28 May Thursday

കൈയടി നേടിയ ദേശീയ മാതൃക

കോടിയേരി ബാലകൃഷ്ണൻUpdated: Friday Mar 6, 2020


 

കേരളത്തിന്റെ ‘ലൈഫ് മിഷൻ' ഇന്ന് ഇന്ത്യയാകെ ശ്രദ്ധിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വികസന ക്ഷേമ പരിപാടിയാണ്. ഇത് കേവലമൊരു വികസനപദ്ധതി എന്നതിനപ്പുറം ഒരു ബദൽ ഭരണ–-രാഷ്ട്രീയ നയമായിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ചുരുങ്ങിയ കാലത്തിനുള്ളിൽ രണ്ടു ലക്ഷത്തിലധികം, കൃത്യമായി പറഞ്ഞാൽ 2,14,114 വീട്‌ ഭവനരഹിതർക്ക് നിർമിച്ചുനൽകി. മാർച്ച് കഴിയുന്നതോടെ ഈ പദ്ധതിയിൽ പൂർത്തിയാക്കുന്ന വീടിന്റെ എണ്ണം രണ്ടരലക്ഷം കഴിയും. ഓരോ വീടിനും നാലുലക്ഷത്തിനുമേൽ പണം ചെലവഴിച്ചുവെന്നതും പ്രത്യേകതയാണ്. ഈ നന്മ നിറഞ്ഞ സംരംഭത്തെ പിന്തുണയ്ക്കുകയെന്നതാണ് മനുഷ്യത്വമുള്ള ഏതൊരു രാഷ്ട്രീയപ്രസ്ഥാനവും ചെയ്യേണ്ടത്. എന്നാൽ, കോൺഗ്രസ്–-ബിജെപി കക്ഷികളും അവരുടെ രാഷ്ട്രീയ ചേരിയും ‘ലൈഫ് പദ്ധതി'ക്ക്‌ നേതൃത്വം നൽകിയ പിണറായി വിജയൻ സർക്കാരിനെ താറടിക്കാൻ ശ്രമിക്കുകയാണ്.

ഇക്കൂട്ടർ അങ്ങനെ ചെയ്യുന്നതിൽ അതിശയം തോന്നേണ്ടതില്ല. കാരണം, ഇത് വെറും പാർടികളുടെ അന്യോന്യ ബന്ധത്തിലൊതുങ്ങുന്ന ഒന്നല്ല. കൂടുതൽ വിശാലമായ വർഗബന്ധങ്ങളുടെ പ്രശ്നമാണ് അന്തർലീനമായിരിക്കുന്നത്. കോൺഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത് ബൂർഷ്വ–-ഭൂപ്രഭു വർഗത്തിന്റെ താൽപ്പര്യങ്ങളെയാണ്. അതിനാൽ പാവങ്ങൾക്ക് കിടപ്പാടമില്ലാത്തത് ആ കക്ഷികളെ അലട്ടുന്ന പ്രശ്നമല്ല. എന്നാൽ, തൊഴിലാളിവർഗ പാർടിയായ സിപിഐ എം ആ നിലയിൽ കർഷകരുടെയും പണിയെടുക്കുന്നവരുടെയും ഭവനരഹിതരുടെയും താൽപ്പര്യം സംരക്ഷിക്കാൻ പോരാടുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവരാണ്. കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന സർക്കാർ കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള കരുത്തുറ്റ ചുവടുവയ്പിലാണ്. 1957ലെ ഇ എം എസ് സർക്കാർ തുടങ്ങിവച്ച ഈ ദിശയിലേക്കുള്ള പ്രവർത്തനം വലിയൊരു പടവിൽ എത്തിക്കുകയാണ്. അതിനു വേണ്ടിയാണ് സംസ്ഥാനത്തെ ഭൂരഹിതർ, ഭവനരഹിതർ, വാസയോഗ്യമല്ലാത്ത കിടപ്പാടമില്ലാത്തവർ ഇവർക്കെല്ലാം സുരക്ഷിതവും മാന്യവുമായ വീടുവച്ചു കൊടുക്കുന്നതിന് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതി (ലൈഫ്)ക്ക് രൂപംനൽകിയത്. രണ്ടു ലക്ഷത്തിലധികം വീട്‌ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം ഫെബ്രുവരി 29നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തി.


 

വീടുവച്ചു കൊടുത്തുവെന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഭൂരഹിതർക്ക് ഫ്ളാറ്റ് നിർമിച്ചുനൽകുന്ന അടുത്തഘട്ടത്തിൽ കുടുംബത്തിലെ ഒരാൾക്കെങ്കിലും ജീവനോപാധി കണ്ടെത്തുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രം, പാലിയേറ്റീവ് കെയർ തുടങ്ങിയ സംവിധാനങ്ങൾ ഗുണഭോക്താക്കൾക്ക്‌ കിട്ടാനുള്ള ഏർപ്പാടുകളുമുണ്ട്. 2,14,114 വീടിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 6552.23 കോടി രൂപയാണ്. തന്റെ ഭരണകാലത്ത് പാവങ്ങൾക്ക് വീട് നൽകിയിരുന്നുവെന്നും അന്നൊന്നും പാലുകാച്ചാൻ പോയില്ലെന്നുമാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടത്. ഗൃഹപ്രവേശനത്തിന് കാച്ചിയ പാൽ മുഖ്യമന്ത്രി പിണറായി വിജയൻ പകർന്നുനൽകിയപ്പോൾ കരകുളത്തെ ചന്ദ്രന്റെയും ഓമനയുടെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഓരോ കേരളീയന്റെയും മനസ്സിൽ മായാത്ത അനുഭവമായി ശേഷിക്കും.

എൽഡിഎഫ് സർക്കാരിനെ കഴിയുന്ന സന്ദർഭങ്ങളിലെല്ലാം തുറന്നെതിർക്കുന്നതിൽ വൈഭവം കാട്ടുന്ന മനോരമ, ‘രണ്ടു ലക്ഷം പുഞ്ചിരിക്ക്‌'എന്ന ശീർഷകത്തിലെഴുതിയ മുഖപ്രസംഗത്തിൽ ലൈഫ് പദ്ധതിയെ വിലയിരുത്തുന്നത് ശ്രദ്ധേയമാണ്. ‘സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീട്‌ പൂർത്തിയാക്കിയതിന്റെ ആഘോഷപ്രഖ്യാപനം കേരളം കേട്ടുകഴിഞ്ഞു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി ഇത്രയുംപേർക്ക് കൈമാറുന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. വികസന കാര്യങ്ങളിലുള്ള സർക്കാർ ശ്രദ്ധ പല കാര്യങ്ങൾകൊണ്ടും പലപ്പോഴും മന്ദീഭവിച്ചെന്ന പരാതികൾക്കിടയിലും കരുതലിന്റെ ഇങ്ങനെയൊരു ജനകീയമാതൃക പിറന്നത് കേരളത്തിന് കൈയടി അർഹിക്കുകയും ചെയ്യുന്നു. രണ്ടു ലക്ഷത്തിലേറെ വീടുകളിൽ പുഞ്ചിരി വിരിയുമ്പോൾ അത് കേരളത്തിന്റെയാകെ ചാരിതാർഥ്യത്തിന്റെ സുന്ദര മന്ദഹാസമായി മാറുന്നു. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്നത് ഓരോ കുടുംബത്തിന്റെയും അവകാശംതന്നെയാണ്. അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ ജനജീവിതത്തിന് നിലവാരം കൈവരികയുള്ളൂ എന്ന തിരിച്ചറിവോടെ സർക്കാർ ഈ വലിയ ദൗത്യം നടപ്പാക്കുമ്പോൾ അതിന് കൈവരുന്ന ജനകീയമൂല്യം വലുതാണ്.'


 

മനോരമ മുഖപ്രസംഗത്തിൽ പ്രകടിപ്പിച്ച ഈ രാഷ്ട്രീയ സമചിത്തതയും സഹജീവി സ്നേഹവും പ്രതിപക്ഷ നേതാക്കൾക്ക് ഇല്ലാതെ പോയത് കഷ്ടമാണ്. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞ ജിഷ എന്ന പെൺകുട്ടി ബലാത്സംഗത്തിനിരയായി ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ കൊല ചെയ്യപ്പെട്ടപ്പോൾ, നാടാകെ ചർച്ച ചെയ്തത് വാസയോഗ്യമായ വീട് ഓരോ കേരളീയനും ലഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു. രണ്ടു ലക്ഷത്തിലധികം വീട്‌ പൂർത്തിയായി എന്ന സർക്കാർ കണക്കിനെ ഖണ്ഡിച്ച് ഉമ്മൻചാണ്ടി ചോദിച്ചത്, അങ്ങനെയെങ്കിൽ ഒരു പഞ്ചായത്തിൽ 200 വീടെങ്കിലും ഉണ്ടാകേണ്ടേ എന്നാണ്. ഈ ചോദ്യത്തിൽ, ‘അയ്യോ! രണ്ടു ലക്ഷം വീടോ' എന്ന ആശ്ചര്യമുണ്ട്. ശരിയാണ്, മുൻ മുഖ്യമന്ത്രിക്കു മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ഭരണക്കാർക്കും അതിശയത്തിനു വക നൽകുന്നതാണ് എൽഡിഎഫ് ഭരണം. എന്നാൽ, ഉമ്മൻചാണ്ടി പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്ന അവിശ്വാസം നിലനിൽക്കുന്നതല്ല. സർക്കാർ പ്രഖ്യാപിച്ച എണ്ണത്തിലെ ഗുണഭോക്താക്കളുടെ പേര്, വിലാസം ഇതെല്ലാം വെബ്സൈറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നാനൂറിലധികം വീട്‌ നൽകിയ പഞ്ചായത്തുകളും  കാര്യമായി വീടുകൾ നൽകാത്ത പഞ്ചായത്തുകളുമുണ്ട്. ഇതെല്ലാം നിമിഷങ്ങൾക്കുള്ളിൽ മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല.

കേന്ദ്ര ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവുമെല്ലാം ചേർത്താണ് വീട് നിർമിച്ചതെന്നും  അതുകൊണ്ട് എൽഡിഎഫ് സർക്കാരിന് ക്രെഡിറ്റൊന്നും ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പക്ഷം. യുഡിഎഫ് ഭരണകാലത്ത് തുടങ്ങിവച്ച അരലക്ഷം വീടും പൂർത്തീകരിച്ചവയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ പാതിവഴിയിലാക്കിയ അരലക്ഷം വീടും ഇപ്പോൾ പൂർത്തീകരിച്ചിട്ടുണ്ട്. അതിന് പിണറായി സർക്കാരിനോട് നന്ദി പറയാനുള്ള മാന്യതയെങ്കിലും ചെന്നിത്തല കാട്ടണ്ടേ. കേന്ദ്രാവിഷ്കൃത പദ്ധതികളായ പിഎംഎവൈ ഗ്രാമ /നഗരം എന്നീ പദ്ധതികളിൽനിന്ന്‌ 72,000 രൂപയും 1.5 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്. പക്ഷേ, ഇതുകൊണ്ട് നാലു ലക്ഷം രൂപയുടെ വീട് നിർമിക്കാൻ കഴിയില്ലല്ലോ. തദ്ദേശസ്ഥാപനങ്ങൾ ധനസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള ഈടു നൽകിയിരിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഓരോ വീടും നിർമിക്കാൻ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സംഭാവനയും ലഭിച്ചിട്ടുണ്ട്. സാധനസാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തി. കുടുംബശ്രീയുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സന്നദ്ധസേവനവും ഉണ്ടായി. ഇതെല്ലാം പരിഗണിക്കുമ്പോൾ ഓരോ വീടിന്റെയും മൂല്യം നാലു ലക്ഷം രൂപയേക്കാൾ എത്രയോ ഉയർന്നതാണ്. നാടിന്റെ ഈ കൂട്ടായ്മയെയും നന്മയെയും അംഗീകരിക്കുമ്പോഴാണ് രാഷ്ട്രീയം ജനകീയമാകുന്നതെന്ന് പ്രതിപക്ഷം ഓർക്കണം.


 

പിണറായി വിജയൻ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി ദേശീയമായി സൃഷ്ടിച്ചിട്ടുള്ള അലയടിക്ക് പ്രാധാന്യമുണ്ട്. വർഗീയത്തീയിൽ ഡൽഹി കത്തുമ്പോഴാണ് കിടപ്പാടം നൽകി കേരളത്തിൽ ഭവനരഹിതരുടെ പുഞ്ചിരി വിടർന്നത്. ഇതിന്‌ വലിയ അർഥമുണ്ട്. എന്നിട്ടും ഈ വിഷയത്തിൽ രാഷ്ട്രീയമായി വിവാദമുണ്ടാക്കാൻ പ്രതിപക്ഷം ഇറങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ രണ്ട് കാര്യം പ്രത്യേകമായി കാണണം.

ഒന്ന്: രണ്ടു ലക്ഷത്തിലധികംപേർക്ക് കിടപ്പാടം നൽകിയ ലൈഫ് പദ്ധതി കേരളത്തിനകത്തും പുറത്തും രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുകയാണല്ലോ. അതിനെ തടയാൻ പിന്തിരിപ്പന്മാർ അങ്ങേയറ്റം ശ്രമിക്കുന്നുണ്ട്. ഇവരുടെ തലതൊട്ടപ്പന്മാരായി കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ രംഗത്തുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും അവരുടെ ഉറക്കം കെടുത്തുന്നതാണ്. ജനങ്ങളുടെ ജീവിതമാണ് ലൈഫിൽ കുടികൊള്ളുന്നത്. അതിനാൽ ലൈഫിനെ രാഷ്ട്രീയ ചൂതാട്ടത്തിനായി പ്രതിപക്ഷം ഉപയോഗിക്കുന്നത് അവർക്കു തന്നെ തിരിച്ചടിയാകും. നമ്മുടെ നാടിനെ നശിപ്പിക്കുകയും ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തതിൽ  കോൺഗ്രസ്‌ ഭരണവും പിന്നീട് വന്ന ബിജെപി ഭരണവും ചെയ്ത കുറ്റകരമായ ഭരണനയം മറച്ചുവയ്ക്കാവുന്നതല്ല.

ഏതു സംസ്ഥാനത്തിന്റെയും വികസനത്തിന്റെ ഉരകല്ലും മൗലികാടിത്തറയും ആ നാട്ടിലെ ജനങ്ങൾക്ക് കിടപ്പാടമുണ്ടോയെന്നതാണ്. ആ നിലയിൽ കേരളത്തെ പരിവർത്തനപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാർ. ആ അർഥത്തിൽ ലൈഫ് പദ്ധതിക്ക്‌ വലിയൊരു രാഷ്ട്രീയമൂല്യമുണ്ട്. ജനക്ഷേമകരമായ ഭരണം വേണമെങ്കിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ആകരുത്, കമ്യൂണിസ്റ്റുകാരുടെ ഭരണമാകണമെന്ന സന്ദേശമാണ് നൽകുന്നത്. ഈ പരിതഃസ്ഥിതിയിൽ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനശുദ്ധിയും വികസന പരിപാടികളുടെ ജനകീയതയും നാടിനെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിൻ ശക്തമാക്കണം.

രണ്ട്: ഭവനരഹിതരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിർത്താനുള്ള കുതന്ത്രങ്ങളിലാണ് പിന്തിരിപ്പന്മാരുടെ അടിസ്ഥാനപ്രവർത്തനം. തൊഴിലാളികളും പാവപ്പെട്ടവരുമായ അനേകായിരങ്ങൾക്ക് ഇനിയും വീട് കിട്ടാനുണ്ട്. അത്തരം ആളുകൾക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ വീടുവച്ചു കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തി വീടോ, ഫ്ളാറ്റോ നിർമിച്ചുകൊടുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വീട് കിട്ടിയവരും കിട്ടാത്തവരും തമ്മിലും ജാതിയുടെയും മതത്തിന്റെയും പാർടിയുടെയും പേരിലും ജനകീയ ഐക്യത്തെ ക്ഷീണിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ ഇന്ത്യക്കു തന്നെ ഒരു ബദൽ വികസനമാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

അഹമ്മദാബാദിൽ ഡോണൾഡ് ട്രംപ് വന്നപ്പോൾ ചേരി മറയ്ക്കാൻ കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബിജെപി സർക്കാരുകൾ വൻമതിൽ കെട്ടി. എന്നാൽ, അങ്ങനെ ദരിദ്രരെ ഒറ്റപ്പെടുത്തുകയല്ല, വീടുവച്ചു കൊടുത്ത് സമൂഹത്തിൽ പാവപ്പെട്ടവരെ നിവർന്നുനിൽക്കാൻ പ്രാപ്തരാക്കുകയാണ് എൽഡിഎഫ് സർക്കാർ. ഈ വ്യത്യാസം നാട്ടുകാരിലാകെ എത്തണം. ഇത് ബോധ്യപ്പെടുത്തി വീട് കിട്ടിയവരെയും ഭവനരഹിതരായവരെയും നന്മ നിറഞ്ഞ മനസ്സുള്ളവരെയും എൽഡിഎഫ് സർക്കാരിനൊപ്പം നിർത്താനുള്ള ശ്രദ്ധാപൂർവവും  ക്ഷമാപൂർവവുമായ പ്രവർത്തനങ്ങളിൽ സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രവർത്തകർ ഏർപ്പെടണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top