22 February Friday

ലോക കേരളസഭ പുത്തന്‍ അനുഭവമാകും

പി ശ്രീരാമകൃഷ്ണന്‍Updated: Friday Jan 12, 2018

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലായി ചിതറിക്കിടന്ന മലയാളികളുടെ രാഷ്ട്രീയവും സാമൂഹികവുമായ കൂട്ടായ്മ രൂപീകരിക്കാന്‍ ആശയാടിത്തറ പ്രദാനംചെയ്ത കൃതിയാണ് ഇ എം എസിന്റെ 'കേരളം മലയാളികളുടെ മാതൃഭൂമി'. അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ സമുചിതമായ തുടര്‍ച്ചയാണ് ലോക കേരളസഭ. ആഗോള മലയാളി കൂട്ടായ്മ രൂപീകരിക്കാനുള്ള നിയമ-സ്ഥാപന വ്യവസ്ഥയെന്ന നിലയിലാണ് ലോക കേരളസഭ വിഭാവനംചെയ്തിരിക്കുന്നത്. ലോകത്തിലാദ്യമായാണ് ഒരു ഉപദേശീയസമൂഹം ആഗോള കൂട്ടായ്മ നിയമപരമായി പാര്‍ലമെന്ററി മാതൃകയില്‍ രൂപീകരിക്കുന്നത്. ഈ കേരള സര്‍ക്കാര്‍ സംരംഭം കേരളത്തെ 'ആഗോള മലയാളികളുടെ മാതൃഭൂമി'യായി എല്ലാ അര്‍ഥത്തിലും മാറ്റിത്തീര്‍ക്കും. 

കേരളത്തിന്റെ വികസനപ്രക്രിയയില്‍ പ്രവാസികളുടെ ധൈഷണികശേഷിയും നിക്ഷേപവും പങ്കാളിത്തവും കണ്ണിചേര്‍ക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക, ഇതര സമൂഹങ്ങളിലെ സാങ്കേതിക മുന്നേറ്റങ്ങളും വികസനമാതൃകകളും പഠിക്കാനും പകര്‍ത്താനുമുള്ള സംവിധാനമൊരുക്കുക തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരളസഭയ്ക്കുള്ളത്.

ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കേരളം സൃഷ്ടിക്കുന്ന ഒരു പുത്തന്‍ അനുഭവമായിരിക്കും ലോക കേരളസഭ. ജനാധിപത്യം നിശ്ചലമായ ഒരു തിരശ്ശീലയല്ല. അത് പുതിയ വിതാനങ്ങള്‍ തേടി വളര്‍ന്നുപന്തലിക്കേണ്ട ഒരനുഭവമാണ്. മലയാളി ഉള്ളിടത്തെല്ലാം കേരളത്തിന്റെ കൈയെത്തുന്ന ഭാവനാപൂര്‍ണമായ ഒരു സംവിധാനമായാണ് ലോക കേരളസഭ ആസൂത്രണംചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളിയുടെ വികാര-വിചാരങ്ങളെയും അറിവിനെയും കഴിവിനെയും സമാഹരിക്കുന്ന ഈ ഉദ്യമം തീര്‍ത്തും നവീനമായ ഒരാശയമാണ്.

പ്രവാസചരിത്രത്തിന് വലിയ സംഭാവനകള്‍ നടത്തിയ സമൂഹമാണ് നമ്മുടേത്. മനുഷ്യവിഭവത്തിന്റെ മഹാസംഭരണിയായി കേരളം പതുക്കെ പതുക്കെ പരിഗണിക്കപ്പെട്ടതില്‍ പ്രവാസജീവിതത്തിന് വലിയ പങ്കുണ്ട്.  ആ ദിശയില്‍ പ്രവാസ സാന്ദ്രത കൂടിയ കേരളീയ സമൂഹത്തിന്റെ വേണ്ടത്ര അളക്കപ്പെടാത്ത ഊര്‍ജത്തെ സ്വീകരിച്ചാനയിക്കുകയാണ് സഭ ചെയ്യുന്നത്. കേവലം സമ്മേളനം എന്ന നിലയിലല്ല, കേരളത്തിലെ ജനപ്രതിനിധികളുമായി ആദാനപ്രദാനത്തിന് സാധ്യതയൊരുക്കുന്ന ഒരു സഭയായാണ് ഈ വേദിയെ നിശ്ചയിച്ചിട്ടുള്ളത്. ധാരാളം പ്രവാസി സംഗമങ്ങള്‍ പല തലങ്ങളിലായി നടന്നിട്ടുണ്ടെങ്കിലും ഇത്ര വിപുലവും വിഷയം കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും അവസരമൊരുക്കുന്നതുമായ ഒരു സഭ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പ്രവാസികളുടെ നിക്ഷേപത്തിനുള്ള ഒരു സംഗമം എന്ന നിലയില്‍ മാത്രമല്ല, തൊഴില്‍വൈദഗ്ധ്യം, പ്രവാസജീവിതാനുഭവം, നവീനാശയങ്ങള്‍ എന്നിവയ്ക്കെല്ലാം വഴിയൊരുക്കുന്ന ചര്‍ച്ചയാണ് വിഭാവനം ചെയ്തിട്ടുള്ളത്. 15 പ്രാദേശികവിഷയ മേഖലാസമ്മേളനങ്ങള്‍ ഇതിന്റെ ഭാഗമായി ചേരുന്നുണ്ട്. മലയാളിസംസ്കാരത്തെയും മലയാളിത്തത്തെയും പ്രതിനിധാനംചെയ്യുന്ന സംഗീതജ്ഞരും ശാസ്ത്ര-സാങ്കേതിക വിദഗ്ധരും സാംസ്കാരികപ്രതിഭകളും ഈ സഭയില്‍ അംഗങ്ങളായി എത്തുന്നു എന്നത് ഇതിന്റെ സമഗ്രതയാണ് സൂചിപ്പിക്കുന്നത്.

മലയാളഭാഷ, കലകള്‍, സാഹിത്യം വിവിധ ജീവന സാംസ്കാരിക രൂപങ്ങള്‍ എന്നിവയുടെ സംരക്ഷണം, പഠനം എന്നിവയെല്ലാം ക്രമീകൃതമായി നടത്താനുള്ള സംഘടനാരൂപമുണ്ടാക്കാന്‍ ലോക കേരളസഭ ലക്ഷ്യംവയ്ക്കുന്നു. കേരളത്തിനുപുറത്ത് ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ തങ്ങളുടെ അതിഥിസമൂഹവുമായി ഇഴുകിച്ചേര്‍ന്ന് സ്വന്തമായ ജീവിതചര്യയും ഭാഷാപ്രയോഗങ്ങളും ചിട്ടവട്ടങ്ങളും സാഹിത്യവുമെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളസംസ്കൃതിയും വിദേശമലയാള സംസ്കൃതിയും തമ്മിലുള്ള അഭിലഷണീയമായ സംവാദത്തിന് വേദിയൊരുക്കാന്‍ ലോക കേരളസഭയ്ക്ക് കഴിയും. ഇതോടൊപ്പം തനത് കേരളസംസ്കൃതിയുടെ വ്യാപനത്തിനും അതിവ്യാപനത്തിനും അവസരങ്ങളുമുണ്ടാകും. ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വലിയ സംഭാവനകള്‍ നല്‍ക്കാന്‍ ആഗോള മലയാളി കൂട്ടായ്മക്ക് കഴിയും.  മലയാളികള്‍ സ്വായത്തമാക്കിയ സ്വദേശിയും വിദേശിയുമായ സാംസ്കാരികരൂപങ്ങളെയെല്ലാം സമഞ്ജസമായി കൂട്ടിയിണക്കാനുള്ള വേദിയായി ലോക കേരളസഭ മാറും. ഈയര്‍ഥത്തില്‍, ആഗോള മലയാള സാംസ്കാരിക കോണ്‍ഗ്രസ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. സാംസ്കാരിക മിഷനും സാമ്പത്തിക മിഷനും സമ്മേളിക്കുന്ന സമഗ്ര മലയാളി കൂട്ടായ്മയെ സംവാദാത്മകമായി രൂപപ്പെടുത്തണം. മലയാളികളുടെ വിജ്ഞാനത്തില്‍നിന്ന് വിശകലനാത്മകജ്ഞാനം ഉല്‍പ്പാദിപ്പിച്ച് വികസനപ്രക്രിയയിലേക്ക് അവയെ കണ്ണിചേര്‍ക്കാന്‍ വിദേശ മലയാളികളുടെ നൈപുണിയും സാങ്കേതികശേഷിയുമെല്ലാം ഉപയോഗിക്കാനുള്ള പദ്ധതികള്‍ ലോക കേരളസഭയുടെ ഭാഗമായി ഉണ്ടായിവരും. വിജ്ഞാനവും വിവരവും കലയും സാഹിത്യവും ഭാഷാവികസനവുമെല്ലാം ചര്‍ച്ചയാകുന്ന നിയമപരമായ വേദിയായി ലോക കേരളസഭയെ രൂപപ്പെടുത്തുമെന്ന് സാരം.

സാംസ്കാരികസഹിഷ്ണുതയുടെ കേദാരമാണ് കേരളം. നിരന്തരമായ ആദാനപ്രദാനങ്ങള്‍ വിവിധ സംസ്കൃതികള്‍ തമ്മിലുള്ള സമന്വയം സാധ്യമാക്കി. അതിഥിസമൂഹങ്ങളില്‍ അംഗീകാരവും ആദരവും നേടിയ മലയാളിത്തം സാംസ്കാരികസമന്വയത്തിന്റെ ഉല്‍പ്പന്നമാണ്. സവിശേഷമായ ഈ സാംസ്കാരികധാര കേരളത്തിനകത്തും പുറത്തുമുള്ള നാലുകോടിയോളം വരുന്ന മലയാളികളില്‍ അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ലോക കേരളസഭ നിമിത്തമാകും. വികസനവും കരുതലും മാത്രമല്ല സംസ്കൃതിയുടെ സംരക്ഷണവും സാംസ്കാരികമായ ഐക്യപ്പെടലും സഭ ലക്ഷ്യം വയ്ക്കുന്നു. ഇതിനായി ഒരു സമ്മേളനം ചേരുന്നു എന്ന നിലയിലല്ല, മറിച്ച് ജനാധികാരം പ്രതിഫലിക്കുന്ന ജനപ്രതിനിധിസഭയുടെ രൂപഭാവങ്ങളോടെയും ഒരു സ്ഥിരം സംഘടനാരൂപം കൂടിയുണ്ടാക്കുന്നു എന്നതാണ് ലോക കേരളസഭയെ വ്യതിരിക്തമാക്കുന്നത്. അതിന്റെ പ്രഥമസമ്മേളനം കേരള നിയമസഭയില്‍ത്തന്നെ ചേരുന്നത് പ്രതീകാത്മകമാണ്. നിയമപരിരക്ഷയും അധികാരങ്ങളുമുള്ള ഒരു സ്ഥിരം സംവിധാനം എന്ന നിലയിലാണ് ലോക കേരളസഭ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലോക മലയാളികള്‍ ഒരു കുടുംബമായി മാറുന്ന വേദിയാണ്് രൂപപ്പെടുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ രൂപീകരിക്കാനും ലോക കേരളസഭ നിമിത്തമാകും. മലയാളികളുടെ മാതൃഭൂമിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടമുറിയാത്ത, സാര്‍ഥകമായ തുടര്‍ച്ചയുണ്ടാക്കാനുള്ള സാഹചര്യമാണ് ലോക കേരളസഭ സൃഷ്ടിക്കുന്നത്.

കേരളം ആഗോളവികസന സൂചികയില്‍ അത്ഭുതപ്പെടുത്തുന്ന ഒരു ഭൂപ്രദേശമാണ്. നിയമനിര്‍മാണങ്ങളുടെ വിപ്ളവാത്മക വിസ്ഫോടനംകൊണ്ട് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടുപോയി. ജീവിതനിലവാരംതൊട്ട് നിരവധി കാര്യങ്ങളില്‍ അത്ഭുതാദരങ്ങളോടെയും വിസ്മയത്തോടെയുമാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ കേരളത്തെ വിലയിരുത്തുന്നത്. സംഘടിത രാഷ്ട്രീയമുന്നേറ്റങ്ങളുടെയും ഉജ്വല നിയമനിര്‍മാണങ്ങളുടെയും അടിത്തറയില്‍നിന്ന് കേരളത്തെ പുതുക്കിപ്പണിയുന്നതിന് അതിനിര്‍ണായക പങ്കുവഹിച്ച ഒരു വിഭാഗമാണ് പ്രവാസിസമൂഹം. ലോകത്തെല്ലായിടത്തുമുള്ള പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ലോക കേരളസഭയ്ക്ക് നിയമസഭാമന്ദിരത്തില്‍ 2018 ജനുവരി 12, 13 തീയതികളില്‍ പ്രായോഗികരൂപം  ഉണ്ടാകുകയാണ്; മലയാളികളുടെ അതിരുകളില്ലാത്ത ഒരു സഭ അഥവാ ലോക കേരളസഭ

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top