25 September Monday

ലൈഫ് ജാക്കറ്റ് 
 ; ജലയാത്രയിലെ 
ഹെൽമെറ്റ്‌

സി ജെ ‌‌സത്യകുമാർUpdated: Tuesday May 9, 2023

റോഡ് അപകടം കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മരിക്കുന്ന അപകടമാണ് മുങ്ങിമരണം. 44 നദികൾ, തോടുകൾ, കായലുകൾ, കുളങ്ങൾ, അണക്കെട്ടുകൾ, ചെറുതും വലുതുമായ ജലാശയങ്ങൾ, തടാകങ്ങളാൽ ചുറ്റപ്പെട്ട സംസ്ഥാനത്ത് സ്വാഭാവികമായും ഇത്തരത്തിലുള്ള അപകടങ്ങളും താരതമ്യേന കൂടുതലായിരിക്കും. കേരളത്തിന്റെ ഭൂവിസ്തൃതി നോക്കുമ്പോൾ നമ്മുടെ ജലാശയസാന്ദ്രത വളരെ കൂടുതലാണ്. അതിനാൽ ജലാശയങ്ങളെക്കുറിച്ചും അതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരിക്കാനുള്ള  ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. എങ്ങനെയൊക്കെ അപകടം ഉണ്ടാകാം, എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണം എന്നൊക്കെയുള്ള അവബോധം നാം ഓരോരുത്തർക്കും ഉണ്ടാകണം.

●സ്കൂൾതലംമുതൽ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കണം
●നിരത്തിലെ ഹെൽമറ്റും സീറ്റ്ബെൽറ്റും പോലെതന്നെ പ്രധാനമാണ് ബോട്ട്‌ യാത്രയിൽ ലൈഫ് ജാക്കറ്റ്
●ആൾവീതം ലൈഫ്‌ ജാക്കറ്റും ലൈഫ് ബോയ് റിങ്ങും ഇല്ലാതെ ബോട്ട്‌ യാത്ര അനുവദിക്കരുത്‌
●യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ ബോട്ടിൽ പ്രദർശിപ്പിക്കണം
●ചുഴികൾ, പാറയിടുക്കുകൾ, മരക്കുറ്റികൾ, ഗ‌ർത്തങ്ങൾ എന്നിവയിൽ നീന്തൽ അറിയുന്നവ‌ർ പോലും അകപ്പെടാം
●മുങ്ങിപ്പോയി മൂന്ന് മിനിറ്റിനകം മരണം സംഭവിക്കുമെന്നതിനാൽ സുരക്ഷ ഉറപ്പുവരുത്തൽമാത്രമാണ്‌ പരിഹാരം

കൊച്ചുകുട്ടികൾമുതൽ നീന്തൽ അറിയുന്നവർവരെ ലൈഫ്‌ജാക്കറ്റ്‌ ധരിക്കണം. വിനോദയാത്രകൾ പോകുമ്പോൾ ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ് റിങ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തണം. വെള്ളത്തിന്‌ നടുവിൽവച്ച് തീപിടിത്തം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുപോലും നമ്മൾ മുൻകരുതലുകളെടുക്കണം.

വലിയ ഹൗസ് ബോട്ടുകളിൽ കയറിയാൽ ശരിക്കും ഒരു ആഡംബര ഹോട്ടലിൽ എത്തിയെന്ന തോന്നലാണ് ഉണ്ടാകുക. ഏതെങ്കിലും തരത്തിൽ അപകടം ഉണ്ടാകാനുളള സാധ്യതപോലും നമ്മൾ ആലോചിക്കാനിടയില്ല. ഹൗസ്‌ബോട്ടിന്റെ വക്കുകളിൽ നിൽക്കുന്നതും അവിടെനിന്ന് വെള്ളത്തിലേക്ക് കൈനീട്ടുന്നതും പോലുള്ള അഭ്യാസങ്ങൾ വേണ്ട. സെൽഫി എടുക്കുമ്പോഴും ശ്രദ്ധ വേണം. ബോട്ടിലെ ജീവനക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ചുരുക്കിപ്പറഞ്ഞാൽ ശ്രദ്ധയാണ് പരമപ്രധാനം.

വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ്. മുങ്ങിപ്പോയി മൂന്ന് മിനിറ്റിനകം മരണം സംഭവിക്കും.  ഇതിനുമുമ്പ്‌ രക്ഷാപ്രവർത്തനം ആരംഭിക്കാൻ പലപ്പോഴും സാധിക്കാറില്ല. മുങ്ങിപ്പോകുന്നവരുടെ ബോധം രണ്ട് മിനിറ്റിനുള്ളിൽ നഷ്ടപ്പെടും.
സംസ്ഥാനത്ത് പ്രതിവർഷം 1000 മുതൽ 1200 വരെ ആളുകൾ മുങ്ങിമരിക്കുന്നു എന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. അതിൽ ഏറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. അതുകൊണ്ടുതന്നെ റോഡ് അപകടം കുറയ്ക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതുപോലുള്ള സുരക്ഷാക്രമീകരണങ്ങൾ വെള്ളത്തിലും പാലിക്കണം. അവധിക്കാലത്തും പഠന, വിനോദ യാത്രകളിലുമൊക്കെയാണ് ഏറെയും ഇത്തരം അപകടം ഉണ്ടാകുന്നത്. വിനോദയാത്രകളിൽ പരമാവധി ആനന്ദിക്കാനാണ് എല്ലാവരും ശ്രമിക്കുക. ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് പലപ്പോഴും ചിന്തിക്കില്ല. ഇത്തരം യാത്രകൾക്കിടയിലുള്ള മദ്യപാനവും പലപ്പോഴും അപകടം ക്ഷണിച്ചുവരുത്താറുണ്ട്. ജലാശയങ്ങളിൽ അപകട  സാഹചര്യം പലതാണ്. ജലാശയങ്ങളിൽ വിവിധ അപകട മേഖലകളുണ്ട്. ചുഴികൾ, പാറയിടുക്കുകൾ, മരക്കുറ്റികൾ, ഗ‌ർത്തങ്ങൾ എന്നിവയിൽ നീന്തൽ അറിയുന്നവ‌ർ പോലും അകപ്പെടാം. അകപ്പെട്ടു കഴിഞ്ഞാൽ പ്രാണരക്ഷാർഥം കൈകാലിട്ടടിച്ച് ഉയരാൻ ശ്രമിക്കും. ഇതോടെ കൂടുതൽ ആഴത്തിൽ മുങ്ങിപ്പോകും. പിന്നെ ഉയർന്നുവരാൻ കഴിയില്ല. ഒഴുക്കിൽപ്പെട്ടുപോയാൽ വെള്ളത്തിൽ ഇറങ്ങിയ സ്ഥലത്തേക്ക് നീന്തിപ്പോകരുത്. ഒഴുക്കിനൊപ്പം പോയി എതെങ്കിലും സുരക്ഷിതവസ്തുവിൽ പിടിച്ചുനിൽക്കണം. അങ്ങനെ നിരവധി പേർ രക്ഷപ്പെട്ട സംഭവങ്ങളുണ്ട്.

പാറക്കെട്ടും വെള്ളച്ചാട്ടവുമുള്ള ഇടങ്ങളിൽ പെതുവേ അപകടം കൂടുതലാണല്ലോ.ഇവിടങ്ങളിൽ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങരുത്. വെള്ളത്തിൽ മുങ്ങിപ്പോയ  ആളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്.

(സംസ്ഥാന ദുരന്തനിവാരണ 
അതോറിറ്റിയിലെ  ദുരന്ത വിശകലന 
വിദഗ്ധനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top