17 August Wednesday

ലോക കേരള സഭ: പ്രതീക്ഷകളും വെല്ലുവിളികളും

ദീപക് പച്ചUpdated: Saturday Jun 18, 2022

കേരളത്തില്‍ നിന്ന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറ്റം നടത്തി അവിടങ്ങളില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന മലയാളി സമൂഹത്തിന്റെ ജന്മനാടുമായുള്ള  സാമൂഹ്യ സാമ്പത്തികബന്ധം ശക്തിപ്പെടുത്തുക, കേരളത്തിന്റെ പൊതുമണ്ഡലത്തിലെ നയരൂപീകരണത്തിലും കേരളീയ സമൂഹത്തിന്റെ അധികാര ഘടനയിലും പ്രവാസി മലയാളികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നീ രണ്ട് സുപ്രധാന ലക്ഷ്യങ്ങളോടെയാണ് ലോക കേരള സഭ രൂപീകൃതമായത്.  ചില യൂറോപ്യന്‍ രാജ്യങ്ങളില്‍  അവരുടെ നയരൂപീകരണ സംവിധാനങ്ങളില്‍ പ്രവാസി സമൂഹത്തിനും പ്രാതിനിധ്യം നല്‍കുന്ന സംവിധാനം ഉണ്ടെങ്കിലും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്.

പ്രവാസി മലയാളികളും ജന്‍മനാടും തമ്മില്‍ നേരത്തെ അനൗപചാരികമായി നിലനിന്നിരുന്ന ബന്ധങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങള്‍ വഴി ബലം നല്‍കി എന്നത് മാത്രമല്ല ലോക കേരളസഭാ രൂപീകരണത്തിലൂടെ സാധിച്ചത്. നാട്ടിലെ കേരളവും മറുനാട്ടിലെ കേരളവും തമ്മിലുള്ള പാരസ്പര്യം കൂടുതല്‍ സജീവമാവുകയും വിപുലീകരിക്കുകയും ചെയ്യാന്‍ ലോക കേരള സഭാരൂപീകരണത്തിലൂടെ സാധിച്ചിട്ടുണ്ട്. മറുനാടന്‍ ജീവിതം നയിക്കുന്ന ഒരാളെന്ന നിലയ്ക്കും ആഭ്യന്തര പ്രവാസികളുടെയും വിദേശ മലയാളികളുടെയും സാംസ്‌കാരിക സാമൂഹിക ജീവിതത്തെക്കുറിച്ചും പഠിച്ചുകൊണ്ടരിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കും ലേഖകന് ഇക്കാര്യങ്ങള്‍ ഉറപ്പിച്ചു പറയാന്‍ കഴിയും.

പ്രവാസി മലയാളികളുടെ പ്രതിനിധികളായി ലോക കേരള സഭയില്‍ അംഗങ്ങളായവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങളും വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്നതും വ്യക്തമാണ്. മുംബൈ പോലുള്ള നഗരങ്ങളില്‍ കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയില്‍  ചേരാന്‍ താല്‍പര്യം കാണിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നോര്‍ക്ക ഓഫീസുകളും കൂടുതല്‍ സജീവമായിരിക്കുന്നു. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ മറുനാടന്‍ മലയാളികള്‍ക്കിടയിലെ സാന്നിധ്യവും വര്‍ധിച്ചിരിക്കുന്നു. ഇങ്ങനെ ഒട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ പ്രവാസി മലയാളി സമൂഹവും കേരളവും തമ്മിലുള്ള ബന്ധത്തില്‍ സമീപകാലത്തുണ്ടായിട്ടുണ്ട്.

 പ്രളയം നേരിട്ട കേരളത്തിന് ലോകം മുഴുവന്‍ കൈത്താങ് നല്‍കിയപ്പോഴും, മഹാമാരിക്കാലത്തു ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികള്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും പ്രശ്‌ന പരിഹാരത്തിനായി ലോക കേരള സഭ അംഗങ്ങള്‍ വഹിച്ച നേതൃപരമായ പങ്ക് ഇത്തരമൊരു സംവിധാനത്തിന്റെ സാധ്യതകളെ തുറന്നു കാട്ടുന്നതാണ്.

വിദേശ രാഷ്ട്രങ്ങളിലുള്ള പ്രവാസി സമൂഹത്തെ സംബന്ധിച്ച് കേരള ഭരണകൂടത്തിന്റെ സംവിധാനങ്ങളായ നോര്‍ക്കയുടെയും ലോക കേരളസഭയുടെയുമെല്ലാം  ഔദ്യോഗിക കൃത്യ നിര്‍വ്വഹണങ്ങള്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി മുഖേന മാത്രം സാധ്യമാകുന്ന ഒന്നാണ്. പക്ഷേ ലോക കേരള സഭയ്ക്ക് അവിടവിടങ്ങളില്‍ സജീവമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന മലയാളി പ്രതിനിധികള്‍ മുഖേന പ്രവാസി മലയാളി സാമൂഹ്യ ജീവിതത്തില്‍ പലവിധത്തില്‍ ഇടപെടാനുള്ള വഴികളുണ്ട്.

 എന്നിരുന്നാലും നിലവിലെ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഒരു ഫെഡറല്‍ രാജ്യത്തെ സംസ്ഥാനത്തിന് നേരിട്ട് ഏതെങ്കിലും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനും അവരുടെ ഭാഷാ സമൂഹത്തിന്റെ ആ രാജ്യത്തെ ജീവിതത്തില്‍ നയപരമായി ഇടപെടുന്നതിനും പരിമിതിതികള്‍ ഏറെയാണ്. ലോക കേരള സഭ മറികടക്കേണ്ട പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്ന് ഇതാണ്. അതുകൊണ്ട് തന്നെ നോര്‍ക്കയ്ക്കും ലോക കേരള സഭയ്ക്കും വിദേശ രാജ്യങ്ങളിലെ അവരുടെ ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളില്‍ നയപരമായി നേരിട്ട് ഇടപെടാന്‍ പാകത്തില്‍ ഏതെല്ലാം വിധത്തിലുള്ള നിയമ പരിഷക്കാരങ്ങള്‍ നടത്തേണ്ടതുണ്ട് എന്നത്  ലോക കേരള സഭ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്.


ഇത്തരത്തില്‍ നിയമ സംവിധാനത്തിന്റെതായ സങ്കീര്‍ണ്ണതകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹത്തെ സംബന്ധിച്ചുമുണ്ട്. മറ്റൊരു സംസ്ഥാനത്ത് ഭാഷാ ന്യൂനപക്ഷമായി ജീവിക്കുന്ന മലയാളികളുടെ സാമൂഹ്യ ക്ഷേമത്തിന്റെയും തോഴില്‍ സുരക്ഷയുടെയും കാര്യങ്ങളില്‍ അവരുടെ രക്ഷാകര്‍ത്താക്കള്‍ എന്ന നിലയില്‍ കേരളാ ഭരണകൂടത്തിന്റെതായ താല്‍പര്യം ലോക കേരള സഭയിലൂടെ പ്രയോഗിക്കുന്നതില്‍ നിലവിലുള്ള അന്തര്‍ സംസ്ഥാന ചട്ടങ്ങള്‍ പ്രകാരം ഒട്ടേറെ തടസ്സങ്ങളുണ്ട്. ഈ വെല്ലുവിളികളെയെല്ലാം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാകണം കേരളാ ഭരണകൂടം ഇത്തരമൊരു ആശയത്തിന് തുടക്കം കുറിച്ചതും.

അതുകൊണ്ട് തന്നെ ലോക കേരള സഭയ്ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ വിവിധ ഭാഷാ ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരുടെ അന്തര്‍സംസ്ഥാന കുടിയേറ്റത്തെ സംബന്ധിച്ച് രാജ്യത്ത് നിലവിലെ ചട്ടങ്ങളില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ അനിവാര്യമായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെക്കുള്ള ഇതര ഭാഷാ കുടിയേറ്റ തൊഴിലാളികളെ തങ്ങളില്‍ ഉള്‍പ്പെട്ടവരായി പരിഗണിച്ചു കൊണ്ട് അവരുടെ സുരക്ഷയും രക്ഷാകര്‍തൃത്വവും സംബന്ധിച്ച് രാജ്യത്തിന് തന്നെ മാതൃകയാകും വിധത്തിലുള്ള ഫലപ്രദമായ ആലോചനകളും പ്രവര്‍ത്തനങ്ങളും നടത്തിയ അനുഭവം കേരളത്തിനുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചം ഈ വിഷയത്തിലെ നിയമപരമായ മാറ്റങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ ലോക കേരള സഭയെ സഹായിക്കും.

ലോക കേരള സഭ  ഉത്തരം കണ്ടത്തേണ്ട മറ്റൊരു പ്രധാന ചോദ്യം ആരെയൊക്കെയാണ് പ്രവാസി മലയാളി സമൂഹത്തിന്റെ ഭാഗമായി പരിഗണിക്കേണ്ടത് എന്നതാണ്. വിദേശികള്‍ക്ക് എളുപ്പം പൗരത്വം കിട്ടാത്ത പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളില്‍ ബഹുഭൂരിപക്ഷവും ഒരു നിശ്ചിത കാലത്തിനു ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ട് തന്നെ ജീവിതം മുഴുവന്‍ ഒരുപരിധിവരെ മലയാളി സ്വത്വം നിലനിര്‍ത്തി ജീവിക്കുന്ന ഇവര്‍ കുടിയേറ്റ മലയാളി സമൂഹത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ യൂറോപ്പിലേക്കും , പസഫിക് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും കുടിയേറി ദീര്‍ഘാകലമായി അവിടങ്ങളില്‍ ജീവിക്കുന്ന മലയാളികളുടെ സ്ഥിതി അതല്ല. ആ പ്രദേശങ്ങളില്‍  സ്ഥിരതാമസമാക്കുന്ന അവരുടെ അടുത്ത തലമുറകള്‍ പലപ്പോഴും ജന്മനാടിനോട് ബന്ധമുള്ളവരോ, സംസ്‌കാരികമായോ ഭാഷാപരമായോ ഏതെങ്കിലും തരത്തില്‍ മലയാളി സ്വത്വം പേറുന്നവരോ അല്ല എന്നതാണ് വസ്തുത. ഈ സ്ഥിതിവിശേഷം കൊണ്ട് ബ്രഹത് മലയാളി സമൂഹത്തിന്റെ ഭാഗമാവേണ്ടിയിരുന്ന നല്ലൊരു ശതമാനം മലയാളികള്‍ അങ്ങനെ അല്ലാതായി തീര്‍ന്നിരിക്കുന്നു.

ലോക കേരളസഭ എന്ന ആശയം തന്നെയും മേല്‍പ്പറഞ്ഞ പ്രശ്‌ന പരിഹാരത്തിനായുള്ള അനിവാര്യമായ ചുവട്‌വയ്പ്പായി കാണാവുന്നതാണ്. കഴിഞ്ഞ പതിമൂന്ന്  വര്‍ഷക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ പദ്ധതിക്ക് ഇതര ഭാഷാ സമൂഹത്തിന്റെ സംസ്‌കാരത്തിലേക്ക് അലിഞ്ഞു ചേരുമായിരുന്ന നിരവധി മലയാളികളെ കേരളത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിഞ്ഞ അനുഭവം നമുക്ക് മുന്നിലുണ്ട്.

വിജ്ഞാന സമ്പദ് വ്യവസ്ഥയും പ്രവാസികളും

വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ മുന്നുപാധികളില്‍ പ്രധാനം  ഉയര്‍ന്ന നിലവാരമുള്ള വിദ്യഭ്യാസം, Innovation ന് അനുകൂലമായ സാഹചര്യം, കാര്യക്ഷമമായ വാര്‍ത്താവിനിമയ സാങ്കേതിക സംവിധാനം, സാമൂഹ്യവും സാമ്പത്തികവുമായ പശ്ചാത്തല സൗകര്യം എന്നിവയാണ്. ഈ നാല് ദിശയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി നമുക്ക് മുന്നേറേണ്ടതുണ്ട്.

ഈ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹത്തിന് നിര്‍ണ്ണായകമായ പങ്കുവഹിക്കാനുണ്ട്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള ലോക മലയാളികളുടെ വിവര ശേഖരണമാണ് അക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനുള്ള ഒരു ശ്രമത്തിന് ലോക കേരളസഭയുടെ പിന്തുണയോടെ K-DISC നേരത്തെ തുടക്കം കുറിച്ചിരുന്നു. ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് കേരളീ മാനവ വിഭവത്തിന്റെ ആഗോള സഞ്ചയത്തെ ഒരുമിപ്പിക്കാന്‍ ലോക കേരള സഭയ്ക്ക് സാധിക്കും.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം നിലവില്‍ നേരിടുന്ന പരിമിതികളെ മറികടക്കാന്‍ നിലവില്‍ സര്‍വ്വകലാശാലകള്‍ പിന്തുടരുന്ന ബോധനരീതികളെയും ഗവേഷണങ്ങളെയും കാലോചിതമായി പരിഷക്കരിക്കേണ്ടതുണ്ട്. അതോടൊപ്പം കേരളീകേന്ദ്രീകൃതമായ ഗവേഷണങ്ങളെയും അറിവുല്‍പ്പാദനത്തെയും പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. സര്‍ക്കാര്‍ തുടക്കമിട്ട കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഈയൊരു കാഴ്ചപ്പാടിന്റെ  സഫലീകരണമാണ്. ലണ്ടന്‍ ടെക്ക് വീക്കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഏഷ്യയില്‍ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റമുള്ള പ്രദേശമായി കേരളത്തെ തിരഞ്ഞെടുത്തത് ഈ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ സാധ്യതകളെ തുറന്ന് കാണിക്കുന്നതാണ്. ഈ മേഖലയില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ അന്താരാഷ്ട്ര സര്‍വ്വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമായി നമുക്ക് നല്ല ബന്ധം സ്ഥാപിക്കണം. ഇക്കാര്യത്തില്‍ ഇത്തരം അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍  തൊഴിലെടുക്കുന്ന പ്രവാസി മലയാളികളുടെ താല്‍പര്യവും പങ്കും വളരെ വലുതാണ്.

ഉന്നത വിദ്യാഭ്യാസം പരിഷ്‌ക്കരണം എന്നത് പോലെ തന്നെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി കേരളം ആസൂത്രണം ചെയ്യുന്ന ഒന്നാണ് യുവതി-യുവാക്കളെ വിവിധ തെഴിലുകള്‍ക്ക് യോഗ്യരാക്കും വിധമുള്ള നൈപ്പുണ്യ വികസനം. വിജ്ഞാന സമ്പദ് വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍ ഒരു പ്രധാന പണിയായുധമാകുമ്പോള്‍ അതിന്റെ പ്രയോഗത്തില്‍ പ്രവീണ്യം നേടാന്‍ കേരളത്തെ സജ്ജമാക്കും വിധത്തിലുള്ള ഒരു ജനകീയ 'ഇ-സാക്ഷരത യജ്ഞം' നമുക്ക് നടത്തേണ്ടതുണ്ട്. ഈ പ്രവര്‍ത്തനങ്ങളിലും പ്രവാസി മലയാളികള്‍ക്ക് പങ്കാളികളാകാനും സംഭാവന നല്‍കാനും കഴിയണം.

തൊഴില്‍ അന്വേഷിച്ചു അന്യ ദേശങ്ങളില്‍ എത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ കണ്ടെത്താനായി അതാത് ദേശങ്ങളിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സഹായവും പിന്തുണയും ഇന്നും ലഭിക്കാറുണ്ട് . വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കേരളം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍  അത്തരം സഹായങ്ങള്‍ക്കൊപ്പം കേരളത്തില്‍ ലഭ്യമാകുന്ന മാനവ വിഭവത്തിനും ആഗോള വ്യവസായ സംരംഭങ്ങള്‍ക്കും ഇടയിലെ സുപ്രധാന കണ്ണികളാകാനും കേരളത്തിലേക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരാനും ലോകത്ത് ആകമാനം ചിതറി കിടക്കുന്ന മലയാളി സമൂഹത്തിന് കഴിയും. ചൈനയിലെ  സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന  ഷെന്‍സെന്‍ നഗരത്തെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രഭവ കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കുന്നതില്‍ വിവിധ രാജ്യങ്ങളിലുള്ള   ചൈനയിലെ കുടിയേറ്റക്കാര്‍  വഹിച്ച പങ്ക് നമുക്കീക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്.

കേരളം ആഗ്രഹിക്കുന്ന  'സമ്പദ് ഘടനയിലെ പൊളിച്ചെഴുത്തില്‍' പ്രവാസി മലയാളികള്‍ക്കുള്ള പങ്കിന്റെ ഏതാനും ചില സാധ്യതകള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഒരു കാര്യം ഉറപ്പാണ്, വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ ചുവട് മാറ്റത്തില്‍ അകം കേരളത്തിനുള്ളത് പോലെ തന്നെ ചുമതലകള്‍ പുറം കേരളത്തിനുമുണ്ട്. അത്തരം സാധ്യതകള്‍ പ്രായോഗിക നടപടികളുടെ രൂപത്തില്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നല്ലൊരു തുടക്കമാകും മൂന്നാം ലോക കേരള സഭാ സമ്മേളനം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top