർപ്പിൽ ഇത്തരത്തിലുള്ള മറ്റൊരു സംഭവമുണ്ടായി. പ്രവാസിയായ ആഭരണനിർമാണ വ്യവസായി പി എം സത്യൻ ചേർപ്പ് പഞ്ചായത്തിൽ ഒരു കെട്ടിടം നിർമിച്ചിട്ടുണ്ട് . ആറുവർഷമായി കോൺഗ്രസ‌് ഭരിക്കുന്ന ചേർപ്പ് പഞ്ചായത്ത് അനുമതി നിഷേധിച്ചിരിക്കുകയാണ്. 2013 മാർച്ച് 23 ന് ചേർപ്പ് പഞ്ചായത്ത് അനുമതിയോടെ നിർമാണം ആരംഭിച്ചു. നിർമാണം  പൂർത്തിയായപ്പോൾ പല കാരണങ്ങൾ പറഞ്ഞ്  അനുമതി നിഷേധിക്കുകയാണ് ചെയ‌്തത‌് .

ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവാസി ദ്രോഹ നടപടികളെക്കുറിച്ചൊന്നും ഉരിയാടാൻ പ്രതിപക്ഷനേതാവിന് സമയമില്ല . സംസ്ഥാന സർക്കാർ ഇത്തരം വിഷങ്ങളിൽ സ്വീകരിക്കാൻ പോകുന്ന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങൾ തടയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മുതലെടുപ്പ് രാഷ‌്ട്രീയം
പ്രവാസികളോടുള്ള ഏതെങ്കിലും തരത്തിലുള്ള താൽപ്പര്യമല്ല യുഡിഎഫിനെ നയിക്കുന്നത്. മുതലെടുപ്പ് രാഷ‌്ട്രീയം മാത്രമാണ്. ഇടതു പക്ഷ ജനാധിപത്യമുന്നണി എന്നും പ്രവാസികൾക്കൊപ്പമാണ്. പ്രഖ്യാപനത്തിൽ മാത്രമല്ല, പ്രവൃത്തിയിലും. കേരളത്തിൽ പ്രവാസി ക്ഷേമവകുപ്പ് ആരംഭിച്ചത് ഇ കെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ്. പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത് വി എസ് അച്യുതാനന്ദൻ സംസ്ഥാനം ഭരിക്കുമ്പോഴാണ്. അതിനുശേഷം യുഡിഎഫ് അഞ്ചുവർഷം ഭരിച്ചിട്ടും പ്രവാസികളുടെ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ വർധിപ്പിച്ചില്ല. അതിനുവേണ്ടി നിയമസഭയിലും പുറത്തും കേരള പ്രവാസിസംഘം ഉൾപ്പെടെ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.

പിണറായി വിജയൻ സർക്കാർ വന്നതിനുശേഷമാണ‌് പ്രവാസി പെൻഷൻ മൂന്നിരട്ടി വർധിപ്പിച്ചത്. സാന്ത്വനം ഉൾപ്പെടെയുള്ള പ്രവാസി ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ‌്തു. പ്രവാസി ക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുമ്പോൾ എന്താണ് യാഥാർഥ്യമെന്ന്  ജനങ്ങൾക്ക് മനസ്സിലാകും.

ലോക കേരളസഭ പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം തിരിച്ചറിഞ്ഞാണ് നവീനമായ ഒരു സംരംഭത്തെ തകർക്കാൻ യുഡിഎഫ് കരുക്കൾ നീക്കുന്നത് . അപലപനീയമായ ഈ നീക്കത്തിൽനിന്ന‌് പ്രതിപക്ഷം പിന്മാറുകയാണ് വേണ്ടത്.

( കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറിയാണ‌് ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top