29 February Saturday

പ്രവാസി സമൂഹം ഇടതുപക്ഷത്തിനൊപ്പം

കെ സി സജീവ‌് തൈക്കാട‌്Updated: Thursday Apr 18, 2019


അന്നം തേടി പിറന്ന നാടിനെയും ഉറ്റവരെയും വേർപിരിഞ്ഞ‌് മണലാരണ്യങ്ങളിൽ ജീവിതം തള്ളിനീക്കുന്ന മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി, ഒരുകാലത്ത് തിരിച്ചുവരുമ്പോൾ അവരുടെ പുനരധിവാസം സാധ്യമാക്കുകയുംചെയ‌്ത ഒരു സർക്കാരാണ‌് ഇന്ന് കേരളം ഭരിക്കുന്നത്. ഇടതുപക്ഷ സർക്കാരുകൾ കേരളം ഭരിച്ചിരുന്ന എല്ലാ കാലത്തും ഈ ജാഗ്രതയും സംരക്ഷണവും പ്രവാസികൾക്ക‌് ലഭിക്കുന്നുണ്ടായിരുന്നു. കേരളത്തിനു പുറത്ത് ജീവിക്കുന്ന മലയാളികളുടെ ക്ഷേമത്തിനായി ഒരു പ്രവാസികാര്യ വകുപ്പ് നിലവിൽവരുന്നത് 1996ൽ ഇ കെ നായനാർ കേരളം ഭരിക്കുമ്പോഴാണ്.  ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാനം ഇത്തരത്തിലുള്ളൊരു വകുപ്പ് രൂപീകരിക്കുന്നത്. 2009ൽ ലോക രാജ്യങ്ങൾക്ക‌ു തന്നെ മാതൃകയായ പ്രവർത്തനമാണ് പ്രവാസികൾക്കായി  ക്ഷേമനിധി രൂപീകരിച്ച‌ുകൊണ്ട് വി എസ‌് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ കാഴ‌്ചവച്ചത്. അന്നത്തെ നിലയിൽ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചുവന്ന് ക്ഷേമനിധിയിൽ അംഗത്വമെടുത്തു കഴിഞ്ഞാൽ 60 വയസ്സാകുന്നവർക്ക‌് 500 രൂപയും വിദേശത്ത് നിൽക്കുന്നവർക്ക‌് 1000 രൂപ ക്രമത്തിലുമാണ് പെൻഷൻ ലഭ്യമായിരുന്നത്.

ഇത്തരത്തിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സുരക്ഷയ‌്ക്കും ജീവിതസായാഹ്നത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനും ഇടതുപക്ഷ സർക്കാരുകളുടെ പ്രവർത്തനം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട‌്. എന്നാൽ, വി എസിന‌ുശേഷം വന്ന ഉമ്മൻചാണ്ടി  സർക്കാർ കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഈ ക്ഷേമപദ്ധതി പരിഷ‌്കരിക്കാനോ പുതുതായി എന്തെങ്കിലും കൊണ്ടുവരുന്നതിനോ തയ്യാറായില്ല. മാത്രമല്ല, തികച്ചും പ്രവാസികളെ അവഗണിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ തുടർന്നത‌്.ഈ ഘട്ടത്തിലാണ് പിണറായി സർക്കാർ അധികാരത്തിൽ വരുന്നത്. ആദ്യ ബജറ്റിൽ തന്നെ നിലവിലുണ്ടായിരുന്ന മിനിമം പെൻഷൻ 500 രൂപയിൽനിന്ന് നാലിരട്ടി വർധിപ്പിച്ച് 2000 രൂപയാക്കി. കഴിഞ്ഞ മൂന്നു വർഷത്തെ പിണറായി സർക്കാരിന്റെ  ഭരണം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു സുവർണ കാലഘട്ടമാണ്.

പ്രവാസിക്ഷേമനിധിയുടെ പ്രവർത്തനങ്ങൾ
ക്ഷേമനിധിയിൽ വലിയ മാറ്റങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത്. മുടങ്ങിക്കിടന്ന എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുകയും സുതാര്യമാക്കുകയും ചെയ‌്തു.  2016നുശേഷം 398 പേരുടെ മരണാനന്തര സഹായമായി 1,44,45,767 രൂപ  വിതരണം ചെയ‌്തിട്ടുണ്ട‌്. ക്ഷേമനിധിയിൽ അംഗത്വം എടുത്തതുമുതൽ പെൻഷൻ ലഭിക്കുന്നതുവരെയാണ് ചികിത്സാസഹായം ലഭ്യമാകുന്നത്. 50,000 രൂപവരെയാണ് ലഭ്യമാകുന്നത്. ഇത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് ലഭ്യമാക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുമാണ്. എന്നാൽ, ഇപ്പോൾ അപേക്ഷ ലഭിച്ചാൽ 10 ദിവസത്തിനകം അർഹതപ്പെട്ട കൈകളിൽ ഇത് ലഭ്യമാക്കാനുള്ള സംവിധാനം നോർക്ക വെൽഫെയർ നടത്തിവരുന്നു.  പെൻഷൻ എല്ലാ മാസവും അഞ്ചിനകം അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുന്നു.  ഇത് മുടക്കംകൂടാതെ നടന്നുവരികയാണ്. 10,367 പേർക്കായി 14,20,87,243 രൂപ ഈ ഇനത്തിൽ കഴിഞ്ഞ മാസംവരെ ചെലവഴിച്ചിട്ടുണ്ട‌്.

നോർക്ക റൂട്ട‌്സ‌്
 2016 മുതൽ ഒട്ടനവധി മാറ്റം വരുത്തിക്കൊണ്ട് നോർക്ക റൂട്ട്സിനെ പിണറായി സർക്കാർ പുനർക്രമീകരിച്ചു.  ഇതിന്റെ ഭാഗമായി സർട്ടിഫിക്കറ്റ‌് സാക്ഷ്യപ്പെടുത്തൽ ഓൺലൈനിലാക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കൈകളിൽ തിരിച്ചുകിട്ടുന്ന രീതിയിലാക്കുകയും ചെയ‌്തു. റിക്രൂട്ട്മെന്റ‌്  വിഭാഗം കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അംഗീകാരത്തോടുകൂടി നോർക്ക റൂട്ട്സ് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്ന വിവിധ തൊഴിൽ മേഖലകളിലേക്ക‌് ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തയക്കാനുള്ള ഏജൻസിയായും നോർക്ക റൂട്ട്സ് പ്രവർത്തിക്കുന്നു. ഗൾഫ‌് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈത്ത‌് എന്നിവിടങ്ങളിലേക്ക‌് ഡോക്ടർമാർ, നേഴ്സുമാർ, മെഡിക്കൽ ടെക‌്നീഷ്യന്മാർ  എന്നിവരെയും അയച്ചുകൊണ്ടിരിക്കുന്നു.  ആയിരത്തോളം നേഴ്സുമാർക്ക‌്  തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗാർഹിക തൊഴിലാളികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ ഈ മേഖലയിലും റൂട്ട്സിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയാണ‌് നോർക്ക ഡിപ്പാർട്ട‌്മെന്റ‌് പ്രോജക്ട‌് ഫോർ റിട്ടേർഡ‌് എമിഗ്രന്റ്സ്.  ഈ പദ്ധതിപ്രകാരം 30 ലക്ഷം രൂപവരെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നോർക്കയുമായി കരാറിൽ ഒപ്പിട്ടിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ‌്പകളെടുക്കുന്നതിന‌ു വേണ്ട അവസരങ്ങളൊരുക്കുകയും ഈ വായ‌്പത്തുകയുടെ 15 ശതമാനം സബ്സിഡിയും നോർക്ക നൽകുന്നു.  കഴിഞ്ഞ സർക്കാരിന്റെ  കാലയളവിൽ  വളരെ കുറച്ചുപേർക്ക‌ുവേണ്ടി വാഹനവായ‌്പകൾ മാത്രമാണ് നൽകിയിരുന്നത‌്. എന്നാൽ, ഇന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക‌് ഏറ്റവും സഹായകമാണ് ഈ പദ്ധതി. 

ലോക കേരളസഭ
ഈ പ്രവർത്തനങ്ങളോടൊപ്പംതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന മലയാളികളെ കൂട്ടിയിണക്കിക്കൊണ്ട‌് ലോക കേരളസഭയും നിലവിൽവന്നു. കേരളത്തിലെ മുഴുവൻ എംഎൽഎമാരും  എംപിമാരും നോമിനേറ്റഡ് അംഗങ്ങളും അത്രതന്നെ പ്രവാസി പ്രതിനിധികളും ഉൾക്കൊള്ളുന്ന സഭ, അതാണ‌് ലോക കേരളസഭ.  ഇവിടെ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുകയും അതിന‌് പരിഹാരം കാണുകയും ചെയ്യും. 2018 ജനുവരിയിലാണ‌് ലോക കേരളസഭ നിലവിൽവന്നത‌്.  ഇത് പിണറായി സർക്കാരിന്റെ പ്രവാസികളോടുള്ള അനുകൂല നിലപാടിന് എടുത്തുപറയേണ്ട ഉദാഹരണങ്ങളിൽ ഒന്നാണ്.  

കേരളത്തിൽ പ്രവാസികളെ സംരക്ഷിക്കുന്ന നയസമീപനമാണ് എൽഡിഎഫ‌് സർക്കാർ  നടപ്പാക്കുന്നതെങ്കിലും കേന്ദ്ര സർക്കാർ തികച്ചും വ്യത്യസ‌്ത നിലപാടാണ്  സ്വീകരിച്ചിരിക്കുന്നത‌്. മോഡി സർക്കാർ പ്രവാസിദ്രോഹ നിലപാടുകളാണ് പിന്തുടർന്നത‌്. ടിക്കറ്റ‌് ചാർജുകൾ വർധിപ്പിക്കുന്ന വിമാന കമ്പനികൾക്കെതിരെ  ചെറുവിരലനക്കാൻ പോലും തയ്യാറായില്ല.  പ്രവാസി ദ്രോഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ എമിഗ്രേഷൻ ആക്റ്റ്.  കഴിഞ്ഞ അഞ്ചു വർഷം അവതരിപ്പിച്ച ബജറ്റുകളിൽ ഒന്നുംതന്നെ പ്രവാസി മേഖലയിൽ തുക വകയിരുത്തിയിട്ടില്ല എന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്.

എന്നാൽ, പ്രവാസികളെ സംരക്ഷിക്കുന്ന നയസമീപനമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ചെയ്യുന്നത്. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹാരം കണ്ട് അവരുടെ സർവക്ഷേമവും ലക്ഷ്യമിട്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ  മുന്നോട്ടുപോകുകയാണ്.  പ്രവാസി ക്ഷേമ വകുപ്പടക്കം നിർത്തലാക്കി പ്രവാസി സമൂഹത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത‌്. കേരളത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരും കേന്ദ്രത്തിലെ മോഡി സർക്കാരും അനുവർത്തിക്കുന്ന പ്രവാസി വിരുദ്ധ നിലപാടുകൾ പ്രവാസി സമൂഹം ആശങ്കയോടെ നോക്കിക്കാണുകയാണ്. 

ചരിത്രത്തിലെ സമാനതകളില്ലാത്ത അപകടകരമായ കാലത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് ഈ ലോക‌്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഭരണത്തിൽ ജനാധിപത്യ സംവിധാനംതന്നെ അപകടത്തിലാകുമോ എന്ന സംശയം രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നും ഉയർന്നുവരികയാണ്.  രാജ്യത്തിന്റെ അഖണ്ഡതയ‌്ക്ക് ഭീഷണി ഉയർത്തുന്ന സംഘപരിവാറിന്റെ വർഗീയ അമിതാധികാര ഭരണകൂടത്തെ പുറത്താക്കേണ്ടത് ഈ നാടിനെ സ്നേഹിക്കുന്ന ഓരോ പൗരന്റെയും കർത്തവ്യമാണ‌്.

ജനങ്ങളോട് പ്രതിബദ്ധതയുള്ളവർക്ക‌ു മാത്രമേ വർഗീയതയെ നഖശിഖാന്തം എതിർത്ത‌ുതോൽപ്പിക്കാൻ കഴിയൂ. ഈ നാടിന്റെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാൻ നമ്മുടെ ഓരോ വോട്ടും ഇടതുപക്ഷ സ്ഥാനാർഥികൾക്ക‌്  ഉറപ്പുവരുത്തേണ്ടത് ഓരോ പ്രവാസി കുടുംബാംഗങ്ങളുടെയും കടമയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top