04 July Saturday

പരീക്ഷാപരിഷ്കരണം ആലോചിക്കുമ്പോൾ

എൻ കെ സുനിൽകുമാർUpdated: Monday May 4, 2020

പൂർവാനുഭവങ്ങളില്ലാത്ത ഇന്നത്തെ പകർച്ചവ്യാധി സാഹചര്യം സ്കൂൾ, -കോളേജ് -യൂണിവേഴ്സിറ്റി തലങ്ങളിലെ പരീക്ഷകൾ, മൂല്യനിർണയം, സമയബന്ധിതമായ തുടർപഠനം എന്നിവയിലൊക്കെ അനിശ്ചിതത്വം തീർത്തിരിക്കുകയാണല്ലോ. ലോക്ക്‌ഡൗൺ തുടരുമെന്ന അവസ്ഥയിൽ, സാമ്പ്രദായിക പരീക്ഷാരീതികൾക്കുള്ള ബദലുകളുടെ അന്വേഷണം ഈ സമയത്ത് നമുക്ക് ആരംഭിക്കേണ്ടതുണ്ട്. നമ്മുടെ ഏതാണ്ടെല്ലാ സംവിധാനങ്ങളെ സംബന്ധിച്ചും ഇത് പ്രസക്തവുമാണ്. ആറാം സെമസ്റ്റർ ഫലവും വന്ന്, ജൂണോടെ പ്രവേശനപരീക്ഷകളും കടന്ന്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശനം കാത്തിരിക്കുന്നവരാണ് അവസാനവർഷ ബിരുദവിദ്യാർഥികൾ! ക്ലാസ്‌ ബോധനം, പഠനം, നിരന്തര മൂല്യനിർണയം, തുടർപഠനം ഇവയെക്കുറിച്ചെല്ലാം  ആലോചനാപൂർവം നവസങ്കേതങ്ങൾ രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമം ഈ കോവിഡ് കാലം ആവശ്യപ്പെടുന്നുണ്ട്.

നിലവിലെ നമ്മുടെ പരീക്ഷയ്ക്ക് പോരായ്മകൾ പലതുമുണ്ടെങ്കിലും അറിവ്, ഗ്രഹണശേഷി, വിശകലനപാടവം, അപഗ്രഥനത്തിനുള്ള ശേഷി, വിമർശനാത്മക ചിന്തനം തുടങ്ങിയ പല പ്രാപ്‌തികളുടെയും പരിശോധനോപാധിയാണത്. ലോക്ക്‌ഡൗൺ കാലത്ത് പരീക്ഷകൾ ഓൺലൈൻ രീതിയിൽ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, വസ്തുനിഷ്ഠ ചോദ്യങ്ങളിൽ കേന്ദ്രീകരിക്കേണ്ടിവരുമെന്നുള്ളത് വലിയൊരു പരിമിതിയായിത്തന്നെ ശേഷിക്കുകയാണ്. ഭാഷാപടുത്വം, വിമർശന ചിന്തനശേഷി, അപഗ്രഥനപാടവം, ക്രമീകൃതചിന്തയും അവതരണവും, നല്ല കൈയക്ഷരം എന്നിവയൊന്നും പരിശോധിക്കാൻ വസ്തുനിഷ്ഠ ചോദ്യങ്ങൾ ഓൺലൈനിലൂടെ ചോദിക്കുമ്പോൾ സാധ്യമല്ല. ബഹുവികൽപ്പ മാതൃകയിലുള്ള ചോദ്യങ്ങൾ, പൂരിപ്പിക്കേണ്ടുന്നവ, ശരി തെറ്റ് രീതിയിലുള്ളവ, ആശയസാമ്യങ്ങൾ കണ്ടുപിടിക്കേണ്ടവ, എന്ത് ഏത് എപ്പോൾ  എന്നിങ്ങനെയുള്ള ഏതാനും ഇനം ചോദ്യങ്ങൾ എന്നിവയ്ക്കു മാത്രമേ ആവശ്യത്തിനു മുന്നൊരുക്കം അസാധ്യമായ ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ രീതിയിൽ പ്രസക്തിയുള്ളൂ. എന്തുകൊണ്ട്, എങ്ങനെ തുടങ്ങിയ വിപുലവും വിശദീകരണ സ്വഭാവവുമുള്ള ചോദ്യങ്ങൾ ശാസ്ത്രവിഷയങ്ങളിൽവരെ ചോദിക്കാൻ ഓൺലൈൻ സംവിധാനത്തിൽ പരിമിതികളുണ്ട്. ഭാഷാ മാനവിക വിഷയങ്ങളിലാകട്ടെ നമ്മുടെ പരമ്പരാഗത ഉദ്ദേശ്യാധിഷ്ഠിതരീതിയോ ആധുനിക സാമൂഹ്യജ്ഞാന നിർമാണരീതിയോ പ്രയോഗവൽക്കരിക്കാനുള്ള സാഹചര്യം  ഓൺലൈനിൽ പരിമിതമാണു താനും.


 

അടിയന്തരമായി നടത്തേണ്ട പരീക്ഷകൾക്ക് മുൻഗണനാക്രമം നിശ്ചയിച്ചുകൊണ്ട് അവസാന സെമസ്റ്റർ പരീക്ഷകൾ കാലതാമസം കൂടാതെ നടത്താനാകണം സത്വരശ്രദ്ധ പതിയേണ്ടത്. വസ്തുനിഷ്ഠ ചോദ്യങ്ങൾ ആവശ്യത്തിന് ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയുടെ സാധ്യതകൾ ആലോചിക്കുന്നതിൽ തെറ്റില്ല. അവസാന സെമസ്റ്ററിൽ ബിരുദതലത്തിൽ ശരാശരി അഞ്ഞൂറിനടുത്ത വിദ്യാർഥികളെങ്കിലും ഓരോ ആർട്സ് സയൻസ് കോളേജിലുമായി ഇന്ന് കേരളത്തിൽ കാണാം. അത്രയുംപേരെ പരീക്ഷയ്ക്കിരുത്താനാവശ്യമായ കംപ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ  നമ്മുടെ കോളേജുകൾക്ക്, ഇന്നത്തെനിലയിൽ ഇല്ലായെന്നതും വാസ്തവമാണ്. ഓൺലൈൻ രീതിയിലുള്ള വിവരണാത്മക പരീക്ഷയിലെ പ്രകടനം, വിഷയപരിജ്ഞാനത്തേക്കാളധികം ആശ്രയിച്ചുനിൽക്കുന്നത് ടൈപ്പിങ്‌ വേഗതയെയും കൃത്യതയെയുമാണ്. പരീക്ഷാനടത്തിപ്പിൽ എല്ലാ അധ്യാപകരുടെയും സേവനം ഉറപ്പാക്കിയും ഗസ്റ്റ് അധ്യാപകർ, സ്കൂൾ അധ്യാപകർ, അൺ എയ്ഡഡ് സ്വകാര്യസ്ഥാപനങ്ങളിലെ അധ്യാപകർ എന്നിവരുടെയൊക്കെ സേവനം ഉപയോഗപ്പെടുത്തിയും ഈ കടമ്പയെ മറികടക്കാം.

ആരോഗ്യവകുപ്പ് നൽകിയ പ്രോട്ടോക്കോളുകൾ കൃത്യമായി ഉറപ്പുവരുത്തുകകൂടി വേണ്ടതുണ്ട്.  അപര്യാപ്തമെങ്കിൽ ചുറ്റുവട്ടത്തുള്ള സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾകൂടി ഉപയോഗപ്പെടുത്തി സബ് സെന്ററുകൾ ഏർപ്പെടുത്താവുന്നതാണ്. അധ്യാപകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകുന്നത് ഗുണം ചെയ്യും.  ഇക്കാര്യങ്ങളുടെ സംയോജനത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശഭരണ വകുപ്പ്, റവന്യു വകുപ്പ് എന്നിവ സംയുക്തമായി സംവിധാനമൊരുക്കിയാൽ കാര്യങ്ങൾ വലിയ പ്രയാസമില്ലാതെ നടപ്പിൽവരുത്താൻ സാധിക്കും.
(തിരുവനന്തപുരം എംജി കോളേജ്  അധ്യാപകനാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top